Tuesday , May   21, 2019
Tuesday , May   21, 2019

നിശ്ശബ്ദ പ്രണയത്തിന്റെയും കലഹത്തിന്റെയും കഥകൾ

ദമാമിൽ പ്രവാസ ജീവിതം നയിക്കുന്ന ആർ. ഷഹിനയുടെ കഥകളെ കുറിച്ച് 

സ്വന്തത്തോടുള്ള കലഹവും അതിൽ നിന്ന് രൂപപ്പെടുന്ന അശാന്തിയുമാണ് എഴുത്തുകാരനെ/ എഴുത്തുകാരിയെ നിലപാടുകളിലേക്ക് നയിക്കുന്നത്. ജീവിത പരിസരങ്ങളിലെ അലോസരപ്പെടുത്തുന്ന കാഴ്ചകൾ നിരന്തരം സൃഷ്ടിക്കുന്ന അശാന്തിയും തുടർന്നു വരുന്ന ചിന്തകളും കരുത്തുള്ള കഥകളായി രൂപപ്പെടുമ്പോൾ അത്തരം എഴുത്തിന് സ്വീകാര്യത കൈവരുന്നു. കഥയും വായനക്കാരനും തമ്മിലുള്ള വായനയുടെ രസതന്ത്രത്തെ കൃത്യമായി നിർവചിക്കാനാവില്ലെങ്കിലും പുതിയ കാലം എഴുത്തുകാരനെ കൂടുതൽ ജാഗ്രതയോടെ എഴുത്തിനെ സമീപിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇത് ഉൾക്കൊള്ളാത്ത എഴുത്തുകാർ എഴുത്തു നിർത്തണമെന്ന പക്ഷത്താണ് ഇന്നത്തെ വായനക്കാർ. പുതിയ കാലവും പുതിയ ജീവിതവും അതിന്റെ പരിസരവും എഴുത്തുകാരന് വെല്ലുവിളിയാണ്. 
ഇവിടെയാണ് സ്വന്തത്തോടുള്ള കലഹം പ്രസക്തമാകുന്നതും ഉറച്ച നിലപാടുകൾ രചനകളിൽ കാത്തുവെക്കാൻ നിർബന്ധിതമാകുന്നതും. അതാകട്ടെ, കെട്ടുകാഴ്ചക്ക് അപ്പുറത്തേക്ക് കടന്നു പോയില്ലെങ്കിൽ  എളുപ്പത്തിൽ വായനക്കാരൻ തിരസ്‌കരിക്കുകയും ചെയ്യും. ഈ തിരിച്ചറിവാണ് പുതിയ എഴുത്തുകാരിൽ ശ്രദ്ധേയയായ ആർ. ഷഹിനയുടെ കഥകളെ വ്യത്യസ്തമാക്കുന്നത്. അവതാരികയിൽ പി.ജെ.ജെ. ആന്റണി പറയുന്നതു പോലെ അലസ വായനയിൽ തെറ്റിദ്ധരിപ്പിക്കാൻ പോന്നവയാണ് ഷഹിനയുടെ കഥകൾ. അതേ സമയം തീർച്ചയായും ഗൗരവ വായനയിൽ പുതിയ കഥാസമാഹാരമായ 'പതിച്ചി'യിലെ പല കഥകളും വേറിട്ട വായനാനുഭവം തന്നെയാണ്. സി.ഇ. സുനിലിന്റെ പഠന സഹിതമാണ് ഈ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
ആർ. ഷഹിന ഭർത്താവ് അനീഷിനോടും മകൾ നൈഷയോടുമൊപ്പം ദമാമിൽ പ്രവാസം അനുഭവിക്കുന്ന വീട്ടമ്മയാണ്. അഭിഭാഷകയാണ്. ആ നിലക്ക് ഷഹിനയെ പ്രവാസി എഴുത്തുകാരിയെന്ന് വിളിക്കുന്നതിലും ആ ചതുരത്തിൽ പെടുത്തുന്നതിലും അർഥമില്ല. അല്ലെങ്കിൽ തന്നെ എഴുത്തിൽ പ്രവാസി എഴുത്തെന്നും അല്ലാത്ത എഴുത്തെന്നുമുള്ള വിഭാഗിയതയില്ല. മുഖ്യധാരാ പത്രങ്ങളുടെ ഗൾഫ് എഡിഷനുകൾ സൃഷ്ടിച്ചതാണ് ഈ ചേരി തിരിവ്. ആണെഴുത്തും പെണ്ണെഴുത്തും പിന്നെ പ്രവാസി എഴുത്തും എന്ന നിലയിൽ കള്ളികൾ തീർക്കപ്പെട്ടു. കഥകൾ ഇത്തരം കള്ളികൾക്ക് അകത്ത് തളക്കപ്പെടേണ്ടതല്ല. 
നിങ്ങൾ പുതിയ കഥകൾ വായിക്കു. മലയാള കഥകൾ വിശ്വം തൊട്ട് വളർന്നിരിക്കുന്നു. പുതിയ എഴുത്തുകാർ ശരിയായ മാജിക്കാണ് കഥയിൽ കാണിക്കുന്നത്. ഷഹിനയുടെ കഥകളിലും ഈ മാറ്റത്തിന്റെ വെളിച്ചമുണ്ട്. സൂചനകളുണ്ട്. നല്ല ഇമേജുകളുമുണ്ട്. അതേ സമയം പ്രമേയം ആവശ്യപ്പെടുന്ന തരത്തിൽ കഥകൾ വികസിപ്പിച്ചെടുത്തിട്ടില്ലെന്ന പോരായ്മയുമുണ്ട്. ചില കഥകളിൽ അനാവശ്യമായ തിടുക്കം കാണിച്ചിട്ടുണ്ട്. എന്നാൽ ഈ സമാഹാരത്തിലെ തീരെ ചെറിയ കഥയായ മൂക്കുത്തി  കൃത്യമായ ടെയിക്ക് ഓഫും ലാന്റിംഗുമാണ് കാണിച്ചു തരുന്നത്. അതിമനോഹരമാണ് ഈ കഥ. ജലാലുദ്ദീൻ റൂമിയുടെ ചെറു കവിതകളെ ഓർമിപ്പിക്കുന്ന ഈ കൊച്ചു കഥ പ്രിയപ്പെട്ടവൻ സമ്മാനമായി തന്ന മൂക്കുത്തി ഒരിക്കൽ കൂടി അണിയാനും അവസാന ശ്വാസം അതിൽ തൊട്ടു വേണം യാത്രയാകാനെന്നും  ആഗ്രഹിക്കുന്ന  പ്രണയാതുരമായ ഒരു മനസ്സിന്റെ നേർചിത്രമാണ്.  വിശുദ്ധ പ്രണയത്തിന്റെ ഈ ചെറു കാഴ്ച വായനക്കാരന്റെ മനസ്സിനെ സ്പർശിക്കുന്നു. പ്രണയം കടന്നു വരുന്ന കഥകൾ ഈ സമാഹാരത്തിൽ വേറെയുമുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ കെട്ടുകാഴ്ചകളേക്കാൾ കുടുംബം തരുന്ന സ്വാസ്ഥ്യത്തെ കുറിച്ചാണ് ഷഹിന കരുതലോടെയും ലാളിത്യത്തോടെയും പറയുന്നത്. 
സമീപ കാലത്ത് വായിച്ച പത്തോളം മികച്ച കഥകളിൽ (അതിൽ ഷഹിനയുടെ മുൻതലമുറ എഴുത്തുകാരനായ അശോകൻ ചരുവിലിന്റെ 'യുദ്ധാനന്തര വംശങ്ങളും' ആർ. ഉണ്ണിയുടെ 'സങ്കട'വും ഉൾപ്പെടും) ഒന്നാണ്  ഈ സമാഹാരത്തിലെ പതിച്ചിയെന്ന കഥ. സ്ത്രീയുടെ ഉൾവലിയലുകളിൽ നിന്ന് തുടങ്ങി കുതറിച്ചാടാൻ വെമ്പുന്ന മനസ്സിന്റെയും ശരീരത്തിന്റെയും സ്വാതന്ത്ര ദാഹം വരെ ദാർശനികമായി അവതരിപ്പിക്കുന്ന ഈ കഥ മലയാളത്തിലെ പുതിയ കഥയുടെ കൈയൊപ്പാണ്.  
പ്രസവത്തിന് നാട്ടിലെത്തുന്ന പ്രവാസി വീട്ടമ്മയുടെ പ്രസവാനന്തര ശുശ്രൂഷക്ക് എത്തുന്ന സാധാരണക്കാരിയായ പതിച്ചിയുടെ ചിന്തകളും വിചാരങ്ങളുമാണ് ഈ കഥയുടെ ഇതിവൃത്തം. അസാധാരണമായ കൈയടക്കത്തോടെ എഴുതിയിരിക്കുന്ന ഈ കഥ മുന്നോട്ടു വെക്കുന്ന സ്ത്രീപക്ഷ ചിന്തകളിൽ കൃത്യമായ രാഷ്ട്രീയവുമുണ്ട്. ശരീരവും മനസ്സും തമ്മിലുള്ള  ക്രയവിക്രയങ്ങളിലേക്കും സംവേദനങ്ങളിലേക്കും തുറക്കപ്പെടുന്ന ജാലകമാണ് ഈ കഥ. ശരീരം കൊണ്ട് ഭർത്താവിനെയും മനസ്സു കൊണ്ട് കാമുകനെയും സ്‌നേഹിക്കണമെന്നും ശരീരത്തിന്റെ ഓഹരി വിപണി ഇടിഞ്ഞു വീഴാതെ നോക്കണമെന്നും പറയുന്ന പതിച്ചിക്ക് വീട്ടമ്മ നൽകുന്ന മറുപടി എന്റെ കാമുകൻ തന്നെയാണ് എന്റെ ഭർത്താവെന്നാണ്. ഈ കഥ ലാവണ്യപരമായും മുന്നിട്ട് നിൽക്കുന്നു. 
പെൺപ്രവാസം അടയാളപ്പെടുത്തുന്ന ആദ്യ കഥയായ 'ഗുഹയിലും സമകാലിക  സ്ത്രീ മനസ്സിനെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ പ്രണയമെന്ന കഥയിലും സ്ത്രീയുടെ നിലപാടുകൾ കാണാം. ഭ്രാന്ത് എന്ന കഥയിൽ ഇന്നത്തെ പെൺകുട്ടികൾ എവിടെയാണ് സുരക്ഷിതയെന്ന ചോദ്യം ഉയർത്തുന്നു ഷഹിന.  നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് തന്നോട് തന്നെ കലഹിക്കുന്ന ഈ കഥാകാരിയിൽ നിന്ന് ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കാം. 
കോഴിക്കോട് ബാഷൊ ബുക്‌സാണ് പ്രസാധകർ. വില 70 രൂപ 


 

Latest News