Friday , December   14, 2018
Friday , December   14, 2018

തിരിച്ചുവരവിനൊരുങ്ങി മാനന്തവാടി പഴശ്ശി പാർക്ക്

മാനന്തവാടി-വർഷങ്ങളായി നാശോന്മുഖമായി കിടക്കുന്ന പഴശ്ശി പാർക്ക് തിരിച്ചുവരവിന്റെ പാതയിൽ. സംസ്ഥാന ടൂറിസം വകുപ്പ്, നിർമിതി കേന്ദ്ര തുടങ്ങിയവ  കൈകോർത്ത് പാർക്ക് നവീകരണത്തിനു തുടക്കമിട്ടു. പാർക്കിലേക്കുള്ള പെഡൽ, റോവിംഗ് ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും  പൂക്കോട്ട് എത്തി.  പാർക്കിലെ പാതകൾ  ടൂറിസം വകുപ്പ്  ഇന്റർലോക്ക് ചെയ്യും. ഓഫീസ് കെട്ടിടവും പാർക്കിംഗ് ഗ്രൗണ്ടും നിർമിക്കും. കോഫി ഷോപ്പ്, ടിക്കറ്റ് കൗണ്ടർ എന്നിവ ഒരുക്കും. ദീപാലങ്കാരം നടത്തും. നിർമിതി കേന്ദ്ര കുട്ടികളുടെ പാർക്ക്, കുട്ടികൾക്കുള്ള വിനോദ  ഉപകരണങ്ങൾ, പൂന്തോട്ടം എന്നിവ ഒരുക്കും. ബോട്ട് ജെട്ടി നവീകരിക്കും. പ്രവൃത്തി പൂർത്തിയാകുന്ന മുറയ്ക്കു പാർക്കിൽ സഞ്ചാരികൾക്കു പ്രവേശനം അനുവദിക്കുമെന്നു ഡി.ടി.പി.സി മെമ്പർ സെക്രട്ടറി ബി. ആനന്ദ് പറഞ്ഞു. രാത്രി 10 വരെയായിരിക്കും പ്രവേശനം. 
മാനന്തവാടിപ്പുഴയോടു ചേർന്നു സാമൂഹിക  വനവത്കരണ വിഭാഗം നിർമിച്ച  പാർക്ക് 1994 ലാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കൈമാറിയത്. വർഷങ്ങളോളം നല്ല നിലയിൽ പ്രവർത്തിച്ച പാർക്കിന്റെ പ്രവർത്തനം 2014 ലാണ് നിലച്ചത്. പ്രളയത്തിൽ തകർന്നടിഞ്ഞ കാർഷിക മേഖലയ്ക്കു  ബദലായി ടൂറിസം മേഖലയെ വളർത്തുകയെന്ന   സർക്കാർ നയത്തിന്റെ  ഭാഗമായാണ്  പഴശ്ശി പാർക്ക് നവീകരണം.