Wednesday , October   17, 2018
Wednesday , October   17, 2018

സൂപ്പർ ക്ലാസിക്കൊ ഫുട്‌ബോൾ: ഇന്ന് കിക്കോഫ്

റിയാദ് - സൗദി അറേബ്യ ആതിഥ്യമരുളുന്ന സൂപ്പർ ക്ലാസിക്കൊ ഫുട്‌ബോൾ ടൂർണമെന്റിന് ഇന്ന് റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ തുടക്കമാവും. ആദ്യ മത്സരത്തിൽ ഇന്ന് അർജന്റീന ഇറാഖുമായി ഏറ്റുമുട്ടും. നാല് മത്സരങ്ങളിൽ മൂന്നും റിയാദിലാണ്. അർജന്റീന-ബ്രസീൽ സൂപ്പർ പോരാട്ടം ജിദ്ദയിലും. എല്ലാ കളികളും രാത്രി ഒമ്പതിനാണ് ആരംഭിക്കുക. 
പ്രമുഖ കളിക്കാരില്ലാതെയാണ് അർജന്റീന ടീം റിയാദിലെത്തിയിരിക്കുന്നത്. ലിയണൽ മെസ്സി, സെർജിയൊ അഗ്വിരൊ, ഗോൺസാലൊ ഹിഗ്വയ്ൻ, എയിംഗൽ ഡി മരിയ തുടങ്ങിയവരുടെ അഭാവത്തിൽ പൗളൊ ദിബാലയും മോറൊ ഇകാർഡിയുമായിരിക്കും ആക്രമണം നയിക്കുക. ഇകാർഡി ഇന്റർ മിലാൻ നായകനാണ്. കഴിഞ്ഞ മൂന്നു കളികളിൽ നാലു ഗോളടിച്ചു. എന്നാൽ ഇതുവരെ അഞ്ചു തവണയേ അർജന്റീന ജഴ്‌സിയണിഞ്ഞിട്ടുള്ളൂ. ഗോളടിച്ചിട്ടില്ല. സെർജിയൊ റോമിറൊ ഗോൾ വലക്കു മുന്നിൽ തിരിച്ചെത്തിയേക്കും. പരിക്കു കാരണം റോമിറൊ ലോകകപ്പിൽ കളിച്ചിരുന്നില്ല. ലോകകപ്പിലെ അവസാന മത്സരങ്ങളിൽ വല കാത്ത ഫ്രാങ്കൊ അർമാനി ഫോമിലല്ലാത്തതിനാൽ പിന്മാറിയിരിക്കുകയാണ്. രണ്ടാം ഗോളി ജെറോണിമൊ റൂളിയും ടീമിലില്ല. ഗ്വിദൊ ഹെരേരയാണ് മറ്റൊരു ഗോൾകീപ്പർ. ഹെരേര ഇതുവരെ അർജന്റീനക്കു കളിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുനൈറ്റഡ് ഗോൾകീപ്പറായ റോമിറൊ അവസാനം അർജന്റീനക്കു കളിച്ചത് ലോകകപ്പിന് മുമ്പ് സ്‌പെയിനിനെതിരായ സന്നാഹ മത്സരത്തിലാണ്. ആ കളി 1-6 ന് അർജന്റീന തോൽക്കുകയായിരുന്നു.  
നിരാശാജനകമായ ലോകകപ്പിനു ശേഷം ടീമിനെ കെട്ടിപ്പടുക്കുകയാണ് അർജന്റീന. ലോകകപ്പിനു ശേഷമുള്ള രണ്ട് സൗഹൃദ മത്സരങ്ങളിൽ ഗ്വാട്ടിമാലയെ 3-0 ന് തോൽപിക്കുകയും കൊളംബിയയുമായി ഗോൾരഹിത സമനില വഴങ്ങുകയും ചെയ്തു അവർ. ലിയണൽ സ്‌കാലോണിയാണ് താൽക്കാലിക കോച്ച്. ട്രാഫിക് പോലും നിയന്ത്രിക്കാനറിയാത്ത സ്‌കാലോണി എങ്ങനെ ദേശീയ ടീമിനെ നിയന്ത്രിക്കുമെന്ന് ഈയിടെ ഡിയേഗൊ മറഡോണ പരിഹസിച്ചിരുന്നു.  2007 ലെ ഏഷ്യൻ ചാമ്പ്യന്മാരും 2015 ലെ ഏഷ്യൻ റണ്ണേഴ്‌സ്അപ്പുമായ ഇറാഖ് കഴിഞ്ഞ 17 കളികളിൽ ഒരെണ്ണം മാത്രമാണ് തോറ്റത്. സ്രെക്കൊ കടാനെച്ചാണ് കഴിഞ്ഞ മാസം മുതൽ കോച്ച്. പതിനെട്ടുകാരൻ സ്‌ട്രൈക്കർ മുഹന്നദ് അലിയാണ് ഏവരും ഉറ്റുനോക്കുന്ന കളിക്കാരൻ. ആറ് കളികളിൽ നാല് ഗോളടിച്ചിട്ടുണ്ട് മുഹന്നദ്. പതിനേഴുകാരൻ മുഹമ്മദ് ദാവൂദും ടീമിലുണ്ട്. അമേരിക്കൻ ലീഗിൽ കളിക്കുന്ന ജസ്റ്റിൻ മെറാമും മുന്നേറ്റനിരയിലുണ്ടാവും.