Sunday , June   16, 2019
Sunday , June   16, 2019

വൈരുധ്യാത്മക വിധി 

കേവല യുക്തിക്ക് പിറകെ പോകാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും മാനിക്കാനുള്ള വിവേകമാണ് ഇപ്പോൾ സർക്കാർ കാണിക്കേണ്ടത്. അല്ലെങ്കിൽ കുപ്പിയിൽനിന്ന് പുറത്തു വന്ന ഭൂതം അവരെ തന്നെ വിഴുങ്ങും.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കുടത്തിലെ ഭൂതത്തെ തുറന്നുവിട്ട അവസ്ഥയാണ് കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ഭൂതം കുടത്തിലായിരുന്നപ്പോൾ ആരും അതിനെ അത്ര കാര്യമാക്കിയിരുന്നില്ല. പക്ഷേ ഇപ്പോഴതല്ല, പുകച്ചുരുളുകളിൽനിന്ന് ഉയർന്നുപൊങ്ങി ഭീകര രൂപം പ്രാപിച്ചിരിക്കുന്നു. നാളെ അത് കേരളീയ സമൂഹത്തിൽ എന്തെല്ലാം അത്യാഹിതങ്ങൾ വരുത്തിവെക്കുമെന്ന് ആശങ്കയോടെ മാത്രമേ കാണാനാവൂ.
കോടതി വിധിയെ അനുകൂലിച്ചും എതിർത്തുമുള്ള വാദ പ്രതിവാദങ്ങളാണ് വിധി വന്നതു മുതൽ മലയാളികൾ ഉള്ളിടത്തെല്ലാം. എന്നാൽ ഏറ്റവും വിചിത്രമായ കാര്യം നാളിതുവരെ കേരളം കണ്ടിരുന്ന ചേരിതിരിവുകളിൽനിന്നെല്ലാം വ്യത്യസ്തമായി പുതിയൊരു ചേരിതിരിവ് ഈ വിവാദത്തോടെ ഉണ്ടായിരിക്കുന്നു എന്നതാണ്. മതത്തിനും രാഷ്ട്രീയത്തിനും വർഗീയതക്കു പോലും അപ്പുറമുള്ള ഒരു ചേരിതിരിവ്. ഇന്നലെ വരെ ഒരേ ചേരിയിൽ കണ്ടിട്ടില്ലാത്തവർ ഇന്ന് ഒരു ചേരിയിൽ.
ശബരിമലയിൽ പോകാൻ സ്ത്രീകൾക്കുള്ള നിയന്ത്രണം നീക്കി അവർക്ക് തുല്യാവകാശം ഉറപ്പു വരുത്തുന്ന വിധിയെന്ന നിലയിലാണ് തുടക്കത്തിൽ ഇത് വ്യാഖ്യാനിക്കപ്പെട്ടതെങ്കിലും പിന്നീടത് മാറി. അതുകൊണ്ടു തന്നെ വിധിയോട് നേരത്തെ പുലർത്തിയിരുന്ന പലരുടെയും നിലപാടുകളും മാറി. ചിലരുടെ അപ്രതീക്ഷിത നിലപാടുകൾ നെറ്റി ചുളിപ്പിക്കുന്നതുമായി.
സ്ത്രീകൾക്ക് തുല്യാവകാശം എന്ന വ്യാഖ്യാനം ഉണ്ടായതുകൊണ്ടു തന്നെ വിധിയെ അനുകൂലിച്ച് ആദ്യം രംഗത്തു വന്നത് ലിബറൽ ചിന്താഗതിക്കാരും ഇടതുപക്ഷവുമൊക്കെയാണ്. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് കോടതിയിൽ സത്യവാങ്മൂലം നൽകിയ കേരളത്തിലെ ഇടതു സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും സ്വാഭാവികമായും വിധിയെ സ്വാഗതം ചെയ്തു. എന്നാൽ പ്രത്യയശാസ്ത്രപരമായി അവരുടെ നേരെ മറുതലക്കൽ നിൽക്കുന്ന ആർ.എസ്.എസും അവരുടെ ബുദ്ധിജീവികളും കൂടി വിധിയെ സ്വാഗതം ചെയ്തത് അമ്പരപ്പിക്കുന്നതായി. ആർ.എസ്.എസ് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും വിധിയെ സ്വാഗതം ചെയ്തുകൊണ്ടാണ് ആദ്യം പ്രസ്താവനകൾ പുറപ്പെടുവിച്ചത്. സംഘപരിവാർ ബുദ്ധിജീവികളായ ടി.ജി. മോഹൻദാസടക്കമുള്ളവരും കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയും വിധിയെ അനുകൂലിച്ച് രംഗത്തു വന്നു.
ഇതോടെ അങ്കലാപ്പിലായത് ബി.ജെ.പി കേരള ഘടകമാണ്. സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയടക്കമുള്ള നേതാക്കൾ എന്ത് പ്രതികരിക്കണമെന്നു പോലും അറിയാത്ത അവസ്ഥയിലായി. തുടക്കത്തിൽ വിധിക്ക് അനുകൂലമായി ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട പാർട്ടി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ പിന്നീടത് തിരുത്തി.
കേരള ബി.ജെ.പി നേതാക്കളിൽ ഒരു വിഭാഗത്തിന്റെ സമ്മർദത്തെത്തുടർന്ന് ഏതായാലും രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആർ.എസ്.എസിൽനിന്ന് പുതിയൊരു പ്രസ്താവന വന്നു. വിധി ഹിന്ദു ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞ്. അതോടെ ശ്രീധരൻ പിള്ളയും കൂട്ടരും ഉഷാറായി. കോടതി വിധിക്കെതിരെ എന്നതിനേക്കാൾ അതിനെ സ്വാഗതം ചെയ്ത സംസ്ഥാന സർക്കാരിനെതിരെ എന്ന നിലയിൽ സ്ത്രീകളടക്കമുള്ള വിശ്വാസികളെ അവർ തെരുവിലിറക്കി. അപ്പോഴാണ് മറ്റൊരു ബോംബ്. കോടതി വിധിയെ അനുകൂലിച്ചും അതിനെതിരെ നടക്കുന്ന സമരങ്ങളെ ചോദ്യം ചെയ്തും ആർ.എസ്.എസിന്റെ ബൗദ്ധിക വിഭാഗമെന്ന് പറയപ്പെടുന്ന ഭാരതീയ വിചാരകേന്ദ്രം ജോയന്റ് ഡയറക്ടർ ആർ. സഞ്ജയൻ വക ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയിൽ ലേഖനം. ശബരിമലയിൽ വരുന്ന സ്ത്രീകളെ ആരെങ്കിലും തടഞ്ഞാൽ പട്ടാളത്തെ വിളിക്കണെന്ന വാദവുമായി ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യം സ്വാമിയും രംഗത്തു വന്നു. ആദ്യമായിട്ടായിരിക്കും ഭാരതീയ വിചാര കേന്ദ്രവും സുബ്രഹ്മണ്യം സ്വാമിയും ഏതെങ്കിലും കാര്യത്തിൽ ഇടതു, ലിബറലുകൾക്കൊപ്പം നിലപാട് കൈക്കൊള്ളുന്നത്.
ഈ വൈരുധ്യം മറ്റു പാർട്ടികളിലും പ്രകടമായി. കോൺഗ്രസിന്റെ കേരളത്തിലെ നേതാക്കൾ പൊതുവെ വിധിയെ എതിർക്കുകയും സാധാരണ വിശ്വാസികൾക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തപ്പോൾ, ദേശീയ നേതൃത്വം വിധിയെ അനുകൂലിക്കുകയാണ് ചെയ്തത്. കേരളത്തിൽ തന്നെ കോൺഗ്രസിലെ ഏറ്റവും ശ്രദ്ധേയനായ യുവ നേതാവ് വി.ടി. ബൽറാം വിധിയെ സ്വാഗതം ചെയ്തും അതിനുള്ള കാര്യകാരണങ്ങൾ വിശദീകരിച്ചും ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. സി.പി.എമ്മിനെ കുത്താൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ബൽറാം സി.പി.എം നേതാക്കൾക്കും അണികൾക്കും ഒരുപോലെ വെറുക്കപ്പെട്ടവനാണ്. പക്ഷേ ശബരിമല കാര്യത്തിൽ ഇവരുടെ നിലപാട് ഒന്നായി. 
സി.പി.എം നേതാക്കൾ പൊതുവെ വിധിയെ സ്വാഗതം ചെയ്തു. വിധി നടപ്പാക്കാൻ വേണ്ട കാര്യങ്ങളാവും സർക്കാർ ചെയ്യുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുവെ നിരീശ്വരവാദികളായ സി.പി.എം നേതാക്കൾക്ക് മതം, വിശ്വാസം തുടങ്ങിയ കാര്യങ്ങളിൽ വലിയ താൽപര്യമില്ലെങ്കിലും പാർട്ടി അണികളുടെയും അനുഭാവികളുടെയും കാര്യം അങ്ങനെയല്ല. നല്ലൊരു ശതമാനം സി.പി.എം അനുകൂലികളും അവരുടെ കുടുംബാംഗങ്ങളും ദൈവ വിശ്വാസികളും അമ്പലങ്ങളിലും പള്ളികളിലുമൊക്കെ പോകുന്നവരുമാണ്. അവർ ധർമസങ്കടത്തിലായി. ആർക്കൊപ്പം നിൽക്കും? ക്ഷേത്രാചാരങ്ങൾക്കൊപ്പമോ, പാർട്ടി നിലപാടിനൊപ്പമോ?
ഈ ആശയക്കുഴപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എ. പത്മകുമാറിന്റെ പ്രതികരണങ്ങളിലും കണ്ടു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌തെങ്കിലും തന്റെ കുടുംബത്തിലെ സ്ത്രീകളൊന്നും ഇതിന്റെ പേരിൽ ശബരിമലയിൽ പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രാചാരത്തിന്റെ പേരിൽ ശബരിമലയിലെ സ്ത്രീ നിയന്ത്രണത്തെ അനുകൂലിച്ച് അദ്ദേഹം ഭരിക്കുന്ന ദേവസ്വം ബോർഡും സത്യവാങ്മൂലം നൽകിയതാണ്. ഈ ഇരട്ടത്താപ്പ് പക്ഷേ മുഖ്യമന്ത്രിക്ക് പിടിച്ചില്ല. അദ്ദേഹമത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. അതോടെ പത്മകുമാർ കുറേക്കൂടി പാർട്ടി നിലപാടിനൊപ്പം വന്നു. പാർട്ടി നേതാവായതുകൊണ്ട് പത്മകുമാറിന് അങ്ങനെയേ പറ്റൂ. പക്ഷേ ശബരിമല വിശ്വാസികളായ സാധാരണ പ്രവർത്തകർക്കും അനുകൂലികൾക്കും അതു പറ്റില്ലല്ലോ.
സുപ്രീം കോടതി വിധിയെ ശക്തിയുക്തം എതിർക്കുകയും വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകാൻ കോപ്പുകൂട്ടുകയും ചെയ്യുന്നത് പ്രധാനമായും ശബരിമല ക്ഷേത്രവുമായി അഭേദ്യ ബന്ധമുള്ള പന്തളം രാജകുടുംബവും താഴമൺ തന്ത്രി കുടുംബവുമാണ്. ഇക്കാര്യം കൊട്ടാരം മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.ജി. ശശികുമാർ വർമ പരസ്യമാക്കുകയും ചെയ്തു. പക്ഷേ ഇതേ ശശികുമാർ വർമ മുൻ എസ്.എഫ്.ഐക്കാരനാണെന്നതാണ് വിരോധാഭാസം. മാത്രമല്ല, പാർട്ടിയിൽനിന്ന് ഒരുപാട് ആനുകൂല്യങ്ങൾ പറ്റിയിട്ടുള്ളയാളാണ് ഇദ്ദേഹമെന്ന് മന്ത്രി ജി. സുധാകരൻ തുറന്നടിക്കുകയും ചെയ്തു.
കോടതി വിധിയിൽ പ്രതിഷേധം കത്തിപ്പടരവേ, മുൻ നിലപാട് മാറ്റാനും നിലപാട് പരസ്യപ്പെടുത്താനും നിർബന്ധിതരായവരുമുണ്ട്. എൻ.എസ്.എസും എസ്.എൻ.ഡി.പിയുമാണ് സുപ്രീം കോടതി വിധിയെ അനുകൂലിച്ച മുൻ നിലപാടുകൾ പിന്നീട് മാറ്റിയത്. മുസ്‌ലിം ലീഗ് പോലുള്ള പാർട്ടികളും വിധിക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി. തന്ത്രി കുടുംബത്തിൽ പെട്ട രാഹുൽ ഈശ്വറാണ് കോടതിവിധിക്കെതിരെ പരമാവധി പേരുടെ പിന്തുണ നേടാൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്.
മറ്റു ചില വിരോധാഭാസങ്ങളും കാണാതെ വയ്യ. പത്തു വയസ്സിനും അമ്പതിനുമിടക്ക് പ്രായമുള്ള സ്ത്രീകളെ ശബരിമലയിൽ പോകുന്നതിൽനിന്ന് വിലക്കാൻ പാടില്ലെന്നാണല്ലോ സുപ്രീം കോടതി വിധി. അതായത് ഇപ്പോൾ തന്നെ ഓരോ വർഷവും കോടിക്കണക്കിന് ഭക്തന്മാർ എത്തുന്ന ശബരിമലയിലേക്ക് കൂടുതൽ പേർ ഇനിയും എത്താൻ ഇടയാക്കുന്ന വിധി. ആ വിധിയെ അനുകൂലിക്കുന്നതാവട്ടെ, പൊതുവെ നാസ്തികരായ ഇടതുപക്ഷവും ലിബറലുകളും. ക്ഷേത്രത്തിൽ കൂടുതൽ പേർ വരുന്നതിനെ എതിർക്കുന്നതോ വിശ്വാസികളും. 
വേറെയുമുണ്ട് വിശേഷങ്ങൾ. ശബരിമലയിൽ കുടികൊള്ളുന്നത് നൈഷ്ഠിക ബ്രഹ്മചാരിയായ ശ്രീ അയ്യപ്പനാണെന്നും അവിടേക്ക് യുവതികളായ ഭക്തർ പോകാൻ പാടില്ലെന്നത് നൂറ്റാണ്ടുകളായുള്ള ആചാരമാണെന്നും അത്തരം ആചാരങ്ങൾ കോടതികൾക്ക് മാറ്റാൻ പറ്റില്ലെന്നുമാണ് വിധിയെ എതിർക്കുന്നവരുടെ പ്രധാന വാദം. എന്നാൽ അത്തരമൊരു ആചാരം മുൻകാലങ്ങളിൽ അത്ര പ്രബലമല്ലായിരുന്നുവെന്ന വിവരവും പുറത്തു വരുന്നു. ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായർ, കുഞ്ഞായിരിക്കുമ്പോൾ തന്റെ ചോറൂണ് നടന്നത് ശബരിമല ക്ഷേത്രത്തിലായിരുന്നുവെന്നും അന്ന് തന്റെ അമ്മയും ഒപ്പമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി. 
താൻ ശബരിമലയിൽ പോയിട്ടുണ്ടെന്നും തിക്കിനും തിരക്കിനുമിടയിൽ ശ്രീകോവിലിനുള്ളിലേക്ക് തെറിച്ചുവീണുവെന്നും അയ്യപ്പ വിഗ്രഹത്തിൽ തൊട്ടുവെന്നും കന്നട നടിയും ഇപ്പോൾ കർണാടക മന്ത്രിയുമായ ജയമാലയുടെ വെളിപ്പെടുത്തൽ ഉണ്ടാക്കിയ കോലാഹലവും അടങ്ങിയിട്ടില്ല. ശബരിമലയിലെ ഇപ്പറയുന്ന ആചാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമൊന്നുമില്ലെന്നും 1990 കൾ വരെ അവിടെ സ്ത്രീകൾ പോയിരുന്നുവെന്നും വാദിക്കുന്നവരുമുണ്ട്.
വിധി സുപ്രീം കോടതിയുടേതാണെങ്കിലും അത് തങ്ങളുടെ വിജയമാണെന്ന മട്ടിലായിരുന്നു ഇടതുപക്ഷക്കാരുടെയും ലിബറൽ ചിന്താഗതിക്കാരുടെയും ആവേശം. ക്ഷേത്രത്തിന്റെ കാര്യം അതിൽ വിശ്വാസമുള്ളവർക്ക് വിട്ടുകൊടുക്കുന്നതാണ് സാമാന്യ യുക്തി എന്നത് അവർ അംഗീകരിക്കുന്നില്ല. പകരം സമൂഹത്തിൽ എല്ലാ തരം മാറ്റങ്ങളും പുരോഗമനവും കൊണ്ടുവന്നത് തങ്ങളെ പോലുള്ളവരാണെന്നാണ് വാദം. 
സതി നിരോധനം, ക്ഷേത്ര പ്രവേശനം, സ്ത്രീകളുടെ മാറു മറയ്ക്കൽ തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കിയപ്പോഴും സമൂഹത്തിൽ നല്ലൊരു വിഭാഗത്തിന്റെ എതിർപ്പുണ്ടായിരുന്നുവെന്നും അവർ പറയുന്നു. മേൽപറഞ്ഞവയെല്ലാം ഇന്ത്യൻ സമൂഹത്തിൽനിന്ന് നിർമാർജനം ചെയ്യപ്പെട്ട അനാചാരങ്ങൾ തന്നെ. പക്ഷേ അതിന് കാരണക്കാർ നിരീശ്വരവാദികളോ, ഇടതുപക്ഷമോ ഒന്നുമല്ലായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. അതെല്ലാം അതേ സമുദായത്തിൽനിന്ന് ഉയർന്നുവന്ന നവോത്ഥാന പ്രവർത്തനങ്ങളായിരുന്നു. ബാഹ്യമായ മറ്റു കാരണങ്ങളും ഉണ്ടായിരുന്നിരിക്കാം. സതിക്കും ശൈശവ വിവാഹത്തിനുമെതിരെ ജനങ്ങളെ ബോധവൽക്കരിച്ച രാജാറാം മോഹൻ റോയ് ബ്രഹ്മ സമാജിന്റെ സ്ഥാപകനായ തികഞ്ഞ ഹിന്ദുവായിരുന്നു. 
ഹിന്ദുക്കളിലെ എല്ലാ ജാതിക്കാർക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നൽകുന്ന വിളംബരം പുറപ്പെടുവിച്ചത് ഹിന്ദു വിശ്വാസികൾ തന്നെയായ മുൻ രാജാക്കന്മാരും. താഴ്ന്ന ജാതിക്കാരായ ഹിന്ദു സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള അവകാശം ലഭിച്ചത് സമുദായത്തിനുള്ളിൽനിന്നു തന്നെ ഉയർന്നുവന്ന പ്രക്ഷോഭങ്ങളും മറ്റ് ചില കാരണങ്ങളും നിമിത്തമായിരുന്നു. ക്രിസ്തുമതം സ്വീകരിക്കുന്ന ഹിന്ദു സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അനുമതി നൽകിക്കൊണ്ട് ദിവാൻ കേണൽ മൺറോ പുറപ്പെടുവിച്ച ഉത്തരവ് അപകടമാണെന്ന് ഹിന്ദുക്കളിൽ തന്നെ ഒരു വിഭാഗത്തിന് തോന്നി. 
താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കൾ ധാരാളമായി ക്രിസ്തുമതത്തിലേക്കും ഇസ്‌ലാമിലേക്കും മാറുന്ന സാഹചര്യവും ക്ഷേത്രപ്രവേശനം, മാറുമറയ്ക്കൽ പോലുള്ള നടപടികൾക്ക് കാരണമായെന്നും ചരിത്രകാരന്മാർ പറയുന്നു. 
ഇപ്പോൾ മാറ് മറയ്ക്കാനല്ല, തുറന്നിടാനുള്ള അവകാശത്തിനു വേണ്ടിയാണ് ലിബറൽ ചിന്താഗതിക്കാർ ലോകത്ത് പലയിടത്തും സമരം നടത്തുന്നതെന്നതാണ് മറ്റൊരു വിരോധാഭാസം. പുരുഷന്മാരെ പോലെ സ്ത്രീകൾക്കും പൊതു സ്ഥലത്ത് മാറ് തുറന്ന് നടക്കാൻ തുല്യാവകാശം ആവശ്യപ്പെട്ട് 'ഗോ ടോപ്‌ലസ്, ഫ്രീ ദി നിപ്പിൾ' തുടങ്ങിയ സമരങ്ങളാണ് അമേരിക്കയിലെ ചില യൂനിവേഴ്‌സിറ്റികളിൽ നടക്കുന്നത്.
അതെന്തോ ആവട്ടെ. നമുക്ക് ശബരിമലയിലേക്ക് വരാം. ആചാരമാണല്ലോ പ്രശ്‌നം. അത് വിശ്വാസികളുടെ മനസ്സിൽ ഇത്രത്തോളം ആഴ്ന്നിറങ്ങിയതാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാർക്കോ, കേരളം ഭരിക്കുന്ന സർക്കാരിനോ പാർട്ടിക്കോ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങളിൽനിന്ന് മനസ്സിലാവുന്നത്. 
കേരളത്തിലെ ഏറ്റവും ജനകീയ അടിത്തറയുള്ള പാർട്ടിയാണ് സി.പി.എം എന്നാണ് വെയ്പ്. പക്ഷേ ഇവിടത്തെ ഭൂരിപക്ഷം ജനങ്ങളിൽ ആഴത്തിൽ വേരിറങ്ങിയ ഒരു വിശ്വാസത്തെക്കുറിച്ചോ അതിൽനിന്ന് നിർബന്ധിച്ച് അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചോ അവർക്ക് ശരിയാംവണ്ണം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നതാണ് സത്യം. 
അതുകൊണ്ടാണ് സുപ്രീം കോടതി വിധി വന്നയുടൻ അത് തങ്ങളുടെ കൂടി ചരിത്ര നേട്ടം എന്ന മട്ടിൽ മുഖ്യമന്ത്രിയടക്കം അതിനെ സ്വാഗതം ചെയ്തതും നടപ്പാക്കാൻ ആവേശം കൊണ്ടതും. വിധി കേട്ട് ആദ്യം അമ്പരന്നുപോയ വിശ്വാസികളായ സാധാരണ ജനങ്ങൾ ഓരോരുത്തരായി വീടുവിട്ട് തെരുവിലിറങ്ങിയതോടെ 'ഏയ് ഇത് ഞങ്ങടെ ഗർഭമല്ല' എന്ന മട്ടിലായി അവർ. പന്തളം കൊട്ടാരവുമായും തന്ത്രി കുടുംബവുമായും ചർച്ചക്കും തയാറായി. സർക്കാർ അയയുന്നു എന്ന് കണ്ടതോടെ പിടിമുറുക്കുകയാണ് മറു ഭാഗം. ചർച്ചക്കില്ലെന്നാണ് തന്ത്രി കുടുംബം പറയുന്നത്.
സ്ഥാനത്തും അസ്ഥാനത്തും വിഡ്ഢിത്തം പറയാറുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതിനിടക്ക് മറ്റൊരു വേണ്ടാതീനം കൂടി പറഞ്ഞു. സുന്നി മുസ്‌ലിം പള്ളികളിലും സ്ത്രീകളെ കയറ്റണമെന്നാണ് അദ്ദേഹത്തിന്റെ വാദം. മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്ക് വിലക്കൊന്നുമില്ലെന്ന് ഇദ്ദേഹത്തിന് അറിയില്ലായിരിക്കാം. ദിവസവും അഞ്ചു നേരം പള്ളിയിലെത്തി നമസ്‌കരിക്കാൻ സ്ത്രീകളെ നിർബന്ധിക്കുന്നതാണ് അവർക്ക് പ്രയാസമുണ്ടാക്കുക. പകരം അവർ സൗകര്യപ്രദമായി വീടുകളിൽ നമസ്‌കരിച്ചോട്ടെ എന്നേ പറയുന്നുള്ളൂ. പക്ഷേ ഹിന്ദു സ്ത്രീകളെ അമ്പലങ്ങളിലും മുസ്‌ലിം സ്ത്രീകളെ പള്ളികളിലും പറഞ്ഞുവിടാനാണ് കോടിയേരിക്ക് തിടുക്കം.
ഏതായാലും സർക്കാർ നിലപാട് തിരിച്ചടിക്കുന്നു എന്ന വ്യക്തമായ സ്ഥിതിക്ക് ഇതിനൊരു മാറ്റം വരുത്തേണ്ടതും സർക്കാർ തന്നെ. ഇതിന് വേണ്ടത് ആദ്യം സ്വന്തം നയത്തിൽ തന്നെ തിരുത്തൽ വരുത്തുകയാണ്. വിശ്വാസം, ആചാരം തുടങ്ങിയ കാര്യങ്ങളിൽ ഒരു തീരുമാനമെടുക്കും മുമ്പ്, അതുമായി ബന്ധപ്പെട്ടവരുടെ വികാരത്തെ തുറന്ന മനസ്സോടെ പരിഗണിക്കുക. ഏതെങ്കിലുമൊരു ആചാരം, അല്ലെങ്കിൽ വിശ്വാസം സമൂഹത്തിന് പൊതുവിൽ വലിയ കുഴപ്പമൊന്നും ഉണ്ടാക്കുന്നില്ലെങ്കിൽ അതിനെ അതിന്റെ വഴിക്ക് വിട്ടേക്കുക. ഇക്കാര്യത്തിൽ ഭരണഘടനാ ബെഞ്ചിൽ ഒറ്റപ്പെട്ട വിധിയെഴുതിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണമാണ് കൂടുതൽ യുക്തിഭദ്രമെന്ന് തോന്നുന്നു. 'വിശ്വാസത്തെയും ആചാരങ്ങളെയും ഒരിക്കലും യുക്തിയുമായി കൂട്ടിക്കുഴക്കരുത്. രണ്ടും രണ്ടാണ്.' അതെ, രണ്ടിനും രണ്ട് അളവുകോലാണ്. നീളമളക്കാനുള്ള മീറ്റർ കൊണ്ട് ആരും വെള്ളം അളക്കാറില്ലല്ലോ.
അതുകൊണ്ട് കേവല യുക്തിക്ക് പിറകെ പോകാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും മാനിക്കാനുള്ള വിവേകമാണ് ഇപ്പോൾ സർക്കാർ കാണിക്കേണ്ടത്. അല്ലെങ്കിൽ കുപ്പിയിൽനിന്ന് പുറത്തുവന്ന ഭൂതം അവരെ തന്നെ വിഴുങ്ങും.
 

Latest News