Sunday , June   16, 2019
Sunday , June   16, 2019

മലബാറിലെ  ശരണം വിളികൾ

താരം കോടതിയാണ്. സുപ്രീം കോടതി. വിഷയം മതമായാലും കോടതി ഇടപെടും. മതമല്ലെങ്കിലും ഇടപെടും. സാമൂഹ്യനീതി എന്നൊരു കാര്യമുണ്ട്. കുറെ കാലമായി സമൂഹം കണ്ടില്ലെന്ന് നടിക്കുന്ന നീതിയാണത്. അത് നടപ്പാക്കുകയാണ് നീതി പീഠം. ശബരിമലയിലായാലും.
എല്ലാ സ്ത്രീകൾക്കും അവിടെ പ്രവേശിക്കാം എന്നാണ് കോടതി പറഞ്ഞത്. അപ്പറഞ്ഞത് ശരിയല്ലെന്ന് ആർക്കും വാദിക്കാം. വിശ്വാസികൾക്ക് പ്രത്യേകിച്ചും. അമ്പലവും പള്ളിയുമൊക്കെ അവർക്കുള്ളതാണ്. അവർ പറയട്ടെ. നടപ്പായാലും ഇല്ലെങ്കിലും. ഇത് ജനാധിപത്യമാണ്.
പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം എന്നൊരു ചൊല്ലുണ്ട്. മുസ്‌ലിം ലീഗിന് ശബരിമലയിൽ എന്താണ് കാര്യം എന്നും ചൊല്ലാം. കാര്യമുണ്ടെന്ന് വിശ്വാസികളെ പോലെ ലീഗിനും ചൊല്ലാം. ശബരിമല കേരളത്തിലാണ്. ലീഗ് കേരളത്തിലെ പ്രബലപാർട്ടിയാണ്. എന്നാൽ അതല്ല പ്രശ്‌നം. ശബരിമലയുടെ പേരിൽ ഒരു രാഷ്ട്രീയ ശരം വരുന്നുണ്ട്. 
ലീഗിന് നേരെയും. നേരെ എന്ന് പറയാനാകില്ല. കുറച്ച് വളഞ്ഞു തിരിഞ്ഞാണ് വരവ്. സ്ത്രീകൾക്ക് അമ്പലത്തിൽ കയറാമെങ്കിൽ പള്ളിയിലും കയറിക്കൂടേ എന്നാണ് ചോദ്യശരം. ലീഗ് കലിതുള്ളേണ്ട കാര്യമില്ല. പള്ളികളുടെ താക്കോലൊന്നും ലീഗിന്റെ കയ്യിലില്ല. 
എല്ലാ തരം പള്ളിക്കാരും ലീഗിലുണ്ടുതാനും. ലീഗ് മതേതര പാർട്ടിയാണ്. മതേതരമെന്നു കേട്ടാലഭിമാന പൂരിതമാകുമന്തഃരംഗം. മതത്തെ തൊട്ടുകളിക്കുന്ന കാര്യമാകുമ്പോൾ ലീഗിന് പറയേണ്ടി വരും -പ്രത്യേകിച്ച് കോടിയേരി പറയുമ്പോൾ. മതവുമായി ഒരു ബന്ധവുമില്ലാത്തയാളാണ് കോടിയേരി. മതനേതാക്കൾ പറയുമ്പോൾ തെറ്റിദ്ധരിക്കും. വർഗീയതയായി ചിത്രീകരിക്കും. രാഷ്ട്രീയക്കാർക്ക് പറയാം. എന്തും. അതാണ് രാഷ്ട്രീയത്തിന്റെ ഒരു ഗുണം. എന്തും പറയാനുള്ള ലൈസൻസ്. കുറച്ചു കഴിഞ്ഞാൽ മാറ്റിപ്പറയാം. അതിനും ലൈസൻസുണ്ട്. മത നേതാക്കൾക്ക് നാലുപാടും നോക്കണം. ഒരു വാക്ക് തെറ്റാൻ കാത്തു നിൽക്കുകയാണ് പലരും. ആളിക്കത്തിക്കാൻ. രാഷ്ട്രീയക്കാരൻ പറഞ്ഞാൽ പാർട്ടി ഏറ്റെടുത്തുകൊള്ളും. പിന്നെ എല്ലാം സുരക്ഷിതമാണ്.
സുന്നി പള്ളികളിലേക്കാണ് വിമർശകരുടെ നോട്ടം. അവിടെയാണല്ലോ സ്ത്രീകൾ ഇല്ലാത്തത്. സുന്നി നേതാക്കൾക്ക് കാര്യം പിടികിട്ടി. ആദ്യം അവർ തന്നെ തടഞ്ഞു നോക്കി. എന്നാൽ വരാനിരിക്കുന്നത് വലിയൊരു പ്രളയമാകാം. അതിന് വലിയൊരു തടയണ വേണം. 
കുഞ്ഞാലിക്കുട്ടിയും കെ.പി.എ. മജീദും തടയണകളാകുന്നത് അങ്ങനെയാണ്. ലീഗിന് വാശിയൊന്നുമില്ല. സ്ത്രീകൾക്ക് വരാൻ സൗകര്യമുള്ള പള്ളികൾ നാട്ടിലുണ്ട്. അവർക്ക് അവിടെ പോകാം. എല്ലാ പള്ളികളിലും സ്ത്രീകൾക്ക് കയറാനാകണമെന്ന് സി.പി.എം അല്ല പറയേണ്ടത്. കണ്ട വിശ്വാസികൾ പറയട്ടെ, കേട്ട അവിശ്വാസികൾ അവിടെ നിൽക്കട്ടെ. അതാണ് ലീഗിന്റെ ലൈൻ.
ശബരിമലയിലെ വിശ്വാസികളും ഇതാണ് പറയുന്നത്. വിശ്വാസക്കാര്യം വിശ്വാസികൾ പറയട്ടെ. അതിൽ സി.പി.എമ്മിനെന്തു കാര്യം എന്നാണ് അവിടെയും ചോദ്യം. ശബരിമലയിലായാലും മലപ്പുറത്തായാലും ഇപ്പോൾ ഒരു ഐക്യമുണ്ട്. മതങ്ങൾ തമ്മിലുള്ള ഐക്യം. സ്ത്രീവിരുദ്ധമാണത്. എങ്കിലും മതങ്ങൾ തമ്മിലുള്ള ഐക്യമാണ് പ്രധാനം. അതില്ലാതാക്കാനാണ് സി.പി.എം ശ്രമമെന്ന് വിമർശകർ പറയും. കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് കോടിയേരി നോക്കുന്നതെന്നും ട്രോളുകളുണ്ട്. 
മീൻ കിട്ടുമോ എന്ന് കാത്തിരുന്ന് കാണണം. ഇതെല്ലാം കണ്ട് ഒരാൾ മറഞ്ഞിരിപ്പുണ്ട്. മുല്ലപ്പൂവിന്റെ സുഗന്ധമുള്ളയൊരാൾ. പേരിൽ പള്ളിയുള്ളതുകൊണ്ട് അമ്പലത്തിന്റെ കാര്യം കൂടി നോക്കിയാൽ മതി. നിലപാട് ശക്തമാണെന്ന് ട്രോളൻമാർ വ്യക്തമാക്കിക്കഴിഞ്ഞു. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണോ- യെസ് ഓർ നോ? മുല്ലപ്പള്ളിയുടെ ഉത്തരം റെഡി: ഓർ. ഈ ബുദ്ധിയൊന്നും കോടിയേരിക്കും കുഞ്ഞാലികുട്ടിക്കും ഉണ്ടാകില്ല.

ഒന്ന് ചീയണം. മറ്റൊന്നിന് വളമാകണം. കരിപ്പൂരിലായാലും. കണ്ണൂരായാലും. മലബാറിന്റെ ചിറകു വിടർത്തിയ സ്വപ്‌നമായിരുന്നു കരിപ്പൂർ. ഗൾഫ് നാട്ടിലൊക്കെ മലബാരികൾ പാറി നടന്ന കാലം. ബോംബെയിലേക്കും തിരുവനന്തപുരത്തേക്കും വണ്ടി കയറിയകാലം. പിന്നൊന്നുണ്ടായിരുന്നത് കൊച്ചിയിലെ കൊച്ചു വിമാനത്താവളമായിരുന്നു. കഷ്ടപ്പാടിന്റെ കാലം. ആശ്വാസമായാണ് കരിപ്പൂരിൽ ആകാശ പക്ഷി പറന്നിറങ്ങിയത്. കുറെ കാലം ഉയരത്തിൽ പറന്നു. പിന്നെ പറത്തുന്നവർക്ക് തോന്നി. ഇനി അൽപം വിശ്രമം കൊടുക്കാം. എന്നാൽ ഇത് വല്ലാത്തൊരു വിശ്രമമായിപ്പോയി. കൊല്ലം മൂന്നു കഴിഞ്ഞു. വിശ്രമം ഇപ്പോഴും കഴിഞ്ഞിട്ടില്ല. വലിയ പക്ഷി ഇപ്പോൾ വരും എന്ന് പറയുന്നത് മാത്രം കേൾക്കുന്നുണ്ട്. പാർലമെന്റ് അംഗങ്ങളായ പൂജാരിമാർ ഇടക്കിടെ രാശി വെച്ച് പറയുന്നുണ്ട്. ഇപ്പം ശരിയാകും. പക്ഷേ കേന്ദ്രത്തിലെ ദൈവങ്ങൾക്ക് കുലുക്കമില്ല. ഇനി എന്നാണാവോ അവർ ഇളകുന്നത്. 
കരിപ്പൂരിലേക്ക് മാത്രം നോക്കിയിരുന്നിട്ട് കാര്യമില്ല. അപ്പോൾ മലബാറുകാർ കണ്ണൂരിലേക്ക് നോക്കാൻ തുടങ്ങി. അവിടെ നല്ല കാഴ്ചകളാണിപ്പോൾ. ലുലു മാൾ കാണാൻ വരുന്നത് പോലെ മട്ടന്നൂരുകാർ വിമാനത്താവളം കാണാൻ വരുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയ പ്രചരിപ്പിക്കുന്നത്. എന്തായാലും കാര്യങ്ങൾ അവിടെ ജോറാണ്. 2300 ഏക്കറിൽ പരന്നു കിടക്കുന്ന വിമാനത്താവളം. 3050 മീറ്റർ നീളത്തിലുള്ള റൺവേ. ബോയിംഗ് 777 പോലുള്ള വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സൗകര്യം. വൈകാതെ റൺവേ 4000 മീറ്ററിലേക്ക് വികസിപ്പിക്കുമ്പോൾ എയർബസ് വിമാനങ്ങളും കണ്ണൂരിലെത്തും. അതോടെ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെക്ക് ഇൻ, എമിഗ്രേഷൻ, കസ്റ്റംസ് സംവിധാനങ്ങൾക്കായി വിശാലമായ സൗകര്യങ്ങളുണ്ട്. ഒരു ലക്ഷത്തിലേറെ ചതുരശ്ര മീറ്റർ വലിപ്പമുള്ള കാർഗോ കോംപ്ലക്‌സും 20 മുറികളുള്ള ഹോട്ടലും എയർപോർട്ട് കോമ്പൗണ്ടിൽ ഒരുങ്ങുന്നുണ്ട്. പാർക്കിംഗിനും വിശാല സൗകര്യം. ഡിസംബർ ഒമ്പതിന് ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂർ വിമാനത്താവളത്തിൽ ആദ്യഘട്ടത്തിൽ ഇന്ത്യൻ വിമാന കമ്പനികൾ മാത്രമാണ് വിദേശ സർവ്വീസ് നടത്തുക. വിദേശ കമ്പനികൾക്ക് വൈകാതെ അനുമതിയുണ്ടാകും. കരിപ്പൂരിന്റെ കഷ്ടകാലം കണ്ണൂരിലെത്തുമ്പോൾ മാറും. മലപ്പുറത്തുകാരും ഇനി കണ്ണൂരിലേക്ക് പോകേണ്ടി വരും. 
കരിപ്പൂരിന്റെ കാര്യം ദൽഹിയിലാണ് തീരുമാനിക്കേണ്ടത്. അതുകൊണ്ട് ഭാവിയെ കുറിച്ച് ഒന്നു പറയാനാകില്ല. കണ്ണൂരിലെ കാര്യങ്ങൾ അവിടെ തന്നെ തീരുമാനിക്കാം. അതുകൊണ്ട് ചിലതൊക്കെ ഉറപ്പിച്ചു പറയാം. നെടുമ്പാശ്ശേരിയെ പോലെ. കരിപ്പൂരിൽ നിന്ന് എടുത്തു മാറ്റിയ ഹജ് എംബാർക്കേഷൻ പോയന്റ് വൈകാതെ ഇവിടെ തിരിച്ചെത്തുമെന്നാണ് ഏറ്റവും പുതിയ വാർത്തകൾ. അനാഥമായി കിടക്കുന്ന ഹജ് ഹൗസ് അതോടെ പഴയ പ്രതാപത്തിലേക്കെത്തും. 
വലിയ വിമാനങ്ങളുടെ കാര്യത്തിൽ പ്രഖ്യാപനങ്ങൾ ഏറെ വരുന്നുണ്ട്. വിമാനം മാത്രം വരുന്നില്ല. അടുത്ത സീസണിൽ ഹാജിമാരെ കൊണ്ടുപോകാനെങ്കിലും വലിയ വിമാനമെത്തുമോ? അതോ, ഹാജിമാർ കരിപ്പൂരിലും വിമാനം കണ്ണൂരിലുമാകുമോ?  

Latest News