Sunday , June   16, 2019
Sunday , June   16, 2019

സ്വകാര്യതയും സുരക്ഷയും ആരുടെ കൈയിൽ?

സുരക്ഷാ വീഴ്ച മുതലെടുത്ത് അഞ്ച് കോടി അക്കൗണ്ടുകളിൽ ഹാക്കർമാർ കയറിയെന്ന ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗിന്റെ പ്രസ്താവന സൗദി അറേബ്യയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങളിലെ ഫേസ്ബുക്ക് ഉപയോക്താക്കളിൽ വലിയ ആശങ്കയാണ് ഉയർത്തിയത്. വ്യൂ ആസ് എന്ന ഫീച്ചറിലെ പിഴവ് മുതലാക്കി പ്രൊഫൈലുകളിൽ കയറിയ ഹാക്കർമാർ അത് എന്തിനൊക്കെ ഉപയോഗിച്ചുവെന്ന് വ്യക്തമല്ല. സുരക്ഷാ വീഴ്ച പരിഹരിച്ചതായി അറിയിച്ച് ഫേസ്ബുക്ക് അധികൃതർ സംഭവം അന്വേഷിക്കുന്നതിന് എഫ്.ബി.ഐയോട് ആവശ്യപ്പെട്ടിരിക്കയാണ്.
സുരക്ഷ ആരുടെ കൈകളിൽ
ഫേസ്ബുക്കില്ലാത്ത ജീവിതത്തെ കുറിച്ച് ഇന്ന് ആർക്കും ചിന്തിക്കാൻ പോലും പറ്റാതായിട്ടുണ്ട്. 4 വർഷം മുമ്പ് ഇങ്ങനെയൊരു സംഭവം ഇല്ലായിരുന്നു. മാർക്ക് സക്കർബർഗിന്റെ കമ്പനിക്കിപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒന്നാം സ്ഥാനത്തുമാണ്.
ഫേസ്ബുക്ക് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. ഫേസ്ബുക്കില്ലാതെ ഇനിയങ്ങോട്ട് ജീവിതം അസാധ്യമാണെന്ന് ചിന്തിക്കുമ്പോൾ അതിൽ സ്വന്തം വിവരങ്ങൾ സുരക്ഷിതമാക്കാനുള്ള ബാധ്യത ഉപയോക്താക്കൾക്കു തന്നെയാണ്. ഡാറ്റ ചോർത്തലിനും മറ്റും സമൂഹ മാധ്യമങ്ങൾ ചോദ്യം ചെയ്യപ്പെടാമെങ്കിലും നമ്മുടെ പ്രൈവസി നമ്മുടെ കൈകളിൽ തന്നെയാണ്.
ജീവിതം അസാധ്യമാകുമെന്ന് തോന്നുന്ന ഫേസ്ബുക്കിൽ നേട്ടങ്ങൾ പോലെ തന്നെ ധാരാളം കോട്ടങ്ങളുമുണ്ട്. ആശയവിനിമയത്തിന് അനന്ത സാധ്യതകൾ നൽകുന്നതോടൊപ്പം തന്നെ നമ്മെ വീഴ്ത്താവുന്ന ചതിക്കുഴികളുമുണ്ടെന്നർഥം. 
ഫേസ്ബുക്കിൽ ദിവസം 200 കോടി സജീവ ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.
ലോകത്തെവിടെയുമുള്ള സുഹൃത്തുക്കളുമായും ബന്ധുക്കളുമായും എളുപ്പത്തിലും വേഗത്തിലും ബന്ധം പുലർത്താൻ സഹായിക്കുമെന്നതു തന്നെയാണ് ഫേസ്ബുക്കിന്റെ ഏറ്റവും വലിയ നേട്ടം. സ്റ്റാറ്റസ്, ലൈക്കുകൾ, ഷെയറുകൾ തുടങ്ങിയ ഫീച്ചറുകളിലൂടെ നമുക്ക് സ്വയം വെളിപ്പെടുത്താം. വിവിധ രാജ്യക്കാർക്ക് തങ്ങളുടെ സംസ്‌കാരത്തെ കുറിച്ചും രാജ്യത്തെക്കുറിച്ചും ആശയവിനിമയത്തിലൂടെ പരസ്പരം മനസ്സിലാക്കാനും ഫേസ്ബുക്ക് വഴി തുറക്കുന്നു. 
പുതിയ ബന്ധങ്ങളും സൗഹൃദവുമുണ്ടാക്കാൻ സഹായിക്കുന്ന ഈ സമൂഹ മാധ്യമം സാമൂഹികമായി ഇടപെടാൻ മടിയുള്ളവർക്കും ലജ്ജാശീലർക്കും ഓൺലൈൻ സുഹൃത്തുക്കളെ സമ്പാദിക്കാനും പിന്നീട് അവരെ അടുത്ത സുഹൃത്തുക്കളായി മാറ്റാനും സഹായിക്കുന്നു. ബിസിനസും ബ്രാൻഡും പ്രൊമോട്ട് ചെയ്യാനും മികച്ച അവസരമൊരുക്കുന്നുവെന്നത് ഫേസ്ബുക്കിന്റെ നേട്ടമാണ്.
ആരെയെങ്കിലും കാണാതായൽ കണ്ടുപിടിക്കാനും അതേക്കുറിച്ചുള്ള വളരെ വേഗം സന്ദേശങ്ങൾ വ്യാപിപ്പിക്കാനും ഫേസ്ബുക്ക് സഹായിക്കുന്നു. 
നീണ്ട ക്യൂകളിലും കാത്തിരിപ്പു മുറികളിലും വെറുതെ ഇരിക്കുമ്പോൾ വലിയ ആശ്വാസമാണ് ഫേസ്ബുക്ക്. 
ഈ നേട്ടങ്ങളോടൊപ്പം തന്നെ വലിയ കെണിയൊരുക്കുന്നതിലും ഫേസ്ബുക്ക് മുന്നിലുണ്ട്. ഇതിലൂടെ അപവാദങ്ങളും വ്യാജ വാർത്തകളും അതിവേഗമാണ് പ്രചരിക്കുന്നത്. നേരിട്ടല്ലാതെ, ഓൺലൈൻ വഴി ഇരകൾക്ക് വൻ ആഘാതമേൽപിക്കാൻ ഇതുവഴി സാധിക്കും. അപരിചിതർക്ക് നമ്മുടെ വ്യക്തിവിവരങ്ങൾ അതിവേഗം സമ്പാദിക്കാൻ കഴിയുന്നു. നമ്മുടെ സ്വന്തം ഗുണങ്ങളിൽ മതിമറക്കുന്ന നാർസിസം വളർത്തുന്നതും ഫേസ് ബുക്ക് തന്നെ. 


ഓരോ മിനിറ്റിലും ന്യൂസ് ഫീഡ് നോക്കാതെ മുന്നോട്ട് പോകുക പ്രയാസകരമാകും വിധം അഡിക്ഷൻ ഉണ്ടാക്കുന്നു. ആശയവിനിമയം പൂർണമല്ലാത്തതിനാൽ പരസ്പരം ധാരാളം തെറ്റിദ്ധാരണകൾക്ക് കാരണമാകുന്നു. 
മറ്റുള്ളവരുമായി സ്വന്തത്തെ താരതമ്യം ചെയ്തുകൊണ്ട് ജീവിതത്തെ പരാജയത്തിലെത്തിക്കുന്നു. യഥാർഥ ലോകത്തേക്കിറങ്ങി ആളുകളെ പരിചയപ്പെടാനും ബന്ധം പുതുക്കാനുമുള്ള അവസരങ്ങൾ ഇല്ലാതാക്കന്നു. ഒറ്റപ്പെട്ട തുരുത്തുകളിൽ തല താഴ്ത്തിക്കൊണ്ടുള്ള ജീവിതമാണ് ഫേസ്ബുക്ക് സമ്മാനിക്കുന്നത്. വർത്തമാന കാലത്തെ ബന്ധം തന്നെ വിഛേദിക്കപ്പെട്ടതു പോലെയാകുന്നു ചിലരുടെ ജീവതം.
പ്രണയ ബന്ധങ്ങളും വിവാഹാലോചനകളും തകർക്കുന്നതിലും ഫേസ്ബുക്ക് വലിയ പങ്കുവഹിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. വിദ്യാർഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നതാണ് മറ്റൊരു പ്രധാന ദോഷം. ധാരാളം സമയം ഫേസ്ബുക്കിൽ ചെലവഴിക്കുന്ന വിദ്യാർഥികൾ പഠനത്തിൽ പിറകോട്ടു പോകുന്ന പ്രവണത കാണിക്കുന്നു. 
ആളുകൾ ഫേസ്ബുക്കിൽ കാണിക്കുന്നതല്ല അവരുടെ യഥാർഥ മുഖം. കാപട്യമാണ് അവർ കാണിക്കുന്നത്. നിരന്തരം ഫേസ്ബുക്ക് നോക്കുന്ന പ്രവണത ജോലിയെയും ഏറ്റെടുത്ത ദൗത്യങ്ങളെയും ബാധിക്കുന്നു. സോഷ്യൽ മീഡിയ പേജുകൾ പരിശോധിച്ചാണ് പല കമ്പനികളും ഇപ്പോൾ ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്. ഫേസ്ബുക്ക് നോക്കിയാൽ അറിയാം ഒരാൾ ആരാണെന്ന്.
ഫേസ്ബുക്കുമായി ചടഞ്ഞിരിക്കുന്നത് പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന സ്വന്തം വിവരങ്ങൾ പിന്നീട് സ്വകാര്യതയെ കൊത്തിവലിക്കുന്ന പ്രശ്‌നങ്ങളായി പരിണമിക്കുന്നു. 
ഫേസ്ബുക്കിൽ ഇടുന്ന പോസ്റ്റുകളും ഫോട്ടോകളും മുതൽ സെർച്ച് വരെ എല്ലാ കാര്യങ്ങളിലും ധാരണ ഉണ്ടായിരിക്കുകയെന്നതാണ് കെണിയിൽ അകപ്പെടാതിരിക്കാനുള്ള മാർഗം. ഫേസ്ബുക്ക് ഐ.ഡി തന്നെ മറ്റു പല സൈറ്റുകളും ആപ്ലിക്കേഷനുകളും ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്നവർ ധാരാളമാണ്. ഹാക്ക് ചെയ്യപ്പെട്ടതായി ഫേസ്ബുക്ക് കണ്ടെത്തിയ അക്കൗണ്ട് ഉടമകൾക്ക് നൽകിയ ഒരു നിർദേശം ഫേസ്ബുക്ക് ലോഗിൻ ഉപയോഗിക്കുന്ന മറ്റു അക്കൗണ്ടുകളിൽനിന്നും ലോഗ് ഔട്ട് ചെയ്യാനായിരുന്നു. 
ഫേസ്ബുക്കിൽ ഗൂഢ പദ്ധതികളുമായി വരുന്ന ക്രിമിനലുകൾ വ്യാജ പ്രൊഫൈലുകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അറിയാത്തവരെ സുഹൃത്തുക്കളാക്കാതിരിക്കുകയാണ് ഫേസ്ബുക്ക് സുരക്ഷക്ക് പ്രാഥമികമായും ചെയ്യാനുള്ളത്. വ്യക്തിപരമായ എല്ലാ വിവരങ്ങളും ഷെയർ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.  

Latest News