Tuesday , February   19, 2019
Tuesday , February   19, 2019

ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്ന സ്ഥലത്ത് പുകവലിച്ചാൽ പിഴ

റിയാദ്- ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്ന സ്ഥാപനങ്ങളുടെ തൊഴിൽ സ്ഥലങ്ങളിൽ പുകവലിക്കുകയോ മറ്റു പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ ഉറങ്ങുകയോ ചെയ്യുന്ന തൊഴിലാളികൾക്ക് ആയിരം റിയാൽ വീതം പിഴ ചുമത്തുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യ വസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഉറങ്ങുന്ന തൊഴിലാളികൾക്ക് 500 റിയാൽ വീതം പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്ന സ്ഥാപനങ്ങളിലും വിൽപന നടത്തുന്ന സ്ഥാപനങ്ങളിലും തൊഴിലാളികൾ ജോലിക്കിടെ മോതിരങ്ങൾ, വാച്ചുകൾ, വളകൾ, മാലകൾ, ചെയിനുകൾ പോലുള്ള വ്യക്തിപരമായ വസ്തുക്കൾ ധരിച്ചാൽ 500 റിയാൽ വീതമാണ് പിഴ ചുമത്തുക. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം തയാറാക്കിയ സ്ഥലങ്ങളിലല്ലാതെ അവ കൈകാര്യം ചെയ്യുന്ന പക്ഷം തൊഴിലാളികളിൽ ഒരാൾക്ക് 250 റിയാൽ തോതിൽ പിഴ ചുമത്തും.
ഭക്ഷ്യവസ്തുക്കൾ തയാറാക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ രോഗ ലക്ഷണങ്ങളുള്ള തൊഴിലാളികളെ കണ്ടെത്തിയാൽ അവരിൽ ഓരോരുത്തർക്കും രണ്ടായിരം റിയാൽ തോതിൽ പിഴ ചുമത്തും. ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ രോഗലക്ഷണങ്ങളുള്ള തൊഴിലാളികൾക്ക് ആയിരം റിയാൽ തോതിൽ പിഴ ചുമത്തും. ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ യൂനിഫോം ധരിക്കാതിരുന്നാൽ ആയിരം റിയാൽ തോതിലാണ് പിഴ ചുമത്തുക. വ്യക്തിശുചിത്വം പാലിക്കാത്ത, ഭക്ഷ്യവസ്തു വിൽപന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 500 റിയാൽ വീതവും ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ആയിരം റിയാൽ വീതവും പിഴ ചുമത്തും. ഭക്ഷ്യവസ്തു വിൽപന സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്ന സ്ഥാപനങ്ങളിലും അനാരോഗ്യകരമായ പ്രവർത്തനങ്ങൾ നടത്തുന്ന തൊഴിലാളികൾക്ക് 500 റിയാൽ തോതിൽ പിഴ ചുമത്തുമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.  

Tags

Latest News