2009 ല്‍ ലാസ് വെസാഗ് ഹോട്ടലില്‍ യുവതിയെ മാനഭംഗം ചെയ്തുവെന്ന ആരോപണം ഫുട്ബോളര് ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ നിഷേധിച്ചു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമായിരുന്നു അതെന്ന് താരത്തിന്റെ അഭിഭാഷകന് വിശദീകരിച്ചു. കാതറിന് മയോര്‍ഗ എന്ന മുന്‍ മോഡലാണ് 2009 ല്‍ റൊണാള്‍ഡോയില്‍ നിന്നുണ്ടായ ലൈംഗികാതിക്രമം കാരണം താന്‍ മാനസികമായും ശാരീരികമായും തകര്‍ന്നുവെന്നാരോപിച്ച് രംഗത്തു വന്നത്. പോലീസ് പുനരമ്പേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ബലാല്‍സംഗം താന്‍ നിലകൊള്ളുന്ന എല്ലാത്തിനും എതിരാണെന്ന് റൊണാള്‍ഡൊ പ്രഖ്യാപിച്ചു.
മയോര്‍ഗക്ക് പണം കൊടുത്ത് 2010 ല്‍ ഒത്തുതീര്പ്പിലെത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് അഭിഭാഷകന് നിഷേധിച്ചില്ല. എന്നാല്‍ അത് കുറ്റസമ്മതമല്ല. താന്‍ കഠിനാധ്വാനത്തിലൂടെ വളര്‍ത്തിയെടുത്ത സല്പേരും കരിയറും തകര്‍ക്കുന്ന വിധത്തിലുള്ള, അപഹാസ്യമായ ആരോപണങ്ങള്‍ ഒഴിവാക്കുന്നതിനായി അഭിഭാഷകര്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ചെയ്യുക മാത്രമായിരുന്നു റൊണാള്‍ഡൊ ചെയ്തത്. ഇപ്പോള്‍ പുറത്തുവരുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും അഭിഭാഷകന് കുറ്റപ്പെടുത്തി.