Tuesday , May   21, 2019
Tuesday , May   21, 2019

മണിക്ക് പിന്നാലെ തിലകന്റെ ജീവിതവുമായി വിനയൻ 

കലാഭവൻ മണിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ച സംവിധായകൻ വിനയന്റെ അടുത്ത പ്രൊജക്ട് പ്രശസ്ത നടൻ തിലകന്റെ ജീവിത കഥയെന്ന് റിപ്പോർട്ട്. കലാഭവൻ മണിയുടെ ജീവിതം പറഞ്ഞ ചാലക്കുടിക്കാരൻ ചങ്ങാതി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെയാണ് വിനയൻ പുതിയ ചിത്രത്തിനുള്ള നീക്കമാരംഭിച്ചത്. മലയാള സിനിമാ സംഘടനകൾ വിലക്ക് ഏർപ്പെടുത്തി ഒഴിവാക്കി നിർത്തിയ വിനയൻ നിയമപോരാട്ടം നടത്തി തിരിച്ചുവരവ് നടത്തിയശേഷം ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ചാലക്കുടിക്കാരൻ ചങ്ങാതി.  മലയാള സിനിമാ മേഖലയെ നിയന്ത്രിക്കുന്ന പല വമ്പൻമാരെയും അസ്വസ്ഥമാക്കാൻ പോന്ന തിലകന്റെ ജീവിതാനുഭവങ്ങളാവും വിനയൻ പറയുക. ഒരു ഹോളിവുഡ് ചിത്രത്തിനാവശ്യമായ അത്രയും വിഷയം അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതത്തിലുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ വിനയൻ തന്നെ പറഞ്ഞത്. അതുകൊണ്ടുതന്നെ തിലകന്റെ ജീവിതം തന്റെ കയ്യിൽ നിൽക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ആരാകും തിലകന്റെ വേഷം കൈകാര്യം ചെയ്യുക എന്ന ആകാംക്ഷയിലാണ് ഏവരും. 
ചാലക്കുടിക്കാരൻ ചങ്ങാതി പുറത്തുവന്നതോടെ കലാഭവൻ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ സംഘം വിനയനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. സിനിമയിൽ പറയുന്ന ചില സൂചനകളെക്കുറിച്ച് ചോദിച്ചറിയാനാണ് സി.ബി.ഐ വിളിപ്പിച്ചതെന്ന് വിനയൻ പറഞ്ഞിരുന്നു. ഏതായാലും തന്നെപ്പോലെ താരസംഘടനയുടെ നീരസത്തിന് പാത്രമായ തിലകന്റെ ജീവിതത്തെ കുറിച്ചും പറയാൻ വിനയന് ഏറെയുണ്ടാവുമെന്ന് ഉറപ്പാണ്.  
 

Latest News