Tuesday , October   16, 2018
Tuesday , October   16, 2018

ഖശോഗിയെ കാണാതായ ദിവസം സൗദി വിമാനം പരിശോധിച്ചു

റിയാദ്- സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയെ കാണാതായ കഴിഞ്ഞ ചൊവ്വാഴ്ച ഇസ്താംബൂൾ അതാതുർക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് സൗദി വിമാനം തുർക്കി അധികൃതർ പരിശോധിച്ചതായി തുർക്കിയിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ അനദോലു തുർക്കി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. സംഭവ ദിവസം സൗദിയിൽ നിന്നെത്തിയ സ്വകാര്യ സൗദി വിമാനം ഇസ്താംബൂൾ എയർപോർട്ട് വിടുന്നതിനു മുമ്പാണ് തുർക്കി സുരക്ഷാ വകുപ്പുകൾ അരിച്ചു പെറുക്കിയത്. വിമാനവും യാത്രക്കാരുടെ ബാഗുകളും അധികൃതർ സൂക്ഷ്മമായി പരിശോധിച്ചു. 
ജമാൽ ഖശോഗിയുടെ തിരോധാനത്തെ കുറിച്ച വിവരം പുറത്തു വന്നതോടെയാണ് സ്വകാര്യ സൗദി വിമാനം തുർക്കി സുരക്ഷാ വകുപ്പുകൾ സസൂക്ഷ്മം പരിശോധിച്ചത്. ജമാൽ ഖശോഗിയെ തട്ടിക്കൊണ്ടു പോകുന്നില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. ഇസ്താംബൂൾ എയർപോർട്ടിൽ നിന്ന് പറന്നുയരുന്നതിനു തൊട്ടു മുമ്പാണ് വിമാനം അധികൃതർ പരിശോധിച്ചത്. ജമാൽ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഒരു സൂചനയും തെളിവുകളും പരിശോധനയിൽ കണ്ടെത്തിയില്ല. ഇതേ തുടർന്ന് വിമാനത്തിന് ഇസ്താംബൂൾ എയർപോർട്ടിൽ നിന്ന് പറുന്നയരുന്നതിന് സുരക്ഷാ വകുപ്പുകൾ അനുമതി നൽകുകയായിരുന്നെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 

Latest News