Tuesday , May   21, 2019
Tuesday , May   21, 2019

പ്രതിപക്ഷത്തെ ആശയക്കുഴപ്പം  

കഴിഞ്ഞ ദിവസം ഒരു അഭിപ്രായ സർവേ ഫലം പുറത്തു വന്നു. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിടത്ത് കോൺഗ്രസ് വിജയിക്കുമെന്നാണ് എബിപി സർവേയിൽ കണ്ടെത്തിയത്. 
ഇതേ കൂട്ടർ ഏതാനും ദിവസങ്ങൾക്കപ്പുറം നടത്തിയ സർവേയിൽ കേന്ദ്രത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്നും അഭിപ്രായ വോട്ടെടുപ്പ് നടത്തി മനസ്സിലാക്കിയിരുന്നു. മധ്യ പ്രദേശ്, രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലേറുമെന്ന നിഗമനത്തിൽ വലിയ അതിശയമില്ല. എന്നാൽ രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനം മാസങ്ങൾക്കകം നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പാണ്.
 പ്രതിപക്ഷത്തിന് അനുകൂലമായ ധാരാളം ഘടകങ്ങളുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ മണ്ടൻ പരിഷ്‌കാരമായ നോട്ട് റദ്ദാക്കലിന്റെ ആഘാതം ഇപ്പോഴും തുടരുന്നു. ഹിന്ദി ബെൽറ്റിലുൾപ്പെടെ കാർഷിക മേഖല കടുത്ത തകർച്ചയെ നേരിടുന്നു. 
ഡോളറിനെതിരെ ഇന്ത്യൻ രൂപ ഏറ്റവും ദുർബലമായ അവസ്ഥയിലാണ്. തൊഴിലില്ലായ്മ രൂക്ഷമായതിനെ തുടർന്ന് പ്രധാന മന്ത്രിയുടെ സ്വന്തം ഗുജറാത്തിൽ മണ്ണിന്റെ മക്കൾ വാദം തല പൊക്കിയിരിക്കുന്നു. വികസന മോഡലെന്ന് പ്രചരിപ്പിക്കപ്പെട്ട ഗുജറാത്തിലേക്ക് ബിഹാർ, യു.പി എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരങ്ങളെയാണ് ആട്ടിയോടിക്കുന്നത്. 
പൊതുതെരഞ്ഞെടുപ്പിന് മാസങ്ങളേ ബാക്കിയുള്ളൂ. വിപരീത ഘടകങ്ങളുണ്ടെങ്കിലും 2019 ൽ  വീണ്ടും അധികാരത്തിലേറാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. 
സാധാരണക്കാരെ ബാധിക്കുന്ന എന്തൊക്കെ വിഷയങ്ങളുണ്ടെങ്കിലും വർഗീയത എടുത്തിട്ടാൽ എല്ലാ വിമർശനങ്ങളേയും പെട്ടെന്ന് അതിജീവിക്കാനാവുമെന്നതാണ് അനുഭവം. 
ദേശീയ ശ്രദ്ധയാകർഷിച്ച ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ അടി പതറുന്നുവെന്ന ഘട്ടം വന്നപ്പോൾ പാക് അതിർത്തിയുടെ കാര്യമാണ് പൊതുയോഗങ്ങളിൽ നിറഞ്ഞാടിയത്. പ്രതിപക്ഷ നിരയിൽ ഐക്യത്തിനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ലെന്നത് ശ്രദ്ധേയമാണ്. 
ഏറ്റവും കൂടുതൽ എം.പിമാരെ വിജയിപ്പിക്കാൻ കഴിയുന്ന യു.പിയിലെ പ്രധാന കക്ഷികളിലൊന്നായ മായാവതിയുടെ ബി.എസ്.പി കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ കോൺഗ്രസിനൊപ്പമുണ്ടാവില്ലെന്ന് മായാവതി പറഞ്ഞത് ബി.ജെ.പി ദേശീയ നേതൃത്വത്തിന് പെട്ടെന്നാണ് പോസിറ്റീവ് എനർജി പകർന്നു നൽകിയത്.
 അഖിലേഷിന്റെ കാര്യത്തിൽ ഉറപ്പ് പറയാനാവില്ല. മറ്റൊരു വലിയ സംസ്ഥാനമായ മഹാരാഷ്ട്രയിൽ എൻ.സി.പി കോൺഗ്രസിനൊപ്പമുണ്ടാവുമെന്ന് ഏവരും ഉറപ്പിച്ചതായിരുന്നു. പെട്ടെന്നതാ മോഡി സ്തുതിയുമായി പാർട്ടി അധ്യക്ഷൻ ശരത് പവാർ. പശ്ചിമ ബംഗാളിൽ സി.പി.എം-കോൺഗ്രസ് സഖ്യ സാധ്യതയും മങ്ങി വരികയാണ്. കോൺഗ്രസ് തൃണമൂലിനൊപ്പം നിൽക്കാനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. 
രാഹുൽ ഗാന്ധി മാത്രമല്ല പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ പ്രതിപക്ഷ നിരയിൽനിന്ന് മറ്റ് പലരുമുണ്ടെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞിട്ട് ഏറെയായിട്ടില്ല.രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച നേതാക്കൾ വേറെയുമുണ്ട്. രാഹുൽ മാത്രമല്ല ആ സ്ഥാനത്തേക്കുള്ള നേതാവെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, ബി.എസ്.പി അധ്യക്ഷ മായാവതി എന്നിവരെല്ലാം പ്രതിപക്ഷ നിരയിലുള്ള നേതാക്കളാണെന്നും തേജസ്വി യാദവ് വ്യക്തമാക്കിയിരുന്നു. 
ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്കും പഴയ പ്രതാപമില്ല. അഛാ ദിൻ മുതൽ ബാങ്ക് അക്കൗണ്ടിലെ പതിനഞ്ച് ലക്ഷം രൂപ വരെയുള്ള കാര്യങ്ങൾ ആവിയായി. നടക്കാത്ത കാര്യങ്ങൾ പറഞ്ഞ് പ്രലോഭിപ്പിച്ച് ഇനി എന്ത് പറഞ്ഞ് വോട്ടർമാരെ സമീപിക്കുമെന്നതാണ് പ്രധാന പ്രശ്‌നം. പെട്രോളും ഡീസലും സെഞ്ചുറി അടിക്കാൻ നിൽക്കുന്നത് ഇന്ത്യക്കാരെ മൊത്തം ബാധിക്കുന്ന ഒന്നാണ്. മോഡിയുടെ ഏറ്റവും വലിയ വിമർശകർ ശിവസേനയും എം.എൻ.എസുമാണെന്നതും കാണാതിരുന്ന്  കൂടാ. 
ശിവസേന ഒപ്പമുണ്ടാവില്ലെന്നും തനിച്ച് മത്സരിക്കാൻ ഒരുങ്ങിക്കൊള്ളണമെന്നും ശിവസേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശിവസേന മുഖപത്രമായ സാംന ബി.ജെ.പി ഭരണത്തിനെതിരെ പലവുരു എഡിറ്റോറിയൽ എഴുതി-മോഡിയുടെ ഭരണത്തിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല, വനിതകളേക്കാൾ സംരക്ഷിക്കപ്പെടുന്നത് ഗോക്കളാണ്. സ്ത്രീകളേക്കാൾ പശുക്കളാണ് രാജ്യത്ത് സുരക്ഷിതരെന്നും ബി.ജെ.പിയുടെ ഹിന്ദുവാദം തട്ടിപ്പാണെന്നും ഉദ്ധവ് താക്കറെ തുറന്നടിച്ചു.ഗോമാതാവിന് ആംബുലൻസ് എർപ്പെടുത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന കക്ഷിയാണ് ഇത് പറയുന്നതെന്നോർക്കണം. 
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിൽ അധികാരം നേടിയാണ് ബി.ജെ.പി ഭരണം തുടരുന്നത്. ബി.ജെ.പിയും കേന്ദ്രത്തിലെ എൻ.ഡി.എ ഭരണവും പെട്ടെന്നൊരു ഭീഷണിയെ നേരിടുന്നില്ല. എങ്കിലും ഇന്ത്യൻ രാഷ്ട്രീയമാണ്. എപ്പോഴാണ് കാറ്റ് മാറി വീശുകയെന്ന് ആർക്കും പ്രവചിക്കാനാവില്ല. 2004 ൽ ഇന്ത്യ തിളങ്ങിയ ബി.ജെ.പിയുടെ അനുഭവം മുമ്പിലുണ്ട്. ഏതാനും സംസ്ഥാനങ്ങളിലെ ഭരണ വിരുദ്ധ വികാരമാണ് ബി.ജെ.പിക്ക് നേട്ടമായതെങ്കിൽ കേന്ദ്ര ഭരണത്തിനെതിരെയുള്ള വികാരം പൊതു തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ കാര്യങ്ങൾ കീഴ്‌മേൽ മറിയും. ബി.ജെ.പിയെ പോലെ ദേശീയ തലത്തിൽ മികച്ച ശൃംഖലയുള്ള പാർട്ടിയാണ് കോൺഗ്രസ് ഇപ്പോഴും. 
പൊതു തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് സോണിയാ ഗാന്ധിയുടെ നീക്കം. ആർ.എസ്.എസിന്റെ പണാധിപത്യത്തെയാണ് നേരിടാനുള്ളതെന്ന് അവർ തുറന്നു പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നൂറ്റാണ്ട് പിന്നിട്ട മഹാപ്രസ്ഥാനമാണെന്ന ഈഗോ ഉപേക്ഷിച്ചുള്ള സഖ്യത്തിന് തയാറാണെന്ന് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മറ്റു നേതാക്കളും വ്യക്തമാക്കിയതുമാണ്. 
രാഹുൽ ഗാന്ധി എത്രമാത്രം പക്വത കൈവരിച്ചുവെന്നതിന് അദ്ദേഹത്തിന്റെ സമീപ കാല പ്രസംഗങ്ങളിൽ വ്യക്തമാണ്. 
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിനുള്ള താൽപര്യങ്ങൾ  കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾക്കുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പ്രാദേശിക പാർട്ടികളെ അണിനിരത്തി സഖ്യത്തിന് രൂപം നൽകാനുള്ള ആലോചനകളാണ് നടക്കുന്നത്. 
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ള സംസ്ഥാനം ഉത്തർപ്രദേശാണ്. അവിടെ ആർക്ക് ഭൂരിപക്ഷം കിട്ടിയോ അവർ രാജ്യം ഭരിക്കുമെന്നതാണ് വിശ്വാസം.  ഈ സംസ്ഥാനം നോട്ടമിട്ട് തന്നെയാണ് ബി.ജെ.പിയും നീങ്ങുന്നത്. പ്രതിപക്ഷ പാർട്ടികളിലെ അനൈക്യം ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നതും അത് കൊണ്ടു തന്നെ.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തിയ ആശ്വാസത്തിലിരുന്ന  ബി.ജെ .പിക്ക് പിന്നീട് ഇങ്ങോട്ട് തുടർച്ചയായി തിരിച്ചടികളാണ്. ആന്ധ്രയിൽ എൻ.ഡി. എ സഖ്യം പൊളിഞ്ഞു. ബിഹാറിലെ  സഖ്യത്തിൽ അമിത് ഷാ നടത്തിയ അറ്റകുറ്റപ്പണിയുടെ ആയുസ്സ് എത്രയെന്ന് പറയാറായിട്ടില്ല. ആന്ധ്രപ്രദേശിൽ ബി.ജെ.പിയുമായി സഖ്യം വിട്ടു ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടി.
ബി.ജെ.പിക്കെതിരേ ഒന്നിക്കണമെന്ന വികാരം ചെറുപാർട്ടികളിലെല്ലാം ഉയർന്നിട്ടുണ്ട്. 
കേന്ദ്രത്തിൽ മോഡിയുടെ രണ്ടാമൂഴത്തിന് രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വിജയം ബി.ജെ.പിയെ സംബന്ധിച്ച് അനിവാര്യമാണ്. ഇതെല്ലാം കാർഷിക പ്രാധാന്യമുള്ള സംസ്ഥാനങ്ങളുമാണ്. 
ഇവിടെ വിജയ സാധ്യത തീരെ കുറവാണെന്നാണ് സൂചന. 
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ എൺപത് സീറ്റുകളും ബിഹാറിൽ നാൽപത് സീറ്റുകളും. പശു ബെൽറ്റിലെ രണ്ട് സംസ്ഥാനങ്ങളും കൂടിച്ചേരുമ്പോൾ നൂറ്റി ഇരുപത് സീറ്റുകളായി. അതുകൊണ്ടു തന്നെ ഇവിടങ്ങളിൽ സ്വാധീനമുള്ള വിവിധ പാർട്ടി നേതാക്കളുടെ വാക്കുകൾക്ക് വില കൽപിക്കുകയെന്നതാണ്  കോൺഗ്രസ് നേതൃത്വത്തിന് ചെയ്യാനുള്ളത്. 
ഏതെങ്കിലും കാരണത്താ ൽ ഉത്തരേന്ത്യയിൽ നിന്ന് പ്രതീക്ഷിച്ചിത്ര നേട്ടമുണ്ടാക്കാനായില്ലെങ്കിൽ അത് തെക്കേ ഇന്ത്യയിൽ നിന്ന് നികത്താനാണ് ബി.ജെ.പി നേതൃത്വം കണക്കു കൂട്ടുന്നത്. കർണാടകയിലെ ഇരുപതിൽ പരം സീറ്റുകളിലേ ബി.ജെ.പിയ്ക്ക് എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളു. ദക്ഷിണേന്ത്യ മൊത്തം കണ്ണു വെച്ചുള്ള തന്ത്രങ്ങളാണ് ബി.ജെ.പി മെനയുന്നത്. ഏറ്റവുമൊടുവിൽ ശബരിമല സ്ത്രീ പ്രവേശ വിഷയത്തിൽ ബി.ജെ.പി സ്വീകരിച്ച നിലപാട് നിരീക്ഷിച്ചാൽ ഇത് വ്യക്തമാവും. ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, പുതുശ്ശേരി, തമിഴുനാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി 126 സീറ്റുകളാണുള്ളത്. 
സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത ബി.ജെ.പിയുടെ പെട്ടെന്നുള്ള മനംമാറ്റം ഇക്കാരണത്താലാണ്. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇന്ത്യൻ രൂപയുടെ മൂല്യ തകർച്ച തടയുന്നതിനെ കുറിച്ചല്ല കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയത്. 
ശബരിമലയിൽ വിശ്വാസികളുടെ അവകാശം സംരക്ഷിക്കപ്പെടുകയെന്നത് പ്രധാനമാണെന്ന് അദ്ദേഹവും പറയുന്നു. മുതിർന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി മൂന്ന് നാൾ മുമ്പ് പട്ടാളത്തെ വിളിച്ചും സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് പറഞ്ഞതൊക്കെ വിഴുങ്ങാനെന്തെളുപ്പം. വിശ്വാസം അതല്ലേ എല്ലാം.   
 

Latest News