Tuesday , May   21, 2019
Tuesday , May   21, 2019

ത്വയിബ് ഇസ്മിന്റെ ഓരങ്ങളിലൂടെ

വാദി ത്വയിബ് ഇസ്മ്
ത്വയിബ് ഇസ്മിലെ നീരുറവ
വാദി ത്വയിബ് ഇസ്മ്
വാദി ത്വയിബ് ഇസ്മ്
മദാഇൻ ശുഹൈബ് 
ശുഹൈബ് നബിയുടെ പെൺകുട്ടികൾക്ക് മൂസാ നബി വെള്ളം കോരിക്കൊടുത്ത കിണർ
മൂസാ നബി 12 ഗോത്രങ്ങൾക്ക് 12 ഉറവ നൽകിയ സ്ഥലം
ലേഖകനും കൂട്ടുകാരും സൗദി-ജോർദാൻ അതിർത്തിയിൽ 
മദാഇൻ ശുഹൈബ് 
വാദി ത്വയിബ് ഇസ്മ്

അഞ്ചു വർഷമായി സൗദി അറേബ്യയിലെത്തിയിട്ട്. ആറ് മാസം മുമ്പ് തബൂക്കിനടുത്തുള്ള ശർമയിലേക്ക് ട്രാൻസ്ഫർ ആയ ദിവസം മുതലുള്ള ആശയായിരുന്നു രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ചരിത്രം തേടിയുള്ള ഒരു യാത്ര. ദേശീയദിനത്തിന്റെ തലേ ദിവസമാണ് സാഹചര്യം ഒത്തുവന്നത്. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള മദാഇൻ ശുഹൈബ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. അനസ്, ജാഫർ, ഹാരിസ് എന്നിവരായിരുന്നു സഹയാത്രികർ.

 

മദാഇൻ ശുഹൈബ് 
പത്ത് മണിക്ക് ശർമയിൽനിന്ന് തിരിച്ച ഞങ്ങൾ പന്ത്രണ്ട് മണിയോടെ അൽബദ ടൗണിനോട് ചേർന്ന മദാഇൻ ശുഹൈബിൽ എത്തി.  മൂസാ നബിയുടെ ഭാര്യാ പിതാവായാണ് ചരിത്രം  ശുഐബ് നബിയെ പരിചയപ്പെടുത്തുന്നത്. ഖുർആനിൽ പരാമർശിക്കപ്പെടുന്ന നാല് അറേബ്യൻ പ്രവാചകന്മാരിൽ ഒരാളെന്ന പ്രത്യേകത കൂടി  ശുഐബ് നബിക്ക് അവകാശപ്പെട്ടതാണ്. ക്രിസ്തുവിന് രണ്ടായിരം വർഷങ്ങൾക്ക് മുൻപാണ് മദാഇൻ ശുഐബ് നിർമിക്കപ്പെട്ടതെന്ന് പുരാവസ്തു ഗവേഷകർ കരുതുന്നു. 


തബൂക്കിൽനിന്ന് 170 കിലോമീറ്റർ അകലെയുള്ള അൽ ബഡയിൽ കാർ മാർഗം എളുപ്പത്തിൽ എത്തിച്ചേരാം. പിങ്ക് നിറത്തിലുള്ള മണൽക്കല്ലിൽ നിന്നു കൈകൊണ്ട് നിർമ്മിച്ച ഈ നഗരം അതിന്റെ പഴമയും മഹത്വവും വിളിച്ചോതുന്നുണ്ട് . ഞങ്ങളെത്തുമ്പോൾ ഗേറ്റ് തുറന്നിട്ടില്ല. വെള്ളിയാഴ്ചയും ശനിയാഴ്ചയും  വൈകുന്നേരം നാല് മണി മുതൽ ആറ് മണി വരെയാണ് പ്രവേശനാനുമതി ഉള്ളതെന്ന് മറ്റൊരു യാത്രാ സംഘത്തിൽനിന്ന് അറിയാൻ സാധിച്ചു. ചുറ്റിക്കറങ്ങി വൈകുന്നേരം തിരിച്ചുവരാമെന്ന് പറഞ്ഞ് ഞങ്ങൾ അവിടെനിന്ന് വണ്ടി തിരിച്ചു. 


ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ശുഐബ് നബിയുടെ സമൂഹം ഉപയോഗിച്ചിരുന്ന കിണർ  കാണാം. കിണറുള്ള ഭാഗം ചുറ്റുവേലി കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും വേലി അൽപം പൊളിച്ച ഭാഗത്ത് കൂടെ ഉള്ളിലേക്ക് കടക്കാൻ സാധിക്കും. ഭാഗികമായി തകർന്ന ഈ കിണറ്റിൽ ഇപ്പോൾ വെള്ളമൊന്നുമില്ല. വെള്ളമെടുക്കാൻ ഊഴമെത്തുന്നത് കാത്തിരുന്ന ശുഐബ് നബിയുടെ പെൺമക്കളെ മൂസാ നബി വെള്ളമെടുക്കാൻ സഹായിക്കുകയും വിവരമറിഞ്ഞു സന്തുഷ്ടനായ ശുഐബ് നബി പത്ത് വർഷം സ്വന്തം ആടുകളെ മേക്കണമെന്ന വ്യവസ്ഥയിൽ മക്കളിലൊരാളെ വിവാഹം ചെയ്തു നൽകുകയും ചെയ്തതായാണ് ചരിത്രം.    


വാദി ത്വയ്യിബ് അൽഇസ്മ് 
ഞങ്ങളുടെ അടുത്ത ലക്ഷ്യം വാദി ത്വയ്യിബ് ഇസ്മ് ആയിരുന്നു. മരുഭൂമിയിലൂടെയുള്ള യാത്രയിലുടനീളം കാറ്റാടി മരങ്ങൾ കൊണ്ട് അതിരിട്ട സുന്ദരമായ തോട്ടങ്ങൾ കാണാമായിരുന്നു. മാവും ഓറഞ്ചും ഈത്തപ്പഴവുമൊക്കെയാണ് കൃഷി. ഇടക്ക് ഉണക്ക സ്രാവ് കൊണ്ട് അടയാളമിട്ട ഒരു തോട്ടത്തിന് മുന്നിൽ വണ്ടി നിർത്തി ഒരു പെട്ടി മുസമ്പി വാങ്ങി യാത്ര തുടർന്നു.     
പതിനഞ്ചു കിലോമീറ്റർ പിന്നിട്ടതോടെ ചെങ്കടൽ കാണാനായി. തെളിവുള്ള നീലക്കടലിൽ ചെറുതായി തിരയടിക്കുന്നുണ്ട്. ദൂരെ കാണുന്ന മലകൾ ഈജിപ്തിന്റെ ഭാഗമാണെന്ന് ഭക്ഷണം കഴിക്കാനിറങ്ങിയ അങ്ങാടിയിൽ കട നടത്തുന്ന മലയാളി പറഞ്ഞു. അടുത്തുള്ള പുൽത്തകിടിയിലിരുന്ന് നല്ല ഫ്രഷ് മീൻ പൊരിച്ചത് കൂട്ടി ചോറൊക്കെ കഴിച്ചു. നട്ടുച്ച ആയിട്ടും ചൂട് തീരെയില്ല. അൽപനേരം കടൽ കാറ്റ് കൊണ്ട ശേഷം യാത്ര തുടർന്നു. ഒരു വശത്ത് സുന്ദരനും പരുക്കനുമായ കൂറ്റൻ മലനിര, മറുവശത്ത് മലയെ മോഹിപ്പിക്കാനെന്ന പോലെ തിരയിളക്കി കൊഞ്ചിക്കുഴയുന്ന അതീവ സുന്ദരിയായ കടൽ. ഇടക്കൊരിടത്ത് വണ്ടി നിർത്തി ഫോട്ടോയും വീഡിയോയുമൊക്കെ എടുത്തു.


റോഡ് നേരെ ചെന്നെത്തുന്ന സ്ഥലത്ത് വാദി ത്വയ്യിബ് എന്ന ബോർഡ് കാണാം. അറുനൂറ് മീറ്റർ ഉയരമുള്ള രണ്ട് കൂറ്റൻ മലകൾക്ക് നടുവിൽ രണ്ട് കാറുകൾ ഒന്നിച്ച് കടക്കാൻ മാത്രം വിടവുള്ള ഒരു ചെറിയ പാത. ഏകദേശം 15 കിലോമീറ്റർ വരുന്ന സുന്ദരവും നിഗൂഢവുമായ ഈ വഴിയെക്കുറിച്ച് ടോം ക്രൂസോ മറ്റോ അറിഞ്ഞാൽ അടുത്ത മിഷൻ ഇംപോസിബിൾ ഇവിടെയായിരിക്കും ഷൂട്ടിംഗ് എന്ന ഹാരിസിന്റെ കമന്റ് ഞങ്ങൾ ശരിവെച്ചു. 


മൂസാ നബി യുവാവായിരിക്കുമ്പോൾ ദിമ്മി ഗോത്രക്കാരനായ ഒരാളുടെ കൊലപാതകത്തിന് കാരണക്കാരനായതോടെ ഫറോവയുടെ ശിക്ഷ ഭയന്ന് ഈജിപ്തിൽനിന്ന് രക്ഷപ്പെടുകയും  അഖബാ കടൽ കടന്ന് വാദി ത്വയ്യിബിലൂടെ മദാഇൻ ശുഐബിൽ എത്തുകയും ചെയ്തതായി പറയപ്പെടുന്നു. ചരിത്രത്തിൽ വാദി ത്വയ്യിബിനെക്കുറിച്ച് രേഖകൾ ഉണ്ടോ എന്ന് സംശയമാണ്. വാദിയിലൂടെ ഒഴുകിവരുന്ന  കൊച്ചുറവയിൽനിന്നു വെള്ളമെടുത്ത് ഞങ്ങൾ രുചിച്ച് നോക്കി. ചെറിയൊരു ഉപ്പ് രുചി. 

മൂസായുടെ 12 ഉറവകൾ 
മൂസാ നബിയുടെ പിന്നിൽ അണിനിരന്ന് ഫറോവയോട് യുദ്ധം ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ നാൽപത് വർഷം മരുഭൂമിയിൽ അലയുമെന്ന് ദൈവശാപം ലഭിച്ചതായി ചരിത്രം പറയുന്നു. കുടിവെള്ളം പോലും ലഭിക്കാതെ വലഞ്ഞ തന്റെ സമൂഹത്തിന് മൂസാ നബിയുടെ ശുപാർശ പ്രകാരം ഉറവ ലഭിച്ച  സ്ഥലമാണിതെന്നാണ് വിശ്വാസം. ഇവർക്ക് ദൈവം മന്ന, സൽവ എന്നീ ഭക്ഷണങ്ങൾ നൽകിയതായും ഖുർആനിലും ബൈബിളിലും പരാമർശമുണ്ട്. 
വാദി തൈബയിൽനിന്ന് തിരിച്ചുവരുമ്പോൾ കടൽ തീരത്ത് നിന്ന് കയറി അൽപം മുകളിൽ വലതു വശത്തായി ചെറിയ തൂണുകൾക്ക് മുകളിൽ പന്ത് പതിച്ച പോലെ രൂപങ്ങളുള്ള ഭാഗത്താണ് ഉറവ. ഉറവകളുടെ ഫോട്ടോയെടുത്ത ശേഷം അൽപം വെള്ളമെടുത്ത് വായിൽ വെച്ചുനോക്കി. നല്ല ശുദ്ധമായ വെള്ളം. ഉപ്പ് രുചി തീരെ ഇല്ല.

ദുരാ ബോർഡർ 
മദാഇൻ ശുഐബിലേക്ക് ഒരു തവണ കൂടി വന്നു നോക്കിയെങ്കിലും ആറ് മണി കഴിഞ്ഞതിനാൽ ഗേറ്റ് പൂട്ടിയത് നിരാശയുണ്ടാക്കി. അവിടെനിന്ന് നൂറ്റി ഇരുപത്  കിലോമീറ്റർ പോയാൽ  ജോർദാൻ അതിർത്തിയായി. മലയിടുക്കിലൂടെയാണ് യാത്ര. രണ്ട് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന വഴി ആയിട്ടും വഴിവിളക്കുകൾ ഇല്ലാത്തത് ഞങ്ങളെ അത്ഭുതപ്പെടുത്തി.
ദേശീയ ദിനത്തിന്റെ തലേ ദിവസം ആയതിനാൽ അതിർത്തി ഗ്രാമത്തിൽ ലെഡ് വിളക്കുകളെക്കൊണ്ട് അലങ്കരിച്ചിരുന്നു. സൗദി - ജോർദാൻ ബോർഡർ എന്ന് എഴുതിയ വലിയ ബോർഡിന് മുന്നിൽ ഫോട്ടോയെടുത്തു. ബോർഡർ സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥനോട് അൽപം കൂടി മുന്നോട്ട് പോവാൻ സമ്മതം ചോദിച്ചു.  മുന്നോട്ട് പോയി ജോർദാൻ ചെക്ക് പോയന്റ് കാണുന്നത് വരെ പോയി തിരിച്ചു വരാൻ അദ്ദേഹം സമ്മതം തന്നു. മൂപ്പർക്കൊരു ശുക്രൻ പറഞ്ഞു തൊട്ടടുത്ത് കണ്ട സുന്ദരമായ ബീച്ചിൽ കാറ്റ് കൊണ്ട് ഇരിക്കുമ്പോൾ  ഈജിപ്തിന്റെയും  ജോർദാന്റെയും അതിർത്തി ഗ്രാമങ്ങളിലെ വൈദ്യുത വിളക്കുകൾ വ്യക്തമായി കാണാമായിരുന്നു.

എല്ലാവർക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ മനസ്സ് വായിച്ച പോലെ തൊട്ടടുത്തിരിക്കുന്ന ഫാമിലിയിൽനിന്ന് ഒരു ചെറിയ പെൺകുട്ടി  ഞങ്ങൾക്ക് വയർ നിറയെ കഴിക്കാൻ മാത്രം ബസ്ബൂസ എന്ന മധുരപലഹാരം കൊണ്ടു തന്നു. അവർക്ക് നന്ദി പറഞ്ഞു നമസ്‌കാരത്തിനായി പള്ളിയിൽ കയറാൻ നോക്കുമ്പോൾ പള്ളി പൂട്ടിയിരുന്നു. ആളൊഴിഞ്ഞ അതിർത്തി ഗ്രാമം ആയതിനാൽ നമസ്‌കാരം കഴിഞ്ഞ ഉടനെ പള്ളി പൂട്ടുന്നതാവാം. പള്ളിയുടെ മുന്നിൽ കണ്ട ഒരു പ്രദേശവാസി സ്വന്തം വീട്ടിൽ നമസ്‌കാരത്തിന് സൗകര്യം വാഗ്ദാനം ചെയ്തത് സ്‌നേഹത്തോടെ നിരസിച്ച് വണ്ടി തിരിക്കുമ്പോൾ  ഇന്ത്യക്കാർക്ക് ജോർദാനിൽ പോവാൻ വിസ ഓൺഅറൈവൽ ആണെന്ന് ജാഫർ ഒരു സംശയം പറഞ്ഞു.  
ഹൈവേ വഴി തിരിച്ചുപോരുമ്പോൾ ഈജിപ്തിലെ ശറമുശൈഖിലേക്ക് സൗദിയിൽനിന്ന് കടൽ പാലം നിർമിക്കാൻ ഉദ്ദേശിക്കുന്ന റാസ് ഹമീദിലേക്കുള്ള ബോർഡ് കണ്ടു.  
 ഒരുപാട് ചരിത്രങ്ങൾക്ക് സാക്ഷിയായ ചെങ്കടലും മഖ്‌നയും അൽ ബദയും പിന്നിട്ട് തിരിച്ച് ശർമ്മയിലെത്തുമ്പോൾ രാത്രി പന്ത്രണ്ട് കഴിഞ്ഞിരുന്നു.

 

 

 

 

 


 

Latest News