Sunday , June   16, 2019
Sunday , June   16, 2019

പ്രളയകാലത്തെ അഛാ ദിൻ 

മോഡിജി ഭരിച്ചാൽ അഛാ ദിൻ വരുമെന്ന് പറഞ്ഞിട്ട് ഇപ്പോഴെന്തായി എന്ന് ചോദിക്കുന്നവരുണ്ട്. ചരിത്രബോധമില്ലാത്ത കൂട്ടരാണിവർ. പത്ത് വർഷം മുമ്പ് ഇന്ത്യയുടെ നൂറ് രൂപയ്ക്ക് പത്ത് സൗദി റിയാൽ വരെ കൊടുക്കേണ്ടിയിരുന്നു. ഇപ്പോഴിതാ ഒരു യു.എസ് ഡോളർ സമം എഴുപത്തിമൂന്ന് രൂപ എന്ന നിരക്കിലെത്തിയിരുക്കുന്നു. ഇന്ത്യയിലെ പെട്രോൾ-ഡീസൽ നിരക്കുകൾ പോലെ സൗദി റിയാലും യു.എ.ഇ ദിർഹവും ആര് മുമ്പിൽ എന്ന വാശിയിലാണ്. ഗൾഫ് രാജ്യങ്ങളിലെ രണ്ട് പ്രധാന കറൻസികളും ഇരുപത് ഇന്ത്യൻ രൂപയുടെ അടുത്തായി സ്ഥാനമുറപ്പിച്ചിരിക്കുന്നു. ഡോളർ നൂറ് രൂപയിലും റിയാലും ദിർഹവും ഇരുപത്തിയഞ്ച് രൂപയിലും പെട്ടെന്ന് എത്തിച്ചേരുമെന്ന് പ്രവചിക്കുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. ഇപ്പോഴാണ് പ്രധാനമന്ത്രിജി വിദേശ പര്യടനങ്ങൾ നടത്തിയതിന്റെ പൊരുൾ വ്യക്തമായത്. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ ജീവിത പ്രയാസങ്ങൾ അദ്ദേഹം മനസ്സിലാക്കി. നാലും അഞ്ചും കൊല്ലമായിട്ടും ഇൻക്രിമെന്റൊന്നും ലഭിക്കാതെ വലയുന്ന പ്രവാസിയെ ഇങ്ങിനെയല്ലാതെ എങ്ങിനെയാണ് സഹായിക്കുക. പ്രവാസികളുടെ ക്ഷേമം മാത്രമേ ശ്രദ്ധിക്കുന്നുവെന്നുള്ള പരാതി ആർക്കുമില്ലാതിരിക്കാൻ നാട്ടിലെ ഇന്ധന വിലക്കയറ്റത്തിൽ ഇളവ് വരുത്തിയിട്ടുമുണ്ട്. എണ്ണ കമ്പനികൾക്ക് 9000 കോടി രൂപയുടെ നഷ്ടമുണ്ടാവുന്നുവെന്നത് ഗൗനിക്കാതെയാണ് ഒരു ലിറ്റർ പെട്രോളിന് രണ്ടര രൂപ എന്ന നിരക്കിൽ ഇളവ് അനുവദിച്ചത്. ഇത് അഛാദിൻ അല്ല, ബഹുത് അഛാ ദിൻ ആണ്. ദേശ് വാസിയോം ആഘോഷിപ്പിൻ.
*** *** ***
നൂറ്റാണ്ടിലെ ഭീകര പ്രളയത്തിനാണ് കേരളം കഴിഞ്ഞ വാരങ്ങളിൽ സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തെ ഭരണകക്ഷിയും പ്രതിപക്ഷവും മറ്റെല്ലാവരും സാഹചര്യത്തിന്റെ പ്രത്യേകത കണ്ടറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചു. അടിയന്തര ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പുറപ്പെടാൻ പദ്ധതിയിട്ട മുഖ്യമന്ത്രി പിണറായി വിജയൻ യാത്രാ പരിപാടി ഒരു മാസത്തേക്ക് മാറ്റിവെച്ചു. സംസ്ഥാനത്തെ ഭരണ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. കലക്ടറേറ്റ് കൺട്രോൾ റൂമുകൾ 24 മണിക്കൂറും സജീവമായി. പ്രതിസന്ധി ഘട്ടത്തിൽ കപ്പിത്താനെ പോലെ പെരുമാറിയ മുഖ്യമന്ത്രി നിത്യേന രണ്ട് വീതം പത്രസമ്മേളനങ്ങൾ നടത്തി മലയാളികൾക്ക് ആശ്വാസം പകർന്നു. വനംമന്ത്രി രാജുവും പൊന്നാനി എം.പി ബഷീറും മലയാള ഭാഷ വളർത്താൻ ജർമനിയിലേക്ക് പറന്നതൊന്നും ആരും കാര്യമാക്കിയില്ല. 
അനാവശ്യ പരിഭ്രാന്തി പരത്തി റേറ്റിംഗ് ഉയർത്താൻ ശ്രമിക്കുന്നതിന് പകരം സാമൂഹിക പ്രതിബദ്ധത തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ മലയാളത്തിലെ ദൃശ്യമാധ്യമങ്ങൾക്കും സാധിച്ചു.  ചെങ്ങന്നൂർ, ചാലക്കുടി, ആലുവ മേഖലകളിൽ കുടങ്ങിപ്പോയ നൂറു കണക്കിന് ആളുകൾക്ക് ആശ്വാസം പകരാൻ അവരുടെ ലൈവ് കവറേജ് വഴിയൊരുക്കി. ചെങ്ങന്നൂരിലും മറ്റും രക്ഷാ പ്രവർത്തനം നടത്താൻ മത്സ്യ തൊഴിലാളികളുൾപ്പെടെ വടക്കൻ കേരളത്തിൽ നിന്ന് ധാരാളം പേരെത്തി. കടൽ തീരത്തെ തൊഴിലാളികളാണ്  കേരളത്തിന്റെ പട്ടാളമെന്ന്  മുഖ്യമന്ത്രി പ്രശംസിക്കുക പോലും ചെയ്തു. താനൂർ കടപ്പുറത്തെ ജയ്‌സൽ എന്ന തൊഴിലാളി വെള്ളം കയറിയിടത്ത് ഒരു പാലം പോലെ കിടന്നാണ് പ്രതീക്ഷയറ്റവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ സന്നദ്ധനായത്. ചില ദേശീയ മാധ്യമങ്ങളിൽ ഈ വാർത്തയെത്തിയപ്പോൾ ജയ്‌സൽ കേരളത്തിൽ രക്ഷാ പ്രവർത്തനത്തിനെത്തിയ സൈനികനായി. പശു ബെൽറ്റിലെ പ്രമുഖ ചാനലിന്  ഇയാൾ ഒരു സംഘിയാണെന്നതിൽ  ഒട്ടും സംശയമുണ്ടായിരുന്നില്ല. മലയാളികൾ ഒറ്റ മനസ്സോടെ മഹാ ദുരന്തത്തെ അതിജീവിച്ച നാളുകളായിരുന്നു പിന്നിട്ടത്. പെരിയാർ ഒഴുക്കി കൊണ്ടു വന്ന ബോർഡുകളിൽ ചിലത് വായിച്ച് കടലിന് ചിരിയടക്കാൻ വയ്യാതിരുന്നതാണ് സമൂഹ മാധ്യമങ്ങളിൽ സീസണിൽ കണ്ട ഏറ്റവും ശ്രദ്ധേയമായ ഇനം. അന്യർക്ക് പ്രവേശനമില്ല, പാർക്കിംഗ് പാടില്ല, ഇത് സ്വകാര്യ വഴി ഇത് വഴി അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിയ്ക്കപ്പെടും, മറ്റു മതസ്ഥർ പ്രവേശിക്കരുത് എന്നീ ബോർഡുകളാണ് അറബിക്കടലിനെ ചിരിയടക്കാൻ വയ്യാത്ത പാകത്തിലാക്കിയത്. യുദ്ധം, കലാപം, പ്രകൃതി ദുരന്തം എന്നീ കാര്യങ്ങൾ വളരെ അകലെ നടക്കുമ്പോൾ പത്രങ്ങളിലും ചാനലുകളിലും മാത്രം കണ്ടു ശീലിച്ച മലയാളികൾക്ക് പുതിയ അനുഭവമായിരുന്നു കണ്മുമ്പിലെ ദുരന്തം. വർഗീയ, ജാതീയ ചേരിതിരിവുകളില്ലാതെ കേരളീയർ ഒരുമിച്ചു നിന്ന നാളുകൾ. ഷോളയാർ വനത്തിൽ നിന്ന് മുതലയും പാമ്പുകളും തൃശൂർ ജില്ലയിലെ വീടുകളിലേക്ക് ഒഴുകിയെത്തിയെങ്കിലും മനുഷ്യമനസ്സുകളിൽ വിദ്വേഷം തീർത്തും അപ്രത്യക്ഷമായ നാളുകൾ. മഴയും വെള്ളപ്പൊക്കവും മാറി നിന്നപ്പോൾ വിഷ ജന്തുക്കൾ തലപൊക്കി തുടങ്ങിയിട്ടുണ്ടെന്നത് വേറെ കാര്യം.  
*** *** ***
ശബരിമലയിലെ കോടതി വിധിയാണ് സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ ഇറങ്ങിത്തിരിച്ചവർക്ക് ലഭിച്ച കച്ചിത്തുരുമ്പ്.  ഇടത് സർക്കാരിനെതിരെ കാര്യമായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങളും വ്യാപകമാണ്.  ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരംമുട്ടിയതോടെ ബിജെപി നേതാവ് വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ബിജെപിയുടെ ദേശീയ വക്താവ് മീനാക്ഷി ലേഖിക്കാണ് ശബരിമല വിഷയത്തിൽ ഉത്തരംമുട്ടിയത്. സ്ത്രീപ്രവേശന വിഷയത്തിൽ വനിതാ നേതാവെന്ന നിലയിൽ അഭിപ്രായമെന്താണെന്ന ചോദ്യത്തിന് സ്ത്രീകൾ കയറേണ്ട എന്ന നിലപാടാണുള്ളത് എന്ന് പറഞ്ഞു. 
ബിജെപിയുടെ ഔദ്യോഗിക നിലപാട് എന്താണ് എന്ന ചോദ്യം കേട്ടതോടെ അവർ ഇറങ്ങിപ്പോവുകയായിരുന്നു. പ്രതിഷേധത്തിന് ജനലക്ഷങ്ങൾ എത്തിയെന്ന് കാണിച്ച്  ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കണ്ണൂരിൽ നടന്ന പ്രതിഷേധ റാലിയെന്നാണ് ഫോട്ടോയുടെ അടിക്കുറിപ്പ്. കൊച്ചിയിൽ നടി സണ്ണി ലിയോൺ സ്വകാര്യ ചടങ്ങിന് വന്നപ്പോൾ ജനസമുദ്രമെത്തിയ  ദൃശ്യങ്ങളാണ് പ്രചരിച്ചത്. കണ്ണൂരിലെവിടെയാണ് മെട്രോയെന്ന ചോദ്യത്തിനും ഉത്തരമില്ല.  
*** *** ***
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് സീസൺ1 അവസാനിച്ചു.  മോഹൻലാൽ അവതാരകനായി എത്തിയ ഷോ. ഇന്റർനാഷണൽ ഷോയെ ആധാരമാക്കി തുടങ്ങിയ ബിഗ്‌ബോസ് ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നീ ഭാഷകളിൽ വിജയകരമായി ഷോ മുന്നോട്ട് പോകുകയാണ്. ഓരോ ഭാഷയിലും സൂപ്പർസ്റ്റാറുകളാണ് അവതാരകരായി എത്തുന്നത്.  സൽമാൻ ഖാൻ നയിക്കുന്ന ഹിന്ദി പതിപ്പ് 12-ാം സീസണിലെത്തി നിൽക്കുകയാണ് ഇപ്പോൾ. 
ബോളിവുഡിന്റെ സ്വന്തം സല്ലു തിരക്കുകൾക്കിടയിലും പരിപാടി കൃത്യമായി മാനേജ് ചെയ്യുന്നുണ്ട്. കോടികൾ പ്രതിഫലമായി ലഭിക്കുന്ന താരമായതിനാൽ ബിഗ് ബോസിലേക്കെത്തിയപ്പോഴും അണിയറപ്രവർത്തകർ നേരിട്ട പ്രധാന വെല്ലുവിളിയും അതായിരുന്നു. രണ്ടരക്കോടിയായിരുന്നു തുടക്കത്തിൽ താരത്തിന് ലഭിച്ചിരുന്നത്. സീസണുകൾ മാറി വന്നതോടെ 14 കോടിയിലെത്തി നിൽക്കുകയാണ്.
മലയാളത്തിലാണ് ഏറ്റവും ഒടുവിൽ ആരംഭിച്ചത്. ജൂൺ 24 ന് ആരംഭിച്ച ഷോയുടെ അവതാരകനായി എത്തിയത് മോഹൻലാൽ ആയിരുന്നു. തുടക്കം പോലെ തന്നെ മനോഹരമായിട്ടായിരുന്നു സെപ്റ്റംബർ 30 ന് ഷോ അവസാനിച്ചതും. കായംകുളം സ്വദേശി സാബു മോനായിരുന്നു ബിഗ്‌ബോസ് മലയാളത്തിന്റെ വിജയി.  അടുത്ത സീസൺ 2019 ൽ ഉണ്ടാവുമെന്നാണ് സൂചന. സിനിമ, ടെലിവിഷൻ, മേഖലകളിൽ നിന്നുമുള്ള പതിനാറ് പേരായിരുന്നു ബിഗ് ബോസിൽ മാറ്റുരക്കാൻ എത്തിയിരുന്നത്. ഫലപ്രഖ്യാപന ദിവസം സമൂഹ മാധ്യമങ്ങളിൽ പലരും പ്രതീക്ഷിച്ചത് പേളി മാണി വിജയിയാകുമെന്നായിരുന്നു. ആദ്യമേ വില്ലനായി ചിത്രീകരിക്കപ്പെട്ട സാബുവിന് പലരും സാധ്യത കൽപിച്ചിരുന്നില്ല. പേളിയുടെ പ്രേമവും സാബുവിന്റെ ചെയ്തികളും ഷോ വിജയമാകാൻ ക്രിയേറ്റ് ചെയ്തതാണോ എന്നാർക്കറിയാം? 
*** *** ***
അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പാലക്കാട് റെയിൽവേ ഡിവിഷൻ ശുഷ്‌കിച്ചു പോയത്. സേലം ഡിവിഷൻ രൂപീകരിക്കാനായി കോയമ്പത്തൂരും മറ്റും നമുക്ക് നഷ്ടമായി. ഇതിന് നഷ്ടപരിഹാരമായി പാലക്കാട് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി ഉടൻ അനുവദിച്ചു കിട്ടുമെന്നാണ് അന്ന് പറഞ്ഞു കേട്ടിരുന്നത്. കോച്ച് ഫാക്ടറി കാത്ത് കാത്ത് ചുളുവിൽ സ്‌കോച്ച് ഫാക്ടറി കൈവന്ന ആഹ്ലാദത്തിലാണ് അതിർത്തി ജില്ലയിലെ ജനങ്ങൾ. പൊതു മേഖലാ സ്ഥാപനത്തിലേക്ക് പബ്ലിക് റിലേഷൻസ് ഓഫീസറെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം സമൂഹ മാധ്യമങ്ങളിൽ പറന്നു കളിക്കുന്നുണ്ട്. പ്രവൃത്തി പരിചയമുള്ള 58 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ജോലി ലഭിക്കുക. ഈ ജോലിയ്ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പരാമർശമില്ല. നിയമിക്കാൻ പോകുന്ന ആളിന്റെ പേര് കൂടി വ്യക്തമാക്കിയാൽ എളുപ്പം അഭിനന്ദിക്കാമായിരുന്നു.  
 

Latest News