Tuesday , April   23, 2019
Tuesday , April   23, 2019

സ്വകാര്യ ബസ് വ്യവസായം ലാസ്റ്റ് ട്രിപ്പോടുന്നു

ഇന്നത്തെ അവസ്ഥ തുടർന്നാൽ രണ്ട് വർഷത്തിനകം സ്വകാര്യ ബസുകൾ നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമാകുമെന്നത് സ്വകാര്യ ബസുടമകളുടെ സംഘടനയുടെ ഭീഷണി മാത്രമല്ല, സംഭവിക്കാൻ പോകുന്ന യാഥാർഥ്യമായി തീരും. കാരണം 35 ലക്ഷവും അതിലധികവും മുടക്കി ആരും വയ്യാവേലി വലിച്ചു തലയിലേറ്റില്ല.

ബസ് മുതലാളിമാർ റോഡൊഴിയുകയാണ്. ഒരു കാലത്ത് കേരളത്തിൽ പ്രവാസികൾ ഉൾപ്പെടെ തെരഞ്ഞെടുത്ത സ്വയം തൊഴിൽ മേഖലയായിരുന്ന സ്വകാര്യ ബസ്  രംഗം കുറച്ചു വർഷങ്ങളായി അനാകർഷകമായിരുന്നു. ഇപ്പോഴിതാ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലെത്തി നിൽക്കുന്നു.  
പ്രവാസം വഴിയോ അല്ലാതെയോ സംഘടിപ്പിക്കുന്ന തുക ഉപയോഗിച്ച് വാങ്ങുന്ന ബസും , ബസ് മുതലാളി എന്ന അന്തസ്സുള്ള സ്ഥാനവുമൊക്കെ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിൽ ഒരു പതിറ്റാണ്ടു മുമ്പ് വരെ  ആഘോഷിക്കപ്പെട്ടിരുന്നു. 'വരവേൽപ്' ഉൾപ്പെടെ സിനിമകൾ പോലും ഉണ്ടായി.  ഒരു ബസിൽ തുടങ്ങുന്നവർ കാണെ, കാണെ ബസുകളുടെ  എണ്ണം വർധിപ്പിക്കുന്നതും വലിയ മുതലാളിമാരാകുന്നതും കേരളം കണ്ടു. സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ പ്രത്യേക ഓഫീസ് സംവിധാനം പോലും പല ബസ് 'മുതലാളി'മാർക്കും ആവശ്യമുണ്ടായിരുന്നില്ല. കുപ്പായ കീശയായിരുന്നു അവരുടെ  ഓഫീസ്.
ബസ് മുതലാളിമാർ നാട്ടിലാകെ പെരുകി. ബസിൽ നിന്ന് തുടങ്ങി കേരളത്തിലെ എല്ലാ മേഖലകളിലേക്കും വേരിറക്കിയ കുടുംബ ബിസിനസുകാർ  പോലുമുണ്ടായി. 
ബസ് വ്യവസായം പത്രാസോടെ വെച്ചടിവെച്ചടി വളർന്നുകൊണ്ടിരുന്ന കാലം. ഒരു പതിറ്റാണ്ടെങ്കിലുമായി കാര്യങ്ങൾ കീഴ്‌മേൽ മറിയുകയായിരുന്നു.  പത്ത് കൊല്ലത്തിനിടക്ക് 20,000 ബസുകളാണ് കേരളത്തിലെ    നിരത്തുകളിൽ  നിന്ന് പിൻവലിഞ്ഞത്. 2007  ൽ 34,000 സ്വകാര്യ ബസുടമകളാണ് കേരളത്തിന്റെ നിരത്തുകളിൽ ഉണ്ടായിരുന്നത്. ഇപ്പോഴത് 14,000 ആയി ചുരുങ്ങിയെന്നാണ് ബന്ധപ്പെട്ടവർ പറയുന്ന കണക്ക്. 
ഇത്രയധികം ബസുകൾ നിരത്തിൽ നിന്ന് മാറിയപ്പോൾ എത്രയോ പേർ  തൊഴിൽ രഹിതരായി.   ഡീസലിന്റെ ഉൾപ്പെടെ വില വർധിക്കുകയും വരുമാനം കുറയുകയും ചെയ്തതാണ് ഈ  അവസ്ഥക്ക് കാരണം.  പണ്ടൊക്കെ ഡീസൽ വില വർധനവുണ്ടായാൽ സമരം ചെയ്ത് ബസ് ചാർജ് വർധിപ്പിക്കാമായിരുന്നു. വർധന ഇപ്പോൾ നിത്യേനയായതോടെ സമരമോ ബഹളമോ സാധ്യമല്ലാതായി. ഓരോ ദിവസവും ശരാശരി 20 ലധികം ബസുകൾ റോഡിൽ നിന്ന് പിൻവലിയുന്നതായാണ് കാണുന്നത്.  ഡീസൽ വില വർധിക്കുന്തോറും ബസുടമകളുടെ ചങ്കിടിപ്പ് കൂടുന്നു.  എങ്ങനെയെങ്കിലും ഒന്നു തലയൂരിയാൽ കൊള്ളാം എന്ന മാനസികാവസ്ഥയിലാണിപ്പോൾ സ്വകാര്യ ബസുടമകൾ. 
അതിനായി അവർ സ്‌റ്റോപേജ് മെമ്മോ നൽകി കാത്തിരിക്കുന്നു. 1200 ബസുകളാണ് ഈ മാസം അവസാനത്തോടെ ലാസ്റ്റ് ട്രിപ്പ് ഓടാൻ കാത്തിരിക്കുന്നത്. സ്‌പെയർ പാട്‌സുകളടക്കം എല്ലാത്തിനും ദിനം പ്രതി വില വർധിക്കുകയല്ലാതെ കുറയുന്ന അവസ്ഥയില്ല. വരുമാനത്തിൽ അൽപം പോലും വർധനയില്ലെന്നാണ് ബസുടമകളുടെ ദീർഘനാളായുള്ള പരാതി. ഒരു ദിവസം 2000 രൂപയെങ്കിലും മിച്ചം വന്നാൽ മാത്രമേ പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളൂ. പല ബസുകളുടെയും വരുമാനം മിക്ക ദിവസങ്ങളിലും 500 ലൊക്കെ നിൽക്കുന്നു.  800 കിട്ടിയാലായി. 35 ലക്ഷമാണ് ഇപ്പോൾ ഒരു ബസിന്റെ വില. ഇത്രയും വലിയ തുക മുടക്കുന്നവർക്ക് ദിവസം 2000 രൂപയെങ്കിലും മിച്ചം കിട്ടാതിരുന്നാൽ എന്തു ചെയ്യും? സ്വകാര്യ ബസുകളുടെ ആവശ്യം ശ്രദ്ധിക്കാനൊന്നും സർക്കാർ സംവിധാനത്തിനും സമയമില്ല. കെ.എസ്.ആർ. ടി.സി നടത്താൻ പാടുപെടുന്ന സർക്കാരിന് സ്വകാര്യ ബസുകാരുടെ കാര്യം നോക്കാൻ എവിടെ നേരം.
സ്വകാര്യ വാഹനങ്ങളുടെ ആധിക്യവും ബസ് വരുമാനം കുറയാൻ കാരണമായിട്ടുണ്ട്. ഡ്രൈവിംഗ് അറിയാത്തവരും അന്യസംസ്ഥാന തൊഴിലാളികളും മാത്രമാണിപ്പോൾ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. 
ഇന്നത്തെ അവസ്ഥ തുടർന്നാൽ രണ്ട് വർഷത്തിനകം സ്വകാര്യ ബസുകൾ നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമാകുമെന്നത് സ്വകാര്യ ബസുടമകളുടെ സംഘടനയുടെ ഭീഷണി മാത്രമല്ല. സംഭവിക്കാൻ പോകുന്ന യാഥാർഥ്യമായി തീരും. കാരണം 35 ലക്ഷവും അതിലധികവും മുടക്കി ആരും വയ്യാവേലി വലിച്ചു തലയിലേറ്റില്ല. ഒരു റൂട്ട് കൈവശപ്പെടുത്തിയാൽ ആ വഴിക്ക് ബസോടിക്കൽ നിർബന്ധമാണ്. അതൊന്നു നിർത്തിക്കിട്ടലാണ് ഇന്ന് ഒട്ടുമിക്ക ബസുടമകളും ആഗ്രഹിക്കുന്നത്. അതിനാണവർ സ്റ്റോപേജ് മെമ്മോ നൽകി കാത്തിരിക്കുന്നത്. 
നവംബർ ഒന്നു മുതൽ സ്വകാര്യ ബസുകാർ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നൂറായിരം കാര്യങ്ങൾക്കിടയിൽ സർക്കാരിന് അതൊന്നും ശ്രദ്ധിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അത്തരത്തിലുള്ള സൂചന വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നൽകിക്കഴിഞ്ഞു. 
കേരളത്തിലെ മിക്കയിടങ്ങളിലും സ്വകാര്യ ബസ് തന്നെയാണ് ഇപ്പോഴും സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർ ഉപയോഗിക്കുന്ന പൊതുഗതാഗത സംവിധാനം. ആരും ശ്രദ്ധിക്കാതെ ആ സംവിധാനത്തെ ഇങ്ങനെ ഇല്ലാതായിപ്പോകാൻ അനുവദിക്കരുത്. പൊതു വാഹനം എന്ന നിലക്ക് അവർ നിർവ്വഹിക്കുന്നത് പൊതുജന സേവനം കൂടിയാണെന്ന് മറക്കരുത്. വൻ ലാഭമുണ്ടാക്കാനൊന്നും കഴിയില്ലായിരിക്കാം. പ്രവർത്തന ചെലവും നടത്തുന്നവർക്ക് ജീവിക്കാനുള്ള വരുമാനവുമെങ്കിലും  ലഭ്യമാക്കാൻ സാധിക്കേണ്ടതുണ്ട്. നികുതിയിളവ്, ചാർജ് വർധന എന്നിവയൊക്കെയാണ് ബസുടമകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ. ആവശ്യങ്ങളുടെ ന്യായാന്യായങ്ങൾ പരിശോധിക്കേണ്ടത് സർക്കാരാണ്. റോഡിൽ നിന്ന് പിൻവലിഞ്ഞ സ്വകാര്യ ബസുകാർ ഇനിയുമൊരു പരീക്ഷണത്തിനിറങ്ങുമെന്ന് തോന്നുന്നില്ല. സ്വകാര്യ ബസുകൾ ഓട്ടം നിർത്തുന്ന അവസ്ഥ വരാതെ നോക്കുകയാണ് അഭികാമ്യം. 

Latest News