Monday , February   18, 2019
Monday , February   18, 2019

അതിവേഗം ചാർജ് ചെയ്യാവുന്ന ബാറ്ററിയുമായി ഹ്വാവേ 

അതിവേഗം ചാർജ് ചെയ്യാവുന്ന ബാറ്ററിയുമായി  ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഹ്വാവേ. മൊബൈൽ ഫോണുകളിലെ ബാറ്ററികളുടെ ആയുസ്സ് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോകത്തിലെ ആദ്യ അൾട്രാ ഫാസ്റ്റ് ലിഥിയം സിലിക്കൺ ബാറ്ററി അവതരിപ്പിക്കുന്നത്. വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കുന്നുവെന്നതിന് പുറമേ സുരക്ഷാ കാര്യങ്ങളിലും മുമ്പിലാണ് പുതിയ ബാറ്ററി. പരമ്പരാഗത ബാറ്ററികളിൽ നിന്ന് വ്യത്യസ്തമായി ലിഥിയം സിലിക്കൺ ബാറ്ററികളിൽ കുറഞ്ഞ വോൾട്ടേജിലും വേഗത്തിൽ ചാർജ് ചെയ്യാനാകും. 
ഹ്വാവേ സ്വന്തമായി വികസിപ്പിച്ചെടുത്ത ബാറ്ററി ഉടൻ പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകളിൽ ഉണ്ടാകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഗ്രാഫൈറ്റ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബാറ്ററികളേക്കാൾ കൂടുതൽ ഊർജം സംഭരിക്കാൻ ലിഥിയം സിലിക്കൺ ബാറ്ററികൾക്ക് സാധിക്കും. മൾട്ടി ടച്ച് സാങ്കേതികവിദ്യ ഡിസ്‌പ്ലേകളിൽ കൊണ്ടുവന്ന മാറ്റങ്ങൾ പോലെ ചാർജ് ചെയ്യുന്നതിലെ വേഗതയുടെ കാര്യത്തിലും ദീർഘ നേരത്തേക്ക് ഊർജം സംഭരിച്ചു വെക്കുന്നതിലും ലിഥിയം സിലിക്കൺ ബാറ്ററികൾ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കമ്പനി അവകാശപ്പെടുന്നു. 
ലിഥിയം സിലിക്കൺ ബാറ്ററികളിലെ ത്രീഡി നൈട്രജൻ ഡോപ്ഡ് കാർബൺ ആവരണം കൂടിയ വൈദ്യുതി വാഹക ശക്തിയുള്ളതാണ്. ഇത് അതിവേഗത്തിൽ ബാറ്ററി ചാർജ് ചെയ്യാൻ സഹായിക്കുന്നു. 
നിലവിലെ സ്മാർട്ട് ഫോണുകളിലെ ബാറ്ററി ബാക്കപ്പുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പരിഹാരം കാണാൻ പുതിയ ബാറ്ററിക്ക് കഴിയുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
 

Latest News