Friday , December   14, 2018
Friday , December   14, 2018

മലിംഗയും 'മി ടൂ'വിൽ കുടുങ്ങി

ന്യൂദൽഹി- ക്രിക്കറ്റ് ലോകത്തും എത്തിയ മി ടൂ കാമ്പയിനിൽ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗയും കുടുങ്ങി. ഐ.പി.എൽ സീസണിനിടെ മും ബൈയിലെ ഹോട്ടലിൽ വെച്ച് മലിംഗ ത ന്നെ പീഡിപ്പിച്ചുവെന്ന, പേര് പറയാത്ത യുവതിയുടെ വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നത്.
പ്രശസ്ത ഗായിക ചിൻമയി ശ്രീപാദയാണ് തന്റെ കൂട്ടുകാരിക്കുണ്ടായ ദുരനുഭവമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. എന്നാൽ ഇരയാകപ്പെട്ട തന്റെ കൂട്ടുകാരിയുടെ പേരോ മറ്റു വിവരങ്ങളോ അവർ പുറത്തുവിട്ടിട്ടില്ല.
തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് കൂട്ടുകാരി നൽകിയ പ്രസ്താവനക്കു മുകളിൽ ക്രിക്കറ്റർ ലസിത് മലിംഗ എന്നെഴുതി ചിന്മയി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രസ്താവനയിൽ മലിംഗയുടെ പേര് പറയാത്തതിനാലാണ് ചിന്മയി അക്കാര്യം വെളിപ്പെടുത്തിയത്. ഏതാനും വർഷങ്ങൾക്കുമുമ്പ് മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ സുഹൃത്തിനെ കാത്തിരിക്കുമ്പോഴാണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് പെൺകുട്ടി പ്രസ്താവനയിൽ പറയുന്നു. ഈ സമയം ഐ.പി.എല്ലിലെ പ്രശസ്തനായ ഒരു ശ്രീലങ്കൻ താരം, എന്റെ സുഹൃത്ത് അയാളുടെ മുറിയിലുണ്ടെന്ന് അറിയിച്ചു. തുടർന്ന് ഞാൻ അയാളുടെ മുറിയിൽ പോയെങ്കിലും അവൾ അവിടെയുണ്ടായിരുന്നില്ല. ആ സമയം അയാളെന്നെ കിടക്കയിലേക്ക് തള്ളിയിടുകയും എന്റെ മുഖത്തേക്ക് കയറാൻ നോക്കുകയും ചെയ്തു. അയാൾക്കൊപ്പം ഉയരവും ശരീര ഭാരവും ഉണ്ടായിരുന്നിട്ടും എനിക്കയളെ ചെറുക്കാനായില്ല. ഞാൻ കണ്ണും വായും അടച്ചുപിടിച്ചെങ്കിലും എന്റെ മുഖം അയാൾ ഉപയോഗിച്ചു. ഈ സമയം ബാർ സേവനത്തിന് വന്ന ഹോട്ടൽ ജീവനക്കാരൻ കതകിനു മുട്ടുകയും അയാൾ കതകു തുറക്കാൻ പോവുകയും ചെയ്തു. പെട്ടെന്നു തന്നെ ഞാൻ ഓടി വാഷ്‌റൂമിൽ പോയി മുഖം കഴുകിയ ശേഷം ഹോട്ടൽ ജീവനക്കാരനൊപ്പം മുറിയിൽനിന്ന് പുറത്തു കടന്നു. ഞാൻ അപമാനിക്കപ്പെട്ടു. ഞാൻ അറിഞ്ഞുകൊണ്ടു തന്നെയാണ് അയാളുടെ മുറിയിൽ പോയതെന്ന് ആളുകൾ പറയുമെന്നെനിക്കറിയാം. അയാൾ പ്രശസ്തനാണ്. നീ അതാഗ്രഹിച്ചു, അല്ലെങ്കിൽ നിനക്കത് വേണമെന്നേ ആളുകൾ പറയൂ -ട്വീറ്റിൽ പറയുന്നു.
ഒരു ഐ.പി.എൽ സീസണിലാണ് ഈ സംഭവമെന്ന് ചിന്മയി പറയുന്നുണ്ടെങ്കിലും ഏത് വർഷമാണെന്നില്ല. സംഭവത്തിൽ മലിംഗയുടെ പ്രതികരണം പുറത്തു വന്നിട്ടുമില്ല. മീ ടൂ കാമ്പയിനിൽ ആരോപണ വിധേയനാവുന്ന രണ്ടാമത്തെ ലങ്കൻ താരമാണ് മലിംഗ. മുൻ ലങ്കൻ നായകൻ അർജുന രണതുംഗ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കഴിഞ്ഞ ദിവസം ഒരു ഇന്ത്യൻ എയർഹോസ്റ്റസ് വെളിപ്പെടുത്തിയിരുന്നു.