Sunday , June   16, 2019
Sunday , June   16, 2019

സൂര്യനുദിക്കും മുമ്പേ  തുടങ്ങിയ യാത്ര...

പൃഥ്വി ഷായുടെ ജീവിതം വഴി മാറിയത് 2013 നവംബർ 20 നാണ്. അന്നാണ് പതിനാലുകാരൻ ഇന്ത്യൻ ജൂനിയർ ക്രിക്കറ്റിലെ റെക്കോർഡ് തകർത്തത്. ഹാരിസ് ഷീൽഡ് ക്രിക്കറ്റിൽ രിസവി സ്പ്രിംഗ്ഫീൽഡ് സ്‌കൂളിനു വേണ്ടി സെന്റ് ഫ്രാൻസിസ് ദെ അസീസിക്കെതിരെ മുംബൈ ആസാദ് മൈതാനത്ത് 546 റൺസാണ് പൃഥ്വി അടിച്ചെടുത്തത്. വലിയ പ്രതീക്ഷ നൽകിയ ശേഷം വിസ്മൃതിയിലേക്ക് പോയ മറ്റനേകം കുട്ടികളെ പോലെയായില്ല പൃഥ്വി. പതിനേഴാം വയസ്സിൽ ഇന്ത്യയെ അണ്ടർ-19 ലോകകപ്പിൽ കിരീടത്തിലേക്ക് നയിച്ചു. രഞ്ജി ട്രോഫിയിൽ സെഞ്ചുറിയോടെ അരങ്ങേറി. ദുലീപ് ട്രോഫിയിലും സെഞ്ചുറിയടിച്ചു. ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറിയടിച്ച് നിരവധി റെക്കോർഡുകൾ ഭേദിച്ചു. പൃഥ്വിയും മായാങ്ക് അഗർവാളുമാണ് ഈ സീസണിൽ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ വേറിട്ടു നിന്നത്. 10 കളികളിൽ 759 റൺസടിച്ചു പൃഥ്വി. നാല് സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയുമുൾപ്പെടെ. 

സൂര്യനുദിക്കും മുമ്പേ തുടങ്ങിയ യാത്ര...
വീട്ടിൽ പിതാവ് പ്ലാസ്റ്റിക് ബോളെറിഞ്ഞു കൊടുത്താണ് പൃഥ്വിയിൽ ക്രിക്കറ്റ് താൽപര്യം വളർത്തിയത്. ഏഴാം വയസ്സിൽ രിസവി സ്പ്രിംഗ്ഫീൽഡ് സ്‌കൂളിൽ ചേർന്നതോടെ ക്രിക്കറ്റ് ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി. മുംബൈയിൽ കളി നടക്കുമ്പോൾ അച്ഛനോടൊപ്പം പോയി. പ്ലാസ്റ്റിക് ബാറ്റ് അരികിൽ വെച്ച് കിടന്നുറങ്ങി. 
മുംബൈയുടെ വടക്കെ അറ്റത്തുള്ള വിരാറിലായിരുന്നു താമസം. ചർച്ച് ഗെയ്റ്റിൽ ക്രിക്കറ്റ് കളിച്ച ശേഷം വേണമായിരുന്നു ബാന്ദ്രയിലുള്ള സ്‌കൂളിലെത്താൻ. രാവിലെ നാലരക്ക് എഴുന്നേറ്റാലേ ആറേ കാലിനുള്ള സബർബൻ ട്രെയിനിൽ കയറാനാവൂ. അപ്പോഴേക്കും ട്രെയിൻ തിങ്ങിനിറഞ്ഞിരിക്കും. എട്ടിന് ചർച്ച് ഗെയ്റ്റിൽ റിപ്പോർട്ട് ചെയ്യണം. എന്നിട്ടു പോലും ചിലപ്പോൾ ബാറ്റ് ചെയ്യാൻ അവസരം കിട്ടില്ല. തികച്ചും ദുരിത യാത്രയായിരുന്നു അത്.
 
ആസാദ് മൈതാനത്തെ വഴിത്തിരിവ്
ആസാദ് മൈതാനം ചെറുതായിരുന്നില്ല. ബാറ്റ്‌സ്മാന്മാർ പലതവണ നാല് റൺസ് ഓടിയെടുക്കാൻ മാത്രം വലുതായിരുന്നു ആ ഗ്രൗണ്ട്. അവിടെയാണ് പൃഥി 546 റൺസെടുത്തത്. അതിനു വേണ്ട ക്ഷമയും സ്ഥൈര്യവും അച്ചടക്കവും അപാരമായിരുന്നു. ടി.വി കാമറകളെത്തി, പത്രങ്ങളിൽ നിറഞ്ഞുനിന്നു. ആ വെള്ളി വെളിച്ചത്തിലും കഠിനാധ്വാനം തുടർന്നു. രഞ്ജി ട്രോഫിയായിരുന്നു ലക്ഷ്യം.

സെഞ്ചുറിയോടെ രഞ്ജി അരങ്ങേറ്റം
ശ്രീലങ്കയിൽ നടന്ന അണ്ടർ-19 ഏഷ്യാ കപ്പിൽ കളിച്ച് തിരിച്ചുവന്നയുടനെ മുംബൈ രഞ്ജി ടീമിൽ സ്ഥാനം കിട്ടിയപ്പോൾ ശരിക്കും അമ്പരപ്പായിരുന്നു. 16 വയസ്സായിരുന്നു അന്ന്. കളിക്കേണ്ടത് തമിഴ്‌നാടിനെതിരായ സെമി ഫൈനലിൽ. രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ചുറിയടിച്ചു. ആഭ്യന്തര സീസണിലെ ദീർഘ ഇന്നിംഗ്‌സുകൾ ക്ഷമയെക്കുറിച്ചുള്ള പാഠമായിരുന്നു. പലപ്പോഴും ആക്രമണ ശൈലി മടക്കി വെക്കേണ്ടി വന്നു. ദുലീപ് ട്രോഫിയിൽ ഇന്ത്യ ബ്ലൂവിനെതിരെ ലഖ്‌നൗവിലെ സ്പിൻ പിച്ചിലാണ് കളിച്ചത്. ആറാമത്തെ ഓവറിൽ സ്പിന്നർ ബൗളിംഗിന് വന്നു. ആറര മണിക്കൂറോളമാണ് അന്ന് ബാറ്റ് ചെയ്തത്. 154 റൺസെടുത്തു. പ്രതിരോധമല്ല ആക്രമണമാണ് പൃഥ്വിയുടെ ജന്മവാസന. ഷോട്ട് കളിക്കുന്നതാണ് രീതി. പ്രതിരോധിക്കുന്നതല്ല. അപൂർവമായേ ബൗളർ ആധിപത്യം നേടുന്ന അവസ്ഥയുണ്ടാവാറുള്ളൂ. അണ്ടർ-19 തലത്തിലെത്തുന്നതോടെ ഒരു കളിക്കാരൻ സാങ്കേതിക ജ്ഞാനം ആർജിക്കുന്നുവെന്നാണ് പൃഥ്വി കരുതുന്നത്. പിന്നീട് വേണ്ടത് മാനസികമായ കരുത്താണ്. രണ്ടു പേരുടെ ശിക്ഷണം പൃഥ്വിയെ അതിന് പ്രാപ്തനാക്കി. രാഹുൽ ദ്രാവിഡും വെറ്ററൻ ജേണലിസ്റ്റ് മകരന്ദ് വെയ്ൻഗാർകറുമാണ് പൃഥ്വിയുടെ വളർച്ചക്ക് മേൽനോട്ടം വഹിച്ചത്. 

പന്ത് പറന്നു വരുമ്പോൾ...
ബൗളറുടെ കൈയിൽ നിന്ന് പന്ത് പറന്നു വരുമ്പോൾ മനസ്സ് ശൂന്യമാക്കി നിർത്താനാണ് പൃഥ്വി ആദ്യം പഠിച്ചത്. പന്ത് അടിക്കേണ്ടതാണോ തടുക്കേണ്ടതാണോ എന്നതു മാത്രമായിരിക്കും ചിന്ത. കവർഡ്രൈവാണ് ഇഷ്ട ഷോട്ട്. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ എ-ക്കു വേണ്ടി രണ്ട് സെഞ്ചുറി നേടി. വെസ്റ്റിൻഡീസ് എ-ക്കെതിരെ സെഞ്ചുറിയടിച്ചു. ഇംഗ്ലണ്ട് പര്യടനത്തിൽ സാം കറണിനെയും ജെയ്മി പോർടറെയും ക്രിസ് വോക്‌സിനെയുമൊക്കെ നേരിട്ടു. ഇവരെല്ലാം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബൗളർമാരാണ്. ആ സന്നാഹ മത്സരത്തിൽ അലസ്റ്റർ കുക്ക് 180 റൺസ് എടുക്കുന്നത് സ്ലിപ്പിൽ നിന്ന് വീക്ഷിച്ചത് വലിയ പാഠമായി പൃഥ്വി കരുതുന്നു. എങ്ങനെ ഒരു ഇന്നിംഗ്‌സ് കെട്ടിപ്പടുക്കണമെന്ന മാതൃകയായിരുന്നു അത്. സെഷനുകൾ പിന്നിടുന്നതൊന്നും ചിന്തിക്കാതെ ലൂസ് ബോളുകൾക്കായി കാത്തുനിൽക്കാനുള്ള ക്ഷമയാണ് ആ ബാറ്റിംഗിന്റെ മുഖമുദ്ര. എന്തുകൊണ്ടാണ് കുക്ക് ഇത്ര മികച്ച ബാറ്റ്‌സ്മാനായതെന്നത് നേരിട്ട് മനസ്സിലാക്കാനുള്ള അവസരമായിരുന്നു അത്. 

പന്ത്രണ്ട് വയസ്സിൽ തുടങ്ങിയ പ്രയാണം...
പന്ത്രണ്ടാം വയസ്സിലായിരുന്നു ആദ്യ ഇംഗ്ലണ്ട് പര്യടനം. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് സർജൻ സമീർ പഥക് സ്‌പോൺസർ ചെയ്താണ് അന്ന് ഇംഗ്ലണ്ടിൽ കളിച്ചത്. നാലു മാസത്തോളം മാഞ്ചസ്റ്ററിൽ പരിശീലനം നടത്തി. പ്രാദേശിക ബ്രിട്ടീഷ് ദമ്പതികളുടെ കൂടെയായിരുന്നു താമസിച്ചത്. പുതിയ സാഹചര്യവും ഭാഷയും സംസ്‌കാരവും പുതിയ രീതിയിലുള്ള പിച്ചിലും സാഹചര്യങ്ങളിലും കളിക്കാനുള്ള അവസരവും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ചു. മാഞ്ചസ്റ്ററിലെ പ്രാദേശിക ഉച്ചാരണ രീതി മനസ്സിലാക്കുന്നതു പോയിട്ട് ഇംഗ്ലീഷ് സംസാരിക്കാൻ പോലുമറിയില്ലായിരുന്നു. പതിമൂന്നാം വയസ്സിൽ മൂന്നു മാസം യോർക്ഷയർ ലീഗിൽ കളിച്ചു. പിന്നീട് ഗ്ലസ്റ്റഷയർ സെക്കന്റ് ഇലവനു വേണ്ടിയും പാഡണിഞ്ഞു. 

രാഹുൽ ദ്രാവിഡിൽ നിന്ന് പഠിച്ചത്...
റൺസിനെക്കുറിച്ചല്ല ചിന്തിക്കേണ്ടത് എന്ന വലിയ പാഠമാണ് ദ്രാവിഡ് നൽകിയത്. പരമാവധി പന്തുകൾ കളിക്കുക. നിലയുറപ്പിച്ചു കഴിഞ്ഞാൽ എളുപ്പം സ്‌കോർ ചെയ്യാനുള്ള കഴിവ് പൃഥ്വിക്കുണ്ടെന്ന് ദ്രാവിഡ് ഓർമിപ്പിച്ചു. എപ്പോഴും ഏകാഗ്രത നിലനിർത്താനാവില്ല. ഇടക്ക് ഏകാഗ്രതയിലേക്ക് പോവാനും ഇടവേളകളിൽ മനസ്സ് അയച്ചുവിടാനും ശീലിച്ചു.

റിക്കി പോണ്ടിംഗിനു കീഴിൽ...
ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന് കളിക്കുമ്പോൾ റിക്കി പോണ്ടിംഗായിരുന്നു കോച്ച്. എപ്പോൾ ആക്രമിക്കണമെന്നും എപ്പോൾ നിയന്ത്രണം പാലിക്കണമെന്നുമുള്ള പാഠമാണ് പോണ്ടിംഗ് നൽകിയത്. ട്വന്റി20 പോലെ എളുപ്പം കളി മാറുന്ന മത്സരത്തിൽ ശരിയായ പരിശീലനത്തിന്റെ പ്രാധാന്യവും പോണ്ടിംഗ് ചൂണ്ടിക്കാട്ടി.

സുനിൽ ഗവാസ്‌കറുടെ നിർദേശം...
പൃഥ്വി ഇന്ത്യക്ക് കളിക്കാൻ സജ്ജനാണെന്ന് ആദ്യം പ്രഖ്യാപിച്ചത് സുനിൽ ഗവാസ്‌കറായിരുന്നു. ആ പ്രസ്താവനയുടെ സ്‌ക്രീൻ ഷോട്ട് ഒരു സുഹൃത്താണ് ആദ്യം പൃഥ്വിക്ക് അയച്ചു കൊടുത്തത്. ഗവാസ്‌കറെ പോലൊരാളുടെ പ്രശംസ വലിയ വാർത്താ പ്രാധാന്യം നേടി. ഗവാസ്‌കറുടെ വാക്ക് വെറുതെയാവരുതെന്ന വാശി പൃഥ്വിക്ക് കൂടുതൽ കരുത്ത് നൽകി. സ്‌കോർ ചെയ്തു കൊണ്ടിരിക്കുകയും അവസരങ്ങൾ മുതലാക്കുകയും ചെയ്യാൻ തീരുമാനിച്ചു. ഏറെ ദൂരേക്ക് നോക്കുകയല്ല വേണ്ടതെന്ന് വ്യക്തമായി.  

Latest News