Sunday , June   16, 2019
Sunday , June   16, 2019

പേർഷ്യൻ ഭാഷ കൊണ്ട് അമ്മാനമാടിയ അരീക്കോട്ടുകാരൻ 

ഏഴ് മക്കളുള്ള ദരിദ്ര കുടുംബത്തിൽ ഏറെയും വയറൊട്ടിക്കിടന്ന രാവുകളായിരുന്നു ഹംസയുടെ ബാല്യകൗമാര ജീവിതത്തിലത്രയും. സ്‌കൂളെന്നത് കേവല മോഹം മാത്രമായപ്പോൾ ഹോട്ടൽ ബോയ് ആയും തുണിക്കടയിലെ ജീവനക്കാരനായും കൂലിപ്പണിക്കാരനായുമൊക്കെ വേഷമാടി. വായനയാണ് ജോലി. ഇതൊരു ഹോബിയായിരുന്നില്ല, തപസ്യയായിരുന്നു. ജ്ഞാനതൃഷ്ണയാൽ ജീവിതം സ്ഫുടം ചെയ്‌തെടുത്ത, പേർഷ്യൻ ഭാഷയിൽ പ്രസംഗിച്ച് വിസ്മയം സൃഷ്ടിച്ച സി. ഹംസയെ പരിചയപ്പെടുക. 

'റുമാൽ' എന്ന പേർഷ്യൻ പദം ഉർദുവിലെത്തി, അവിടെ നിന്ന് മലയാളത്തിലേക്കും ചേക്കേറിയപ്പോൾ അത് ഉറുമാൽ (കർചീഫ്) ആയി മാറി. അരീക്കോട്ടുകാരൻ സി. ഹംസയും, ഉറുമാലും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ജീവിത വഴിയിലെ ഏതോ ദശാസന്ധിയിലാണ് ഒരു കോട്ടൺ ഉറുമാൽ ഹംസയോടൊപ്പം ചേർന്നത്. പ്രായം 60 പിന്നിട്ടിട്ടും ഉറുമാൽ ഹംസയെയാ, ഹംസ ഉറുമാലിനെയോ കൈവിട്ടിട്ടില്ല. അക്കാര്യം വഴിയേ പറഞ്ഞുവരാം. കൊഴിഞ്ഞ് പോക്കിന് ശേഷം ശുഷ്‌കിച്ച തലമുടി. വെളുത്ത കുറ്റിത്താടി. ഷർട്ടിന്റെ കോളറിനിടയിലൂടെ ചുരുട്ടിവെച്ചിരിക്കുന്ന ചെറിയ ടവ്വൽ. ഉടുമുണ്ട് മടക്കിക്കുത്താതെയുള്ള നടത്തം. തനി  ഏറനാടൻ ശൈലിയിലുള്ള സംസാരം. ഇതാണ് സി. ഹംസ. പാലക്കാട് ജില്ലയിലെ കർക്കടാംകുന്നിലാണ് ജന്മമെങ്കിലും കർമഭൂമി ഏറനാട്ടിലെ അരീക്കോട്. അതുകൊണ്ട് തന്നെ സി. ഹംസ അരീക്കോട് എന്ന് പറഞ്ഞാൽ കൂടുതൽ പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല.
ഉള്ളതിനപ്പുറം പെരുപ്പിച്ച് പറഞ്ഞും പ്രകടിപ്പിച്ചും അഹന്തകളിൽ അഭിരമിച്ച് പ്രശസ്തിക്കും പണത്തിനുമായി നെട്ടോട്ടമോടുന്ന നടപ്പുകാലത്ത് നാട്ടുവിശുദ്ധിയുടെ നിഷ്‌കളങ്കതയിൽ വേറിട്ട് നിൽക്കുന്ന ഒരാളാണ് ജ്ഞാനതൃഷ്ണയാൽ ജീവിതം സ്ഫുടം ചെയ്‌തെടുത്ത സി. ഹംസയെന്ന ഏകാന്ത പഥികൻ.
*** *** ***
1992. ബോസ്‌നിയയിൽ ആഭ്യന്തര യുദ്ധം മൂർധന്യത്തിലെത്തി നിൽക്കുന്ന വേള. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ പ്രത്യേക അന്വേഷണ സംഘം ഒരു ഹംസയെ തേടി മലപ്പുറം അരീക്കോട്ടെത്തി. യൂഗോസ്ലോവിയൻ എംബസിയിലേക്ക് ഒരു കത്തയച്ച ഹംസയെ തേടിയായിരുന്നു കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ വരവ്. അരീക്കോട്ട് ഹംസയുടെ താമസ സ്ഥലത്തെത്തി അവർ ഹംസയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ലോക്കൽ പോലീസിലെ രണ്ട് മൂന്ന് പേർ മഫ്ടിയിലുമുണ്ടായിരുന്നു കൂട്ടത്തിൽ. ഹംസ താമസിച്ചിരുന്ന മുറി സംഘം പരിശോധിച്ചു. മുഷിഞ്ഞ കുറെ വസ്ത്രങ്ങളും ഒരുപാട് പുസ്തകങ്ങളും മാത്രം. മാക്‌സിം ഗോർക്കിയുടെ 'അമ്മ' മുതൽ കാമുവിന്റെയും കാഫ്കയുടെയും പുസ്തകങ്ങളെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ചോദ്യങ്ങൾക്കെല്ലാം ഹംസ കൃത്യമായി മറുപടി നൽകി. ഒന്നും സംഭവിച്ചില്ല. രഹസ്യപ്പോലീസ് തിരികെ പോയി.
'അഭ്യസ്ത വിദ്യരായ സെർബുകൾ ബോസ്‌നിയൻ മുസ്‌ലിംകളെ ഇപ്രകാരം വംശഹത്യ ചെയ്യുന്ന ക്രൂരത അവസാനിപ്പിച്ചില്ലെങ്കിൽ, ദൈവം നിങ്ങൾക്കതിന് തക്കതായ ശിക്ഷ നൽകുമെന്നായിരുന്നു' അരീക്കോട് തപ്പാലാപ്പീസിൽ നിന്ന് ദൽഹിയിലെ യൂഗോസ്ലോവിയൻ എംബസിയിലേക്ക് ഹംസ പോസ്റ്റ് ചെയ്ത ആ കത്തിലെ ഉള്ളടക്കം. മനുഷ്യരെ അതിക്രൂരമായി കൂട്ടക്കൊല ചെയ്യുന്ന വാർത്ത കണ്ട് മനസ്സ് വേദനിച്ചാണ് താൻ അപ്രകാരം കത്തെഴുതിയതെന്നായിരുന്നു ഉദ്യോഗസ്ഥരോട് ഹംസ നൽകിയ വിശദീകരണം. യൂഗോസ്ലോവിയൻ എംബസി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയെ വിവരമറിയച്ചത് പ്രകാരമാണ് കേന്ദ്ര ഉദ്യോഗസ്ഥർ ഹംസയെ തേടി വന്നത്. കാര്യങ്ങൾ അന്വേഷിച്ച് അവർ തിരികെപ്പോയി. എന്നാൽ മാസങ്ങൾക്ക് ശേഷം യൂഗോസ്ലോവിയൻ എംബസിയിൽ നിന്ന് ഹംസയുടെ കത്തിനുള്ള മറുപടി ലഭിച്ചു. 'ആഭ്യന്തര കലാപത്തിൽ മുസ്‌ലിംകൾ മാത്രമല്ല കൊല്ലപ്പെടുന്നത്' എന്നതായിരുന്നു ആ മറുപടിയിലുണ്ടായിരുന്നത്.


    
പേർഷ്യൻ ഭാഷയിൽ നിപുണൻ
1985 ൽ ഇറാൻ പാർലമെന്റിൽ, കേരളത്തെയും പ്രബുദ്ധരായ കേരളീയ സമൂഹത്തെക്കുറിച്ചുമൊക്കെ സവിസ്തരം പ്രതിപാദിച്ചുകൊണ്ട് പേർഷ്യൻ ഭാഷയിലുള്ള പ്രസംഗം. ഇറാൻ ഭരണകൂടത്തിലെ പ്രധാനികളെല്ലാം അത് ശ്രദ്ധയോടെ കേട്ടിരുന്നു. ആയത്തുള്ള ഖുമൈനിയുടെ വീട്ടിലേക്കും പ്രഭാഷകൻ ക്ഷണിക്കപ്പെട്ടു. 45 മിനിറ്റ് നീണ്ട ചർച്ച. പ്രഭാഷകനായ ആ മലയാളി പ്രത്യേക ക്ഷണിതാവായാണ് അന്ന് ഇറാനിലെത്തിയത്. ഇറാൻ അംബാസഡർമാർ കേരളത്തിലെത്തുമ്പോൾ ഹംസയെ തിരക്കും.  പേർഷ്യൻ ഭാഷയിലുള്ള തങ്ങളുടെ പ്രസംഗം മലയാളത്തിലേക്ക് മൊഴി മാറ്റം നടത്താൻ. 
കുറ്റിപ്പുറത്ത് മുസ്‌ലിം ലീഗിന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണിതാവായെത്തിയ ഇന്ത്യയിലെ ഇറാനിയൻ അംബാസഡർ ഇബ്രാഹിം റഹീംപുരി വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയവരോട് ഹംസയെ തിരക്കി. അന്ന് ടൈഫോയ്ഡ് ബാധിച്ച് കിടപ്പിലായതിനാൽ സമ്മേളനത്തിന് പോകാൻ ഹംസക്ക് കഴിഞ്ഞില്ല. ഇബ്രാഹിം റഹീംപുരിക്കാകട്ടെ, ഹംസയെ കണ്ടേ പറ്റൂ എന്ന നിർബന്ധവും. തുടർന്ന് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് അദ്ദേഹത്തെയും കൂട്ടി ഹംസ താമസിച്ചിരുന്ന അരീക്കോട്ടെ വാടക മുറിയിലെത്തി. ഹംസയെ സംബന്ധിച്ചിടത്തോളം തീർത്തും ഒരു ചരിത്ര നിമിഷം തന്നെയായിരുന്നു ഈ സംഭവം.
ഭാഷ ഏതുമായിക്കൊള്ളട്ടെ, ഹൃദ്യമായ ആശയ വിനിമയമാണ് മനുഷ്യരിലുണ്ടാകേണ്ടതെന്ന് ഹംസ പറയുന്നു. സമൂഹത്തിൽ മാത്രമല്ല, അവനവന്റെ വീടുകളിൽ പോലും ആശയ വിനിമയത്തിലുണ്ടാകുന്ന പാളിച്ചകളോ, വിടവുകളോ ആണ് എല്ലാ തരം അസ്വാരസ്യങ്ങൾക്കും ഹേതുവായി മാറുന്നത്. ജാതി - മതം - രാഷ്ട്രീയം - സംസ്‌കാരം എന്നു വേണ്ട സമസ്ത മേഖലകളിലും ആശയ വിനിമയത്തിലുണ്ടാകുന്ന പോരായ്മകളാണ് മനുഷ്യനെ അസ്വസ്ഥമാക്കുന്നതെന്നാണ് ഹംസയുടെ വീക്ഷണം. അന്യഭാഷകളെ നെഞ്ചോട് ചേർത്തു പിടിച്ച എഴുത്തുകാരൻ, ചിന്തകൻ എന്ന വിശേഷണങ്ങളൊക്കെ ഹംസയ്ക്ക് നൽകാമെങ്കിലും പാരമ്പര്യ ചിന്തകളിൽ നിന്ന് വിടാതെ എല്ലാ വിഭാഗങ്ങളുമായി യോജിപ്പും സഹവർത്തിത്വവും നിലനിർത്തുന്ന വ്യക്തിത്വമാണ് ഹംസയുടേത്. 
ഹുസൈൻ ദസ്തഖിരി എന്ന ഇറാനിയൻ ചെറുപ്പക്കാരൻ ബാങ്കോക്കിലെ ഇസ്രായിൽ എംബസിക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച ഒരു വാൻ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് തായ്‌ലന്റിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട വാർത്ത 'കൈഹാൻ ഹവായി' എന്ന പേർഷ്യൻ വാരികയിലൂടെ വായിച്ചറിഞ്ഞ ഹംസ തായ്‌ലന്റ് അംബാസഡർക്കും തായ് രാജാവിനും ഓരോ കത്തയച്ചു. അതിഥികളോട് മാന്യമായി പെരുമാറുന്ന ഒരു രാജ്യത്ത് നിരപരാധി ശിക്ഷിക്കപ്പെടുന്നത് തായ്‌ലന്റിന്റെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹംസയുടെ കത്ത്. സ്‌ഫോടക വസ്തുക്കൾ നിറച്ച വാൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടപ്പോൾ സംശയത്തിന്റെ പേരിലാണ് ഹുസൈൻ ദസ്തഖിരിയെ പോലീസ് പിടികൂടിയത്. സിംഗപ്പൂരിലേക്ക് പോകുന്ന വഴി ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കവേയാണ് ഹുസൈൻ പിടിയിലാകുന്നത്. കംപ്യൂട്ടർ രേഖാ ചിത്രത്തിന് സമാനമായ മുഖസാദൃശ്യമുണ്ടെന്നാണ് പോലീസ് പറഞ്ഞ ന്യായം. ഹംസയുടെ  കത്തിന്റെ ബലമോ, ദസ്തഖിരിയുടെ ഭാഗ്യമോ അതെന്തോ, മാസങ്ങൾക്ക് ശേഷം ദസ്തഖിരിയെ വിട്ടയച്ച വാർത്ത 'കൈഹാൻ ഹവായി' വാരിക പിന്നീട് പുറത്ത് വിട്ടു.
    
ധിക്കാരത്തിന്റെ ശബ്ദം
ഹംസയുടെ അക്കാദമിക് യോഗ്യത കേവലം നാലാം ക്ലാസ് മാത്രമാണ്. അറിവ് നേടാനുളള വ്യവസ്ഥാപിതമായ ചട്ടവട്ടങ്ങളെ ഹംസ ധിക്കരിക്കുകയായിരുന്നില്ല. ഏഴ് മക്കളുള്ള ദരിദ്ര കുടുംബത്തിൽ ഏറെയും വയറൊട്ടിക്കിടന്ന രാവുകളായിരുന്നു ഹംസയുടെ ബാല്യവും കൗമാരവുമൊക്കെ. സ്‌കൂളെന്നത് എത്തിപ്പിടിക്കാനാകാത്ത ഒരു മോഹം മാത്രമായപ്പോൾ, ഹോട്ടൽ ബോയ് ആയും തുണിക്കടയിലെ ജീവനക്കാരനായും കൂലിപ്പണിക്കാരനായുമൊക്കെ ഹംസ ജീവിത വേഷമാടി. ജീവിത വ്യഗ്രതകൾക്കിടെ വിവാഹം കഴിക്കാനും വിട്ടുപോയി. ജോലി കഴിഞ്ഞാൽ ഒഴിവ് സമയം ഒട്ടുമില്ല. വായനയാണ് പിന്നീടുള്ള ജോലി. ഇതൊരു ഹോബിയായിരുന്നില്ല, ഒരു തരം തപസ്യയായിരുന്നു. ആ തപസ്യക്കിടയിൽ, പതിനാലാം നൂറ്റാണ്ടിൽ ജീവിച്ച പേർഷ്യൻ കവി സഊദുദ്ദീൻ മഹ്മൂദ് ശബിസ്തരിയുടെ വരികൾ ഹംസയുടെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചു. 
'അകം പൊള്ളയും മലിനവുമായ നിന്നെ തൂത്തെറിഞ്ഞ് പ്രിയപ്പെട്ട അവന്റെ വാസത്തിനായി ഹൃദയം ഒരുക്കുക. നീ ഇറങ്ങുന്നതോടെ അവൻ അവിടെ പ്രവേശിച്ച് സ്വയം ത്യജിച്ച നിനക്കായി ദിവ്യ ചൈതന്യം ദൃശ്യമാക്കും'. ഈ വരികളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട ഹംസ മനഃശുദ്ധി കൈവരിക്കലാണ് ജീവിത വിജയമെന്ന് വിശ്വസിക്കുന്നു. 
അഷ്ടിക്കുള്ള വക തേടിയുള്ള അലച്ചിലിനിടെ ഹംസ മനഃശുദ്ധി കൈവരിച്ച് അധ്യാപന വഴിയിലേക്ക് ചുവട് മാറിയത് യാദൃഛികമായാണ്. മദ്രസാധ്യാപകനായിട്ടായിരുന്നു തുടക്കം. ജോലി തുടരവേ, സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ ഇംഗ്ലീഷ് പാഠപുസ്തകം വാങ്ങി 'ആൻ ആക്ട് ഓഫ് കറേജ്' എന്ന പാഠഭാഗം മുഴുവനായി ഹംസ കാണാതെ പഠിച്ചു. അർത്ഥമൊന്നും അറിയില്ലായിരുന്നു. പിന്നീട് പാഠഭാഗത്തിന്റെ ഓരോ വാക്കിന്റെ അർത്ഥവും അത് പ്രയോഗിച്ചിരിക്കുന്ന രീതിയും ഗൗരവതരമായി പഠിച്ചു മനസ്സിലാക്കി. പിന്നീടങ്ങോട്ട് ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് പിറകെയായി ഹംസയുടെ സഞ്ചാരം. വായിച്ച് തള്ളിയ പുസ്തകങ്ങളെയും മനസ്സിൽ സൂക്ഷിച്ച പുസ്തകങ്ങളുടെയും എണ്ണം ഹംസയ്ക്ക് തിട്ടപ്പെടുത്താനാകില്ല. 
ഇടക്കാലത്ത് ശാന്തപുരം ഇസ്‌ലാമിയ്യ കോളേജിൽ അധ്യാപകനായി ജോയിൻ ചെയ്തു. പക്ഷേ മാനേജ്‌മെന്റുമായി ഒത്തുപോകാതെ ജോലി വിട്ടു. തുടർന്ന് മൂവാറ്റുപുഴ ജമാഅത്ത് വനിതാ കോളേജിൽ അധ്യാപകനായി. മാനേജ്‌മെന്റ് അവിടെ ഒരു വലിയ പള്ളി നിർമിക്കാൻ പദ്ധതിയിട്ടപ്പോൾ ഹംസ മറ്റൊരു നിർദ്ദേശം മുന്നോട്ട് വെച്ചു. പ്രാന്ത പ്രദേശങ്ങളിൽ ആവശ്യത്തിന് പള്ളികൾ ഇല്ലെന്നിരിക്കേ, ഗ്രാമങ്ങളിൽ പള്ളികളുണ്ടാക്കുക. ഇവിടെ വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള ഹോസ്റ്റൽ നിർമിക്കുക -ഇതോടെ റിബലായി ചിത്രീകരിക്കപ്പെട്ടു. അധികം വൈകാതെ അവിടുത്തെ ജോലിയും നഷ്ടപ്പെട്ടു. തുടർന്ന് ആൻഡമാൻ ദ്വീപിൽ കുറച്ച് കാലം അധ്യാപകനായി ജോലി നോക്കി. മലേറിയ ബാധിച്ചതോടെ ഹംസ ദ്വീപിനോടും വിട പറഞ്ഞു. 
എഴുപതുകളുടെ അവസാനത്തിൽ വീണ്ടും ഒരവധൂതനെ പോലെ പ്രയാണം തുടർന്ന ഹംസ ഇടക്കാലത്ത് കോഴിക്കോട് പട്ടണത്തിലാണ്  തങ്ങിയത്. ആ വേളയിൽ കോഴിക്കോട്ട് ഒരു സെമിനാർ     ഉദ്ഘാടനം ചെയ്യാനെത്തിയ ഇറാൻ എംബസിയിലെ കൾച്ചറൽ കോൺസൽ അസ്‌കരി റാദുമായി ഹംസ പരിചയപ്പെട്ടു. കോഴിക്കോട്ട് പഠിച്ചിരുന്ന ഇറാനിയൻ വിദ്യാർത്ഥികളുമായും ഹംസ നല്ല സുഹൃദ്ബന്ധം സ്ഥാപിച്ചെടുത്തിരുന്നു. ഈ കൂട്ടുകെട്ടിലൂടെയാണ് പേർഷ്യൻ ഭാഷയെ ഹംസ അടുത്തറിയുന്നത്. പേർഷ്യൻ ഭാഷയുടെ അസാധ്യ തലങ്ങളെ സ്പർശിക്കുന്ന ക്ലാസിക് സാഹിത്യം ഹംസയെ ഹഠാദാകർഷിച്ചു. എഴുത്തും വായനയുമായി കഴിഞ്ഞ കോഴിക്കോടൻ ജീവിതത്തോടും വിട വാങ്ങി തുടർന്ന യാത്ര പിന്നീടവസാനിച്ചത് ദൽഹിയിലാണ്. ദൽഹിയെ നന്നായി അനുഭവിച്ച ഹംസ ഇറാൻ കൾച്ചറൽ കൗൺസിൽ ഓഫീസിലെത്തി അസ്‌കരിറാദുമായുള്ള പരിചയം പുതുക്കി. പേർഷ്യൻ ഭാഷയിലുള്ള പ്രാവീണ്യമായിരുന്നു ഇരുവരേയും കൂടുതൽ അടുപ്പിച്ചത്. ഇറാന്റെ സാംസ്‌കാരിക സ്വത്വവുമായി ഹംസയ്ക്ക് കൂടുതൽ അടുപ്പമുണ്ടാകുന്നതും ഈ ചങ്ങാത്തത്തിലൂടെയായിരുന്നു.
ഇറാൻ വിപ്ലവത്തിന്റെ വാർഷിക യോഗത്തിൽ സംബന്ധിക്കാൻ ഇറാൻ സർക്കാറിന്റെ ഔദ്യോഗിക ക്ഷണം ഹംസയ്ക്ക്  ലഭിച്ചപ്പോൾ ഹംസയ്ക്ക് അൽപം അമ്പരപ്പ് തോന്നിയിരുന്നു. സർക്കാർ അതിഥിയായി 20 ദിവസം ഇറാനിൽ താമസിച്ചു. വാർഷിക പരിപാടികളുടെ ഭാഗമായുള്ള സെഷനിൽ ഇറാൻ പാർലമെന്റിൽ സംസാരിച്ചു. കേരളവും കേരളീയ സംസ്‌കാരവുമായിരുന്നു വിഷയം. രാഷ്ട്രത്തലവൻമാരും വിശിഷ്ടാതിഥികളും ഉൾപ്പെടുന്ന പ്രൗഢമായ സദസ്സിൽ ഇന്ത്യാ മഹാ രാജ്യത്തിന്റെ ഇങ്ങേ കോണിൽ കേരളത്തിൽ നിന്നുള്ള ഒരു പഞ്ചായത്ത് മെംബർ പോലുമല്ലാത്ത ഒരു സാധാരണക്കാരൻ സംസാരിച്ചത് വലിയ സംഭവം തന്നെയായിരുന്നു. വിദേശ മാധ്യമങ്ങൾ അർഹമായ പ്രാധാന്യത്തോടെ ഇത് വാർത്തയാക്കി. അന്ന് ആയത്തുള്ള ഖുമൈനിയുടെ വീട്ടിലേക്കും ഹംസ ക്ഷണിക്കപ്പെട്ടു.

സാമ്രാജ്യത്വ വിരുദ്ധ നിലപാട്
സാമ്രാജ്യത്യത്തിനെതിരായ പോരാട്ടം എന്ന നിലയിലാണ് ഇറാൻ വിപ്ലവത്തെ ഹംസ അനുകൂലിക്കുന്നത്. എന്നാൽ ചില സംഘടനകൾ ഇതിന്റെ ചുവട് പിടിച്ച് നടത്തിയ മുതലെടുപ്പ് രാഷ്ട്രീയത്തോട് ഹംസയ്ക്ക് കടുത്ത വിയോജിപ്പുമുണ്ട്. തന്റേതായ വേറിട്ട വഴികളിലൂടെ വിജ്ഞാനം നേടിയ ഹംസ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, പേർഷ്യൻ, അറബി, ഉറുദു തുടങ്ങിയ ഭാഷകളിൽ അഗാധ പാണ്ഡിത്യം നേടി. വിവിധ ഭാഷകളിൽ നിന്നുള്ള ഒട്ടേറെ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇറാഖിൽ കമ്യൂണിസം ശക്തിപ്പെട്ട വേളയിൽ ആയത്തുള്ള സയ്യിദ് മുഹമ്മദ് ബാഖിർസദർ രചിച്ച വിഖ്യാതമായ 'ഫൽസഫത്തുനാ' (നമ്മുടെ തത്വചിന്ത), 'ഇക്തിസാദുനാ' (നമ്മുടെ സാമ്പത്തിക ശാസ്ത്രം) എന്നീ രണ്ട്  ഗ്രന്ഥങ്ങൾ ഹംസയെ വല്ലാതെ ആകർഷിച്ചു. ഈ ഗ്രന്ഥങ്ങളുടെ വരവോടെയാണ് ഇറാഖിൽ കമ്യൂണിസത്തിന്റെ വേരോട്ടം നിലക്കാൻ കാരണമായതും. ബാഖിർസദറിന്റെ തന്നെ 'ചരിത്രവും സമൂഹവും' എന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റവും നടത്തി. 
'തുഹ്ഫത്തുൽ മുജാഹിദീൻ', ജലാലുദ്ദീൻ റൂമിയുടെ 'മസ്‌നവി' എന്നീ ഗ്രന്ഥങ്ങളും അലി ശരീഅത്തിയുടെ 'രക്ഷസാക്ഷിത്വം' എന്ന കൃതിയും ഉറുദുവിൽ നിന്ന് മലയാളത്തിലേക്കും വിവർത്തനം ചെയ്തു. 
    
ഏറനാടൻ പ്രഭാഷകൻ
കോഴിക്കോട് സർവകലാശാലയിൽ പേർഷ്യൻ ഭാഷാ ഡിപ്പാർട്ട്‌മെന്റിലെ അഞ്ചംഗ സമിതിയിലെ ഏക മലയാളി അംഗമായിരുന്നു ഹംസ. ഇപ്പോൾ അതിന്റെ പ്രവർത്തനം ശുഷ്‌കമാണെന്ന് ഹംസ പറയുന്നു. കോഴിക്കോട്-പാലക്കാട് റൂട്ടിൽ ഉച്ചാരക്കടവ് പ്രദേശത്തുള്ള രണ്ടുനില കെട്ടിടത്തിൽ മുകളിലുള്ള ചെറിയ വാടക മുറിയിലാണ് ഹംസ താമസിക്കുന്നത്. കിടക്കാനിട്ടിരിക്കുന്ന ചെറിയ കട്ടിൽ ഒഴിച്ച് നിർത്തിയാൽ മുറിയിൽ ബാക്കിയെല്ലായിടത്തും വിവിധ ഭാഷയിലുള്ള പുസ്തകങ്ങൾ, മാഗസിനുകൾ, പത്രങ്ങൾ. ആരെങ്കിലും മുറിയിലേക്ക് കേറി വന്നാൽ ഇരിക്കാൻ പോലും സ്ഥലം ബാക്കിയില്ല. കേരളത്തിന് പുറത്ത് ദൽഹി, ഹൈദരാബാദ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ അന്താരാഷ്ട്ര സെമിനാറുകളിൽ അന്യഭാഷകളിൽ പ്രസംഗിച്ചിട്ടുള്ള ഹംസ, നാട്ടിൽ ഏറനാടൻ ശൈലിയിലുള്ള വേറിട്ട പ്രസംഗകനാണ്. 'കുട്ടികൾക്കും, ബുദ്ധിജീവികൾക്കും ബുദ്ധിജീവി നടിക്കുന്ന'വർക്കും ഒരേ പോലെ അനുഭൂതി പകരുന്ന സരസമായ ശൈലി. വാക്കുകളിൽ നാട്ടുവഴക്കങ്ങളുടെ ഉപമകളും അലങ്കാരങ്ങളും കൂടിക്കലരുമ്പോൾ സദസ്യരുടെ ചിരിയും മുഴങ്ങും. നീണ്ട കാലത്തെ അലച്ചിലുകൾക്കൊടുവിൽ പ്രായം 60 പിന്നിടുമ്പോൾ കരുവാരക്കുണ്ട് നജാത്ത് കോളേജ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിൽ ഇംഗ്ലീഷ് അധ്യാപകനാണ് ഇദ്ദേഹം. ക്ലാസെടുക്കുന്നതാകട്ടെ, പി.ജി ഇംഗ്ലീഷ് വിദ്യാർത്ഥികൾക്കും. ഷേക്‌സ്പിയറുടെയും ബർണാഡ്ഷായുടെയും പുസ്തകങ്ങളുടെ സാരാംശം ലളിതമായി ലക്ചർ ചെയ്യുമ്പോൾ ഹംസ സാറിന്റെ ക്ലാസ് വിദ്യാർത്ഥികൾക്ക്  ഒരനുഭവം തന്നെയാണ്. പാഠ്യ വിഷയങ്ങൾക്കപ്പുറത്തുള്ള ലോകരാജ്യ വിവരങ്ങളും വിദ്യാർത്ഥികൾക്ക് വലിയ അനുഗ്രഹമായി മാറുകയും ചെയ്യുന്നു. കഴുത്തിൽ ചുറ്റിയ 'ഉറുമാലാണ്' 'ഹംസ സാറിന്റെ ട്രേഡ് മാർക്ക്'. ജീവിത പ്രയാണങ്ങൾക്കിടയിൽ ഹംസക്ക പേർഷ്യൻ പദമായ ഉറുമാലിനെ കൈവിട്ടിട്ടില്ല.  അതാണ് ഹംസക്കായുടെ പ്രത്യേകതയും. 
 

Latest News