Tuesday , May   21, 2019
Tuesday , May   21, 2019

ന്യൂസ് റൂമിലെ ആദ്യ സൗദി വനിത

എഴുപതുകളുടെ തുടക്കത്തിൽ ഉക്കാദ് ദിനപ്പത്രത്തിലൂടെയാണ് ഹുദ അൽറശീദ് മാധ്യമപ്രവർത്തനത്തിന് തുടക്കമിട്ടത്. ഉക്കാദിൽ ഖീഥാറതി എന്ന പേരിൽ പ്രതിവാര പംക്തി കൈകാര്യം ചെയ്തിരുന്നു. ജിദ്ദ റേഡിയോയുമായും ഇവർ സഹകരിച്ചിരുന്നു.

സൗദി വനിതകൾ അടക്കമുള്ള മഹിളകൾ അറബ് ടി.വി ചാനലുകളിൽ സ്ഥിരസാന്നിധ്യമാകുന്നതിനു മുമ്പ് എഴുപതുകളിൽ അറബ് പ്രേക്ഷക ഹൃദയം കീഴക്കിയ ന്യൂസ് റീഡറാണ് ഹുദ അൽറശീദ്. 1965 ജൂലൈയിലാണ് സൗദി ടി.വി ഒന്നാം ചാനൽ സംപ്രേഷണം ആരംഭിച്ചത്. പഴയ കാലത്ത് സൗദി ചാനലിൽ വാർത്തകൾ വായിക്കുകയും സംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തവരെ കുറിച്ച ഓർമകൾ പ്രേക്ഷകരിൽ തട്ടിയുണർത്തുന്ന ക്ലിപ്പിംഗുകളും ഗാനശകലങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ ഉപയോക്താക്കൾ ഇടക്കിടക്ക് പങ്കുവെക്കാറുണ്ട്. 
ഇന്നും ടി.വി പ്രേക്ഷകർ മറക്കാത്ത, പഴയകാല ന്യൂസ് റീഡർമാരിൽ പ്രധാനിയാണ് സൗദി ന്യൂസ് റീഡർ ഹുദ അൽറശീദ്. 1974 ൽ സൗദി ചാനലിൽ അറബിയിലുള്ള വാർത്തകൾ അവതരിപ്പിച്ച ആദ്യ വനിതാ ന്യൂസ് റീഡറായിരുന്നു ഹുദ. ഇവർ പിന്നീട് ബി.ബി.സി റേഡിയോ അറബി വിഭാഗത്തിലേക്ക് മാറി. 
ഹുനാ ലണ്ടൻ എന്ന പേരിലുള്ള ബി.ബി.സി പ്രോഗ്രാമിൽ ന്യൂസ് റീഡറായി സേവനമനുഷ്ഠിച്ച ആദ്യ ഗൾഫ് വനിതയാണിവർ. പ്രശസ്തമായ ബിഗ്‌ബെൻ ഘടികാരത്തിന്റെ മണിമുഴക്കത്തിനു തൊട്ടുമുമ്പ് പരിപാടിയുടെ ശീർഷകമായ ഹുനാ ലണ്ടൻ; എന്ന വാചകം ഹുദ അൽറശീദിന്റെ കണ്ഠത്തിലൂടെ പ്രേക്ഷക മനസ്സുകളിൽ പ്രകമ്പനം കൊള്ളിച്ചിരുന്നു. ഇവരുടെ പിതാവ് അബ്ദുൽ മുഹ്‌സിൻ ബിൻ സ്വാലിഹ് അൽറശീദ് 1950 ൽ റിയാദ് ബലദിയ മേധാവിയായിരുന്നു. 
എഴുപതുകളുടെ തുടക്കത്തിൽ ഉക്കാദ് ദിനപ്പത്രത്തിലൂടെയാണ് ഹുദ അൽറശീദ് മാധ്യമപ്രവർത്തനത്തിന് തുടക്കമിട്ടത്. ഉക്കാദിൽ ഖീഥാറതി എന്ന പേരിൽ പ്രതിവാര പംക്തി കൈകാര്യം ചെയ്തിരുന്നു. ജിദ്ദ റേഡിയോയുമായും ഇവർ സഹകരിച്ചിരുന്നു. റേഡിയോ നിലയത്തിൽ പരിപാടികൾ അവതരിപ്പിച്ചിരുന്ന അലി അൽബുഅ്ദാനിയാണ് ഹുദ അൽറശീദിന് റേഡിയോ നിലയത്തിലേക്ക് വഴികാണിച്ചത്. ഹുദ അൽറശീദിനെയും സഹോദരനെയും അലി അൽബുഅ്ദാനിയാണ് റേഡിയോ നിലയത്തിലെത്തിച്ചത്. റേഡിയോ നിലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരായ ബദ്ർ കരീമും അബ്ദുറഹ്മാൻ യഗ്മൂറും ആണ് ഹുദയെ ഇന്റർവ്യൂ ചെയ്തത്. കഴിവുകൾ വിലയിരുത്തുന്നതിനുള്ള ആദ്യ പരീക്ഷയിൽ തന്നെ ഹുദ വിജയിച്ചു. രണ്ടു വർഷത്തോളം ഹുദ അൽറശീദ് ജിദ്ദ റേഡിയോയുമായി സഹകരിച്ചു. വാക്കും പ്രവൃത്തിയും എന്ന് പേരിട്ട രാഷ്ട്രീയ ഫയലുകളും പ്രശസ്ത കവി താഹിർ സമഖ്ശരിക്കൊപ്പം കവിതയും സംസ്‌കാരവും വിശകലനം ചെയ്യുന്ന മറ്റൊരു പരിപാടിയും ഇവർ ജിദ്ദ റേഡിയോയിൽ കൈകാര്യം ചെയ്തു. റേഡിയോ, ടി.വി ആസ്ഥാനത്ത് വനിതകളുടെ ജോലിയെ സമൂഹം സംശയത്തോടെ വീക്ഷിച്ചിരുന്ന അക്കാലത്ത് മാധ്യമമേഖലയിലെ ജോലിക്ക് ഉയർന്ന നൈപുണ്യവും വലിയ ക്ഷമയും അഭിനിവേശവും വെല്ലുവിളികൾ നേരിടുന്നതിനുള്ള ഇച്ഛാശക്തിയും ആവശ്യമായിരുന്നു. ഇക്കാലത്ത് ഇംഗ്ലീഷ് ഭായിൽ ഹുദ അൽറശീദ് ബ്രിട്ടനിൽ രണ്ടര മാസത്തെ പ്രത്യേക പരിശീലനം നേടി. ഇവിടെ വെച്ച് പ്രശസ്ത റേഡിയോ മാധ്യമപ്രവർത്തകൻ മുനീർ ശമ്മയുടെ ഭാര്യയെ പരിചയപ്പെട്ടു. മുനീർ ശമ്മയുടെ ഭാര്യയായിരുന്നു ഇംഗ്ലീഷ് പരിശീലന കോഴ്‌സിന്റെ സൂപ്പർവൈസർ. റേഡിയോ നിലയത്തിലെ ജോലികൾ അടുത്തു നിന്ന് മനസ്സിലാക്കുന്നതിന് ബി.ബി.സി റേഡിയോ നിലയം സന്ദർശിക്കുന്നതിന് മുനീർ ശമ്മയുടെ ഭാര്യ ഹുദയോട് ആവശ്യപ്പെട്ടു. ഈ സന്ദർശനത്തിടെ ബി.ബി.സി അധികൃതർ അവർക്കു മുന്നിൽ നിയമന ലെറ്ററും അത് പൂരിപ്പിക്കുന്നതിനുള്ള പേനയും വെച്ചു. പഠനം പൂർത്തിയായതിനാൽ സമയക്കുറവ് ചൂണ്ടിക്കാട്ടി ബി.ബി.സിയിലെ ജോലി ഏറ്റെടുക്കുന്നതിനുള്ള പ്രയാസം ഹുദ സൂചിപ്പിച്ചു. എന്നാൽ ഇന്റർവ്യൂവും നിയമന നടപടികളും ജിദ്ദയിലെ ബ്രിട്ടീഷ് കോൺസുലേറ്റിൽ വെച്ച് പൂർത്തിയാക്കാമെന്ന ഓഫർ ബി.ബി.സി ഉദ്യോഗസ്ഥർ ഹുദക്കു മുന്നിൽ വെച്ചു. 


ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയ ശേഷം ചില സാഹചര്യങ്ങൾ മൂലം സൗദി റേഡിയോയിലെ ജോലിയിൽ നിന്ന് ഇവരെ ഒഴിവാക്കി. ഇതോടെയാണ് വിദേശത്ത് പുതിയ വെല്ലുവിളികൾ നേരിടുന്നതിനുള്ള പുതിയ യാത്ര ഇവർ ആരംഭിച്ചത്. നാടും വീടും വിട്ട് കഴിയേണ്ടിവരുമെന്നതും ജോലിയിൽ പരാജയമായിരിക്കുമെന്ന പിതാവിന്റെ പ്രവചനവും തുടക്കത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളായിരുന്നു. എന്നാൽ അറബ് ലോകത്ത് ഏറെ വിശ്വാസ്യതയുണ്ടായിരുന്ന ബി.ബി.സി അറബി റേഡിയോ നിലയത്തിൽ നിന്ന് ഹുദ അൽറശീദിന്റെ ശബ്ദം പ്രകമ്പനം കൊള്ളിച്ച് കാതുകളിൽ ഒഴുകിയെത്താൻ തുടങ്ങിയതോടെ തന്റെ മുൻ ധാരണ പിതാവിന് വൈകാതെ മറ്റേണ്ടിവന്നു. സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുന്നതിനിടെ റേഡിയോയിലേക്ക് വിരൽ ചൂണ്ടി ഇത് എന്റെ മകളാണെന്ന് പിതാവ് അഭിമാനത്തോടെ പറയാറുണ്ടായിരുന്നെന്ന് പിതാവിന്റെ മനംമാറ്റത്തെ കുറിച്ച് ഹുദ വെളിപ്പെടുത്തുന്നു. 
സ്ഥാപന കാലത്ത് സൗദി റേഡിയോയിലേക്കും ടി.വിയിലേക്കും ഏറ്റവും കഴിവുറ്റ ന്യൂസ് റീഡർമാരെയും ആങ്കർമാരെയുമാണ് തെരഞ്ഞെടുത്തിരുന്നത്. ഇതിനുള്ള ശക്തമായ സൂചനയാണ് ബി.ബി.സിയിലേക്കുള്ള ഹുദയുടെ റിക്രൂട്ട്‌മെന്റ്. പ്രേക്ഷകരും ശ്രോതാക്കളും വിസ്മരിക്കാത്ത ഏണ്ണമറ്റ പ്രമുഖരെ തുടക്ക കാലത്ത് സൗദി ടി.വിയിലേക്കും റേഡിയോയിലേക്കും തെരഞ്ഞെടുത്തിരുന്നു. അറബ് ലോകത്ത് താരത്തിളക്കം നൽകിയ ബി.ബി.സിയിലെ ജോലിക്കിടെയും തന്റെ പഠനം ഹുദ അൽറശീദ് മാറ്റിവെച്ചിരുന്നില്ല. ലണ്ടനിലെ താമസ കാലത്ത് ബെക്കിംഗ്ഹാം യൂനിവേഴ്‌സിറ്റിയിൽ നിന്ന് മീഡിയയിൽ ബാച്ചിലർ, മാസ്റ്റർ ബിരുദങ്ങൾ നേടി. ലണ്ടൻ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഭാഷയിലും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മാധ്യമപ്രവർത്തനത്തിനു പുറമെ സാഹിത്യ മേഖലയിലും ഇവർ ഒരു കൈ നോക്കിയിരുന്നു. ഗദൻ യകൂനുൽ ഖമീസ് എന്ന് പേരിട്ട ആദ്യ നോവൽ 1974 ൽ പ്രസിദ്ധീകൃതമായി. 'അബഥ്' എന്ന പേരിലുള്ള രണ്ടാമത്തെ നോവൽ 1980 ൽ പുറത്തിറങ്ങി. 'ത്വലാഖ്' എന്ന പേരിൽ 1993 ൽ നാടകം രചിച്ചു. 2008 ൽ 'മിനൽഹുബ്ബ്' എന്ന പേരിൽ മൂന്നാമത്തെ നോവലും 2012 ൽ അശ്ശൈതാൻ അഹ്‌യാനൻ ഇംറഅഃ എന്ന നോവലും പ്രസിദ്ധീകരിച്ചു. 

Latest News