Friday , December   14, 2018
Friday , December   14, 2018

ധന, ഇൻഷുറൻസ് സ്ഥാപനങ്ങളുടെയും സ്വദേശി ജീവനക്കാരുടെയും എണ്ണത്തിൽ വർധന

റിയാദ്- സൗദിയിൽ കഴിഞ്ഞ വർഷം ധന, ഇൻഷുറൻസ് സ്ഥാപനങ്ങളുടെ എണ്ണത്തിൽ 1.14 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. ധന, ഇൻഷുറൻസ് മേഖലാ സ്ഥാപനങ്ങളുടെ എണ്ണം 6,664 ആയി കഴിഞ്ഞ വർഷം ഉയർന്നു. ഈ സ്ഥാപനങ്ങളിൽ ആകെ 1,13,728 ജീവനക്കാരുണ്ട്. ഇക്കൂട്ടത്തിൽ 82,308 പേർ സൗദികളും 31,420 പേർ വിദേശികളുമാണ്. ധന, ഇൻഷുറൻസ് മേഖലാ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വർഷം 3.32 ശതമാനം തോതിൽ വർധിച്ചു. 
ധന, ഇൻഷുറൻസ് മേഖലാ ജീവനക്കാർക്ക് കഴിഞ്ഞ വർഷം വേതനയിനത്തിൽ ആകെ 2,292 കോടി റിയാൽ വിതരണം ചെയ്തു. പ്രവർത്തന വരുമാനത്തിൽ കഴിഞ്ഞ വർഷം 10.3 ശതമാനം വർധനവ് രേഖപ്പെടുത്തി. ഈ മേഖലാ സ്ഥാപനങ്ങളുടെ ആകെ വരുമാനം 16,200 കോടി റിയാലായിരുന്നു. ഇതിൽ 4,731 കോടി റിയാൽ പ്രവർത്തന ചെലവാണ്. 
ധന, ഇൻഷുറൻസ് മേഖലയിൽ വിദേശികളെക്കാൾ കൂടുതൽ സൗദി ജീവനക്കാരാണ്. എന്നാൽ ആരോഗ്യ, സാമൂഹിക മേഖലാ സ്ഥാപനങ്ങളിൽ വിദേശികളാണ് കൂടുതൽ. ആരോഗ്യ, സാമൂഹിക മേഖലയിൽ രാജ്യത്ത് ആകെ 5,414 സ്ഥാപനങ്ങളുണ്ട്. ഇവയിൽ ആകെ 1,90,000 പേർ ജോലി ചെയ്യുന്നു. ഇതിൽ 67.8 ശതമാനവും വിദേശികളാണ്. ആരോഗ്യ, സാമൂഹിക സ്ഥാപനങ്ങളിൽ 1,28,784 വിദേശികളും 61,209 സൗദികളും ജോലി ചെയ്യുന്നു. ജീവനക്കാരിൽ 63.7 ശതമാനവും പുരുഷന്മാരാണ്. ആരോഗ്യ, സാമൂഹിക സ്ഥാപനങ്ങളിൽ 1,21,073 പുരുഷ ജീവനക്കാരുണ്ട്. ഇതിൽ 87,768 പേർ വിദേശികളും 42,305 പേർ സ്വദേശികളുമാണ്. ഈ മേഖലയിൽ 68,920 വനിതകൾ ജോലി ചെയ്യുന്നു. ഇതിൽ 72.8 ശതമാനവും വിദേശികളാണ്. ആരോഗ്യ, സാമൂഹിക സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാരിൽ 50,016 പേർ വിദേശികളും 18,904 പേർ സ്വദേശികളുമാണ്. 

Tags

Latest News