Tuesday , October   16, 2018
Tuesday , October   16, 2018

ഓഹരി സൂചികയുടെ കനത്ത തകർച്ച നിക്ഷേപകരുടെ അടിത്തറ ഇളക്കുന്നു

ഓഹരി സൂചികയുടെ കനത്ത തകർച്ച നിക്ഷേപകരുടെ അടിത്തറ ഇളക്കുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങൾ തുടർച്ചയായ അഞ്ചാം വാരവും ബ്ലൂചിപ്പ് ഓഹരികളിൽ സ്യഷ്ടിച്ച വിൽപന തരംഗം ഇന്ത്യൻ മാർക്കറ്റിനെ പിടിച്ച് ഉലച്ചു. തകർച്ച തടയാൻ ആഭ്യന്തര ഫണ്ടുകൾ പണം വാരിയെറിഞ്ഞിട്ടും ഓഹരി സൂചിക രണ്ട് വർഷത്തിനിടയിലെ ഏറ്റവും കനത്ത തകർച്ചയെ നേരിട്ടു.
ബോംബെ സെൻസെക്‌സ് നാല് പ്രവൃത്തി ദിനങ്ങൾക്കിടയിൽ 1850 പോയൻറും നിഫ്റ്റി 614 പോയൻറും ഇടിഞ്ഞത് നിക്ഷേപകരെ മാനസിക പിരിമുറുക്കത്തിലാക്കി. ബോംബെ സൂചിക 25 പ്രവൃത്തി ദിനങ്ങൾക്കിടയിൽ 4600 പോയൻറും നിഫ്റ്റി 1368 പോയൻറും ഇടിഞ്ഞു.
ക്രൂഡ് ഓയിൽ വില കത്തിക്കയറിയതോടെ ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ ഇന്ത്യൻ നാണയം പിടിച്ചു നിൽക്കാനാവാതെ ചക്രശ്വാസം വലിച്ചു. ഇത് ഓഹരി സൂചികയുടെ അടിത്തറയിൽ വൻ വിള്ളലുളവാക്കി.
വിദേശ ഫണ്ടുകൾ 9522 കോടി രൂപയുടെ ഓഹരി വിറ്റു. ആഭ്യന്തര ഫണ്ടുകൾ നിക്ഷേപകരായിട്ടും തകർച്ച തടയാനായില്ല. മ്യൂച്വൽ ഫണ്ടുകൾ 6933 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിപണിയെ മറുവശത്ത് നിന്ന് വീക്ഷിച്ചാൽ ബോട്ടം ഫിഷിങിനുള്ള അവസരം ഇന്ത്യൻ ഫണ്ടുകൾ പ്രയോജനപ്പെടുത്തിയെന്ന് ആശ്വാസിക്കാം. 
ഇൻഡക്‌സിനെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തിയത് രൂപയാണ്. 72.55 ൽ നിന്ന് വിനിമയ മൂല്യം മുൻ റെക്കോർഡുകൾ തകർത്ത് 74.21 വരെ ഇടിഞ്ഞ ശേഷം 74.12 ലാണ്. ആർ. ബി. ഐ വായ്പാ അവലോകനത്തിൽ പലിശയിൽ മാറ്റം വരുത്താഞ്ഞത് വിപണിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. കേന്ദ്ര ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തി സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്ക് ഊർജം പകരുമെന്ന കണക്കുകൂട്ടലുകൾ തെറ്റിയത് ഓഹരി സൂചികയിൽ വൻ വിള്ളലുളവാക്കി. രൂപയുടെ മൂല്യം ജനുവരിക്ക് ശേഷം 17 ശതമാനം ഇടിഞ്ഞു. ഏപ്രിലിൽ 424  ബില്യൺ ഡോളറിൽ നിലകൊണ്ട വിദേശ നാണയ കരുതൽ ശേഖരമിപ്പോൾ 400 ലേയ്ക്ക് പതിച്ചു. 375 ബില്യൺ ഡോളറിലേയ്ക്ക് കരുതൽ ശേഖരം നീങ്ങാനുള്ള സാധ്യതകൾ ഇപ്പോഴുമുണ്ട്. അതായത് രൂപയുടെ മൂല്യം വീണ്ടും ഇടിയുമെന്ന സൂചനയാണ് ഇത് നൽകുന്നത്.  ക്രൂഡ് ഓയിലിന് വേണ്ടിവരുന്ന അധിക ഇറക്കുമതി ചെലവ് തന്നെയാണ് രൂപയെ ദുർബലമാക്കുന്നത്.   
സെൻസെക്‌സ് റെക്കോർഡായ 38,989.65 ൽ നിന്നും നിഫ്റ്റി 11,760.20 ൽ നിന്നുമാണ് തകർച്ചയ്ക്ക് തുടക്കം കുറിച്ചത്. പിന്നിട്ട വാരം 36,550 ൽ നിന്ന് തളർന്ന സെൻസെക്‌സ് ഒരു വേള 34,202 വരെ ഇടിഞ്ഞു. ക്ലോസിങിൽ സൂചിക 34,377 പോയന്റിലാണ്. ഈ വാരം സെൻസെക്‌സിന് 33,53,632,695  ൽ താങ്ങുണ്ട്. തിരിച്ചു വരവിന് നീക്കം നടത്തിയാൽ 35,884,37,399 ൽ പ്രതിരോധം നേരിടാം.  
   നിഫ്റ്റി 11,014 പോയൻറിൽ നിന്ന് 10,261 ലേയ്ക്ക് തകർന്ന ശേഷം വാരാന്ത്യം 10,316 പോയൻറിലാണ്. നിഫ്റ്റിക്ക് ഈ വാരം 10,046 പോയൻറ് നിർണായകമാണ്. ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 9779 ലേയ്ക്ക് സൂചിക തളരാം. മികവിന് ശ്രമിച്ചാൽ 1,07,99,11,283 ലേയ്ക്ക് സൂചിക ചുവട് വെക്കാം. സാങ്കേതികമായി നിഫ്റ്റി ഓവർ സോൾഡ് മേഖലയിലാണ്. 
ഊർജം, ഓട്ടോ, എഫ്.എം.സി.ജി, റിയൽറ്റി, ഫാർമ ഇൻഡക്‌സുകൾക്ക് നഷ്ടം നേരിട്ടു. യെസ് ബാങ്ക്, വിപ്രോ ഓഹരികൾ ഒരു ശതമാനം നേട്ടത്തിലാണ്. ഭാരതി എയർടെൽ 16.67 ശതമാനം നഷ്ടത്തിൽ 296.75 ലും. ഒ.എൻ.ജി.സി 16.51 ശതമാനം ഇടിഞ്ഞ് 146.95 രൂപയിലെത്തി. റിലയൻസ് ഇൻഡസ്ട്രീസ് 16.21 ശതമാനം ഇടിഞ്ഞ് 1049.85 രൂപയായി. മഹീന്ദ്ര ആൻറ്റ് മഹീന്ദ്ര ഓഹരി വില 12.28 ശതമാനം കുറഞ്ഞ് 768.60 രൂപയായി.

Latest News