Tuesday , May   21, 2019
Tuesday , May   21, 2019

മരണാനന്തരം, ടി.എൻ. ജോയ് അഥവാ നജ്മൽ ബാബു 

മുൻ  നക്‌സലൈറ്റ് നേതാവ് ടി.എൻ. ജോയി അഥവാ നജ്മൽ ബാബുവിന്റെ മരണം ബാക്കിവെച്ചത് നിരവധി ചോദ്യങ്ങളാണ്. ജീവിതം തന്നെ വലിയൊരു ചോദ്യചിഹ്നമാക്കിയ വ്യക്തിത്വമായിരുന്നു ജോയിയുടേത്. ലോകത്തെ കൂടുതൽ സുന്ദരമാക്കാൻ ശ്രമിച്ചൊരാൾ എന്നാണ് ജോയിയെ കുറിച്ച് നടൻ ശ്രീരാമൻ സംവിധാനം ചെയ്ത  ഡോക്യുമെന്ററിയുടെ പേര്. അതെ, അതിനായിരുന്നു ജോയി ശ്രമിച്ചത്. എന്നാലത് വിജയിച്ചോ എന്ന ചോദ്യത്തിനുത്തരം കാണേണ്ടത് നാം ഓരോരുത്തരുമാണ്.
ധൈഷണികമായ സത്യസന്ധതയായിരുന്നു ജോയിയുടെ മുഖമുദ്ര. ഇന്ന് കാര്യമായി ആർക്കുമില്ലാത്ത ഒന്ന്. അടിയന്തരാവസ്ഥക്കാലത്തേറ്റ കൊടിയ മർദ്ദനത്തെ തുടർന്ന് തനിക്കൊരു വിപ്ലവകാരിയാകാൻ യോഗ്യതയോ സഹനശക്തിയോ ഇല്ലെന്നു തിരിച്ചറിഞ്ഞാണ് അദ്ദേഹം പ്രസ്ഥാനം വിട്ടത.് 
പിന്നീട് കേരളത്തിലെമ്പാടും നടന്ന ജനകീയ സമരങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം കാണാമായിരുന്നു. അവസാനം നടന്ന കന്യാസ്ത്രീ സമരം വരെ. എന്നും യുവതലമുറയുമായിട്ടായിരുന്നു ജോയി ഐക്യപ്പെട്ടത്. അതിന്റെ പ്രകടമായ പ്രഖ്യാപനമായിരുന്നു ചുംബന സമരത്തിൽ കേരളം കണ്ടത്. 
അദ്ദേഹം തന്റെ  അവസാനത്തെ കുറെ വർഷങ്ങൾ പ്രവർത്തിച്ചത് അടിയന്തരാവസ്ഥക്കെതിരായ സമരത്തെ സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കുക എന്ന ആവശ്യത്തിനായിരുന്നു. അതിന്റെ ഭാഗമായി ജയിൽ മർദ്ദനമേറ്റവർക്ക് പെൻഷൻ അനുവദിക്കുക എന്നതിനും. അതിന്റെ പേരിൽ ഇരുമുന്നണികളും ഭരിക്കുമ്പോൾ കേറിയിറങ്ങാത്ത മന്ത്രിമന്ദിരങ്ങളില്ല. വി.എസ് ഭരിക്കുമ്പോൾ ചെറിയൊരു പ്രതീക്ഷ വന്നിരുന്നു. 
അതനുസരിച്ച് അടിയന്തരാവസ്ഥാ തടവുകാരുടെ ലിസ്റ്റടക്കം അദ്ദേഹം തയ്യാറാക്കി. എന്നാൽ ആ ലിസ്റ്റിൽ കൂടുതലും നക്‌സലൈറ്റുകളും ആർ.എസ്.എസുകാരുമായിരുന്നു. 
സി.പി.എംകാരായിരുന്നില്ല. പിന്നെങ്ങനെ സി.പി.എം സർക്കാർ ആ ആവശ്യം പരിഗണിക്കും? അടിയന്തരാവസ്ഥ നടപ്പാക്കിയ കോൺഗ്രസുകാർക്ക് അതു ചിന്തിക്കാനാവുകയില്ലല്ലോ. ആ ആഗ്രഹം നടക്കാതെയാണ് ജോയ് പോയത്. ലോകത്തെ സുന്ദരമാക്കാനുള്ള മറ്റു പല ആഗ്രഹങ്ങളെയും പോലെ. പെൻഷനു വേണ്ടി യാചിക്കുന്ന ഒരു പിച്ചക്കാരനാണ് താനെന്നു അദ്ദേഹം പ്രഖ്യാപിച്ചു. അങ്ങനെയായിരുന്നു ഫേസ്ബുക്ക് പ്രൊഫൈലും. 
പ്രതിഷേധങ്ങൾക്കും പോരാട്ടങ്ങൾക്കും തന്റേതായ ശൈലിയായിരുന്നു ജോയിയുടേത്. ജോയ്, നജ്മൽ ബാബുവായതു തന്നെ ഏറ്റവും വലിയ ഉദാഹരണം. ഹിന്ദുത്വ ഫാസിസം പിടിമുറക്കുന്ന കാലത്ത് ഒരു മുസ്‌ലിമായിരിക്കുകയാണ് ഏറ്റവും ധീരമായ രാഷ്ട്രീയ പ്രതിരോധം എന്നു പറഞ്ഞാണ് ഏതാനും വർഷങ്ങൾക്കുമുമ്പ് ടി.എൻ. ജോയ് ഇസ്‌ലാം മതം സ്വീകരിച്ചത്. അതിന് ശേഷം എഴുതിയ ഒരു കത്തിൽ മരണ ശേഷം തന്റെ മൃതദേഹം ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയുടെ വളപ്പിൽ സംസ്‌കരിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ അത് നടന്നില്ല. 
'ഞാൻ മരിക്കുമ്പോൾ എന്നെ ചേരമാൻ പള്ളിയുടെ വളപ്പിൽ സംസ്‌കരിക്കാൻ കഴിയുമോ. നോക്കൂ മൗലവി, ജനനം തെരഞ്ഞെടുക്കാൻ നമുക്ക് അവസരം ലഭിക്കുന്നില്ല. മരണവും മരണാനന്തരവുമെങ്കിലും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലേ ശരി....ബാബ്രി പള്ളി തകർക്കലിനും ഗുജറാത്ത് വംശഹത്യയ്ക്കും ശേഷം എന്റെ സുഹൃത്തുക്കളുടെ സമുദായം സഹിക്കുന്ന വിവേചനങ്ങളിൽ ഞാൻ അസ്വസ്ഥനാണ്....എന്നിങ്ങനെ പോയി കത്ത്.' ഒപ്പം പത്രസമ്മേളനം നടത്തി അത് പ്രഖ്യാപിക്കുകയും ചെയ്തു. 
എന്നാൽ ആ ആഗ്രഹവും സഫലീകരിക്കാതെയായിരുന്നു ജോയിയുടെ മടക്കയാത്ര. ഇടതുപക്ഷക്കാരും യുക്തിവാദികളുമായിരുന്ന സഹോദരങ്ങളും ബന്ധുക്കളുമായിരുന്നു  അതിനു തടസ്സം നിന്നത്. വിവാഹിതനല്ലായിരുന്ന അദ്ദേഹത്തിന്റെ അവസാന ആഗ്രഹം അവർ നടപ്പാക്കിയില്ല. 
ഇതിനുമുമ്പും കേരളത്തിൽ പലരും നേരിട്ട ദുരനുഭവമായിരുന്നു അത്. കൊടുങ്ങല്ലൂരിൽ തന്നെ തികഞ്ഞ വിശ്വാസിയായി മാറിയ സൈമൺ മാഷുടെ മൃതദേഹം യുക്തിവാദികളായ ബന്ധുക്കൾ മെഡിക്കൽ കോളേജിനു കൊടുത്തിട്ടു അധികം കാലമായിട്ടില്ല. യുക്തിവാദം മതമൗലികവാദത്തേക്കാൾ മൗലികമായി മാറുന്ന ദയനീയമായ അവസ്ഥയാണ് കണ്ടത്. അതേസമയം വിശ്വാസികളായ,  സവർണ കുടുംബത്തിൽ പിറന്ന മാധവിക്കുട്ടിക്ക് (കമലാ സുരയ്യ) അത്തരമൊരനുഭവം ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. 
 

Latest News