Friday , December   14, 2018
Friday , December   14, 2018

മൂന്നാഴ്ച മുമ്പ് മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു

ദമാം- മൂന്നാഴ്ച മുമ്പ് ദമാം മുവാസാത്ത് ആശുപത്രിയിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. കൊല്ലം ആര്യങ്കാവ് കഴുതുരുട്ടി സ്വദേശി മാമൂട്ടിൽ വീട്ടിൽ അബ്ദുൽ അസീസ് (52) ആണ് മരിച്ച മലയാളി. കഴിഞ്ഞ മാസം 20 ന് മഗ്‌രിബ് നമസ്‌കാരനാന്തരമാണ് റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇദ്ദേഹത്തെ ദമാം മുവാസാത് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 22 ന് രാവിലെ 6.44 ന് മരണം സംഭവിച്ചുവെന്ന് ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. 
ഒരാഴ്ച മുമ്പാണ് ഇന്ത്യക്കാരന്റെ മൃതദേഹം ദമാം മുവാസാത് ആശുപത്രി മോർച്ചറിയിലുണ്ടെന്നും തിരിച്ചറിയാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ദമാം ട്രാഫിക് മേധാവി സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തെ ബന്ധപ്പെടുന്നത്. ട്രാഫിക് വിഭാഗത്തിലെത്തിയ നാസ് വക്കം ഇഖാമ കോപ്പി ഉപയോഗിച്ച് ജവാസാത്ത് പ്രിന്റൗട്ട് എടുത്ത് എംബസിയുമായി ബന്ധപ്പെട്ടു. പാസ്‌പോർട്ട് രേഖകൾ പരിശോധിച്ച എംബസി ഉദ്യോഗസ്ഥൻ പ്രദീപ് ആണ് മരിച്ചത് മലയാളിയാണ് എന്നതടക്കമുള്ള വിശദാംശങ്ങൾ നൽകിയത്. അസീസ് മരിച്ച വിവരം നാട്ടിൽ ഭാര്യയോ മറ്റു ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. ദീർഘനാളായി തങ്ങളെ ബന്ധപ്പെടാറില്ലന്ന് മാത്രമാണ് ഭാര്യ പറഞ്ഞതെന്ന് നാസ് വക്കം അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. 20 വർഷമായി ദമാമിലുണ്ടായിരുന്ന അബ്ദുൽ അസീസ് പ്രവാസം അവസാനിപ്പിച്ചിരുന്നുവെങ്കിലും രണ്ട് വർഷം മുമ്പ്  പുതിയ വിസയിൽ തിരിച്ചെത്തി. ഹസൻ-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സാജിദ. - മക്കൾ: അൻഷാദ്, അനീഷ. ഇരുവരും വിവാഹിതരാണ്. 

Tags