Tuesday , October   16, 2018
Tuesday , October   16, 2018

ഫെഡറൽ ബാങ്ക് പ്രളയ ദുരിതാശ്വാസ പദ്ധതികൾ 

പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിനായി  ഫെഡറൽ ബാങ്ക് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. പ്രളയ ദുരിത ബാധിതരായ ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്കുള്ള പ്രത്യേക വായ്പാ പദ്ധതിപ്രകാരം വീട് പുതുക്കി പണിയുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്ക് സങ്കീർണ്ണതകളില്ലാത്ത പത്ത് ലക്ഷം രൂപ വരെയുളള  വായ്പ നൽകും. കുറഞ്ഞത് ഒരു വർഷമായി ഭവന വായ്പ തിരിച്ചടവ് നടത്തിവരുന്ന ഉപഭോക്താക്കൾക്ക് പുതിയ വായ്പാ പദ്ധതി പ്രകാരം അപേക്ഷ നൽകാം. 8.50 ശതമാനം പലിശ നിരക്കിലാകും വായ്പ ലഭിക്കുക. വരുമാനം സംബന്ധിച്ച പുതിയ രേഖകൾ ഒന്നും സമർപ്പിക്കാതെ തന്നെ പുതിയ വായ്പ ലഭിക്കും. അത്യാവശ്യക്കാർക്ക് ആറ് മാസം വരെ മൊറട്ടോറിയം ലഭിക്കും. പ്രത്യേക വായ്പകൾക്കുള്ള അപേക്ഷകൾ മുൻഗണനാ പരിഗണന നൽകിയും അതിവേഗ സംവിധാനത്തിലൂടെയുമാകും അനുവദിക്കുന്നത്.
പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ബിസിനസ് യൂണിറ്റുകൾക്കായി ഒട്ടേറെ ആശ്വാസ പദ്ധതികളും ബാങ്ക് പ്രഖ്യാപിച്ചു. കാർഷികവിള നഷ്ടപ്പെട്ടവർക്കും വസ്തുവകകൾ നഷ്ടപ്പെട്ടവരായ അഗ്രി, എം.എസ്.എം.ഇ യൂണിറ്റുകൾക്കായി  പുതിയ വായ്പകൾ ലഭിക്കും. കേടായ ഉപകരണങ്ങളും വസ്തുവകകളും നന്നാക്കുന്നതിനായി ആവശ്യമായ മൂലധന വായ്പയും നൽകും. 
ദുരിതബാധിതരായ എസ്.എം.ഇ ഉപഭോക്താക്കൾക്കായി പത്ത് ലക്ഷം രൂപ പ്രീ അപ്രൂവ്ഡ് വായ്പ അനുവദിച്ചു. 9.50 ശതമാനം പലിശ നിരക്കിൽ പ്രത്യേക ഗോൾഡ്‌ലോൺ അനുവദിക്കും. പ്രളയബാധിത പ്രദേശങ്ങളായ 981 ഗ്രാമങ്ങളിൽ കൃഷി, എം.എസ്.എം.ഇ, ഭവന, വിദ്യാഭ്യാസ വായ്പകൾ തിരിച്ചടവിനായി മൊറട്ടോറിയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വായ്പക്ക് ആറു മാസവും മറ്റുളളവയ്ക്ക് 12 മാസവും മോറട്ടോറിയമാണ് പ്രഖ്യാപിച്ചത്.
സർക്കാർ ധനസഹായം ലഭിച്ച ദുരിത ബാധിതരായ ഉപഭോക്താക്കളുടെ സേവിങ്‌സ് അക്കൗണ്ടുകളിലെ കുടിശ്ശികയായിരുന്ന എല്ലാ തുകയും എഴുതിത്തള്ളും. ഇക്കാലയളവിൽ മിനിമം ബാലൻസ് തുക ഈടാക്കുന്നില്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു. 


 

Latest News