Tuesday , October   16, 2018
Tuesday , October   16, 2018

മലപ്പുറത്ത് ഭൂമിയുടെ ന്യായവില പുനർനിർണയം  മൂന്നു മാസത്തിനകം പൂർത്തിയാക്കും

മലപ്പുറത്ത് ഭൂമിയുടെ ന്യായവില നിർണയവുമായി ബന്ധപ്പെട്ട് റവന്യൂ ജീവനക്കാർക്ക് നൽകിയ പരിശീലനം കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്യുന്നു. 

മലപ്പുറം- ജില്ലയിൽ ഭൂമിയുടെ ന്യായവില പുനർനിർണയം മൂന്നു മാസത്തിനകം പൂർത്തീകരിക്കുമെന്നു ജില്ലാ കലക്ടർ അമിത് മീണ. ന്യായവില നിർണയവുമായി ബന്ധപ്പെട്ടു റവന്യൂ ജീവനക്കാർക്കു നൽകിയ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവംബർ ഒന്നിന് വിലനിർണയത്തിനു തുടക്കമാകും. മൂന്നു മാസംകൊണ്ടു വിവര ശേഖരണം പൂർത്തിയാക്കി സമഗ്രമായ പുനർനിർണയമാണ് ലക്ഷ്യമിടുന്നത്. റവന്യൂ, രജിസ്‌ട്രേഷൻ, സർവേ, നികുതി, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ഭൂമിയിലുണ്ടാകുന്ന മാറ്റങ്ങൾ പരിഗണിച്ചാണ് ന്യായവില നിശ്ചയിക്കുക. റവന്യൂ നഷ്ടം പരമാവധി ഒഴിവാക്കി ജനങ്ങളിൽ അധികബാധ്യത വരാത്ത രീതിയിലാകും വില നിർണയിക്കുക. സമീപപ്രദേശങ്ങളിലെ ഭൂമിയുടെ വിൽപ്പന വില അടക്കമുള്ളവ പരിശോധിച്ചാണ് ന്യായവിലനിർണയിക്കുക. വനം, റോഡ്, ഇടവഴി, റെയിൽപാത, കുളം, തോട്, കനാൽ, പാലം, അണക്കെട്ട്, കലുങ്ക് എന്നിവ ഒഴികെയുള്ളവയുടെ വിലയാണ് നിർണയിക്കുന്നത്. പൊതുസ്ഥലത്തുള്ള കുളം, കനാൽ എന്നിവയുടെ വിലയും നിർണയിക്കും. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ(സിഎജി) നീരിക്ഷണങ്ങളുടെയും ശിപാർശകളുടെയും അടിസ്ഥാനത്തിലാകും ന്യായവില പുനർനിർണയിക്കുന്നത്. നിലവിലെ അപാകതകൾ പരിഹരിക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുക, പൊതുഅതിർത്തി പങ്കിടുന്ന ഭൂമിക്ക് ഒരേ ന്യായ വില നൽകുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണം. വില്ലേജ് ഓഫീസർ കൺവീനറായുള്ള വില്ലേജുതല കമ്മിറ്റി, താലൂക്കുതല കമ്മിറ്റി, ജില്ലാതല കമ്മിറ്റി എന്നിങ്ങനെ മൂന്നു തലത്തിലാണ് ന്യായവില പുനർനിർണയ പ്രക്രിയ പൂർത്തീകരിക്കുക. മുമ്പ് 2010, 2014 വർഷങ്ങളിൽ ന്യായവിലയിൽ സർക്കാർ വർധന വരുത്തിയിരുന്നു. ഭൂമിയുടെ ന്യായവില പുനർനിർണയം സർക്കാരിന്റെ വരുമാന നഷ്ടത്തിന് പരിഹാരമാകും. ന്യായ വിലയിൽ പത്തു ശതമാനം വർധനയാണ് നിർദേശിച്ചിരിക്കുന്നത്. സൗകര്യങ്ങൾക്കനുസരിച്ചാകും വിലനിർണയമുണ്ടാവുക. ഗതാഗത സൗകര്യം, അടിസ്ഥാന സൗകര്യം, ജലം, വൈദ്യുതി എന്നിവയുടെ ലഭ്യത ഇവയെല്ലാം വില വർധിക്കുന്നതിന് കാരണമാകും. വെള്ളപ്പൊക്ക മേഖല, മാർക്കറ്റുകളുടെ സമീപം, മലിനമായ ജലാശയത്തിനു സമീപം, കുടിവെള്ള ദൗർലഭ്യമുള്ള സ്ഥലം എന്നിവിടങ്ങളിൽ വില കുറയും. മലപ്പുറം കളക്ടറേറ്റ് സമ്മേളന ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ സീനിയർ സൂപ്രണ്ടുമാരായ ജേക്കബ് സഞ്ജയ് ജോൺ, സി.എസ് അനിൽ, ജയകുമാർ, ജൂനിയർ സൂപ്രണ്ട് കെ.പി ബിജു, ഗിരീന്ദ്രകുമാർ, സീനിയർ ക്ലാർക്ക് പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
 

Latest News