Sunday , June   16, 2019
Sunday , June   16, 2019

എൺപതുകളിലെ വസന്തം

ഒരു വ്യാഴവട്ടത്തിനുശേഷം വീണ്ടും മലയാളത്തിൽ മുഖം കാണിക്കാനെത്തിയിരിക്കുകയാണ് സബിതാ ആനന്ദ്. ഒരു കാലത്ത് മലയാള സിനിമയിൽ തിരക്കുള്ള നടിയായിരുന്നു സബിത. വിവാഹവും കുടുംബ ജീവിതവുമായപ്പോൾ പതുക്കെ അഭിനയരംഗത്തുനിന്നും പിൻവാങ്ങിയ ഈ നടി വീണ്ടും വെള്ളിത്തിരയിൽ സജീവമാവുകയാണ്.
സത്യൻ അന്തിക്കാടിന്റെ വിനോദയാത്രയിലായിരുന്നു സബിത അവസാനമായി മലയാളത്തിലെത്തിയത്. ചിത്രത്തിലെ നായികയായ മീരാ ജാസ്മിൻ അവതരിപ്പിച്ച അനുപമയുടെ അമ്മയും പൊലീസുകാരനായി വേഷമിട്ട മുരളിയുടെ ഭാര്യയുമായിട്ടായിരുന്നു സബിത നിറഞ്ഞുനിന്നത്. കൈയെത്തും ദൂരത്ത് കണ്ണെത്തണം... എന്ന ഗാനത്തിന് ഭർത്താവിനും മക്കൾക്കുമൊപ്പം ചുവടുവച്ച സബിതയെ എങ്ങനെ മറക്കും.
അഭിനേതാവായിരുന്ന ജെ.എം.ആർ. ആനന്ദിന്റെ മകൾ അഭിനയമല്ലാതെ മറ്റെന്തു തിരഞ്ഞെടുക്കും. മറ്റൊരു സീത എന്ന ചിത്രത്തിൽ ബാലനടിയായിട്ടായിരുന്നു സബിതയുടെ അരങ്ങേറ്റം, 1975ൽ. തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ. പവിത്രൻ സംവിധാനം ചെയ്ത ഉപ്പ് എന്ന ചിത്രത്തിലും വേഷമിട്ടു. മണിരത്‌നം സംവിധാനം ചെയ്ത ഉണരൂ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി. മമ്മൂട്ടി, രതീഷ്, ലാലു അലക്‌സ് തുടങ്ങി മലയാളത്തിലെ പ്രശസ്ത നടന്മാരുടെയെല്ലാം നായികയായി വേഷമിട്ടു. ഐ.വി. ശശിയെപ്പോലുള്ള പ്രതിഭാധനരായ സംവിധായകരുടെ ഇഷ്ടനടി കൂടിയായിരുന്നു. ഗ്രാമീണ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്ന സബിത അടൂർ ഗോപാലകൃഷ്ണന്റെ വിധേയനിൽ തൊമ്മിയുടെ ഭാര്യയായും തിളങ്ങി. ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ് സബിത.ഫഹദിന്റെ അമ്മയായാണ് പുതിയ ചിത്രത്തിൽ വേഷമിടുന്നത്. കുറച്ചു സീനുകളിലേ പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷമാണ്. സത്യൻ അന്തിക്കാട് വിളിച്ചാൽ സബിത എവിടെയാണെങ്കിലും പറന്നെത്തും. കാരണം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ വേഷമിടാൻ വലിപ്പച്ചെറുപ്പത്തിന്റെ ആവശ്യമില്ലെന്ന് ഈ നടിക്കറിയാം. സ്വന്തം കുടുംബത്തിലെ അംഗങ്ങളോട് പെരുമാറുന്ന രീതിയിലാണ് അദ്ദേഹം ഇടപെടുന്നത്. പുതിയ ചിത്രമാകട്ടെ ഹാസ്യത്തിന്റെ അകമ്പടിയോടെയാണ് മുന്നേറുന്നത്. അന്നയും റസൂലും എന്ന ചിത്രത്തിൽ ഫഹദിന്റെ അമ്മയായി അഭിനയിക്കാൻ മുമ്പ് അവസരം ലഭിച്ചിരുന്നു. എന്നാൽ അന്ന് ഒരു തമിഴ് സീരിയലിന്റെ തിരക്കിലായതിനാൽ അഭിനയിക്കാനായില്ല. ആ നഷ്ടബോധം ഇപ്പോൾ മാറിയിരിക്കുന്നു.
സബിതയുടെ യഥാർത്ഥ പേര് സഹീറ എന്നായിരുന്നു. ഹിന്ദിയിലെ പ്രശസ്ത അഭിനേത്രിയായ സബിതാ ദേവിയെപ്പോലെ മികച്ച നടിയാകണമെന്ന പിതാവിന്റെ ആഗ്രഹമാണ് സഹീറയെ സബിതയാക്കിയത്. ആദ്യചിത്രമായ മറ്റൊരു സീതയിലേയ്ക്ക് അവസരം ലഭിച്ചപ്പോൾതന്നെ പേരു മാറ്റി. പിന്നീട് ഇന്നല്ലെങ്കിൽ നാളെ, ആരൂഢം, യുദ്ധം, ഉണരൂ തുടങ്ങി നൂറോളം മലയാള ചിത്രങ്ങളിൽ വേഷമിട്ടു. കൂടാതെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാമെത്തി. നായികാവേഷമല്ല, ക്യാരക്ടർ റോളുകളിലാണ് ശ്രദ്ധ ചെലുത്തേണ്ടത് എന്ന പിതാവിന്റെ ഉപദേശം സബിത അംഗീകരിക്കുകയായിരുന്നു.
തമിഴിൽ തുടക്കമിട്ടത് ചിന്നപ്പൂവേ മെല്ലെപ്പേശ് എന്ന ചിത്രത്തിലായിരുന്നു. പ്രഭുവായിരുന്നു നായകൻ. മലയാളി പെൺകുട്ടികളോട് തമിഴകത്തിന് എന്നും നല്ല മതിപ്പായിരുന്നു. അതിന് തുടക്കക്കാരിയാകാനും സബിതയ്ക്ക് കഴിഞ്ഞു. ഒരിക്കലും ഗ്ലാമറസായി സബിതയെ കണ്ടിട്ടില്ല. ഗ്ലാമർ വേഷങ്ങൾ അവതരിപ്പിക്കാൻ ആരും പ്രേരിപ്പിച്ചതുമില്ല.
ജെ. മഹേന്ദ്രൻ സംവിധാനം ചെയ്ത ഉതിരിപ്പൂക്കൾ എന്ന ചിത്രം തമിഴകത്ത് വമ്പൻ ഹിറ്റായിരുന്നു. മികച്ച സംവിധായകനും മികച്ച ഗായികയ്ക്കുമുള്ള ഫിലിം ഫെയർ അവാർഡും ഈ ചിത്രത്തിനായിരുന്നു. എസ്. ഗണേശ് രാജ് സംവിധാനം ചെയ്ത ചിന്നത്തായ് എന്ന ചിത്രത്തിലൂടെയാണ് സബിത അമ്മവേഷത്തിലെത്തുന്നത്. മലയാളത്തിൽ ഹിറ്റായ ഈ പറക്കും തളികയുടെ തമിഴ് പതിപ്പായ സുന്ദരാ ട്രാവൽസിലും ക്രോണിക് ബാച്ചിലറുടെ തമിഴ് പതിപ്പായ എങ്കൾ അണ്ണായിലും മലയാളത്തിൽ അവതരിപ്പിച്ച വേഷങ്ങൾതന്നെ തമിഴിലും അവതരിപ്പിച്ചു. പരുന്ത് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അമ്മയായും സബിതയെത്തി.
ഉണരൂ എന്ന ചിത്രത്തിലെ പാട്ടിന്റെ ചിത്രീകരണം സബിതയ്ക്ക് മറക്കാനാവില്ല. മണിരടം മോഹൻലാലിനോടും സബിതയോടും കടപ്പുറത്ത് കൈ കോർത്തുപിടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ പറഞ്ഞു. പിന്നീടാണ് ആ നടത്തം തീരം തേടി, ഓളം പാടി... എന്ന പാട്ടു സീനിനുവേണ്ടിയാണെന്ന് മനസ്സിലായത്. അങ്ങാടിക്കപ്പുറത്ത് എന്ന ചിത്രത്തിലെ മൈലാഞ്ചിച്ചെടികളിൽ... എന്ന ഗാനത്തിലും സബിതയും മോഹൻലാലും ഒന്നിക്കുന്നുണ്ട്.
വിധേയനിലെ വേഷവും സബിതയുടെ മനസ്സിലെന്നുമുണ്ട്. മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞ സമയത്താണ് അടൂരിന്റെ ക്ഷണമെത്തുന്നത്. ലോകമറിയുന്ന സംവിധായകന്റെ ചിത്രത്തിലെ നായികാവേഷം സബിതയിൽ അമ്പരപ്പാണുണ്ടാക്കിയത്. അഭിനയ ജീവിതത്തിൽ വഴിത്തിരിവായിരിക്കും ഈ ചിത്രം എന്നായിരുന്നു സഹപ്രവർത്തകർ പറഞ്ഞത്. മംഗലാപുരത്തിനടുത്തായിരുന്നു വിധേയന്റെ ചിത്രീകരണം. ഗോപകുമാർ അവതരിപ്പിച്ച തൊമ്മിയുടെ ഭാര്യയായ ഓമനയുടെ വേഷം. മമ്മൂട്ടിയുടെ ഭാസ്‌കര പട്ടേലരും തൊമ്മിയും ഒന്നിക്കുന്ന നിരവധി സന്ദർഭങ്ങൾ. ഓരോ സീനും കറയറ്റ രീതിയിലായിരുന്നു ചിത്രീകരണം. പല ദിവസങ്ങളിലും ചിത്രീകരണം അവസാനിക്കുമ്പോൾ പാതിരാത്രി കഴിയും. എങ്കിലും ആ ചിത്രം നൽകിയ പ്രശസ്തി പറഞ്ഞറിയിക്കാൻ കഴിയുമായിരുന്നില്ല. മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമാകാൻ ഈ കഥാപാത്രത്തിലൂടെ കഴിഞ്ഞു എന്ന് സബിത വിശ്വസിക്കുന്നു.
അഭിനയ രംഗത്ത് മൂന്നര പതിറ്റാണ്ട് പിന്നിട്ടു എന്നറിയുമ്പോൾ സംതൃപ്തി മാത്രം. സിനിമയിൽനിന്നും വഴിമാറിയപ്പോൾ സീരിയലുകളിലായിരുന്നു തിരക്ക്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിലെ നാൻസിയുടെ അമ്മ വേഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സൺ ടി.വിയിൽ സംപ്രേഷണം ചെയ്ത സ്വർഗം, കോലങ്ങൾ, ശിവശക്തി, സ്‌നേഹക്കൂട്, ദൈവമകൾ എന്നിവയും ശ്രദ്ധിക്കപ്പെട്ടു. സ്റ്റാർ വിജയ് സംപ്രേഷണം ചെയ്യുന്ന നാം ഇരുവർ നമുക്ക് ഇരുവർ എന്ന ടി.വി സീരീസും സീ തമിഴിൽ സംപ്രേഷണം ചെയ്യുന്ന ഒരു ഊർള ഒരു രാജകുമാരി എന്ന പരമ്പരയും സംപ്രേഷണം തുടരുന്നവയാണ്.
തൃശൂർ ജില്ലയിലെ ചാവക്കാട് സ്വദേശിയായ കമാലുദ്ദീനാണ് സബിതയുടെ ഭർത്താവ്. നാടകകലാകാരനായ അദ്ദേഹവുമായി 1995 ലായിരുന്നു വിവാഹം. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഈ ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. അഷ്‌റഫും അഫ്രീനും. വിവാഹശേഷം സിനിമാ അഭിനയത്തോട് ഭർത്തൃവീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല. പിന്നീട് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ സമ്മതം മൂളുകയായിരുന്നു. അഷ്‌റഫ് ഡിഗ്രി പൂർത്തിയാക്കി. മകൾ അഫ്രീൻ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഞാൻ പ്രകാശനുശേഷം കൂടുതൽ അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ സിനിമയിൽ സജീവമാകുകയാണ് സബിതയുടെ ലക്ഷ്യം. അതിനായി കൊച്ചിയിലേയ്ക്ക് താമസം മാറ്റാനും ആലോചിക്കുന്നുണ്ട്.
 
 

Latest News