Tuesday , May   21, 2019
Tuesday , May   21, 2019

മ്യൂസിക് ഓൺ വീൽസ്... 

ബിജിലി, ബിജിന
ലേഖകൻ

അനക്കാനാവാത്ത വിധം ശരീരം തളർന്നു പോയവരെ കുറിച്ച് ഓർത്തുനോക്കുക. അത്ര അപൂർവമല്ലാത്തൊരു യാഥാർഥ്യമാണിത്. അങ്ങനെയുള്ളവരുടെ നിസ്സഹായാവസ്ഥയിൽ നഷ്ടപ്പെട്ടു പോയ ചലനങ്ങൾ തിരിച്ചു കിട്ടുന്നതായിരിക്കും അയാളുടെ ഏറ്റവും വലിയ സ്വപ്‌നം. ദിവസങ്ങൾ കഴിയുമ്പോൾ, ചലനശേഷി തിരിച്ചുകിട്ടില്ല എന്നതറിയുമ്പോൾ, ചുറ്റുമുള്ള എന്തിനെയും തന്റെ ഇംഗിതത്തിനൊത്ത് പാകപ്പെടുത്തി എടുക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കും. ഇങ്ങനെയുള്ള ഒരുപാട് ശ്രമങ്ങളിലൂടെ അവർ അവരുടെ ലോകം പടുത്തുയർത്തുന്നു. ഇങ്ങനെ തളർന്നുപോയ രണ്ടു സഹോദരിമാരെ ഇവിടെ നമുക്ക് പരിചയപ്പെടാം 


ഒരു കുടുംബത്തിലെ സഹോദരികളാണ് ബിജിലിയും ബിജിനയും. മസ്‌കുലാർ ടിസ്‌ട്രോഫി (പേശികൾ ക്ഷയിച്ചു ശരീരം തളരുന്ന രോഗം) എന്ന അസുഖം ബാധിച്ച് ശരീരം 90% തളർന്നുപോയ ഈ ഗായികമാർ മഞ്ചേരി തൃക്കലങ്ങോട് സ്വദേശിനികളാണ്. ശരീര പേശികൾ ഓരോന്നായി ക്ഷയിച്ച് ഇരുളടഞ്ഞ മുറികളിലേക്ക് ജീവിതം വഴിമാറിയപ്പോൾ അടഞ്ഞു കിടന്ന ജാലകപ്പഴുതിലൂടെ പൊൻകിരണമായി എത്തിയ സംഗീത വഴിയിലൂടെ തങ്ങളുടെ ജീവിതത്തിനു നിറം പകരുകയാണ് ഈ കൂട്ടുകാരികൾ. ഒന്നാം വയസ്സിൽ ഒരു പനിയുടെ രൂപത്തിൽ എത്തിയ ഈ രോഗം ഇവരുടെ എല്ലാ സ്വപ്‌നങ്ങളുടെയും മുകളിൽ കരിനിഴലായി മാറി. സ്‌കൂളിൽ പോകാനോ പഠിക്കാനോ ഇവർക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല ജീവിതത്തിന് നിറം പകരുന്ന ബാല്യത്തിന്റെയും കൗമാരത്തിന്റെയും വഴികളിൽ മറ്റുള്ളവർക്കൊപ്പം ഓടിയെത്താൻ കഴിയാതെ സ്‌കൂളിൽ പോകുന്നവരെയും പറമ്പിൽ കളിക്കുന്നവരെയും നോക്കി ബിജിലിയും ബിജിനയും അവരുടെ ഇടുങ്ങിയ മുറികളുടെ ജനലരികിൽ ഇരിക്കുകയായിരുന്നു. 
പുറത്ത് പോകാനും കാഴ്ചകൾ കാണാനും അവർക്കുള്ള ആഗ്രഹം മനസ്സിലാക്കിയ അച്ഛൻ രണ്ടുപേരെയും കൂട്ടി കടലു കാണാനും വിമാനം കാണാനുമൊക്കെ കൊണ്ടുപോകുമായിരുന്നു. മക്കളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിക്കൊണ്ടിരിക്കെ തേപ്പ് ജോലിക്കാരനായിരുന്ന അച്ഛൻ 2014ൽ ഉണ്ടായ ഒരു ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. രണ്ടു മക്കളുടെയും ഈ അവസ്ഥയിൽ ജോലിക്കൊന്നും പോകാൻ കഴിയാതെയായി രോഗിയും കൂടിയായ അമ്മ. മകൻ ജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ഇവരുടെ ചികിത്സയും ജീവിതവും മുന്നോട്ട് കൊണ്ടുപോയിരുന്നത്. 36 വയസ്സുള്ള ബിജിലിയും 32 വയസ്സുള്ള ബിജിനയും അമ്മയും സഹോദരനോടൊപ്പമാണ് താമസം 


ചെറുപ്പം മുതൽ പാട്ടുകൾ ഇഷ്ടപ്പെടുകയും പാടുകയും ചെയ്തിരുന്ന ഇവരെ നാട്ടുകാരും കൂട്ടുകാരുമൊക്കെ പ്രോത്സാഹിപ്പിച്ച് പാലിയേറ്റീവ് സംഗമങ്ങളിലെ നക്ഷത്രങ്ങളാക്കി. അങ്ങനെ ഒരു സംഗമത്തിൽ നിന്നാണ് ഞാനും ഇവരുടെ പാട്ട് കേൾക്കുന്നത്. അന്നു തന്നെ വീൽചെയറിലെ പാട്ടുകാരുടെ ഗ്രൂപ്പായ മ്യൂസിക് ഓൺ വീൽസിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തു.
പിന്നീട് മ്യൂസിക് ഓൺ വീൽസിന്റെ പ്രോഗ്രാമുകളിൽ വേദനകളെ മറന്ന് ചക്രങ്ങളിൽ താളം പിടിച്ചു ഈ സഹോദരിമാർ പാടുമ്പോൾ കേട്ടിരിക്കുന്നവർ ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ നാട്ടിലേക്ക് ഞങ്ങളെ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ കേരളത്തിൽ 100ൽ അധികം വേദികളിൽ ഈ ഗായികമാർ കഴിവ് തെളിയിച്ചിരിക്കുന്നു. മ്യൂസിക് ഓൺ വീൽസിന്റെ പത്തു ഗായകരിൽ ഈ കൂട്ടുകാരികൾ സംഘത്തിലെ നല്ല പാട്ടുകാരായി ഇന്ന് പാട്ടിലൂടെ ചെറിയ വരുമാനം കുടുംബത്തിന് നേടിക്കൊടുക്കുന്നു.
ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിൽ സെലക്ഷൻ കിട്ടിയ മ്യൂസിക് ഓൺ വീൽസിനൊപ്പം അവസരങ്ങൾ കാത്തിരിക്കുകയാണ് ബിജിലിയും ബിജിനയും. സഹതാപ നോട്ടങ്ങളെ മാറ്റിവെച്ച് വിദേശ രാജ്യങ്ങളിലും നമ്മുടെ നാടുകളിലും നടക്കുന്ന പരിപാടികളിൽ ഇവരെ എത്തിക്കുകയും ഇവർക്ക് അതിലൂടെ വരുമാനം കണ്ടെത്തിക്കൊടുക്കാൻ നമുക്കും ഇവരോടൊപ്പം നിൽക്കാം.... 
മ്യൂസിക് ഓൺ വീൽസിനെ വിളിക്കേണ്ട നമ്പർ : 9495186505

Latest News