Tuesday , March   19, 2019
Tuesday , March   19, 2019

കേരള ട്രാവൽമാർട്ട് : 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും 

  • വിദേശ ബയർമാരിലേറെയും അമേരിക്ക, ഇംഗ്ലണ്ട്കാർ 

ലോകോത്തര ബയർമാരേയും സെല്ലേഴ്‌സിനേയും ഒരു കുടക്കീഴിൽ അണിനിരത്തിയ കേരള ട്രാവൽ മാർട്ട് കേരള വിനോദ സഞ്ചാര മേഖലക്ക് 34,000 കോടി രൂപയുടെ വരുമാനം ലഭ്യമാകുന്നതിനും 25 ലക്ഷം തൊഴിലവസരങ്ങൾ  സൃഷ്ടിക്കുന്നതിനും പ്രചോദനമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ടൂർ ഓപ്പറേറ്റർമാർ, ഹോട്ടൽ, റിസോർട്ട്, ഹോംസ്റ്റേ, ഹൗസ്‌ബോട്ട്, ആയൂർവേദ റിസോർട്ട്, സാംസ്‌കാരിക കലാ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവരാണ് മേളയിൽ ഭാഗഭാക്കായത്. 400 സ്റ്റാളുകളിലായി 325 സെല്ലേഴ്‌സും 1,635 ടൂറിസം സ്ഥാപന പ്രതിനിധികളുമാണ് രാജ്യത്തിനകത്തും പുറത്തും നിന്നുമായി  പങ്കെടുത്തത്. കൂടാതെ 1,090 തദ്ദേശീയ ബയർമാരും മേളക്കെത്തി. 
വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വ്യാപാര ഇടപാടുകൾക്കും വേദിയായ കേരള ട്രാവൽ മാർട്ടിൽ പങ്കെടുത്ത വിദേശ ബയർമാരിൽ ഭൂരിഭാഗവും അമേരിക്ക, ഇംഗ്ലണ്ടിൽ നിന്നുമുള്ളവരായിരുന്നു. വെല്ലിംഗ്ടൺ ഐലൻറിലെ സാമുദ്രിക, സാഗര കൺവെൻഷൻ സെന്ററുകളിൽ നടക്കുന്ന സംരംഭത്തിൽ സെല്ലർമാരുമായി വ്യാപാര ഇടപാടുകൾക്കായും ആശയ വിനിമയത്തിനായും  അമേരിക്കയിൽ നിന്നും 42 പ്രതിനിധികളും ഇംഗ്ലണ്ടിൽ നിന്നും 40 പ്രതിനിധികളുമാണ് എത്തിയത്. 


കേരള ട്രാവൽ മാർട്ട് പത്തു പതിപ്പുകൾ പിന്നിടുമ്പോൾ ഇതാദ്യമായാണ് 66 രാജ്യങ്ങളിൽ നിന്നായി 545 വിദേശ ബയർമാർ പങ്കെടുത്തത്.  അറബിരാഷ്ട്രങ്ങളിൽ നിന്ന് 37, ജർമ്മനി 36,  ഓസ്‌ട്രേലിയ  32, റഷ്യ 31, മലേഷ്യ 26, പോളണ്ട് 24, ദക്ഷിണാഫ്രിക്ക 17, ഫിലിപ്പൈൻസ് 14, ഇറ്റലി 13, ചൈന 12, സ്വീഡൻ 10 എന്നിങ്ങനെയാണ് പ്രതിനിധികളുടെ എണ്ണം. 
വ്യത്യസ്ത വിനോദസഞ്ചാര വിഭവങ്ങളും സെഷനുകളും  കണ്ടെത്താനാകുന്ന അത്യപൂർവ്വ വേദിയാണ് കെടിഎം എന്ന് അമേരിക്കയിൽ നിന്നെത്തിയ മാർക്കറ്റിംഗ്  ഉദ്യോഗസ്ഥ മാരിയോൺ ലൈബ്ഹാർഡ് പറഞ്ഞു. ടൂറിസം വിപണിയുടെ ഉന്നത നിലവാരമുള്ള അവതരണമാണ് കെടിഎം. പുതിയ  പങ്കാളികളേയും ടൂർ ഓപ്പറേറ്റർമാരേയും തേടിയാണ് ഇവിടെ എത്തിയത്. ടൂറിസം മേഖലയിലെ വ്യത്യസ്തതകൾ ഏറെ ആകർഷിച്ചു. കേരളത്തിലെ പൈതൃകവും പ്രകൃതിഭംഗിയുമാണ് തനിക്കു പ്രിയമെന്നും അവർ വ്യക്തമാക്കി.
ആദ്യമായാണ് കെടിഎമ്മിൽ പങ്കെടുക്കുന്നതെന്നും പുതിയ പങ്കാളികളെ തേടിയെത്തിയ തനിക്ക് അതോടൊപ്പം തന്നെ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെക്കുറിച്ചുള്ള വിവരങ്ങളും ആവശ്യമാണെന്നും റഷ്യയിൽ നിന്നെത്തിയ എലേന പ്രൊട്ടോപോപോവ പറഞ്ഞു. 
കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ 'സ്വഛ് ഭാരത് സ്വഛ് പര്യടൻ' പദ്ധതിയുടെ ഭാഗമായി കളരിപ്പയറ്റ് അവതരണവും കെടിഎം  വേദിയിൽ ഒരുക്കിയിരുന്നു.
കാലോചിതമായ മാറ്റങ്ങളാണ് കേരള ടൂറിസത്തിൻറെ നിലനിൽപ്പിന് അനിവാര്യമെന്ന് വിനോദസഞ്ചാരമേഖലയിലെ മാറുന്ന പ്രവണതകൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ അഭിപ്രായപ്പെട്ടു. രാത്രികാല വിനോദസാധ്യതകൾ, ഡിജിറ്റൽവത്കരണം തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് സെമിനാറിൽ ഉയർന്നു വന്നത്.

 

 


 

Latest News