Tuesday , May   21, 2019
Tuesday , May   21, 2019

ജിദ്ദ ഇന്ത്യൻ സ്‌കൂൾ തർക്കം പരിഹരിച്ചു; ഉടൻ തുറക്കും

പ്രിൻസിപ്പലിന്റെ സന്ദേശം

ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ബോയ്‌സ് സെക്ഷൻ കെട്ടിട വാടകയുമായി ബന്ധപ്പെട്ട പ്രശ്‌നം രാത്രി വൈകി നടന്ന ചർച്ചയിൽ പരിഹരിച്ചു. വ്യവസ്ഥകൾക്ക് ഹയർബോർഡ് അംഗീകാരം ലഭിച്ചതായും ഉടൻ ക്ലാസ്സുകൾ ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയതായും ആക്ടിംഗ് പ്രിൻസിപ്പൽ ഡോ. നജീബ് ഖൈസ് അറിയിച്ചു.
സ്‌കൂൾ ഓഫീസിൽ വൈകുന്നേരം ആരംഭിച്ച ചർച്ച രാത്രി 10 വരെ നീണ്ടു. ആകാംക്ഷാഭരിതരായ രക്ഷാകർത്താക്കളും വിദ്യാർഥികളും സ്‌കൂൾ പരിസരത്ത് എത്തിയിരുന്നു. ചർച്ചയുടെ പുരോഗതി അന്വേഷിച്ച് ഓരോ മണിക്കൂറിലും മലയാളം ന്യൂസ് ഓഫീസിലേക്ക് നിരവധി കോളുകളെത്തി. കാത്തിരിപ്പിന് വിരാമമിട്ട് 10 മണിയോടെ കോൺസുലേറ്റ് പ്രതിനിധിയും കെട്ടിടമുടമയും പുറത്തുവന്നെങ്കിലും ചർച്ചയെക്കുറിച്ച് പ്രതികരിച്ചില്ല. പിന്നാലെ ആക്ടിംഗ് പ്രിൻസിപ്പലാണ് വാട്‌സ് ആപ് സന്ദേശത്തിലൂടെ രക്ഷാകർത്താക്കളുടെ ആകാംക്ഷക്ക് വിരാമമിട്ടത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രശ്‌നത്തിൽ ഇടപെട്ടതായും സൂചനയുണ്ട്. പ്രതികൂലമായ കോടതിവിധികൾ മൂലം ഉടലെടുത്ത പ്രതിസന്ധി ശാശ്വതമായി പരിഹരിക്കുന്ന രീതിയിൽ വ്യവസ്ഥകൾ ഉണ്ടാക്കാൻ ചർച്ചയിൽ സാധിച്ചതായും കോൺസുലേറ്റ് വൃത്തങ്ങൾ അറിയിച്ചു. കോൺസുലേറ്റിന്റെ പരിശ്രമങ്ങളിൽ വിശ്വാസം അർപ്പിച്ച എല്ലാവർക്കും അവർ നന്ദി രേഖപ്പെടുത്തി. കെട്ടിടം ഒഴിഞ്ഞതിനെത്തുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെടുകയും സോഷ്യൽ മീഡിയ വഴി കാമ്പയിൻ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രശ്‌നം ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തു. തുടർന്നാണ് വിദേശകാര്യ മന്ത്രാലയം പ്രശ്‌നത്തിൽ ഇടപെട്ടതെന്ന് കരുതുന്നു.

എംബസിയുടേയും കോൺസുലേറ്റിന്റേയും നേതൃത്വത്തിൽ നടത്തിയ ചർച്ച ദൈവാനുഗ്രഹത്താൽ വിജയിച്ചതായും അന്തിമ തീരുമാനത്തിലെത്തിയതായും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ചർച്ചകൾക്ക് ഹയർബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. സാധ്യമാകുന്നത്ര വേഗം സ്‌കൂളിൽ ക്ലാസ്സുകൾ ആരംഭിക്കും.
സ്‌കൂൾ ഫർണിച്ചർ 99 ശതമാനവും മാറ്റിക്കഴിഞ്ഞതായും ഇതെല്ലാം തിരികെക്കൊണ്ടുവരാൻ അൽപ സമയം പിടിക്കുമെന്നും പിന്നീട് മലയാളം ന്യൂസിനോട് സംസാരിക്കവേ ഡോ. ഖൈസ് പറഞ്ഞു. ബുധനാഴ്ച മുതൽതന്നെ സാധനങ്ങൾ തിരിച്ചുകൊണ്ടുവരും. നീക്കം ചെയ്യുന്നത്ര എളുപ്പമല്ല അവ തിരികെക്കൊണ്ടുവന്ന് ക്ലാസ്സുകളിൽ ഇടുന്നത്. എങ്കിലും പരമാവധി സമയനഷ്ടം ഒഴിവാക്കി ധൃതഗതിയിൽ ഇത് പൂർത്തിയാക്കും. അടുത്താഴ്ച തന്നെ ക്ലാസ്സ് തുടങ്ങാനാവുമെന്നാണ് കരുതുന്നത്.
കെട്ടിടമുടമയുമായി ഉണ്ടാക്കിയ കരാറിലെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇക്കാര്യം പിന്നീട് കോൺസുലേറ്റ് ഔദ്യോഗികമായി ഇന്ത്യൻ സമൂഹത്തെ അറിയിക്കുമെന്നാണ് കരുതുന്നത്. 

പ്രിൻസിപ്പലിന്റെ സന്ദേശം

കുടിശ്ശികയായുള്ള രണ്ടു വർഷത്തെ വാടകയും നടപ്പു അധ്യയന വർഷം കഴിയുന്നതു വരെയുള്ള വാടകയും കൊടുത്ത് പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം അടിയന്തരമായി കാണുന്നതിനുള്ള ചർച്ചകളാണ് നടന്നത്. ദീർഘകാല കരാറും ചർച്ചയിൽ വിഷയമായതായി അറിയുന്നു. സ്‌കൂൾ നിരീക്ഷകനും ഡെപ്യൂട്ടി കോൺസൽ ജനറലുമായ മുഹമ്മദ് ഷാഹിദ് ആലവും  കെട്ടിട ഉടമ ഉമർ സെയ്ദ് ബൽകറാമും സ്‌കൂൾ അധികൃതരും ചർച്ചയിൽ പങ്കെടുത്തു. പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടാനുള്ള സാധ്യത കഴിഞ്ഞ ദിവസം തന്നെ തെളിഞ്ഞിരുന്നു.  
വിദ്യാർഥികളും പൂർവ വിദ്യാർഥികളും രക്ഷിതാക്കളും കക്ഷി ഭേദനമെന്യേ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കളുമെല്ലാം ഒന്നടങ്കം സേവ് ഇന്ത്യൻ സ്‌കൂൾ കാമ്പയിനിൽ സജീവമായി പങ്കെടുക്കുകയും സമൂഹമാധ്യമങ്ങളുടെയും വാർത്താ മാധ്യമങ്ങളുടെയുമെല്ലാം സഹായത്തോടെ കേന്ദ്ര സർക്കാരിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും ശ്രദ്ധയിൽ പ്രശ്‌നം കൊണ്ടുവരികയും ചെയ്തതോടെയാണ് നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്‌കൂൾ വീണ്ടെടുക്കുന്നതിനുള്ള നടപടികളുണ്ടായത്. 
കോടതി ഉത്തരവ് പ്രകാരം ചൊവ്വാഴ്ച കെട്ടിടം ഒഴിഞ്ഞു കൊടുക്കേണ്ടതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലെ ധാരണകളുടെ അടിസ്ഥാനത്തിൽ അതിൽ മാറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ സാധനങ്ങളുടെ നീക്കം ഇന്നലെയും ഉണ്ടായില്ല. സ്‌കൂളിന്റെ പഴയ സ്ഥിതി വീണ്ടെടുക്കണമെങ്കിൽ ഏറെ ദിവസങ്ങൾ വേണ്ടിവന്നേക്കും. അതുവരേക്കും പെൺകുട്ടികളുടെ സ്‌കൂളിൽ ക്ലാസുകൾ നടത്തേണ്ടിവരും. ഇപ്പോൾ ആൺകുട്ടികളുടെ പരീക്ഷകൾ ഉച്ചക്കു ശേഷം പെൺകുട്ടികളുടെ സ്‌കൂളിലാണ് നടത്തുന്നത്. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ തൽക്കാലത്തേക്ക് നിറുത്തിവെച്ചിരിക്കുകയാണ്. 

Latest News