Sunday , June   16, 2019
Sunday , June   16, 2019

ഡിസ്റ്റിലറി അഴിമതിയുടെ വിവരങ്ങൾ  പുറത്തുവരുമെന്ന് സർക്കാരിന് ഭയം -ചെന്നിത്തല

കൊച്ചി- ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും കൂടുതൽ കാര്യങ്ങൾ പുറത്ത് വരുമെന്ന് ഭയമുള്ളതിനാലാണ് ഗത്യന്തരമില്ലാതെ സർക്കാർ തീരുമാനം പിൻവലിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്തെ അഞ്ച് മുൻ മുഖ്യമന്ത്രിമാർ ചെയ്യാൻ മടിച്ച കാര്യമാണ് പ്രളയ ദുരന്തത്തിന്റെ മറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന് സ്വീകരണവും മുൻ കൺവീനർ പി.പി തങ്കച്ചന് ആദരവും നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
ജനങ്ങളെ മദ്യത്തിൽ മുക്കി കൊല്ലാനാണ് സർക്കാർ നീക്കം. കുടിവെള്ളം ചോദിക്കുന്ന ജനങ്ങൾക്ക് ബിയർ നൽകുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.  ചെന്നൈയിൽ ചെല്ലുമ്പോൾ പിണറായി വിജയന് സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്ന ആളാണ് ബ്രൂവറി അനുവദിക്കപ്പെട്ടവരിൽ ഒരാൾ. തീരുമാനം പിൻവലിച്ചത് കൊണ്ട് രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ട. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യു.ഡി.എഫിന്റെ കാലത്ത് ആരോപണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ അഴിമതി രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നത്. ഇനിയും അഴിമതികൾ നടന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടും. എക്സൈസ് വകുപ്പിനെ സിപിഎം കറവപ്പശുവാക്കി മാറ്റി. ഡീൽ ഉറപ്പിച്ചവർക്ക് ലൈസൻസ് നൽകുന്നതിന് നിയമ സാധുത ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനുള്ള നീക്കങ്ങളാണ് മന്ത്രിസഭാ യോഗത്തിൽ ഉണ്ടായത്. വിവാദത്തിലായ നാല് കമ്പനികൾക്ക് വീണ്ടും അനുമതി കൊടുക്കാനാണ് സർക്കാർ നീക്കമെങ്കിൽ കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി കുറച്ച് കൂടി പക്വതയും ഹൃദയ വിശാലതയും കാട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ യു.ഡി.എഫും കോൺഗ്രസും ഏതറ്റം വരെയും പോകും. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ബഹുമാനിക്കണം. ഇടത് സർക്കാർ ചോദിച്ചു വാങ്ങിയ വിധിയാണിത്. ഓരോ മതങ്ങൾക്കും ഓരോ വിശ്വാസമുണ്ട്. അത് കോടതികളിൽ ചോദ്യം ചെയ്യേണ്ടവയല്ല. അന്ധവിശ്വാസവും അനാചാരവും വിശ്വാസവും ഒന്നല്ല. മതസൗഹാർദ്ദത്തിന്റെ മകുടോദാഹരണമായിരുന്ന ശബരിമലയെ വിവാദ ഭൂമിയാക്കിയത് സി.പി.എമ്മും ആർ.എസ്.എസും ബി.ജെ.പിയും ചേർന്നാണ്. സുന്നികളുടെ പള്ളികളിൽ സ്ത്രീകൾ കയറണമോയെന്ന് തീരുമാനിക്കേണ്ടത് കോടിയേരി ബാലകൃഷ്ണനല്ല. നിരീശ്വരവാദിയായ കോടിയേരി ബാലകൃഷ്ണൻ പുരോഗമന വാദം ഉന്നയിക്കുമ്പോൾ സ്വന്തം വീട്ടിൽ ശത്രു സംഹാര പൂജയും പൂമൂടലും നടക്കുന്നത് തിരിച്ചറിയണം. കോടതി വിധികൾ വിമർശിക്കാം, ചോദ്യം ചെയ്യാം. അവ തിരുത്തപ്പെടാറുമുണ്ട്. നിരവധി സുപ്രീം കോടതി വിധികൾ നടപ്പാക്കാത്ത സർക്കാർ ശബരിമല വിധി മാത്രം നടപ്പാക്കാൻ ആവേശം കാട്ടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി നിലവിലില്ലാതിരുന്ന കാലത്ത് നടന്ന നവോത്ഥാന മുന്നേറ്റങ്ങളിൽ അവർക്ക് ഒരു പങ്കുമില്ല. കോൺഗ്രസിനെ നവോത്ഥാന മുന്നേറ്റം പഠിപ്പിക്കാൻ പിണറായി വിജയൻ വളർന്നിട്ടില്ല. വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുന്നതാകണം ദേവസ്വം ബോർഡ്. അല്ലാതെ പിണറായി വിജയന്റെ താൽപര്യം സംരക്ഷിക്കാനല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest News