Tuesday , May   21, 2019
Tuesday , May   21, 2019

രക്ഷിതാക്കളെ ആശങ്കയിലാക്കി ഇ-സിഗരറ്റ് 

ആരോഗ്യത്തിന് ഹാനികരമാകുന്ന മാരക വിഷമില്ലെന്ന പ്രചാരണത്തോടെ സ്വാധീനം നേടിയ ഇലക്ട്രോണിക് സിഗരറ്റുകൾ (ഇ-സിഗരറ്റുകൾ) രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. ഇലക്ട്രോണിക് സിഗരറ്റ് നിർമാതാക്കളായ ജൂൾ (juul) മൂന്ന് വർഷം കൊണ്ട് അമേരിക്കൻ വിപണി പിടിച്ചപ്പോൾ കമ്പനിയുടെ വേപ്പിംഗ് ഉപകരണങ്ങൾ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. നിക്കോട്ടിൻ ഒഴികെയുള്ള മാരക പദാർഥങ്ങളുടെ അളവ് കുറഞ്ഞതിനാൽ ഇ-സിഗരറ്റുകൾ വലിയ ഭീഷണിയല്ലെന്ന് യു.എസ് നാഷണൽ അക്കാഡമീസ് ഓഫ് സയൻസസ്, എൻജിനീയറിംഗ് ആന്റ് മെഡിസിൻ ഈ വർഷം ആദ്യം വ്യക്തമാക്കിയിരുന്നു. സാധാരണ സിഗരറ്റ് വലിക്കാരെ വേപ്പിംഗിലേക്ക് മാറ്റുന്നത് കാൻസർ കേസുകൾ കുറയ്ക്കുമെന്നും വിലയിരുത്തപ്പെട്ടു. 
അതേസമയം, ഹൈസ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ നിക്കോട്ടിനെ കുറിച്ചുള്ള ഭീതിയാണ് ഇപ്പോൾ ഉന്നയിക്കുന്നത്. കാൻസറിന് കാരണമാകില്ലെങ്കിലും നിക്കോട്ടിന് അടിമകളാകുന്ന തലമുറയാണ് സൃഷ്ടിക്കപ്പെടുന്നതെന്നാണ് അവരുടെ ആശങ്ക. കൗമാരക്കാർക്കിടയിൽ നിക്കോട്ടിൻ ഉപയോഗം പകർച്ചവ്യാധി പോലെ പടരുകയാണെന്ന് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (എഫ്.ഡി.എ) വ്യക്തമാക്കുന്നു.  
 ഇ-സിഗരറ്റ് കമ്പനിയായ ജൂളിന്റെ സാൻഫ്രാൻസിസ്‌കോയിലെ ആസ്ഥാനത്ത് പരിശോധന നടത്തി വിപണി രീതികളെ കുറിച്ചുള്ള ആയിരത്തിലേറെ പേജ് വരുന്ന രേഖകൾ പടിച്ചെടുത്തിരുന്നതായും എഫ്.ഡി.എ അധികൃതർ പറയുന്നു. 
ഇ-സിഗരറ്റുമായി വിപണിയിലെത്തിയ ആദ്യ സ്റ്റാർട്ടപ്പല്ല ജൂളെങ്കിലും മറ്റൊരു ടെക്‌നോളജി വഴി വികസിപ്പിച്ച ഇ-സിഗരറ്റ് മാർക്കറ്റിലെത്തിച്ച ബ്രിട്ടീഷ് അമേരിക്കൻ ടൊബാക്കോ അടക്കമുള്ള കമ്പനികളെ വിപണിയിൽനിന്ന് പുറന്തള്ളാൻ അതിനു സാധിച്ചിരുന്നു. 2016 ൽ രണ്ട് ശതമാനം മാത്രം വിപണി പിടിച്ചിരുന്ന ജൂൾ 2017 ഡിസംബർ ആയപ്പോഴേക്കും 29 ശതമാനത്തിലെത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെ 73 ശതമാനം വിപണിയുടെ നിയന്ത്രണം കൈയടക്കിയതായാണ് നീൽസൻ ഡാറ്റ വ്യക്തമാക്കുന്നത്. മൊത്തം പുകയില വിൽപനയുടെ ഒരു ഭാഗമായാണ് ഇ-സിഗരറ്റുകളെ കാണുന്നതെങ്കിലും അതിന്റെ വളർച്ച വേഗത്തിലാണ്. ഉൽപന്നത്തിന്റെ ഗുണമേന്മയാണ് തങ്ങളുടെ വിജയമെന്നാണ് ജൂൾ അവകാശപ്പെടുന്നത്. പത്ത് ലക്ഷത്തിലേറെ അമേരിക്കക്കാരെ സിഗരറ്റ് ഉപയോഗിക്കുന്നതിൽനിന്ന് മാറാൻ തങ്ങൾ സഹായിച്ചുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 


ഇ-സിഗരറ്റ് കുട്ടികളുടെ കൈകളിൽ എത്താതിരിക്കാൻ എഫ്.ഡി.എയുമായി കമ്പനി സഹകരിക്കുന്നുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെവിൻ ബേൺസ് പറയുന്നു. ബ്രിട്ടൻ, കാനഡ, ഇസ്രായിൽ തുടങ്ങിയ രാജ്യങ്ങളിൽ ജൂൾ ലഭ്യമാണ്. ഓസ്‌ട്രേലിയയിലും ജപ്പാനിലും ഇ-സിഗരറ്റുകൾ മെഡിക്കൽ ആവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 
വേപ്പിംഗ് ഉപകരണത്തിന് 20 ഡോളറും നാല് റീഫിലുകൾക്കായി 30 ഡോളറുമാണ് ജൂൾ ഈടാക്കുന്നത്. ഒരു പായ്ക്കറ്റ് സിഗരറ്റിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ ഈ റീഫിലുകളിലുണ്ട്. വിർജീനിയ ടൊബാക്കോ മുതൽ ബ്രൂലി, മാംഗോ ക്രീമുകളിൽ വരെ വിവിധ ഫ്‌ളേവറുകളിൽ ഇത് ലഭ്യമാണ്. കുട്ടികൾക്ക് അനുയോജ്യമായ ഉൽപന്നമല്ല ഇതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും സ്‌കൂളുകളിൽ ജൂളിന് ഒരു നിഷ്‌കളങ്ക, നിരപരാധി പരിവേഷമാണുള്ളത്. പുകവലിക്കാരുടെ മൊത്തം എണ്ണം പൊതുവെ കുറഞ്ഞെങ്കിലും 2011-നും 2017 നുമിടയിൽ ഹൈസ്‌കൂളുകളിലും മിഡിൽ സ്‌കൂളുകളിലും ഇ-സിഗരറ്റ് ഉപകരണങ്ങളിലൂടെ ആവി വലിക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടുകയാണുണ്ടായത്. 
വേപ്പിംഗ് ഉപകരണത്തിലൂടെ ആയാലും സാധാരണ സിഗരറ്റായാലും കുട്ടികൾക്കിടയിൽ പുകയില ഉപയോഗം ഈ വർഷം കൂടുമോ എന്നതാണ് വിപണിയും ആരോഗ്യ വിദഗ്ധരും ഉറ്റുനോക്കുന്നത്. കൂടുമെന്നു തന്നെയാണ് എഫ്.ഡി.എ കമ്മീഷണർ സ്‌കോട്ട് ഗോട്‌ലീബ് പറയുന്നത്. യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ വേപ്പിംഗ് പകർച്ചവ്യാധി പോലെ പടരുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഫ്‌ളേവേഡ് ഇ- സിഗരറ്റുകൾ ഉടൻ നിരോധിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടു വെക്കുന്നു. 2016 ൽ കുട്ടികൾക്ക് ഇ -സിഗരറ്റ് വിൽപന നിരോധിച്ചുകൊണ്ട് എഫ്.ഡി.എ രംഗത്തു വന്നിരുന്നു. അമേരിക്കയിൽ 18 വയസ്സിനു താഴെയുള്ളവർക്ക് ഇ-സിഗരറ്റ് വിൽക്കുന്നതിനായിരുന്നു നിരോധം. ചില സ്‌റ്റേറ്റുകളിൽ 21 വയസ്സും കുറഞ്ഞ പ്രായമായി നിശ്ചയിച്ചിരുന്നു. സോഷ്യൽ സെക്യൂരിറ്റി നമ്പർ നൽകാനോ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകൾ അപ്‌ലോഡ് ചെയ്യാനോ ആണ് ആവശ്യപ്പെട്ടിരുന്നത്. പക്ഷേ, ഇ- സിഗരറ്റുകൾ കുട്ടികൾക്ക് എപ്പോഴും ലഭ്യമാണെന്ന് ടുബാക്കോ മുക്ത കുട്ടികൾക്കായുള്ള കാമ്പയിൻ പ്രസിഡന്റ് മാത്യു മേയേഴ്‌സ് പറയുന്നു. നിരോധ വേളയിൽ കമ്പനി സോഷ്യൽ മീഡിയ കാമ്പയിൻ ഉപയോഗിച്ചുവെങ്കിലും രാജ്യത്തെമ്പാടുമുള്ള ഹൈസ്‌കൂൾ കുട്ടികൾക്കിടയിൽ ജൂൾ എന്ന ബ്രാൻഡ് സ്വാധീനം നേടിയിരുന്നു -അദ്ദേഹം പറഞ്ഞു. ഇ-സിഗരറ്റുകളുടെ വില കുറച്ച് വിൽപന കൂട്ടാനുള്ള ശ്രമത്തിലാണ് നിർമാതാക്കളെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സിഗരറ്റിന്റെ കാര്യത്തിൽ വിജയിച്ചതു പോലെ ഇ-സിഗരറ്റുകളുടെ ഓൺലൈൻ വിൽപന പൂർണമായും തടയണം. വരുംമാസങ്ങളിൽ ഭരണകൂടം എന്തു നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകർ നിരീക്ഷിക്കുന്നത്.  

Latest News