Wednesday , October   17, 2018
Wednesday , October   17, 2018

മുകേഷ് മറുപടി പറയണം-ഭാഗ്യലക്ഷ്മി 

സി.പി.എം എം.എല്‍.എയും നടനുമായ മുകേഷിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ജനപ്രതിനിധി കൂടിയായ മുകേഷ് ഇതിന് മറുപടി പറയാന്‍ ബാദ്ധ്യതയുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇപ്പോള്‍ തുടര്‍ച്ചയായി പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ സ്വാഗതം ചെയ്യുന്നു. ഇത്തരം ആള്‍ക്കാര്‍ക്കെതിരെ താന്‍ ശക്തമായി നടപടി മുമ്പേ സ്വീകരിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. കുറവുകള്‍ നോക്കി അമ്മ നടപടിയെടുക്കുകയാണെങ്കില്‍ എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്നും അവര്‍ വ്യക്തമാക്കി.
വിഷയത്തില്‍ എന്താണ് യാഥാര്‍ത്ഥ്യമെന്ന് മുകേഷ് വ്യക്തമാക്കണം. എന്ത് പറഞ്ഞാലും പെണ്ണ് ഉടന്‍ നുണ പറയുന്നു, ഇല്ലാക്കഥ പറയുന്നു എന്നാണല്ലോ പൊതുവെ നമ്മള്‍ കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ മുകേഷ് തന്നെ പറയട്ടെ എന്താണ് സംഭവിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത്തരം തുറന്നുപറച്ചിലുകള്‍ ഗൗരവമുള്ളതാണ്. ഏറെ കാലമായി ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാറില്ല. ഈ സാഹചര്യത്തില്‍ തുറന്നുപറയുക എന്നത് ധീരമായ നടപടിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.