Monday , December   10, 2018
Monday , December   10, 2018

നിർമിത ബുദ്ധിക്കും സ്ത്രീ വിവേചനം

ആമസോൺ റിക്രൂട്ടിംഗ് എൻജിൻ ഉപേക്ഷിച്ചു

ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ആമസോൺ ഡോട് കോം വികസിപ്പിച്ച രഹസ്യ റിക്രൂട്ടിംഗ് എൻജിൻ ഉപേക്ഷിച്ചു. നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന റിക്രൂട്ട്‌മെന്റ് സംവിധാനത്തിന് സ്ത്രീകളെ ഇഷ്ടമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. കമ്പനിയുടെ മെഷീൻ ലേണിംഗ് സ്‌പെഷലിസ്റ്റുകളാണ് നിർമിത ബുദ്ധി സാങ്കേതിക വിദ്യക്ക് സംഭവിച്ച പിഴവ് കണ്ടെത്തിയത്. തൊഴിലന്വേഷിച്ച് ആമസോണിന് ലഭിക്കുന്ന ബയോഡാറ്റകൾ പരിശോധിക്കുന്നതും അതിൽനിന്ന് മികച്ച അപേക്ഷകരെ കണ്ടെത്തുന്നതും 2014 മുതൽ റിക്രൂട്ടിംഗ് എൻജിനാണ്. വെയർ ഹൗസിലായാലും വില നിശ്ചയിക്കുന്നതിലായാലും യന്ത്രവൽക്കരണം ആമസോൺ ഇ-കൊമേഴ്‌സിന്റെ വിജയത്തിൽ വലിയ പങ്കാണ് വഹിച്ചു വരുന്നത്. ആമസോണിലെ ഉൽപന്നങ്ങൾക്ക് ഉപയോക്താക്കൾ ഒന്നു മുതൽ അഞ്ച് വരെ സ്റ്റാറുകൾ നൽകുന്നതു പോലെ നിർമിത ബുദ്ധിയുടെ സഹായത്തോടെ കമ്പനി ഏർപ്പെടുത്തിയ റിക്രൂട്ടിംഗ് സംവിധാനവും ബയോഡാറ്റകൾ പരിശോധിച്ച് ഒന്നു മുതൽ അഞ്ച് സ്റ്റാറുകളാണ് നൽകുന്നത്. 
യന്ത്രത്തിന് 100 ബയോഡാറ്റകൾ നൽകിയാൽ അത് കൃത്യമായി പരിശോധിച്ച് മികച്ച അഞ്ചെണ്ണം തിരികെ നൽകും. അവരെയാണ് ജീവനക്കാരായി തെരഞ്ഞെടുക്കാറുള്ളതെന്ന് ആമസോൺ റിക്രൂട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട എൻജിനീയർമാരിൽ ഒരാൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. 
വിമൻ, വിമൻസ് ചെസ് ക്ലബ് ക്യാപ്റ്റൻ തുടങ്ങിയ വാക്കുകളുള്ള ബയോഡാറ്റകൾ റിക്രൂട്ടിംഗ് യന്ത്രം തിരസ്‌കരിക്കുന്നതായാണ് കണ്ടെത്തിയത്. വിമൻസ് കോളേജിൽ പഠിച്ചവരേയും റിക്രൂട്ട്‌മെന്റിൽ നിർമിത ബുദ്ധി മെഷീൻ തഴഞ്ഞു. പുരുഷന്മാരേയും വനിതകളേയും വേർതിരിക്കാതിരിക്കാൻ കഴിഞ്ഞ വർഷം പ്രോഗ്രാമുകളിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും യന്ത്രം വിവേചനം തുടരുകയായിരുന്നു. സിയാറ്റിൽ ആസ്ഥാനമായുള്ള കമ്പനി ഒടുവിൽ ഉപേക്ഷിച്ചുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
റിക്രൂട്ടിംഗ് എൻജിനെ കുറിച്ചോ അതിനു പറ്റിയ പാളിച്ചകളെ കുറിച്ചോ ആമസോൺ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തൊഴിലിടങ്ങളിൽ സമത്വവും വൈവിധ്യവുമാണ് തങ്ങളുടെ നയമെന്നു മത്രമാണ് കമ്പനി വ്യക്തമാക്കിയത്. നിർമിത ബുദ്ധിയുടേയും മെഷീൻ ലേണിംഗിന്റെയും പരിമിതികൾ മനസ്സിലാക്കാൻ സഹായകമായ മികച്ച കേസ് സ്റ്റഡിയായാണ് ആമസോണിലെ നിർമിത ബുദ്ധിയുടെ ദുരനുഭവം കണക്കാക്കുന്നത്. 
റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഒരു ഭാഗം യന്ത്രത്തിനു കൈമാറാൻ തയാറെടുക്കുന്ന ഹിൽട്ടൺ വേൾഡ് വൈഡ് ഹോൾഡിംഗ്‌സ്, ഗോൾഡ്മാൻ സാച്ചസ് ഗ്രൂപ്പ് തുടങ്ങിയ വൻകിട സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് കൂടിയാണ് ആമസോൺ അനുഭവം. അടുത്ത അഞ്ച് വർഷത്തിനകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി തങ്ങളുടെ ജോലിയുടെ ഭാഗമാകുമെന്നാണ് അമേരിക്കയിലെ 55 ശതമാനം മാനവശേഷി മാനേജർമാരും പറയുന്നത്. റിക്രൂട്ട്‌മെന്റ് നടത്തുന്ന ആളുകളുടെ അഭിപ്രായങ്ങൾക്കുപരി സാങ്കേതിക വിദ്യയെ വിശ്വസിക്കാനാണ് തൊഴിലുടമകൾക്കും ആഗ്രഹം.