Wednesday , October   17, 2018
Wednesday , October   17, 2018

സൗദിവൽക്കരണം: ഉന്നത തസ്തികകൾക്ക് മുൻഗണന -മന്ത്രി

റിയാദ് - സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം മുൻഗണന നൽകുന്നതായി വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. റോട്ടാന ഖലീജിയ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തൊഴിൽ, സാമൂഹിക വികസന മന്ത്രി. സ്വകാര്യ കമ്പനികളിലെ അഞ്ചു ശതമാനം ജോലികൾ ഉന്നത തസ്തികകളാണ്. ഉയർന്ന തസ്തികകളിൽ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് മന്ത്രാലയം മുൻഗണന നൽകുന്നു. സ്വകാര്യ മേഖലയിൽ ഉന്നത തസ്തികകളിൽ രണ്ടായിരം സൗദി യുവതീയുവാക്കൾക്ക് നിയമനം ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നത്. ഇതിന് രണ്ടായിരം സൗദികൾക്ക് പരിശീലനം നൽകും. ഇതിൽ ആയിരം പേർ വനിതകളായിരിക്കും.
ബാങ്കിംഗ്, ഇൻഷുറൻസ്, പെട്രോകെമിക്കൽ മേഖലകളിൽ ഭൂരിഭാഗം ഉന്നത തസ്തികകളിലും ജോലി ചെയ്യുന്നത് സൗദികളാണ്. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മാത്രം പ്രശ്‌നമല്ല. ഇത് ഗവൺമെന്റിന്റെ മൊത്തം പ്രശ്‌നമാണ്. കഴിഞ്ഞ ദിവസം ബ്ലൂംബെർഗ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ കിരീടാവകാശി മുഹമ്മദ് രാജകുമാരൻ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. വ്യവസായ മേഖലയിൽ ഊർജ, വ്യവസായ മന്ത്രാലയവും ആരോഗ്യ മേഖലയിൽ ആരോഗ്യ മന്ത്രാലയവും തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ശ്രമിക്കും. ഇതേപോലെ മറ്റു മന്ത്രാലയങ്ങളും തങ്ങളുടെ പ്രവർത്തന മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് ശ്രമങ്ങൾ നടത്തും. 
സൗദിവൽക്കരണം ദേശീയ പദ്ധതിയാണ്. കിരീടാവകാശി നേരിട്ടാണ് സൗദിവൽക്കരണത്തിന് മേൽനോട്ടം വഹിക്കുന്നത്. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കുന്നതിനാണ് കിരീടാവകാശി ശ്രമിക്കുന്നത്. നിലവിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമാണ്. അടുത്ത വർഷം സൗദി സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് തുടക്കമാകും. അടുത്ത കൊല്ലം മുതൽ സ്വകാര്യ മേഖല വലിയ വളർച്ച കൈവരിക്കും. ചെങ്കടൽ, നിയോം, ഖിദ്‌യ പോലുള്ള വൻകിട പദ്ധതികൾ സൗദി യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 
സ്വകാര്യ കമ്പനികളിലെ താഴേക്കിടയിലുള്ള തസ്തികകളിലാണ് സൗദികൾ ജോലി ചെയ്യുന്നതെന്ന് ചിലർ കരുതുന്നുണ്ട്. ഇത് ശരിയല്ല. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനും സ്വകാര്യ മേഖലക്കും ഇടയിൽ പരസ്പര വിശ്വാസമില്ലായ്മയുണ്ട്. ഇതിന് പരിഹാരം കണ്ട് ഇരുകൂട്ടർക്കുമിടയിൽ പരസ്പര വിശ്വാസമുണ്ടാക്കിയെടുക്കുന്നതിനാണ് താൻ ശ്രമിക്കുന്നത്. പന്ത് ഇപ്പോൾ സ്വകാര്യ മേഖലയുടെ കോർട്ടിലാണ്. 
തൊഴിൽ വിപണിക്ക് അനുയോജ്യമായ കോഴ്‌സുകൾ നടത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിനും നിലവിലെ കോഴ്‌സുകൾ പുനഃപരിശോധിക്കുന്നതിനും കിരീടാവകാശിയുടെ അധ്യക്ഷതയിൽ കമ്മിറ്റി സ്ഥാപിച്ചിട്ടുണ്ട്. തൊഴിൽ വിപണി നയങ്ങൾ പഠിക്കുന്നതിന് തൊഴിൽ, വാണിജ്യ, സിവിൽ സർവീസ്, വിദ്യാഭ്യാസ മന്ത്രിമാരെ ഉൾപ്പെടുത്തി സാമ്പത്തിക, ആസൂത്രണ മന്ത്രിയുടെ അധ്യക്ഷതയിൽ മറ്റൊരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.