Tuesday , December   11, 2018
Tuesday , December   11, 2018

കടുത്ത ക്ഷാമത്തിലും റബർ വില ഉയർന്നില്ല

സംസ്ഥാനത്ത് റബർ ഷീറ്റിന് രൂക്ഷമായ ക്ഷാമം നേരിട്ടെങ്കിലും നിരക്ക് വർധിപ്പിക്കാൻ ടയർ കമ്പനികൾ തയ്യാറായില്ല. കാർഷിക മേഖലകളിൽ റബർ സ്‌റ്റോക്ക് ചുരുങ്ങിയതിനാൽ വില ഉയരുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഉൽപാദകർ. എന്നാൽ ടയർ വ്യവസായികൾ ഉൽപാദകരെ നിരാശപ്പെടുത്തി ആർ. എസ്. എസ് നാലാം ഗ്രേഡ് ഷീറ്റ് 12,800 ൽ പിടിച്ചു നിർത്തി. അഞ്ചാം ഗ്രേഡ് റബർ 12,400 രൂപയായി. 
നാളികേരോൽപന്നങ്ങൾക്ക് തിരിച്ചുവരവ് സാധ്യമായില്ല. വെളിച്ചെണ്ണക്ക് പ്രദേശിക ഡിമാന്റ് ഉയരാഞ്ഞത് വിപണിയെ ബാധിച്ചു. ഒരു വശത്ത് വൻകിട മില്ലുകാർ എണ്ണ റീലിസിങിന് ഉത്സാഹിച്ചു. തമിഴ്‌നാട്ടിലെ കൊപ്രയാട്ട് വ്യവസായികൾ വെളിച്ചെണ്ണ വില ഉയർത്താൻ നീക്കം നടത്തിയെങ്കിലും അവരുടെ പ്രതീക്ഷയ്ക്ക് ഒത്ത് വിപണി ചലിച്ചില്ല. കഴിഞ്ഞ മാസം കാങ്കയത്ത് കൊപ്ര വില 10,000 ൽ നിന്ന് ഇടിഞ്ഞ അവസരത്തിൽ തന്നെ വിപണി പ്രതിസന്ധിയിൽ അകപ്പെടുമെന്ന കാര്യം വ്യക്തമാക്കിയിരുന്നു. കാങ്കയത്ത് കൊപ്ര വില ശനിയാഴ്ച 9500 രൂപയാണ്. കൊപ്ര സംഭരണ രംഗത്ത് വ്യവസായികൾ തിരിച്ചെത്തിയാൽ നാളികേരോൽപന്നങ്ങൾക്ക് കരുത്ത് വീണ്ടെടുക്കാനാവും. കൊച്ചിയിൽ വെളിച്ചെണ്ണ 14,000 രൂപയിലും കൊപ്ര 9945 രൂപയിലുമാണ്.  
ആഭ്യന്തര വിദേശ വ്യാപാരികൾ ഏലക്കയിൽ താൽപര്യം കാണിച്ചു. ലേല കേന്ദ്രങ്ങളിൽ ഏലത്തിന് ഡിമാന്റ് വർധിച്ചു. കൃഷിനാശം മൂലം ഉൽപാദനം വൻതോതിൽ കുറയുമെന്നാണ് കാർഷിക മേഖലകളിൽ നിന്നുള്ള സൂചന. അതുകൊണ്ട് തന്നെ വില ഉയർത്തി വാങ്ങലുകാർ ഏലക്ക ശേഖരിച്ചു.  ഏലത്തിന് ക്ഷാമം നേരിടുമെന്ന ആശങ്കയും വാങ്ങലുകാരിലുണ്ട്. പിന്നിട്ടവാരം മികച്ചയിനം ഏലക്ക വില കിലോ 1457 രൂപ വരെ ഉയർന്നു.
ആഭ്യന്തര ആവശ്യം കുറഞ്ഞത് ചുക്ക് വിലയെ ബാധിച്ചു. കൊച്ചി മാർക്കറ്റിൽ ചരക്ക് വരവ് കുറവാണെങ്കിലും ഡിമാന്റ് മങ്ങിയത് വിലക്കയറ്റത്തിന് തടസ്സമായി. വിവിധയിനം ചുക്ക് 17,000 18,000 രൂപയിൽ വ്യാപാരം നടന്നു.   
കുരുമുളക് വില വീണ്ടും കുറഞ്ഞു. അന്തർസംസ്ഥാന വ്യാപാരികൾ രംഗത്തുണ്ടങ്കിലും വൻ ഓർഡറുകൾക്ക് അവർ തയ്യാറായില്ല. വിദേശ അന്വേഷണങ്ങൾ നിലച്ചതിനാൽ കയറ്റുമതിക്കാർ രംഗത്തില്ല. ആഗോള വിപണിയിൽ മലബാർ വില ടണ്ണിന് 5400 ഡോളറാണ്. വിയറ്റ്‌നാമും ബ്രസീലും കുരുമുളക് താഴ്ന്ന വിലയ്ക്ക് ഉൽപന്നം രാജ്യാന്തര മാർക്കറ്റിൽ വാഗ്ദാനം ചെയ്തു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 39,100 രൂപ. 
കേരളത്തിൽ സ്വർണ വില വീണ്ടും ഉയർന്നു. 22,760 രൂപയിൽ വിൽപനയാരംഭിച്ച പവൻ 23,000 രൂപയിലെ പ്രതിരോധം തകർത്ത് ശനിയാഴ്ച 23,280 ലാണ്. ലണ്ടനിൽ സ്വർണ വില ട്രോയ് ഔൺസിന് 1192 ഡോളറിൽ നിന്ന് 1202 ലേയ്ക്ക് മുന്നേറി.

Latest News