Monday , May   20, 2019
Monday , May   20, 2019

കരളിനെ സംരക്ഷിക്കാൻ

മനുഷ്യശരീരത്തിലെ അതിപ്രധാനമായ ഒരു ആന്തരികാവയവമാണ് കരൾ. അഞ്ഞൂറിലധികം ധർമങ്ങൾ നിർവഹിക്കുന്ന കരളാണ് ശരീരത്തിലെ വലിയ ഗ്രന്ഥി. ശരീരത്തിനുള്ളിലേക്കെത്തുന്ന മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്‌കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്ന കരൾ മനുഷ്യ ശരീരത്തിലെ അസാമാന്യ കരുത്തുള്ള അവയവമാണ്. വയറിന് മുകളിൽ വലതു വശത്ത് ഡയഫ്രത്തിന് താഴെ വാരിയെല്ലുകൾക്ക് അടിയിലായി സ്ഥിതി ചെയ്യുന്ന കരളിന് വ്യക്തിയുടെ തൂക്കത്തിന്റെ രണ്ടു ശതമാനത്തോളം ഭാരമുണ്ടാവും. ശരീരത്തിലെ ജൈവരാസ പ്രവർത്തനങ്ങളുടെ മുഖ്യ കേന്ദ്രമാണത്.

കരളിന്റെ വിശേഷങ്ങൾ

ശരീരത്തിലെ മിക്ക അവയവങ്ങളും ചലിച്ചു കൊണ്ടിരിക്കുമ്പോൾ തികച്ചും നിശ്ചലമായി പ്രവർത്തിക്കുന്ന അവയവമാണ് കരൾ. വിശ്രമാവസ്ഥയിൽ ഇരിക്കുമ്പോൾ മിനുട്ടിൽ ഒന്നേകാൽ ലിറ്റർ രക്തം കരളിൽ കൂടി പ്രവഹിക്കുന്നു. സഹന ശേഷിയും പുനരുജ്ജീവന ശേഷിയും കരളിനെ മറ്റ് അവയവങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. മുക്കാൽ പങ്കോളം നശിച്ചു കഴഞ്ഞാൽ പോലും കരളിന്റെ മുഴുവൻ പ്രവർത്തനങ്ങളും തുടർന്നുകൊണ്ടിരിക്കും. കേടു വന്ന ഭാഗം മുറിച്ചു മാറ്റിയാൽ പോലും വീണ്ടും വളർന്നു വരും. അതിനാൽ ദാനം ചെയ്യുമ്പോൾ ദാതാവിന് ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെടില്ല.  

പ്രതികൂല സാഹചര്യങ്ങൾ

രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടിപ്പിക്കാതെ പ്രവർത്തനം തുടരുന്നതിനാൽ കരൾ രോഗങ്ങൾ പലപ്പോഴും വളരെ വൈകിയാണ് തിരിച്ചറിയുന്നത്. വിവിധയിനം മഞ്ഞപ്പിത്തം, കരളിൽ കൊഴുപ്പടിയുന്ന ഫാറ്റി ലിവർ, സിറോസിസ്, കാൻസർ, അണുബാധകൾ തുടങ്ങിയ രോഗങ്ങൾ കരളിനെ ബാധിക്കുന്നവയാണ്. ആഹാരത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ അരിച്ച് മാറ്റുന്ന അവയവമാണ് കരൾ. സ്വാഭാവികമായും അനാരോഗ്യകരമായ ഭക്ഷണങ്ങളും മദ്യം പോലുള്ളവയും ശരീരത്തിനുള്ളിലേക്കെത്തുമ്പോൾ അത് കൂടുതലായി ബാധിക്കുന്നത് കരളിനെ തന്നെയാണ്. 

കരളിന് ഭീഷണി

1. മദ്യപാനം
2. പച്ചക്കറികളിലെ കീടനാശിനികൾ
3. ചില മരുന്നുകളുടെ തുടർച്ചയായ
   ഉപയോഗം
4. കൃത്രിമ ഭക്ഷണം
5. അമിത ഭക്ഷണം
6. മാനസിക പിരിമുറുക്കം
7. പ്രമേഹം
8. കൊളസ്‌ട്രോൾ
9. വ്യായാമമില്ലായ്മ
10. വിശ്രമമില്ലായ്മ

മദ്യപാനത്തിലൂടെയും മറ്റും ശരീരത്തിനുള്ളിലെത്തുന്ന വിഷാംശങ്ങൾ കരളിലെയും ആമാശയത്തിലെയും മൃദു കലകളെ ദ്രവിപ്പിച്ച് വ്രണമുണ്ടാക്കുകയും കരളിൽ നീർക്കെട്ടുണ്ടാക്കുകയും ചെയ്യും. കാലക്രമേണ കരളിന്റെ ആകൃതിയും സ്വാഭാവിക ധർമങ്ങളും നഷ്ടപ്പെട്ട് അത്യന്തം അപകടകരമായ രോഗങ്ങളിലേക്ക് എത്തിച്ചേരും. 
ശാരീരികാധ്വാനം കുറഞ്ഞ ജീവിത ശൈലിയും അമിതമായ കൊഴുപ്പും കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണവും നിയന്ത്രണമില്ലാത്ത മദ്യപാനവും മലയാളികളിൽ കരൾ രോഗികളുടെ എണ്ണം വല്ലാതെ വർധിപ്പിച്ചിട്ടുണ്ട്.

രോഗ ലക്ഷണങ്ങൾ

കരളിനെ ബാധിക്കുന്ന ചെറു പ്രശ്‌നങ്ങളെല്ലാം സ്വാഭാവികമായി സ്വയം പരിഹരിക്കപ്പെടുന്നതാണ്. അതിനാൽ മിക്ക കരൾ രോഗങ്ങളും ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെയാണ് ഭീഷണിയുയർത്തുന്നത്. പലരിലും ഗുരുതരാവസ്ഥയിലെത്തിയതിന് ശേഷമാണ് രോഗങ്ങൾ പുറത്തറിയുന്നത്. അമിതമായ ക്ഷീണം, ശരീരം മെലിച്ചിൽ, ശ്വാസത്തിന് ദുർഗന്ധം, ഛർദ്ദി, അരുചി, പനി, മഞ്ഞപ്പിത്തം, വയറ്റിൽ വെള്ളം കെട്ടിക്കിടക്കൽ, രോമം കൊഴിഞ്ഞു പോവുക തുടങ്ങിയവ കരൾ രോഗങ്ങളുടെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ പ്രകടമാകുന്നവരും മറ്റു തരത്തിലുള്ള അസ്വസ്ഥതകൾ തോന്നുന്നവരും ഉടൻ തന്നെ ഡോക്ടർമാരുടെ സഹായം തേടേണ്ടതാണ്. 

ആരോഗ്യമുള്ള കരളിന് വേണ്ടി

കരളിന്റെ സ്വാഭാവികമായ കരുത്ത് നിലനിർത്താൻ ജീവിതശൈലിയിലും ഭക്ഷണ രീതികളിലും നിയന്ത്രണം പാലിക്കേണ്ടതുണ്ട്. കരളിന്റെ ആരോഗ്യം നിലനിർത്താൻ ശീലമാക്കിയ പലതും നിത്യജീവിതത്തിൽ നിന്ന് മാറ്റിനിർത്തേണ്ടി വരും. 

1. മദ്യപാനം
2. പുകവലി
3. വറുത്തതും പൊരിച്ചതുമായ ആഹാര പദാർഥങ്ങൾ
4. മാംസ ഉൽപന്നങ്ങൾ
5. കടുപ്പം കൂടിയ ചായ, കാപ്പി
6. അച്ചാർ
7. സോസുകൾ
8. ഫാസ്റ്റ് ഫുഡുകൾ

നിത്യേനയുള്ള വ്യായാമവും പോഷകങ്ങൾ നിറഞ്ഞ ഭക്ഷണവുമാണ് കരളിന്റെ ആരോഗ്യത്തിന് ഉത്തമം. കൊഴുപ്പും നീർക്കെട്ടും കുറച്ച് കരളിനെ പ്രവർത്തന സജ്ജമാക്കാൻ വ്യായാമത്തിന് സാധിക്കും. കരൾ രോഗം ബാധിച്ചിട്ടുള്ളവർ ഡോക്ടർമാർ നിർദേശിക്കുന്ന വ്യായാമങ്ങൾ മാത്രമെ ചെയ്യാൻ പാടുള്ളൂ. മാത്രമല്ല പെട്ടെന്ന് ദഹിക്കുന്നതും പോഷകം നിറഞ്ഞതുമായ ഭക്ഷണം മാത്രമേ അവർ കഴിക്കുവാൻ പാടുള്ളൂ. 

കരുത്ത് നിലനിർത്താൻ

കീടനാശിനികൾ തളിക്കാത്ത പച്ചക്കറികൾ, ഇലക്കറികൾ, പയർ വർഗങ്ങൾ തുടങ്ങിയവ കരളിനെ സംരക്ഷിക്കാൻ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അടുക്കളത്തോട്ടങ്ങളിൽ വിളയിച്ച പച്ചക്കറികളും ഇലക്കറികളുമാണ് ഇതിന് നല്ലത്. വെളുത്തുള്ളിയും മഞ്ഞളും ഭക്ഷണത്തിൽ ചേർക്കുന്നത് നല്ലതാണ്. കരളിനെ ബാധിക്കുന്ന അണുബാധക്കെതിരെ പ്രതിരോധം തീർക്കാൻ വെളുത്തുള്ളിക്ക്് കഴിയും. കരളിനെ ബാധിക്കുന്ന അർബുദത്തിനെതിരെ പ്രവർത്തിക്കാൻ മഞ്ഞളിന് ശേഷിയുണ്ട്. ഇവ രണ്ടും മിതമായ തോതിൽ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഉള്ളി, തക്കാളി, നെല്ലിക്ക, മുരിങ്ങ, തണ്ണിമത്തൻ, പേരയ്ക്ക, കാരറ്റ്, പപ്പായ, കുമ്പളങ്ങ, വെള്ളരിക്ക തുടങ്ങിയവയും കരളിനെ സംരക്ഷിക്കാൻ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. 
മാറിയ ജീവിത സാഹചര്യങ്ങളും ജീവിത ശൈലികളും അമിതമായ മദ്യപാനവുമാണ് ഇന്ന് മലയാളികളിൽ കരൾ രോഗങ്ങൾ വർധിക്കാനുള്ള പ്രധാന കാരണം.
ചിട്ടയായ വ്യായാമവും പോഷകങ്ങളടങ്ങിയ ഭക്ഷണവും ശീലമാക്കി തെറ്റായ ജീവിത ശൈലിയെ മാറ്റിനിർത്തിയാൽ കരളിന്റെ ആരോഗ്യം എന്നും സ്വാഭാവികമായി നിലനിർത്താനാവും. 

Latest News