Friday , December   14, 2018
Friday , December   14, 2018

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം പിറകിൽ -മന്ത്രി ഡോ. കെ.ടി. ജലീൽ

കോഴിക്കോട് - ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസു വരെ വൈജ്ഞാനിക രംഗത്ത് മോശമല്ലാത്ത സ്ഥാനം കേരളത്തിനുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് നമ്മുടെ സംസ്ഥാനം ഒരുപാട് സംസ്ഥാനങ്ങളുടെ പിറകിലാണെന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ. സർവകലാശാലകളിൽ നാകിന്റെ എ പ്ലസ് അക്രഡിറ്റേഷൻ ഉള്ള സർവകലാശാലയും എൻ.ഐ.ആർ.എഫിന്റെ ആദ്യത്തെ 25 റാങ്കിൽ വരുന്ന സർവകലാശാലയും കേരളത്തിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. കുന്ദമംഗലം ഗവ. കോളേജ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യ പരിശീലനം കൂടി നൽകുന്ന പഠനത്തോടൊപ്പം തൊഴിൽ എന്ന കാഴ്ചപ്പാട് കോളേജുകളിലും സർവകലാശാലകളിലും ഉണ്ടാക്കിയെടുക്കണമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാനപരമായ ഒരു മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 
അഡ്വ. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ഗോകുൽദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് കുമാർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബീന, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ.വി. ശാന്ത, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി. ബാലൻ നായർ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ. രമേശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സുനിത, എൻ.ഐ.ടി. കാലിക്കറ്റ് ഡയറക്ടർ ഡോ. ശിവാജി ചക്രവർത്തി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കോളേജിലെ വിദ്യാർത്ഥികളായ എ.എസ്. ഹാമിത, എം. പ്രിയ എന്നിവർക്ക് ഡോ. വി.എ. വസന്ത എൻഡോവ്‌മെന്റ് വിതരണം ചെയ്തു. 
എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭ്യമാക്കി 3.25 കോടി രൂപ ഉപയോഗിച്ചാണ് കുന്ദമംഗലം ഗവ. കോളേജ് അക്കാദമിക് ബ്ലോക്ക് കെട്ടിടം നിർമ്മിച്ചത്. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂരിൽ ഗ്രാമപഞ്ചായത്ത് വിലക്കെടുത്ത് നൽകിയ 5.10 ഏക്കർ സ്ഥലത്താണ് കോളേജിനായി കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഈ അധ്യയന വർഷം മുതൽ ഇവിടെ ക്ലാസുകൾ നടന്നു വരുന്നുണ്ട്. കുന്ദമംഗലം കോളേജിന് അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിക്കാൻ കിഫ്ബിയിൽ ഉൾപ്പെടുത്തി 9.75 കോടിയുടെ പദ്ധതിക്ക്  ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള ലൈബ്രറി, ഓഡിറ്റോറിയം, വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ, കാന്റീൻ, സ്റ്റാഫ് ക്വാട്ടേഴ്‌സ്, ഗാലറി അടക്കമുള്ള കളിസ്ഥലം എന്നിവയാണ് നിർമ്മിക്കുന്നത്. ഇതിന്റെ ടെണ്ടർ നടപടികൾ അവസാന ഘട്ടത്തിലാണ്. ഈ പ്രവൃത്തി കൂടി പൂർത്തിയായാൽ ജില്ലയിലെ മികച്ച ഗവ. കോളേജുകളിൽ ഒന്നായി കുന്ദമംഗലം ഗവ. കോളേജ് മാറും. എൻ.ഐ.ടിയിലെ ആർകിടെക്ച്ചറൽ വിഭാഗമാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. 
കോളേജിന് സഹായം ലഭ്യമാക്കിയ പെരുമണ്ണ, ഒളവണ്ണ, ചാത്തമംഗലം പഞ്ചായത്തുകളെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി ആദരിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൽസമ്മ ജോസഫ് അറയ്ക്കൽ, കുന്ദമംഗലം ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഡി.സജി സ്റ്റീഫൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.