Wednesday , December   12, 2018
Wednesday , December   12, 2018

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നേറ്റം; യു.ഡി.എഫ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു

തിരുവനന്തപുരം- കേരളത്തിലെ പത്തു ജില്ലകളിലെ ഇരുപത് വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പതിമൂന്ന് സീറ്റുകളിൽ ഇടതുമുന്നണിക്ക് ജയം. യു.ഡി.എഫിന് ആറും ബി.ജെ.പിക്ക് ഒന്നും സീറ്റ് ലഭിച്ചു. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് ബി.ജെ.പി പിടിച്ചെടുത്തത്. നാവായിക്കുളം ഇരുപത്തിയെട്ടാം വാർഡിലാണ് ബി.ജെ.പി വിജയിച്ചത്. തിരുവനന്തപുരം നന്ദിയോട്, കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് ടൗൺ, ശൂരനാട് തെക്കിലെ തൃക്കുന്നപ്പുഴ വടക്ക് നാലാം വാർഡ് എന്നിവടങ്ങളിൽ എൽ.ഡി.എഫ് ജയിച്ചു. ഉമ്മനൂർ കമ്പംകോട് പതിനൊന്നാം വാർഡിൽ യു.ഡി.എഫ് ജയിച്ചു.
ഇടുക്കി വണ്ടിപ്പെരിയാറിലെ ഇഞ്ചിക്കാട് വാർഡിൽ എൽ.ഡി.എഫിലെ പി.സി സുഗന്ധിയും നെടുങ്കണ്ടത്തെ നെടുങ്കണ്ടം കിഴക്ക് വാർഡിൽ യു.ഡി.എഫിലെ ബിന്ദു നെടുംപാറയ്ക്കലും ജയിച്ചു. എൽ.ഡി.എഫിൽനിന്ന് വാർഡ് യു.ഡി.എഫ് തിരിച്ചുപിടിക്കുകയായിരുന്നു. വണ്ടൻമേട് വെള്ളിമല വാർഡ് എൽ.ഡി.എഫ് ജയിച്ചു.
എറണാകളും പോത്താനിക്കോട്, പാലക്കാട് കിഴക്കഞ്ചേരി ഇണ്ടളംകാവ്, കോഴിക്കോട് ആയഞ്ചേരി പെയിൽപാറ, വയനാട് സുൽത്താൻ ബത്തേരി മന്ദംകൊല്ലി, കണ്ണൂർ മാങ്ങാട്ടിടം കൈതേരി പന്ത്രണ്ടാം മൈൽ, കണ്ണപുരം കയറ്റീൽ, എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി, തലശേരി നഗരസഭയിലെ ആറാം വാർഡ് എന്നിവടങ്ങളിൽ എൽ.ഡി.എഫ് ജയിച്ചു. തൃശൂർ ചീനിക്കുഴി, കയ്പമംഗം തായ്‌നഗർ, പാലക്കാട് തിരുവേഗപ്പുറ പതിനെട്ടാം വാർഡ്, താനൂർ ബ്ലോക്ക് പഞ്ചായത്തിലെ തുവ്വക്കാട് എന്നീ വാർഡുകളിലാണ് യു.ഡി.എഫ് വിജയിച്ചത്.