റിയാദ്- ഈ വർഷം ആദ്യത്തെ ഏഴു മാസത്തിനിടെ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനത്തിൽ 37.6 ശതമാനം വർധനവുണ്ടായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെയുള്ള കാലത്ത് 48,730 കോടി റിയാലിന്റെ ക്രൂഡ് ഓയിലാണ് സൗദി അറേബ്യ കയറ്റി അയച്ചത്. 2017 ൽ ഇതേ കാലയളവിൽ അസംസ്കൃത എണ്ണ കയറ്റുമതി 35,430 കോടി റിയാലായിരുന്നു. ഈ വർഷം ആദ്യത്തെ എഴു മാസത്തിനിടെ എണ്ണ കയറ്റുമതിയിലൂടെ 13,300 കോടി റിയാൽ അധിക വരുമാനം ലഭിച്ചു.
ആഗോള വിപണിയിൽ എണ്ണ വില ഉയർന്നതും സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയിലുള്ള വർധനവുമാണ് എണ്ണ വരുമാനം ഉയരുന്നതിന് സഹായകമായത്. ഈ വർഷം ആദ്യത്തെ ഏഴു മാസത്തിനിടെ സൗദി ക്രൂഡ് ഓയിലിന് ബാരലിന് ശരാശരി 69.7 ഡോളർ തോതിൽ വില ലഭിച്ചു. സൗദി എണ്ണ ബാരലിന് ജനുവരിയിൽ 67.4 ഡോളറും ഫെബ്രുവരിയിൽ 64 ഡോളറും മാർച്ചിൽ 64.4 ഡോളറും ഏപ്രിലിൽ 68.9 ഡോളറും മേയിൽ 74.7 ഡോളറും ജൂണിൽ 74.2 ഡോളറും ജൂലൈയിൽ 69.7 ഡോളറും ശരാശരി വില ലഭിച്ചു.
പ്രതിദിന കയറ്റുമതി ജനുവരിയിൽ 71.70 ലക്ഷം ബാരലും ഫെബ്രുവരിയിൽ 71.51 ലക്ഷം ബാരലും മാർച്ചിൽ 71.22 ലക്ഷം ബാരലും ഏപ്രിലിൽ 73.12 ലക്ഷം ബാരലും മേയിൽ 69.84 ലക്ഷം ബാരലും ജൂണിൽ 72.44 ലക്ഷം ബാരലും ജൂലൈയിൽ 71.18 ലക്ഷം ബാരലുമായിരുന്നു. 2017 ജനുവരിയിൽ പ്രതിദിന കയറ്റുമതി 71.13 ലക്ഷം ബാരലും ഫെബ്രുവരിയിൽ 69.57 ലക്ഷം ബാരലും മാർച്ചിൽ 72.32 ലക്ഷം ബാരലും ഏപ്രിലിൽ 70.06 ലക്ഷം ബാരലും മേയിൽ 69.24 ലക്ഷം ബാരലും ജൂണിൽ 68.89 ലക്ഷം ബാരലും ജൂലൈയിൽ 66.93 ലക്ഷം ബാരലുമായിരുന്നു.
ആഗോള വിപണിയിൽ എണ്ണ വിലയിടിച്ചിൽ തടയുന്നതിന് ശ്രമിച്ച് 2017 ആദ്യം മുതൽ ഒപെക് രാജ്യങ്ങളും ഒപെക് ഇതര രാജ്യങ്ങളും പ്രതിദിന ഉൽപാദനത്തിൽ 18 ലക്ഷം ബാരലിന്റെ കുറവ് വരുത്തിയിരുന്നു. ഉൽപാദനം കുറക്കുന്നതിനുള്ള ധാരണയുടെ കാലാവധി അടുത്ത ഡിസംബറിൽ അവസാനിക്കും.
കഴിഞ്ഞ ജൂലൈയിൽ എണ്ണ കയറ്റുമതി വരുമാനത്തിൽ 60.8 ശതമാനം വർധനവുണ്ടായി. ജൂലൈയിൽ 7,710 കോടി റിയാലിന്റെ എണ്ണ കയറ്റി അയച്ചു. 2017 ജൂലൈയിൽ എണ്ണ കയറ്റുമതി 4,800 കോടിയായിരുന്നു. കഴിഞ്ഞ ജൂലൈയിൽ എണ്ണ കയറ്റുമതി വരുമാനത്തിൽ 2,920 കോടി റിയാലിന്റെ വർധനവുണ്ടായി. കഴിഞ്ഞ ജൂലൈയിൽ ആകെ കയറ്റുമതിയുടെ 79.6 ശതമാനവും എണ്ണയുടെ പങ്കാണ്. 2017 ജൂലൈയിൽ ഇത് 74.8 ശതമാനമായിരുന്നു.
കഴിഞ്ഞ കൊല്ലം സൗദിയുടെ എണ്ണ കയറ്റുമതി വരുമാനത്തിൽ 25.1 ശതമാനം വർധനവുണ്ടായി. എണ്ണ കയറ്റുമതിയിലൂടെ 12,800 കോടി റിയാലിന്റെ അധിക വരുമാനമാണ് കഴിഞ്ഞ വർഷം നേടിയത്. കഴിഞ്ഞ കൊല്ലം എണ്ണ കയറ്റുമതി 63,840 കോടിയായിരുന്നു. 2016 ൽ ഇത് 51,050 കോടി റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം സൗദി അറേബ്യയുടെ ആകെ കയറ്റുമതിയിൽ 77 ശതമാനം എണ്ണയായിരുന്നു. 23 ശതമാനം എണ്ണയിതര ഉൽപന്നങ്ങളായിരുന്നെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വ്യക്തമാക്കുന്നു.