Tuesday , May   21, 2019
Tuesday , May   21, 2019

മദ്യം: സർക്കാർ ഒരടി പിന്നോട്ട് ഒപ്പം രണ്ടടി മുന്നോട്ട്

നാല് മദ്യനിർമ്മാണശാലകൾക്ക് സംസ്ഥാനത്ത് നൽകിയ അനുമതി സർക്കാർ റദ്ദാക്കിയത് നന്നായി.  അതു മാത്രമേ പോംവഴിയുള്ളൂ എന്നതുകൊണ്ടാണ് അതു ചെയ്തത്.  നാടിന്റെ വിശാലതാല്പര്യം കണക്കിലെടുത്തുള്ള വിട്ടുവീഴ്ചയാണെന്നുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം മുഖവിലയ്‌ക്കെടുക്കാനാവില്ല.  
      മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എതിരെ അഴിമതി അന്വേഷണത്തിന് അനുവാദം തേടി പ്രതിപക്ഷനേതാവ് ഗവർണർക്ക് പരാതി നൽകിയിരുന്നു.  ഗവർണരുടെ ഉത്തരവിൻപ്രകാരമാണ് നാല് ഉത്തരവുകളും നികുതിവകുപ്പിലെ സെക്രട്ടറിമാർ  ഇറക്കിയിരുന്നത്.  പ്രതിപക്ഷ നേതാവിന്റെ ഹർജിയെ തുടർന്ന് നികുതിവകുപ്പിൽനിന്ന് മുൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്‌കൂടിയായ ഗവർണർ പി സദാശിവം വിശദീകരണം തേടി. അതിനുപിറകെയാണ് സർക്കാർ മദ്യനിർമ്മാണ ശാലകൾക്കുള്ള അനുവാദം  റദ്ദാക്കിയത്.  
ഹൈക്കോടതിക്കു മുമ്പിലും ഇതേ ആരോപണങ്ങളുയർത്തി ഹർജി നിലനിൽക്കുന്നുണ്ട്.  പ്രതിപക്ഷപാർട്ടികളും വിവിധ മദ്യവിരുദ്ധ സമിതികളും സർക്കാർ തീരുമാനത്തിനെതിരെ സമരം വ്യാപകമാക്കുകയാണ്.  
മദ്യനിർമ്മാണത്തിന് അനുമതി നേടിയ സ്ഥാപനങ്ങളിൽ ഒന്നൊഴികെ മൂന്നെണ്ണവും വെറും കടലാസ് സ്ഥാപനങ്ങളാണെന്നും അപേക്ഷകർ ദുരൂഹ പശ്ചാത്തലമുള്ളവരോ സി.പി.എം ബിനാമികളോ ആണെന്നും മാധ്യമങ്ങൾ തുടർച്ചയായി തുറന്നുകാട്ടിയിരുന്നു.  അപേക്ഷകരെ കുറിച്ചും സർക്കാർ വഴിവിട്ട് അനുമതി  നൽകിയതിനെകുറിച്ചും വിവരാവകാശ നിയമപ്രകാരം നിരവധി അപേക്ഷകൾ കുന്നുകൂടിയിട്ടുമുണ്ട്. 
ഗവർണറുടെ  ഇടപെടലിലൂടെയോ കോടതി വിധിയിലൂടെയോ അനുമതി റദ്ദാക്കാനുള്ള സാധ്യതയും അതിന്റെ നിയമപരവും രാഷ്ട്രീയവുമായ പ്രത്യാഘാതവും ഭയപ്പെട്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനം പുനഃപരിശോധിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു. അതിന് തൊട്ടുപിന്നാലെയാണ് സർക്കാർ തീരുമാനവും മുഖ്യമന്ത്രിയുടെ  വിശദീകരണവും.
അതേ ശ്വാസത്തിൽതന്നെ ബ്രൂവറിയടക്കമുള്ള മദ്യനിർമ്മാണശാലകൾ അനുവദിക്കുന്നതിൽനിന്ന് സർക്കാർ പിന്നോട്ടു പോകുന്നില്ലെന്നും അനുമതി റദ്ദാക്കിയവർക്കടക്കം അപേക്ഷ സമർപ്പിക്കാമെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.  അങ്ങനെയെങ്കിൽ നാല് മദ്യനിർമ്മാണശാലകൾക്ക് സർക്കാർ എന്തിന് അനുമതി റദ്ദാക്കി എന്ന ചോദ്യം അവശേഷിക്കുന്നു. 
മദ്യലൈസൻസ് അനുവദിക്കുന്നത് ടാക്‌സി ഓടിക്കാനോ വാഹനം പാർക്കുചെയ്യുന്നതിനോ പലചരക്കുകടയോ പഴക്കടയോ തുടങ്ങുന്നതിനോ ലൈസൻസു നൽകുന്നതുപോലെ അല്ലെന്നാണ് സുപ്രിംകോടതി വിധി. കണ്ടോത്ത് ഡിസ്റ്റിലറിയും കേരള സർക്കാറും തമ്മിലുള്ള കേസിൽ 2013ൽ ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനും ഉൾപ്പെട്ട സുപ്രിംകോടതി ബഞ്ച്  ഹൈക്കോടതി വിധികളെ ദുർബലപ്പെടുത്തിയാണ് അത് വ്യക്തമാക്കിയത്.
എന്നാൽ ആ വിധിയെയും 1999ൽ നായനാർ സർക്കാർ മദ്യശാല തുടങ്ങാനുള്ള 110 അപേക്ഷകൾ തള്ളിക്കളഞ്ഞ് പുറപ്പെടുവിച്ച ഉത്തരവ് സർക്കാറിന്റെ മദ്യനയമാണെന്നുമുള്ള സുപ്രിംകോടതി വിധിയെയും തകർത്താണ് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ മദ്യ നിർമ്മാണ ശാലകൾക്ക് അനുമതി നൽകാൻ ഫയലിൽ സ്വയം തീരുമാനമെടുത്തത്. 
 ഒരു കോടതിക്കുമുമ്പിലും മന്ത്രിക്കും മുഖ്യമന്ത്രിക്കും സർക്കാറിനും പിടിച്ചുനില്ക്കാൻ കഴിയില്ലെന്നെ തിരിച്ചറിവാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ ഇടപെടലിന്റെ പേരിൽ സർക്കാർ തീരുമാനം റദ്ദാക്കിയത്.   
1999ലെ നായനാർ സർക്കാർ ആവിഷ്‌ക്കരിച്ചതും പിന്നീട് എൽ.ഡി.എഫ് - യു.ഡി.എഫ് സർക്കാറുകൾ തുടർന്നുവന്നതുമായ പുതിയ ബ്രുവറികളോ ഡിസ്റ്റിലറികളോ സംസ്ഥാനത്ത് തുടങ്ങേണ്ടതില്ലെന്ന നയം പിണറായി സർക്കാറിന് തീർച്ചയായും തിരുത്താൻ നിയമപരമായ അവകാശമുണ്ട്.  അതത് കാലത്തെ സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ച് മദ്യനയം സ്വീകരിക്കാനുളള അവകാശം സംസ്ഥാന സർക്കാറിനാണെന്ന ആവർത്തിച്ചുള്ള സുപ്രിംകോടതി വിധികളുടെ വെളിച്ചത്തിൽ.  അത് ലൈസൻസ് കൊടുക്കാനും കൊടുക്കാതിരിക്കാനും കൂടിയുള്ള നയപരമായ അധികാരംകൂടിയാണ് എന്ന വ്യക്തതയോടെ. 
ഇപ്പോൾ അയൽ സംസ്ഥാനങ്ങളിൽനിന്നും കൊണ്ടുവരുന്ന 60 ശതമാനം മദ്യവും കേരളത്തിൽ പുതിയ മദ്യനിർമ്മാണ ശാലകൾ അനുവദിച്ച് നിർമ്മിക്കാനും കയറ്റിയയക്കാനും സർക്കാറിന് തീരുമാനിക്കാം.  അങ്ങനെ തീരുമാനിച്ച് നയം നടപ്പാക്കുമ്പോൾ നിലവിലുള്ള നയം തിരുത്തുന്നത് മന്ത്രിസഭ തീരുമാനിച്ചായിരിക്കണം.  ഇപ്പോൾ ചെയ്തതുപോലെ സ്വന്തമായി പെട്ടിക്കടപോലുമില്ലാത്തവർക്കും ബിനാമികൾക്കും നൽകിയ നിലയ്ക്കല്ല. വ്യവസ്ഥാപിതമായി എക്‌സൈസ് വകുപ്പിലൂടെ അപേക്ഷ നൽകിയും പരിശോധനകൾ നടത്തിയുമാണ് അത് ചെയ്യേണ്ടത്. 
ഇപ്പോൾ തീരുമാനം റദ്ദാക്കിയെങ്കിലും കൂടുതൽ വിപുലമായ ഒരു പദ്ധതി പിറകെ കൊണ്ടുവരും.  തമിഴ്‌നാട്ടിൽ ജയലളിത ആവിഷ്‌ക്കരിച്ചതുപോലുള്ള ഒരു ഏകജാലക സംവിധാനം. ഇപ്പോൾ പാർട്ടിക്കാരുടെ പിൻബലത്തിൽ അപേക്ഷനൽകി കാത്തിരിക്കുന്ന പ്രമുഖന്മാർക്കടക്കം മദ്യനിർമ്മാണ ലൈസൻസ് നൽകി നനഞ്ഞുകുളിച്ചുതന്നെ മുഖ്യമന്ത്രിക്ക് ഈറൻ ചുമക്കാനാകും. പ്രളയാനന്തര കേരളത്തിന് സമ്പൂർണ്ണ മദ്യലഭ്യതയിലൂടെ മുക്തി നൽകാനും. 
പക്ഷെ, അങ്ങനെ ചെയ്യുമ്പോൾ ഒരു കാര്യംകൂടി പിണറായിയും പാർട്ടി സെക്രട്ടേറിയറ്റും സി.പി.ഐകൂടി ഉൾപ്പെട്ട ഇടതുപക്ഷ - ജനാധിപത്യ മുന്നണിയും ശുദ്ധികർമ്മമായി ചെയ്യേണ്ടതുണ്ട്.   പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് പ്രകടനപത്രികയിലെ 67-#ാ#ം പേജിലെ മദ്യനയം സംബന്ധിച്ച 552-#ാ#ം ഖണ്ഡിക പൊളിച്ചെഴുതണം.  മദ്യം കേരളത്തിൽ ഗുരുതര സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ടെന്നും മദ്യലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകമായ നയമായിരിക്കും ഇടതുപക്ഷ - ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുക എന്നുമുള്ള നയം.
ഒരു ഡിസ്റ്റിലറിക്കും മൂന്നു ബ്രൂവറികൾക്കും സർക്കാർ നൽകിയ അനുമതി റദ്ദാക്കിയെന്നു പ്രഖ്യാപിച്ചതുകൊണ്ട് മന്ത്രി ടി.പി രാമകൃഷ്ണൻ സർക്കാറിന്റെ നയവും ഭരണഘടനയനുസരിച്ച് മന്ത്രിയിൽ നിക്ഷിപ്തമായ അധികാരവും രേഖാപരമായി ദുർവിനിയോഗം ചെയ്തതിന്റെ ശിക്ഷ ഏറ്റുവാങ്ങുന്നില്ല.  
ഗുരുതരമായ തെറ്റും സത്യപ്രതിജ്ഞാ ലംഘനവും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ലംഘിച്ചതും ഇതുകൊണ്ടു ന്യായീകരിക്കാൻ കഴിയില്ല.  മന്ത്രിയാകുംമുമ്പ് തൊഴിലാളിവർഗ നേതാവും പാവവും ശുദ്ധാത്മാവും സാത്വികനുമായിരുന്നു എന്നു പറഞ്ഞതുകൊണ്ടും.
പക്ഷെ, മന്ത്രിപദവിയിലിരുന്ന് മുഖ്യമന്ത്രി മുഖേനയും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് എക്‌സൈസ് കമ്മീഷണർക്ക് നേരിട്ടും വന്ന നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമല്ലാത്ത വെള്ളക്കടലാസിൽ വന്ന അപേക്ഷകൾപോലും 'ഗവർണരുടെ നിർദ്ദേശപ്രകാരം' അനുമതിയാക്കി മാറ്റിയതിന് പരിഹാരമാകുന്നില്ല.  ചാരത്തിൽ പൊതിഞ്ഞുകിടന്നിരുന്ന മദ്യനിർമ്മാണ ശാലകൾക്കുള്ള അപേക്ഷകളെ ഫീനിക്‌സ് പക്ഷികളെപോലെ ഉയിർത്തെഴുന്നേൽപ്പിച്ചതിനും.
പാർട്ടിയിൽ അറിയിക്കാതെയും ചർച്ചചെയ്യാതെയും തീരുമാനിച്ചതുകൊണ്ടാണ് ധാർമ്മികബോധമുയർന്ന് അനുമതികൾ റദ്ദാക്കാൻ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടതെന്ന മാന്യതയുടെ കുപ്പായവും പാർട്ടി നേതാക്കൾ അണിഞ്ഞിട്ടു കാര്യമില്ല.   
ഊർജ്ജമേഖലയിലെ ഉല്പാദനവും വിതരണം വില്പനയും മറ്റും ലക്ഷ്യമാക്കി ഡൽഹിയിൽ രൂപവത്ക്കരിച്ചതാണ് പവ്വർ ഇൻഫ്രാടെക്.  2017 മാർച്ച് 31ന് ഇൻഫ്രാടെക്കിന്റെ രണ്ട് ഡയറക്ടർമാരും ചേർന്ന് ഡൽഹി കമ്പനി രജിസ്ടാർക്ക് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് നോക്കുക. 
സ്വന്തമായി വരുമാനമോ ജീവനക്കാരോ നിക്ഷേപമോ സ്ഥാപനംപോലുമോ അതിനില്ലെന്നാണ് വ്യക്തമാകുന്നത്. കേവലം 64,707 രൂപമാത്രമാണ് കയ്യിരിപ്പ്.   തിരുവനന്തപുരം സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റ് സമർപ്പിച്ച രേഖകളിൽ പറയുന്നത് കമ്പനി രജിസ്ട്രാറുടെ രേഖകളിൽമാത്രം നിലനിൽക്കുന്നതാണ്  ഇൻഫ്രാടെക് എന്നാണ്.  
അത്തരമൊരു സ്ഥാപനമാണ് പൊടുന്നനെ തിരുവനന്തപുരത്ത് കഴിഞ്ഞ ജൂണിൽ പ്രത്യക്ഷപ്പെടുന്നത്.  കുമാരപുരത്തെ പൊതുജനം റോഡിലെ മാളിയേക്കൽ ഭവനത്തിലെ ചെയർമാന്റെ ഓഫീസിൽനിന്ന് പവ്വർ ഇൻഫ്രാടെക്കിന്റെ ലെറ്റർ ഹെഡിൽ 2017  മാർച്ച് 27ന് കിൻഫ്ര ജനറൽ മാനേജർക്ക് എഴുതുന്നു. 
ഇൻഫ്രാടെക്കിന്റെ നേതൃത്വത്തിൽ മറ്റു കമ്പനികളുമായി ചേർന്ന് 150 കോടി രൂപയുടെ മുതൽമുടക്കിൽ ആധുനിക ബ്രൂവറി തിരുവനന്തപുരത്ത് തുടങ്ങാമെന്ന്.   5 കോടി ലിറ്റർ ഉത്പാദിപ്പിക്കുന്ന ബ്രുവറിക്ക് അനുമതിവേണം.  തലസ്ഥാനത്ത്   പത്തേക്കർ സ്ഥലവും അനുവദിക്കണം.  ഈ കത്തിനുള്ള മറുപടി ജറ്റ് വേഗതയിൽ രണ്ടാംദിവസം കിൻഫ്ര പ്രൊജക്റ്റ്‌സിന്റെ ജനറൽ മാനേജരിൽനിന്ന് പവ്വർ ഇൻഫ്രാടെക് ചെയർമാന് കിട്ടി.
കിൻഫ്ര 10 ഏക്കർ സ്ഥലം  അനുവദിക്കാമെന്ന ഉറപ്പോടെ. പെട്ടെന്നാണെങ്കിൽ തിരുവനന്തപുരത്തിനുപകരം കളമശ്ശേരിയിലെ കിൻഫ്രാ ഹൈടെക് പാർക്കിൽ സ്ഥലം ലഭ്യമാണെന്നും അറിയിച്ച്. ആവേശപൂർവ്വം ഇൻഫ്രാടെക്കിനെ സ്വാഗതംചെയ്ത പ്രൊജക്റ്റ് ജനറൽ മാനേജർ എക്‌സൈസ് ഡിപ്പാർട്ടുമെന്റ്, മാലിന്യനിയന്ത്രണ ബോർഡ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡിപ്പാർട്ടുമെന്റ് എന്നിവരുടെ അനുമതി താമസംവിനാ ഉറപ്പാക്കണമെന്നും ഉപദേശിച്ചു.  
ജൂൺ  14ന് 'കിൻഫ്ര നൽകിയിരിക്കുന്ന' പത്തേക്കർ സ്ഥലത്ത് ബ്രുവറി യൂണിറ്റ് തുടങ്ങാൻ അലക്‌സ് മാളിയേക്കൽ എക്‌സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകുന്നു.  അദ്ദേഹം ഈ കത്ത് എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർക്ക് അയക്കുന്നു.  കിൻഫ്ര പാർക്കിൽ പത്ത് ഏക്കർ ലഭ്യമാണെന്ന് കിൻഫ്ര ടെക്‌നിക്കൽ മാനേജരെ ഉദ്ധരിച്ച് എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ മറുപടി നൽകുന്നു.  'പ്രസ്തുത സ്ഥലത്തിന് നൂറുമീറ്റർ ചുറ്റളവിൽ ജനവാസമില്ലെന്നും പരാതി ഉയർത്തിയാൽ നിലനിൽപ്പില്ലെന്നും' ജൂലൈ 25ന്റെ പരിശോധനാ റിപ്പോർട്ടിൽ അറിയിക്കുന്നു. 
ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രുവറി തുടങ്ങാനുള്ള അപേക്ഷ 2017 ഏപ്രിൽ 4ന് നൽകുന്നത്. 2017 നവംബർ 13ന് എക്‌സൈസ്  കമ്മീഷണറുടെ കത്തിന്മേലാണ് സർക്കാർ ഉത്തരവ് ഗവണ്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിക്കുന്നത്.  ആ ഉത്തരവിൽതന്നെ ബ്രുവറി - അബ്ക്കാരി നിയമത്തിന് അനുസൃതമായ അപേക്ഷ സമർപ്പിക്കാൻ പവ്വർ ഇൻഫ്രാടെക്കിനോട് ആവശ്യപ്പെടുന്നുമുണ്ട്.  
ചുട്ടകോഴിയെ പറപ്പിക്കുമെന്ന മന്ത്രവാദ കഥപോലെയാണ് പെരുമ്പാവൂരിലെ ശ്രീചക്രാ ഡിസ്റ്റിലറിക്ക് തൃശൂരിൽ തുടങ്ങാനുള്ള അനുവാദം നൽകിയത്.  19 വർഷംമുമ്പ് രജിസ്റ്റർചെയ്ത കമ്പനി സ്വാഭാവിക മരണമടഞ്ഞിട്ടും.   
19 വർഷങ്ങൾക്കുശേഷം സർക്കാർ ആദ്യമായി മദ്യനിർമ്മാണ ശാലകൾക്ക് അനുമതി നൽകിയപ്പോൾ കൈനീട്ടം കിട്ടിയത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും നാട്ടുകാരനുമായ എംപി ഡിസ്റ്റിലറി ഉടമയ്ക്കാണ്. മുഖ്യമന്ത്രി നേരിട്ടുവാങ്ങിയ അപേക്ഷയിൽ.  
പാലക്കാട് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ സാധ്യതാ റിപ്പോർട്ട് പരിഗണിച്ചെന്ന് പറയുന്നുണ്ടെങ്കിലും അനുമതിയുടെ അറിയിപ്പ് ലഭിച്ചപ്പോഴാണ് അവർ വിവരമറിയുന്നത്.  സാധ്യതാ പഠനം മറ്റേതോ മാർഗം മുഖേന വാങ്ങി ഉത്തരവിന്റെ ഭാഗമാക്കിയെന്നാണ് വെളിപ്പെടുന്നത്. 
കണ്ണൂരിൽ കെ.എസ് ഡിസ്റ്റിലറിയുടെ ഉടമയായ കല്ലാളം ശ്രീധരന്റെ പേരിലാണ് അനുമതി. സി.ഐ.ടി.യു വാശിയേറിയ സമരം നടത്തിയതിന്റെ പേരിൽ 2005ൽ ശ്രീധരൻ അടച്ചുപൂട്ടിയിരുന്നു.  
ഇപ്പോഴത്തേത്  സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായ നിർദ്ദേശമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുതന്നെ എക്‌സൈസ് കമ്മീഷണർക്ക് അപേക്ഷ പോയെന്നുമാണ് മനസിലാകുന്നത്.  പ്രതിമാസം 43,60,000 ലിറ്റർ മദ്യം ഉൽപാദിപ്പിക്കാനാണ് അനുമതി. 

Latest News