Tuesday , October   16, 2018
Tuesday , October   16, 2018

കൊച്ചി സ്മാർട്ട് സിറ്റിയിൽ1200 കോടിയുടെ പാർപ്പിട പദ്ധതിയുമായി കോൺഫിഡന്റ് ഗ്രൂപ്പ് 

കൊച്ചി- കൊച്ചി സ്മാർട്ട് സിറ്റിയിലെ 15 ഏക്കറിൽ 1200 കോടി രൂപ മുടക്കി ആവാസ കേന്ദ്രങ്ങൾ നിർമിക്കുന്നതിന് കേരളത്തിലെയും ബാംഗ്ലൂരിലെയും പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൺഫിഡൻറ് ഗ്രൂപ്പ് താൽപര്യ പത്രം സമർപ്പിച്ചു.
കഴിഞ്ഞ കുറേക്കാലമായി ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും അതിന്റെ തുടർച്ചയായാണ് താൽപര്യ പത്രം കോൺഫിഡൻറ് ഗ്രൂപ്പ് സമർപ്പിച്ചതെന്നും സ്മാർട്ട് സിറ്റി സിഇഒ മനോജ് നായർ പറഞ്ഞു. ഈ ആവാസ കേന്ദ്രങ്ങൾ എവിടെയൊക്കെ നിർമിക്കണമെന്നുള്ള മുൻഗണനാക്രമം നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുമായുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ കോൺഫിഡൻറ് ഗ്രൂപ്പിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 
നൂതനമായ സംവിധാനങ്ങൾ അവലംബിക്കാനുള്ള താൽപര്യവും കൃത്യസമയത്ത് പദ്ധതികൾ പൂർത്തിയാക്കി നൽകാനുള്ള കഴിവുമാണ് കോൺഫിഡൻറ് ഗ്രൂപ്പിന്റെ താൽപര്യ പത്രം പരിഗണിക്കാൻ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
സംയോജിത ടൗൺഷിപ്പെന്ന നിലയിൽ ആസൂത്രണം ചെയ്തിട്ടുള്ള സ്മാർട്ട് സിറ്റി കൊച്ചി റെയിൽ മെട്രോയും വാട്ടർ മെട്രോയും പൂർത്തിയായാൽ  ആരും കൊതിക്കുന്ന ലക്ഷ്യസ്ഥാനമായി മാറുമെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയ് പറഞ്ഞു. 
സ്മാർട്ട് സിറ്റിയിൽനിന്ന് അനുമതി ലഭിച്ചാൽ അഞ്ചു വർഷം കൊണ്ട് ഘട്ടം ഘട്ടമായി വികസനം പൂർത്തിയാക്കും. കഴിഞ്ഞ കുറെ വർഷങ്ങളായി കാക്കനാട് ഐ.ടി ഹബ്ബിന്റെ പ്രവർത്തന പുരോഗതി തങ്ങൾ മനസ്സിലാക്കിവരികയാണെന്നും ഈ സംയോജിത ടൗൺഷിപ്പ് ഇപ്പോഴത്തെ വികസന പുരോഗതിയനുസരിച്ച് സമൂഹ ജീവനത്തിന് ഏറ്റവും ആകർഷകമായ പദ്ധതിയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


 

Latest News