Tuesday , October   16, 2018
Tuesday , October   16, 2018

ഇന്ത്യൻ സ്‌കൂൾ പുതിയ കരാർ ജൂലൈ വരെ; ഞായറാഴ്ചയോടെ ഭാഗികമായി പ്രവർത്തിക്കും

ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ആൺകുട്ടികളുടെ വിഭാഗം സ്‌കൂൾ കെട്ടിട വാടകയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കപ്പെട്ട സാഹചര്യത്തിൽ സ്‌കൂൾ എത്രയും വേഗം തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഒക്‌ടോബർ 14 മുതൽ ഭാഗികമായെങ്കിലും പ്രവർത്തിപ്പിക്കാനാവും വിധം അതിവേഗത്തിലാണ് കാര്യങ്ങൾ നീക്കുന്നതെന്ന് ആക്ടിംഗ് പ്രിൻസിപ്പൽ ഡോ. നജീബ് ഖൈസ് പറഞ്ഞു. കഴിഞ്ഞ നാലു മുതലാണ് റിഹാബ് ഡിസ്ട്രിക്ടിലുള്ള സ്‌കൂളിന്റെ പ്രവർത്തനം നിർത്തിവെച്ചത്. അന്നുമുതൽ ഇവിടെനിന്നുള്ള സാധനങ്ങൾ ഗോഡൗണിലേക്ക് നീക്കിക്കൊണ്ടിരിക്കുകയായിരുന്നു. 99 ശതമാനം സാധനങ്ങളുടെയും നീക്കം  പൂർത്തിയായ ഘട്ടത്തിലായിരുന്നു പ്രശ്‌നം പരിഹരിക്കപ്പെട്ടത്. അതിനാൽ പൂർവ സ്ഥിതിയിലാക്കുന്നതിന് ദിവസങ്ങൾ വേണ്ടിവരും. കുട്ടികളുടെ ക്ലാസ് നഷ്ടപ്പെടാതെ കഴിയുന്നത്ര വേഗത്തിൽ ക്ലാസുകൾ സജ്ജമാക്കുന്നതിനുള്ള പണികൾ ആരംഭിച്ചതായി ഡോ. നജീബ് ഖൈസ് പറഞ്ഞു. 
ആറ് മുതൽ 12 വരെ ക്ലാസുകാരുടെ പരീക്ഷകൾ പെൺകുട്ടികളുടെ സ്‌കൂളിൽ തുടരും. രാവിലെ പെൺകുട്ടികൾക്കും ഉച്ചക്കു ശേഷം ആൺകുട്ടികൾക്കുമായാണ് ഇപ്പോൾ പരീക്ഷ നടത്തുന്നത്. പരീക്ഷ കഴിഞ്ഞ് ഒരാഴ്ചത്തെ അവധിക്കു ശേഷമായിരിക്കും ക്ലാസ് തുറക്കുക. അതിന് രണ്ടാഴ്ച കൂടി സമയം ലഭിക്കുമെന്നതിനാൽ ഈ സമയം കൊണ്ട് സ്‌കൂൾ പൂർവ സ്ഥിതിയിലാക്കാനാവുമെന്ന പ്രതീക്ഷയിലാണ് സ്‌കൂൾ അധികൃതർ.  ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഈ മാസം 13വരെ നിർത്തിവെച്ചിരിക്കുകയാണ്. 

സ്‌കൂളിനെ പൂർവ സ്ഥിതിയിലാക്കുന്നതിന് ഭീമമായ സംഖ്യ വേണ്ടിവരും. ഗോഡൗണിലേക്കുള്ള നീക്കത്തിനിടെ സൂക്ഷ്മതക്കുറവ് മൂലം ബെഞ്ചും ഡെസ്‌കും ഉൾപ്പെടെയുള്ള സാധങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ തീർക്കുന്നതിനും ലാബ്, എ.സി, കംപ്യൂട്ടർ നെറ്റ്‌വർക് തുടങ്ങിയ സംവിധാനങ്ങളും ഫീസ് കൗണ്ടറുകളുമെല്ലാം പൂർവ സ്ഥിതിയിലാക്കുന്നതിന് സമയവും വൻതുകയും ചെലവഴിക്കേണ്ടിവരും. സാധനങ്ങൾ കൊണ്ടുപോകുന്നതിനും തിരിച്ചു കൊണ്ടുവരുന്നതിനും  ഗോഡൗൺ വാടക ഇനത്തിലും വേണ്ടിവരുന്ന തുക ഇതിനു പുറെേമയാണ്. എല്ലാ രീതിയിലും സാമ്പത്തിക ബാധ്യത വരുമെന്നതിനാൽ ഫീസ് വർധനയിലായിരിക്കും കാര്യങ്ങൾ ചെന്നെത്തുക.  
കെട്ടിട ഉടമയുമായുണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥകൾക്ക് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ലെങ്കിലും 2019 ജൂലൈ 31 വരെയുള്ള കരാറാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തെ വാടക കുടിശ്ശികയും അടുത്ത വർഷം ജൂലൈ വരെയുള്ള വാടകയുമായി 12 മില്യൺ റിയാലിന്റെ ഒത്തുതീർപ്പാണ് ഉണ്ടാക്കിയതെന്നാണ് അറിയുന്നത്. ഇതിൽ പകുതി തുക നൽകി. അവശേഷിക്കുന്ന തുക പിന്നീട് നൽകും. ഈ അധ്യയന വർഷം തടസ്സങ്ങളില്ലാതെ കാര്യങ്ങൾ നടത്തുകയെന്നതാണ് പ്രധാനമായും കരാറിലൂടെ രൂപപ്പെട്ടിട്ടുള്ളത്. അതിനിടെ പുതിയ മാനേജിംഗ് കമ്മിറ്റി ചുമതലയേൽക്കുമെന്നതിനാൽ ജുലൈക്കു ശേഷമുള്ള കരാർ വ്യവസ്ഥകൾ അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് ചർച്ച ചെയ്തു തീരുമാനിക്കാമെന്ന ധാരണയും ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ കെട്ടിട ഉടമ ആവശ്യപ്പെട്ടിരുന്നതിനേക്കാളും കുറഞ്ഞ നിരക്കിൽ കരാറിന് തയാറായതോടെയാണ് പ്രശ്‌നം താൽക്കാലികമായി പരിഹരിക്കപ്പെട്ടത്. 

കഴിഞ്ഞ ദിവസം നടന്ന മാരത്തോൺ ചർച്ചക്കൊടുവിലാണ് കരാർ  രൂപപ്പെട്ടത്. അംബാസഡറുടെയും കോൺസൽ ജനറലിന്റെയും നിർദേശാനുസരണം സ്‌കൂൾ ഒബ്‌സർവറും ഡപ്യൂട്ടി കോൺസൽ ജനറലുമായ മുഹമ്മദ് ഷാഹിദ് ആല ത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കെട്ടിട ഉടമ ഉമർ സെയ്ദ് ബൽകറാമും അദ്ദേഹത്തിന്റെ അഭിഭാഷരും പങ്കെടുത്തു.
 

Latest News