Tuesday , May   21, 2019
Tuesday , May   21, 2019

കോഴിക്കോടിന്റെ മധുരത്തെരുവ്

ജനകീയ പലഹാരങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മധുര പലഹാരമാണ് ഹൽവ. രണ്ടു തരം ഹലുവകളാണ് പുതിയ ട്രെന്റോടെ വിപണി കീഴടക്കിയിരിക്കുന്നത്. കോഴിക്കോടൻ ഹൽവയും തിരുനൽവേലി ഹൽവയും. മെട്രോ സിറ്റികളിലും റെയിൽവേ സ്‌റ്റേഷനുകളിലും ചന്തകളിലും ഉത്സവങ്ങളിലും വലിയ മാർക്കറ്റ് നേടിയ തിരുനൽവേലി ഹൽവയുടെ രുചി ഒന്ന് മാറ്റിപ്പിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് വരൂ കോഴിക്കോടൻ ഹൽവയുടെ ജന്മനാട്ടിൽ പോയി നോക്കാം. നാട്ടിൽ വിരുന്ന് സൽക്കാര യാത്രകളിലെ പലഹാര ഗ്രൂപ്പിൽ പ്രഥമ സ്ഥാനമാണ് പരമ്പരഗത മധുര പലഹാരമായ കോഴിക്കോടൻ ഹൽവക്ക്. കോഴിക്കോടൻ ഹൽവയുടെ രുചി ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല അറബികൾക്കിടയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും ജനപ്രീതിയാർജ്ജിച്ചു വരുന്നു. പൊതുവെ കോഴിക്കോട്ടുകാരുടെ പാചക സ്വാദ് പ്രശസ്തമായതാണല്ലോ. ബിരിയാണിയുടെ സ്വാദിഷ്ട കൈപ്പുണ്യം കോഴിക്കോടൻ അടുക്കളകളുടെ മാത്രം പ്രത്യേകതയാണ്. ആ പാരമ്പര്യമാണ് കോഴിക്കോടൻ ഹൽവയുടെ കൂട്ടു ചേരുവകളിലും. 


എഴുപതിലധികം വർഷം പഴക്കമുള്ള പാളയം റോഡിനു സമീപമുള്ള ഹൽവ വ്യാപാരി മൂസക്കോയയുടെ ഉടമസ്ഥതയിലുള്ള കൽപക ബേക്കറിയിൽ ചെന്നപ്പോൾ അദ്ദേഹം സന്തോഷവാനായിരുന്നു.
നിപ്പ വൈറസും പ്രളയവും മൂലം തകർന്ന വ്യാപാരം അൽപം മെച്ചപ്പെട്ടു വരികയാണ്. പെരുന്നാളും ഓണവും മലയാളികൾ അര മുറുക്കി ആഘോഷിച്ചെങ്കിലും കോഴിക്കോടൻ ഹൽവയുടെ ആവശ്യക്കാർ അൽപം കൂടി മധുരത്തിമർപ്പിലായിരുന്നു എന്നത് ആശ്വാസമായി. 
വർഷങ്ങൾക്ക് മുമ്പേ ഞങ്ങളുടെയൊക്കെ കാരണവന്മാരുടെ പൂർവ്വികർ ഉപയോഗിച്ച നാടൻ ടെക്‌നോളജി തന്നെയാണ് ഇപ്പോഴും ഹൽവയുടെ നിർമ്മാണ തന്ത്രമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ കാലാനുസൃതമായി ഇവയുടെ ചേരുവകളിലും രുചിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആദ്യ കാലഘട്ടങ്ങളിൽ കറുപ്പ്, പച്ച,
മഞ്ഞ, ഗ്രേ കളറുകളിൽ പ്ലെയിൻ ഹലുവകളാണ് നിർമ്മിച്ചിരുന്നത്. അക്കാലത്ത്ഹൽവക്ക് നല്ല ഡിമാന്റായിരുന്നു എന്ന് വ്യാപാരികൾ ഓർക്കുന്നു. പിന്നീട് കാലാനുസൃതമായി തേങ്ങ, അണ്ടിപ്പരിപ്പ്, ബദാം മുന്തിരി, ചെറി, അത്തിപ്പഴം തുടങ്ങിയ ചേരുവകളോടെ ഹൽവകളും വിപണിയിൽ ഇറങ്ങി.  കച്ചവടത്തിനായി ചെലവ് കുറഞ്ഞ പുതിയ തന്ത്രങ്ങളും പരസ്യങ്ങളും വ്യാപരികൾ പരീക്ഷിച്ചു. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ തീവണ്ടി ഇറങ്ങി ടൗണിലേക്ക് നടക്കുന്ന യാത്രക്കാരെ ആദ്യം സ്വീകരിക്കുക സാമ്പിൾ ഹൽവ നൽകിയായിരുന്നു. യാത്രക്കാരെ വിളിച്ചു വരുത്തി നീണ്ട വാളു കൊണ്ട് അരിഞ്ഞു വലിയ കഷ്ണങ്ങൾ നൽകി റോഡിന്റെ ഇരുഭാഗത്തുമുള്ള വ്യാപരികൾ മത്സരിച്ചു. യാത്രക്കാർക്ക് ഇടക്ക് ലഭിക്കുന്ന മധുര പലഹാരം വലിയ അനുഗ്രഹമായി. അങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്ന ജനങ്ങൾക്കിടയിൽ കോഴിക്കോടൻ ഹൽവ വലിയ പ്രചാരം നേടി. രണ്ടായിരത്തി പത്ത് മുതൽ പതിനഞ്ച് വരെ ഹൽവ വ്യാപാരികളുടെ ശനികാലമായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. പ്രമേഹ രോഗികളുടെ വർധന മൂലവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും മൂലവും ആവശ്യക്കാർ കുറഞ്ഞതിനാൽ വ്യാപാരം മന്ദ ഗതിയിലായി. എന്നാൽ രണ്ടായിരത്തി പതിനഞ്ചിന് ശേഷം നിർമ്മാണമാകെ മാറ്റി മറിച്ചു പുതിയ തന്ത്രം പ്രയോഗിച്ച് വ്യാപാരം തിരിച്ചു പിടിക്കാൻ ശ്രമിച്ചു.ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന ഹൽവകളിൽ കിലോ 400 രൂപ വിലയുള്ള ഗോതമ്പ് കൊണ്ട് നിർമ്മിച്ച വിവിധ ഫ്‌ളേവർ ഹൽവക്കാണ് ആവശ്യക്കാർ കൂടുതൽ. ബേക്കറികളിൽ പ്രത്യേകം തയ്യാറാക്കിയ കണ്ണാടിക്കൂട്ടിൽ വലിയ മൊഞ്ചോടെ ഇരിക്കുന്ന അറേബ്യൻ കറുപ്പ് ഹൽവ ശർക്കര, മൈദ, ഗോതമ്പ്,അരി, കോൺഫഌവർ തുടങ്ങിയവ കൊണ്ട് ഉണ്ടാക്കിയ പല വർണങ്ങളിൽ കാണുമ്പോൾ ഏത് പ്രമേഹ രോഗികളും ഒരു സാമ്പിൾ കഷ്ണമെങ്കിലും വാങ്ങി മധുരിക്കാതെ പാളയം റോഡ് കടന്നു പോകാറില്ലെന്ന് വ്യാപാരികൾ പറയുന്നു. 


കൂടാതെ ഇളനീർ, തണ്ണിമത്തൻ ഹൽവ തുടങ്ങിയവയും ഇവരുടെ കുറ്റിച്ചിറ, സൗത്ത് ബീച്ചിലെ നിർമ്മാണ ശാലകളിൽ ഉൽപാദിപ്പിക്കുന്നു. കോഴിക്കോട്ടെ ഹൽവ വ്യാപാരികളിൽ ഇപ്പോൾ വിവിധ ഭാഗങ്ങളിലായിട്ട് അൻപത് കടകളായി ചുരുങ്ങിയെങ്കിലും എല്ലാ ചില്ലറ വ്യാപാരികളുടയും സ്വന്തമായ യൂണിറ്റിൽ നിന്നുമാണ് സ്റ്റാളുകളിലേക്ക് ഹൽവ എത്തുന്നത് എന്ന പ്രത്യേകത കൂടി കോഴിക്കോടൻ ഹൽവക്ക് അവകാശപ്പെടാൻ കഴിയും. 
ഇപ്പോൾ കേരളത്തിന്റെ പല ഭാഗങ്ങളിലും ഹൈവേ വഴിയോരങ്ങളിലും സ്റ്റാളുകൾ വ്യാപകമായതും മൂലം വ്യാപാരം ഉണർവ് നേടിയിട്ടുണ്ടെന്ന് പറയുന്നു. അതേ സമയം മിഠായിത്തെരുവിൽ വന്ന് ഹൽവ വാങ്ങിയാലേ യഥാർത്ഥ കോഴിക്കോടൻ ഹൽവ രുചിക്കാൻ കഴിയൂ എന്ന് വിശ്വസിക്കുന്നവരും വളരെ കൂടുതലാണെന്നതിന് തെളിവാണ് ദിനംപ്രതിയുള്ള തിരക്ക് സൂചിപ്പിക്കുന്നത്. 
സൂക്ഷ്മവും സത്യസന്ധവുമായ ചേരുവകൾ ദീർഘകാലമായി കോഴിക്കോടൻ ഹൽവ വ്യാപാരികളുടെ മുദ്രയാണ്. രുചിക്ക് വേണ്ടി ഏതെങ്കിലും രാസ പദാർത്ഥം സ്പർശിക്കുക പോലുമില്ലെന്ന് ഇവർ പറയുന്നു. അതുകൊണ്ടാണ് കോഴിക്കോടൻ ഹൽവയുടെ ആയുസ്സ് മറ്റു ഹലുവയേക്കാൾ ഏറിയാൽ ഒരു മാസം വരെ എന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നതും. അറബിക്കടലിന്റെ റാണി കൊച്ചിയാണെങ്കിൽ മിഠായിത്തെരുവിന്റെ റാണി കോഴിക്കോടൻ ഹൽവയാണെന്ന് പഴമക്കാർ പറയും. 

Latest News