Tuesday , May   21, 2019
Tuesday , May   21, 2019

തകർപ്പൻ ജയത്തോടെ അർജന്റീന

ഗാലറിയിൽ അർജന്റീന പതാകയുമായി മലയാളി ആരാധകർ.

അർജന്റീന 4 ഇറാഖ് 0
റിയാദ്- ലിയോണൽ മെസ്സിയും, സെർജിയോ അഗ്യൂറോയും, ഗോൺസാലോ ഹിഗൈ്വനും, എയ്ംഗൽ ഡി മരിയയുമൊന്നുമില്ലെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട അർജന്റീന മലയാളികളായ ആരാധകരെ നിരാശപ്പെടുത്തിയില്ല. ചതുർരാഷ്ട്ര ഫുട്‌ബോൾ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ അവർ 4-0ന് ഇറാഖിനെ തകർത്തു. അർജന്റീനയുടെ കളി കാണാനെത്തിയ മലയാളികളടക്കമുള്ള ആരാധകർക്ക് അത് ആഹ്ലാദവുമായി. 
റിയാദ് മലസിലെ അമീർ ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിന്റെ ഒന്നാം പകുതിയിൽ അർജന്റീന 1-0ന് മുന്നിലായിരുന്നു. പതിനെട്ടാം മിനിറ്റിൽ ലോട്ടാറോ മാർട്ടിനെസാണ് ആദ്യ ഗോൾ നേടുന്നത്. 59ാം മിനിറ്റിൽ  ആർ. പെരേര ലീഡുയർത്തി. 82ാം മിനിറ്റിൽ പെസേലയുടെ വകയായിരുന്നു മൂന്നാം ഗോൾ. ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ സെർവി ഗോൾപട്ടിക പൂർത്തിയാക്കി.
യൂവെന്റസ് താരം പാബ്ലോ ഡിബാലോയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം ഭാവിയിലും ലോക ഫുട്‌ബോളിൽ വൻശക്തിയായിരിക്കുമെന്ന് തെളിയിക്കുന്നതായി മത്സരം. കളിയുടെ 74 ശതമാനം സമയവും പന്ത് നിയന്ത്രിച്ചതും അവരാണ്. 
ഇന്നാണ് ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ -സൗദി മത്സരം. സൂപ്പർ താരം നെയ്മാർ ബ്രസീൽ നിരയിലുണ്ടാവുമെന്നത് മലയാളികളായ ആരാധകർക്കും ആവേശം പകരുന്നു. 

Latest News