Thursday , October   18, 2018
Thursday , October   18, 2018

മുല്ലപ്പള്ളിയും മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' 

കാസർകോട്- കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും മാധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞു. കാസർകോട് ഡി സി സി നേതൃയോഗം നടന്ന സിറ്റി ടവർ ഹാളിൽ വെച്ച് ഇന്നലെ രാവിലെയാണ് ഒരു മണിക്കൂറോളം കാത്തുനിന്ന മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടത്. മുല്ലപ്പള്ളി കെ.പി.സി സി പ്രസിഡണ്ടായതിന് ശേഷമുള്ള ജില്ലയിലെ ആദ്യ പരിപാടിയായിരുന്നു ഇന്നലെ കാസർകോട്ട് നടന്നത്. പത്ത് മണിക്ക് ആരംഭിക്കുമെന്ന് പറഞ്ഞ യോഗത്തിലേക്ക് നേരത്തെ തന്നെ ദൃശ്യ മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവരുടെ പട എത്തിയിരുന്നു. 
ഹാളിനകത്ത് ക്യാമറയും മറ്റും സജ്ജീകരിച്ചാണ് മാധ്യമ പ്രവർത്തകർ കാത്തുനിന്നത്. പതിനൊന്ന് മണിയോടെയാണ് മുല്ലപ്പള്ളിയും കെ സുധാകരനും, കൊടിക്കുന്നിൽ സുരേഷും പരിപാടിക്കായി ഹാളിൽ എത്തിയത്. യോഗം തുടങ്ങുന്നതിന് മുമ്പ് അധ്യക്ഷത വഹിച്ച ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ ആണ് ഹാളിൽ നിന്നും മാധ്യമ പ്രവർത്തകർ മാറിനിൽക്കണമെന്ന മുല്ലപ്പള്ളിയുടെ ആവശ്യം അറിയിച്ചത്. കെ പി സി സി പ്രസിഡണ്ടിന്റെ ആദ്യ പരിപാടി എന്ന നിലയിൽ ഡി സി സി പ്രസിഡണ്ട് ക്ഷണിച്ചത് പ്രകാരമാണ് പത്രപ്രവർത്തകർ ഹാളിൽ എത്തിയത്. എന്നാൽ മുല്ലപ്പള്ളിക്ക് ഇത് രസിച്ചില്ലെന്ന് പറയുന്നു. ഇതേ തുടർന്നാണ് പുറത്തു പോകാൻ ആവശ്യപ്പെട്ടത്. അതേസമയം യോഗം കഴിഞ്ഞതിന് ശേഷം കാണാമെന്ന് പറഞ്ഞിരുന്നതായും മാധ്യമ പ്രവർത്തകർ പോയത് എന്റെ കുറ്റം കൊണ്ടല്ലല്ലോ എന്നുമാണ് മുല്ലപ്പള്ളി പ്രതികരിച്ചത്. 


 

Latest News