Sunday , June   16, 2019
Sunday , June   16, 2019

ജാക്കിചാനെ മെരുക്കിയ  കോഴിക്കോട്ടുകാരൻ

സുനിൽ കുമാർ
സുനിൽ കുമാർ ജാക്കിച്ചാനെ പരിശീലിപ്പിക്കുന്നു
അഭിഷേക് ബച്ചന് പരിശീലനം നൽകുന്നു
വ്ളാഡിമിർ പുടിൻ, കെ.ആർ. നാരായണൻ എന്നിവരോടൊപ്പം സുനിൽ കുമാർ
ദീപ പദുകോണിനെ പരിശീലിപ്പിക്കുന്നു

ദ മിത്ത് എന്ന ഇംഗ്ലീഷ് സിനിമ കൂടാതെ ഒരുപിടി ഇന്ത്യൻ ഭാഷാ സിനിമകൾക്ക് കൂടി സുനിൽകുമാർ കളരി ആക്ഷൻ രംഗങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ തച്ചോളി വർഗീസ് ചേകവർ, ഗുരു, കുലം, ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയവ. കന്നഡയിൽ മാനസാരി, ശകുനി, ഏകാകി എന്നിവ. തമിഴിൽ രാവണൻ, നൂറിൽ ഒരുവൻ. ഹിന്ദിയിൽ 
ദിൽസെ, അശോക, ലജ്ജ, രാവൺ, ലോഹോക്കി ദോരംഗ്. ഏറ്റവും അവസാനമായി ചെയ്തത് സഞ്ജയ് ലീല ബൻസാലിയുടെ ബാജീറാവു മസ്താനി.


2004 ഏപ്രിൽ മാസത്തിലെ ഒരു തണുത്ത പ്രഭാതം.
സ്ഥലം, ചൈനയിലെ പ്രസിദ്ധമായ ഷാങ്ഹായ് ഫിലിം സ്റ്റുഡിയോ കോംപ്ലക്‌സ്.
ഒരു ഇംഗ്ലീഷ് ചിത്രത്തിന്റെ സ്റ്റണ്ട് പരിശീലനം അന്നവിടെ ആരംഭിക്കുകയാണ്.
പരിശീലകനും, സ്റ്റണ്ട് പരിശീലിക്കേണ്ട നായക നടനും തയാറായി എത്തി. അവർ പരസ്പരം മുഖാമുഖം നോക്കി. ആ നിമിഷം പരിശീലകന്റെ മനസ്സ് ചെറുതായൊന്നു പതറി. എങ്ങനെ പതറാതിരിക്കും? മുന്നിൽ നിൽക്കുന്നത് ചില്ലറക്കാരനല്ല. ലോകമെമ്പാടുമായി 150 കോടിയിലേറെ ആരാധകരുള്ള ഒരു മഹാനടനാണ്. പ്രേക്ഷകരെ ത്രസിപ്പിക്കും വിധം സ്റ്റണ്ട് രംഗങ്ങളിൽ അഭിനയിച്ചും അതിശയിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങൾ സ്വയം സംവിധാനം ചെയ്തും മികവു തെളിയിച്ച നടൻ - ജാക്കിചാൻ!
അതിസാഹസികതയുടെ ആൾരൂപമായി മാറിയ ജാക്കിചാനു മുന്നിൽ പരിശീലകനായി നിന്നപ്പോഴാണ് കോഴിക്കോട് നടക്കാവിലെ സി.വി.എൻ കളരി സംഘത്തിന്റെ സാരഥിയായ സുനിൽകുമാർ ഗുരുക്കൾക്ക് മനസ്സൊന്ന് പതറിയത്. പക്ഷേ, അടുത്ത നിമിഷം അദ്ദേഹം സംയമനം വീണ്ടെടുത്തു. തുടർന്ന് കളരി ആധാരമാക്കിയുള്ള ആക്ഷൻ രംഗങ്ങൾ അദ്ദേഹം ജാക്കിചാനെ പരിശീലിപ്പിച്ചു തുടങ്ങി. ജാക്കിചാനും മല്ലികാ ഷെരാവത്തും ചേർന്ന് തകർത്തഭിനയിച്ച് ബോക്‌സോഫീസ് ഹിറ്റാക്കിയ ദ മിത്ത് എന്ന ഇംഗ്ലീഷ് ചിത്രത്തിന് വേണ്ടിയായിരുന്നു അത്.


2004-ലെ പുതുവർഷപ്പുലരിയിലാണ് സുനിൽകുമാറിനെ തേടി ആ ഭാഗ്യം എത്തുന്നത്. സി.വി.എൻ കളരി സംഘത്തിന്റെ തിരുവനന്തപുരം ശാഖയിലെ സഹപ്രവർത്തകൻ സത്യനാരായണന്റെ ഫോൺ വിളിയുടെ രൂപത്തിലായിരുന്നു അത്. ഒരു ജാക്കിചാൻ ചിത്രത്തിനു വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന കാര്യം സംസാരിക്കാൻ അതിന്റെ അണിയറ പ്രവർത്തകർ ഇവിടെ എത്തിയിട്ടുണ്ട്. താങ്കൾ ഉടനെ പുറപ്പെട്ടു വരിക എന്നു മാത്രമായിരുന്നു സന്ദേശം. കേട്ടപ്പോൾ സുനിൽകുമാറിന് ആദ്യം അത് വിശ്വസിക്കാനേ കഴിഞ്ഞില്ല. 
അതിന് കാരണമുണ്ട്. സിങ് ഗാബാൻ എന്ന പേരിൽ സ്വന്തമായി ഒരു സ്റ്റണ്ട് ടീം തന്നെയുള്ള ആളാണ് ജാക്കിചാൻ. ആ ടീമിനെ വെച്ച് മികച്ച ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കുന്ന ആളുമാണദ്ദേഹം. കൂടാതെ ചൈനീസ് കായികകലയായ കുങ്ഫൂവിലും കൊറിയക്കാരുടെ ഹാപ്കിഡോയിലും ജപ്പാൻകാരുടെ കരാട്ടെയിലും ജൂഡോയിലും പയറ്റിത്തെളിഞ്ഞ ഒന്നാന്തരം അഭ്യാസി. അത്തരം ഒരു പ്രതിഭാശാലിക്ക് സ്റ്റണ്ടിനെ കുറിച്ച് താൻ എന്താണ് പറഞ്ഞു കൊടുക്കുക? മനസ്സ് നിറയെ ആകാംക്ഷയും സംശയങ്ങളുമായാണ് സുനിൽകുമാർ പിറ്റേന്ന് തിരുവനന്തപുരത്ത് എത്തിയത്. അപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ അവതരിച്ചത് സാക്ഷാൽ സ്റ്റാൻലി ടോങ്! 

'ദ മിത്ത്' എന്ന സിനിമയുടെ സംവിധായകൻ തന്നെ.

 യൂറോപ്പിൽ നിന്നും ഈ അടുത്ത കാലത്താണ് സി.വി.എൻ കളരി സംഘത്തെ കുറിച്ചും അതിന്റെ സാരഥിയായ സുനിൽകുമാറിനെ കുറിച്ചും തങ്ങൾ അറിഞ്ഞത് എന്ന് സ്റ്റാൻലി ടോങ് ആമുഖമായി പറഞ്ഞു. ജാക്കിചാനുവേണ്ടി താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് കേരളത്തിന്റെ കളരി അഭ്യാസങ്ങളും ആയോധന മുറകളും ഉൾപ്പെടുത്തിയുള്ള കുറേ ആക്ഷൻ രംഗങ്ങൾ ആവശ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കളരി അഭ്യാസങ്ങളോട് കടുത്ത ആരാധനയുള്ള ജാക്കിചാന്റെ നിർബന്ധമാണ് അതിന് പിന്നിൽ. എല്ലാം വിശദമായി അന്വേഷിച്ചു വരാൻ സ്റ്റാൻലിയെ ഇങ്ങോട്ടയച്ചതും അദ്ദേഹം തന്നെ.
1982 മുതൽ സുനിൽകുമാറിന്റെ നേതൃത്വത്തിൽ സി.വി.എൻ കളരി സംഘം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലായി കളരി അഭ്യാസങ്ങളിൽ അധിഷ്ഠിതമായ സ്റ്റണ്ട് ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞ 15 വർഷമായി രണ്ടര മണിക്കൂർ നീളുന്ന ഒരു കളരി തിയേറ്റർ ഷോയും അവർ അവതരിപ്പിച്ചു വരുന്നു. യൂറോപ്പിൽ ഏറെ ശ്രദ്ധേയമായ പരിപാടികളാണിവ. ജപ്പാനിലും ഓസ്ട്രിയയിലും കളരിപ്പയറ്റ് ഷോകൾക്കായി അവർക്ക് സ്വന്തം ആളുകളും സ്ഥിരം വേദികളുമുണ്ട്. സഹോദരൻമാരായ അനിൽകുമാറും ഗോപകുമാറും ഈ സംരംഭങ്ങളിൽ സർവ പിന്തുണയും നൽകി സുനിൽകുമാറിന്റെ കൂടെയുണ്ട്. കേരളത്തിന്റെ തനതു പാരമ്പര്യ കലയായ കളരിയെ ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനം. അച്ഛൻ നാരായണൻ നായർ തുടങ്ങിവെച്ച സി.വി.എൻ കളരി സംഘത്തിന്റെ ഖ്യാതി ഇന്ന് മക്കൾ, യൂറോപ്പിലും അമേരിക്കയിലും റഷ്യയിലും മിഡിൽ ഈസ്റ്റ്, ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും എത്തിക്കാൻ ശ്രമിക്കുകയാണ്. 
സ്റ്റാൻലി ടോങിന് വേണ്ടി സുനിൽകുമാറും സംഘവും മികച്ച കുറേ കളരിമുറകളും ആയുധാഭ്യാസങ്ങളും ശാരീരിക പ്രകടനങ്ങളും അവതരിപ്പിച്ചു. ഒരാഴ്ചയോളം ഇവിടെ തങ്ങി. അതൊക്കെ അദ്ദേഹം വീഡിയോയിൽ പകർത്തി. മൂന്നു മണിക്കൂർ നീളുന്ന കളരി അഭ്യാസങ്ങളുടെ അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ അടങ്ങിയ കാസറ്റുമായാണ് സ്റ്റാൻലി ടോങ് ഹോങ്കോംഗിലേക്ക് മടങ്ങിയത്. കാസറ്റ് വിസ്തരിച്ചു കണ്ട ജാക്കിചാന് അവ വല്ലാതെ ബോധിച്ചു. ദ മിത്ത് എന്ന സിനിമയിലെ കളരി സ്റ്റണ്ട് സീനുകളുടെ സംവിധാനം നിർവഹിക്കാൻ അദ്ദേഹം സുനിൽകുമാറിനെ ഹോങ്കോംഗിലേക്ക് ക്ഷണിച്ചു. തന്റെ കളരി സംഘത്തിലെ 10 കഴിവുറ്റ കളിക്കാരുമായി അദ്ദേഹം ആദ്യം ഹോങ്കോംഗിലേക്കും അവിടെ നിന്നു ജാക്കിചാനും സംഘത്തിനുമൊപ്പം ചൈനയിലെ ഷാങ്ഹായിലേക്കും പറന്നു.


ദ മിത്ത് എന്ന സിനിമക്ക് വേണ്ടി കളരിപ്പയറ്റ് രംഗങ്ങൾ പരിശീലിപ്പിക്കാൻ 40 ദിവസത്തോളം സുനിൽകുമാർ ജാക്കിചാനൊപ്പം ഷാങ്ഹായിൽ ഉണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹം ജാക്കിചാനുമായി അടുത്തിടപഴകുകയും ചെയ്തു. നടൻ, നിർമാതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, സ്റ്റണ്ട് ഡയറക്ടർ എന്നിങ്ങനെ ബഹുമുഖ പ്രതിഭയാണ് ജാക്കിചാൻ. എന്നാൽ തന്റെ കഴിവുകളിൽ ഒട്ടും അഹങ്കരിക്കാത്ത മനുഷ്യൻ. വെറും ഒരു സാധാരണക്കാരൻ. സഹപ്രവർത്തകരെ സമഭാവനയോടെ കാണുന്നയാൾ. ആ ക്ഷൻ രംഗങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കും. അനുസരണയോടെ പരിശീലനത്തിന് നിന്നു തരും. അടിസ്ഥാനപരമായി ഒരു ആക്ഷൻ നടനായതുകൊണ്ട് അദ്ദേഹത്തെ സ്റ്റണ്ട് പരിശീലിപ്പിക്കാനും എളുപ്പമായിരുന്നു എന്നാണ് സുനിൽകുമാറിന്റെ അഭിപ്രായം.
പരിശീലനത്തിനിടെ തെറ്റു പറ്റുകയോ അബദ്ധം പറ്റുകയോ ചെയ്താൽ ഉടനെ വന്ന് ജാക്കിചാൻ കൈപിടിച്ച് ക്ഷമാപണം ചെയ്യും. ലോകാരാധ്യനായ നടൻ. പോരാത്തതിന് ദ മിത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിലൊരാൾ. മാത്രമല്ല കളരി ആക്ഷൻ രംഗങ്ങൾക്ക് പുറമെ ആ സിനിമയിൽ ചെയ്യേണ്ട മറ്റു സ്റ്റണ്ട് രംഗങ്ങളുടെ ഡയറക്ടർ. എന്നിട്ടും അദ്ദേഹം കാണിക്കുന്ന എളിമയും വിനയവും ആരെയും അത്ഭുതപ്പെടുത്തും എന്നാണ് സുനിൽകുമാർ സാക്ഷ്യപ്പെടുത്തുന്നത്.
ദ മിത്തിന് വേണ്ടി കളരി ആക്ഷൻ രംഗങ്ങൾ ചിട്ടപ്പെടുത്താൻ പരിപൂർണ സ്വാതന്ത്ര്യമാണ് സുനിൽകുമാറിന് ജാക്കിചാനും സ്റ്റാൻലി ടോങും നൽകിയത്. മുൻകൂട്ടി സ്‌ക്രിപ്റ്റ് ഏൽപ്പിച്ചിരുന്നു. അത് സ്റ്റണ്ട് രംഗങ്ങൾ നന്നായി തയാറെടുത്ത് ഒരുക്കാൻ സുനിൽ കുമാറിന് ഏറെ സഹായകമായി. ആവശ്യത്തിന് സമയവും സൗകര്യവും നൽകി. അനാവശ്യമായ സമ്മർദങ്ങളോ ഇടപെടലുകളോ ഒന്നുമുണ്ടായില്ല. സുനിൽ കുമാറിനും സംഘത്തിനും ഏതു സമയത്തും എന്തു സഹായവും വേണമെങ്കിൽ നൽകാൻ ജാക്കിചാൻ തന്റെ യൂണിറ്റിന് പ്രത്യേകം നിർദേശം നൽകിയിരുന്നു. കളരി ആക്ഷൻ രംഗങ്ങൾക്കായി ഏറ്റവും ആധുനികമായ ഉപകരണങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഒരുക്കിയിരുന്നത്. ഹൈ-ടെക് ഉപകരണങ്ങളിൽ പലതും ആവശ്യാനുസരണം ഹോങ്കോങിൽ നിന്നും പ്രത്യേക വിമാനത്തിൽ എത്തിക്കുകയായിരുന്നു. അതിനാൽ തന്നെ അതിസാഹസികമായ രംഗങ്ങൾ പോലും ഒട്ടും ഭയപ്പാടില്ലാതെ, അനായാസം ചെയ്യാൻ സുനിൽകുമാറിന് കഴിഞ്ഞു. അത് ചിത്രത്തിന്റെ സ്റ്റണ്ട് രംഗങ്ങളെ കൂടുതൽ മികവുറ്റതാക്കി.


ഓരോ ദിവസവും ചിത്രീകരിച്ച രംഗങ്ങൾ രാത്രിയിലെ ഒഴിവു നേരങ്ങളിൽ കമ്പ്യൂട്ടറിലിട്ട് പരിശോധിക്കുന്ന സ്വഭാവമുണ്ട്, സംവിധായകൻ സ്റ്റാൻലി ടോങിന്. ഒരു ദിവസം യാദൃഛികമായി അതു കാണാൻ സുനിൽകുമാറും ഒപ്പമുണ്ടായി. അപ്പോഴാണ് താനന്ന് പകൽ ഒരുക്കിയ ആക്ഷൻ രംഗത്തിലെ ഒരു ഭാഗത്ത് ചില പോരായ്മകൾ ഉണ്ടെന്ന് അദ്ദേഹത്തിന് തോന്നിയത്. ജാക്കിചാനും മല്ലികാ ഷെരാവത്തും ഉള്ള സീനാണ്. മല്ലിക വേണമെന്നില്ല, അദ്ദേഹത്തെ മാത്രം കിട്ടിയാലും രംഗം മാറ്റി എടുത്ത് പോരായ്മ പരിഹരിക്കാം.
മടിച്ചു മടിച്ച് സ്റ്റാൻലിയോട് കാര്യം പറഞ്ഞു. ശരി, എങ്കിൽ ആ ഭാഗം റീ-ഷൂട്ട് ചെയ്യാമെന്നായി അദ്ദേഹം. അതും അപ്പോൾ തന്നെ. അന്നു പകൽ മുഴുവനും, രാത്രി വളരെ വൈകുവോളവും സ്റ്റണ്ട് ചെയ്തും പരിശീലിച്ചും ജാക്കിചാൻ സെറ്റിലുണ്ടായിരുന്നു. അൽപം മുമ്പു മാത്രമാണ് അദ്ദേഹം, താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയത്. അതുകൊണ്ട് പിറ്റേ ദിവസം ചെയ്താലോ എന്ന് സുനിൽകുമാർ ചോദിച്ചു. എന്തിന്? ജാക്കിയെ വിളിക്കൂ... അ യാൾ വരും... എന്നായിരുന്നു സ്റ്റാൻലി ടോങിന്റെ മറുപടി. വിളിക്കുന്ന സമയത്ത് ജാക്കിചാൻ നല്ല ഉറക്കത്തിലായിരുന്നു. എങ്കിലും ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹം സെറ്റിലെത്തി. അപ്പോൾ സമയം പാതിര കഴിഞ്ഞിരുന്നു. അസമയത്ത് തന്റെ ഉറക്കം കെടുത്തി തിരിച്ചു വിളിച്ചതിന്റെ ദേഷ്യമോ നീരസമോ ഒന്നും ആ മുഖത്തില്ല. പകരം തികഞ്ഞ ഉത്സാഹത്തോടെ അദ്ദേഹം സ്റ്റണ്ട് ചെയ്യാൻ തയാറായി നിന്നു. ആ അർപ്പണ മനോഭാവത്തിന് മുന്നിൽ താൻ അറിയാതെ ശിരസ്സ് നമിച്ചുപോയി എന്ന് സുനിൽകുമാർ പറയുന്നു.
വലിയ മനസ്സുള്ള ഒരു നടൻ കൂടിയാണ് ജാക്കിചാൻ എന്ന് തന്റെ ഒരനുഭവം മുൻനിർത്തി സുനിൽകുമാർ വ്യക്തമാക്കുന്നു. ഷൂട്ടിംഗ് ഇല്ലാത്ത ഒരു വൈകുന്നേരം. സുനിൽകുമാർ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഷാങ്ഹായിലെ ഒരു തെരുവിൽ ഷോപ്പിംഗിന് പോയി മടങ്ങി വരികയാണ്. ചുറ്റുമുള്ള കാഴ്ചകളൊക്കെ കണ്ട് പതുക്കെ നടന്നാണ് വരവ്. തെരുവിൽ നല്ല തിരക്കുണ്ടായിരുന്നു. പെട്ടെന്ന് ആരോ തന്റെ ചുമലിൽ ബലമായി പിടിച്ചതായി അദ്ദേഹത്തിന് തോന്നി. അമ്പരപ്പോടെ തിരിഞ്ഞു നോക്കുമ്പോൾ മുഖം നിറയെ ആ നിഷ്‌കളങ്ക ചിരിയുമായി ജാക്കിചാൻ! 


അദ്ദേഹം ഒരു സ്വകാര്യ സന്ദർശനം കഴിഞ്ഞ് തന്റെ വാഹനത്തിൽ ആ വഴി താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. അപ്പോഴാണ് യാദൃഛികമായി തെരുവിൽ സുനിൽകുമാറിനെ കണ്ടത്. അദ്ദേഹം കരുതിയത്, സുനിൽകുമാർ വഴിതെറ്റി അവിടെ കറങ്ങുകയാണെന്നാണ്. ഉടനെ തന്റെ വാഹനം നിർത്തിച്ച് അദ്ദേഹം അവിടേക്ക് ഓടിവരികയായിരുന്നു. വഴിതെറ്റിയതല്ലെന്നും ഷോപ്പിംഗും ഒരൽപം സൈറ്റ്‌സീയിംഗും നടത്തുകയാണ് തങ്ങൾ എന്നും പറഞ്ഞപ്പോൾ അദ്ദേഹത്തിന് ആശ്വാസമായി. സുനിൽ കുമാറിനേയും സുഹൃത്തുക്കളേയും അദ്ദേഹം തന്റെ വാഹനത്തിലേക്ക് ക്ഷണിച്ചു. ഒരു മണിക്കൂറിലേറെ സമയം വാഹനത്തിൽ കറങ്ങി, കാഴ്ചകളൊക്കെ കാണിച്ച ശേഷമാണ് ജാക്കിചാൻ അന്നവരെ ഹോട്ടലിൽ ഇറക്കി വിട്ടത്.
പുതിയ കാര്യങ്ങൾ അറിയാനും പഠിക്കാനുമുള്ള ആകാംക്ഷ, എന്തും സഹിച്ച് ഓരോ സംഘട്ടന രംഗവും പൂർണതയിലെത്തിക്കാനുള്ള സന്നദ്ധത, ആത്മാർഥത, കൃത്യനിഷ്ഠ, ക്ഷമ തുടങ്ങിയവ ജാക്കിചാന്റെ പ്രധാന ഗുണഗണങ്ങളാണ് എന്ന് സുനിൽകുമാർ വിലയിരുത്തുന്നു. ആക്ഷൻ രംഗങ്ങൾ ഒരുക്കുമ്പോൾ സുനിൽകുമാർ മനസ്സിൽ കണ്ടതിലും കൂടുതൽ ഗംഭീരമായാണ് ജാക്കിചാൻ അവ ചെയ്തു ഫലിപ്പിച്ചത്. എത്ര റീ ടേക്കിന് വേണമെങ്കി ലും യാതൊരു മടിയുമില്ലാതെ അദ്ദേഹം നിന്നു കൊടുത്തിരുന്നു. കൈയിൽ കിട്ടുന്ന ഏതു വസ്തുവും ഉപകരണവും ആയുധവും കൊണ്ട് എത്ര അപകടം പിടിച്ച സ്റ്റണ്ട് സീനുകൾ ചെയ്യാനും അസാധാരണ വൈഭവമാണ് ജാക്കിചാന് എന്നാണ് സുനിൽ കുമാറിന്റെ വിലയിരുത്തൽ. എന്നാൽ എന്തുകൊണ്ടോ സൂചി ജാക്കിചാന് ഏറ്റവും പേടിയുള്ള ഒരു വസ്തുവത്രെ! സെറ്റിൽ ഇടക്കിടെ അദ്ദേഹം പറയാറുള്ള ഒരു തമാശയും സുനിൽകുമാർ ഓർക്കുന്നു-'സ്റ്റണ്ടു ചെയ്യുക വളരെ എളുപ്പമാണ്, പക്ഷേ, ഇംഗ്ലീഷ് സംസാരിക്കുക... അത് വലിയ പാടാണ്.' 

സ്റ്റണ്ട് രംഗങ്ങളിൽ ഡ്യൂപ്പിനെ വെച്ച് അഭിനയിക്കുന്ന പതിവില്ലാത്തതിനാൽ നിരവധി തവണ മാരകമായി മുറിവു പറ്റി മരണത്തെ വരെ മുന്നിൽ കണ്ടിട്ടുണ്ട് ജാക്കിചാൻ. അതിനാൽ ആക്ഷൻ രംഗങ്ങൾ പരിശീലിക്കാനെത്തുമ്പോൾ പ്രധാന ശരീരഭാഗങ്ങളൊക്കെ പ്രത്യേകം തയാറാക്കിയ സുരക്ഷാ പാഡുകൾ കൊണ്ട് പൊതിയുന്ന പതിവുണ്ട്, അദ്ദേഹത്തിന് എന്ന് സുനിൽകുമാർ മനസിലാക്കിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ ആക്ഷ ൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ അബദ്ധത്തിൽ ജാക്കിചാന്റെ തലയിൽ ഒരു കമ്പി തുളച്ചു കയറുകയുണ്ടായി. അതിന്റെ അടയാളം അദ്ദേഹത്തിന്റെ തലയിൽ ഇപ്പോഴുമുണ്ട്. എന്റർ ദ ഡ്രാഗൺ എന്ന സിനിമയിൽ ബ്രൂസ്ലിക്ക് വേണ്ടി സ്റ്റണ്ട് കോഡിനേറ്ററായി പ്രവർത്തിക്കുമ്പോൾ ലക്ഷ്യം തെറ്റി മുഖത്തു കിട്ടിയ കനത്ത ഇടിയുടെ ആഘാതം ഇന്നും ജാക്കിചാനെ ശാരീരികമായി അസ്വസ്ഥനാക്കുന്നുണ്ട്.
ദ മിത്ത് എന്ന ഇംഗ്ലീഷ് സിനിമ കൂടാതെ ഒരു പിടി ഇന്ത്യൻ ഭാഷാ സിനിമകൾക്ക് കൂടി സുനിൽകുമാർ കളരി ആക്ഷൻ രംഗങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ തച്ചോളി വർഗീസ് ചേകവർ, ഗുരു, കുലം, ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയവ. കന്നഡയിൽ മാനസാരി, ശകുനി, ഏകാകി എന്നിവ. തമിഴിൽ രാവണൻ, നൂറിൽ ഒരുവൻ. ഹിന്ദിയിൽ ദിൽസെ, അശോക, ലജ്ജ, രാവൺ, ലോഹോക്കി ദോരംഗ്. ഏറ്റവും അവസാനമായി ചെയ്തത് സഞ്ജയ് ലീല ബൻസാലിയുടെ ബാജീറാവു മസ്താനി.
പ്രസിദ്ധ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, ക്യാമറാമാൻ മധു അമ്പാട്ട് എന്നിവരുമായുള്ള അടുത്ത സൗഹൃദമാണ് സിനിമകളിൽ സുനിൽകുമാറിന് ഏറെ അവസരങ്ങൾ ഒരുക്കിക്കൊടുക്കുന്നത്. എങ്കിലും കളരിക്ക് പ്രാധാന്യം നൽകുന്ന ആക്ഷൻ രംഗങ്ങളുടെ സംവിധാനം മാത്രമേ പൊതുവെ അദ്ദേഹം ഏറ്റെടുക്കാറുള്ളൂ. സന്തോഷ് ശിവന്റെ ഉറുമിയിൽ കളരി ആക്ഷനുകൾ സംവിധാനം ചെയ്യാനുള്ള ഒരു വലിയ അവസരം അദ്ദേഹത്തിന് കിട്ടിയതായിരുന്നു. പക്ഷേ, മുൻകൂട്ടി തീരുമാനിച്ച ഒരു യൂറോപ്യൻ ട്രിപ്പ് മുടക്കാൻ പറ്റാത്തതിനാൽ അതിൽ സഹകരിക്കാൻ കഴിഞ്ഞില്ല. അതൊരു വലിയ നഷ്ടബോധമായി ഇപ്പോഴും തന്റെ മനസിലുണ്ടെന്ന് സുനിൽകുമാർ തുറന്നു പറയുന്നു (എങ്കിലും ഉറുമിക്ക് വേണ്ടി കുറേ കളരിപ്പയറ്റു രംഗങ്ങൾ ചെയ്തത് സി.വി.എൻ കളരി സംഘത്തിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ തന്നെയായിരുന്നു).


    മറക്കാനാവാത്ത മറ്റൊരു നഷ്ടം സുനിൽകുമാറിന് സംഭവിച്ചത് 2010 നവംബറിൽ ബരാക് ഒബാമയുടെ ഇന്ത്യാ സന്ദർശന വേളയിലാണ്. ദൽഹിയിൽ ഒബാമ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഒരു വലിയ സദസ്സിന് മുന്നിൽ കളരിപ്പയറ്റ് ഷോ ചെയ്യാനുള്ള സുവർണാവസരം കിട്ടിയതായിരുന്നു. അതിനായി ഒരു ടീമിനെ സുനിൽകുമാർ ചെന്നൈയിൽ പരിശീലിപ്പിച്ച് തുടങ്ങുകയും ചെയ്തു. ഒബാമ ഇന്ത്യയിലെത്തുന്നതിന്റെ മുന്നോടിയായി അദ്ദേഹത്തിന്റെ സുരാക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ ചെന്നൈയിലെത്തി. വാളും പരിചയും ഉറുമിയുമൊക്കെ ആയുധങ്ങളാണെന്നും അവയുപയോഗിച്ചുള്ള അഭ്യാസങ്ങൾ സുരക്ഷാ കാരണങ്ങളാൽ അനുവദിക്കാനാവില്ലെന്നും അവർ വിധിയെഴുതി. സുനിൽ കുമാറിന്റെ വിശദീകരണങ്ങളൊന്നും അവർ ചെവിക്കൊണ്ടില്ല. വേണമെങ്കിൽ മെയ്യഭ്യാസം മാത്രം ഉൾപ്പെടുത്തി ഒരു ഷോ അനുവദിക്കാമെന്നായി അവർ. അന്ന്, ആ ഔദാര്യം നിരസിച്ചുകൊണ്ട് സുനിൽകുമാർ തന്റെ സംഘത്തെയും കൂട്ടി ചെന്നൈയിൽ നിന്നും മടങ്ങുകയാണുണ്ടായത്.
ഹിന്ദി സിനിമയിലെ ഡ്രീം ഗേളായിരുന്ന ഹേമമാലിനിയുടെ നൃത്ത ട്രൂപ്പായ മുംബൈയിലെ നാട്യവിഹാർ കലാകേന്ദ്രയ്ക്ക് വേണ്ടി കളരി ആധാരമാക്കിയുള്ള ഡാൻസ് കൊറിയോഗ്രഫി ചെയ്തിരുന്നത് പതിവായി സുനിൽകുമാറും സംഘവുമായിരുന്നു. പ്രസിദ്ധ നർത്തകിയായിരുന്ന മല്ലികാ സാരാഭായിക്ക് വേണ്ടി കളരിമുറയിൽ അധിഷ്ഠിതമായ നൃത്തച്ചുവടുകൾ അദ്ദേഹം പരിശീലിപ്പിച്ചിരുന്നു. 
1996-ൽ അമിതാ ബച്ചന്റെ എ.ബി.സി.എൽ, പ്രസിദ്ധ മലയാള സിനിമാ സംവിധായകനായ പ്രിയദർശന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽ നടത്തിയ ഫാഷൻ ഷോയിൽ സുനിൽകുമാറും ശിഷ്യരും അവതരിപ്പിച്ച കളരി അഭ്യാസ പ്രകടനങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതു കണ്ട് ഇഷ്ടപ്പെട്ട ബിഗ് ബി, തന്നെ പ്രത്യേകമായി വിളിച്ച് അഭിനന്ദിച്ചത് സുനിൽകുമാറിന് ജീവിതത്തിൽ ഏറെ ആഹ്ലാദം പകർന്ന നിമിഷങ്ങളാണ്. 2000 ഒക്‌ടോബറിൽ കെ.ആർ.നാരായണൻ ഇന്ത്യൻ പ്രസിഡണ്ട് ആയിരുന്നപ്പോൾ റഷ്യൻ പ്രസിഡണ്ട് വഌഡ്മിർ പുടിൻ ഇന്ത്യ സന്ദർശിക്കുകയുണ്ടായി. അന്ന് രാഷ്ട്രപതി ഭവനിൽ, പുടിനും സംഘത്തിനും മുന്നിൽ സുനിൽകുമാറും സംഘവും കളരിപ്പയറ്റ് ഷോ നടത്തിയിരുന്നു. പരിപാടി കഴിഞ്ഞപ്പോൾ പുടിൻ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് അദ്ദേഹത്തിന് ഇന്നും മറക്കാനാവാത്ത ഓർമയാണ്. 


ഇപ്പോൾ സ്വപ്‌ന സമാനമായ ഒരവസരം സുനിൽ കുമാറിനെ തേടി വന്നിരിക്കുകയാണ്. കളരി അഭ്യാസ പ്രകടനങ്ങൾ മുഴുനീളെ ആവശ്യമായ ഒരു ഹോളിവുഡ് ആക്ഷൻ ചിത്രത്തിന് സ്റ്റണ്ട് രംഗങ്ങൾ ഒരുക്കാനുള്ള ഒരു മഹാഭാഗ്യമാണത്. ജപ്പാനിലെ പ്രശസ്ത ആക്ഷൻ ഹീറോ തദാനോബു അസാനോവാണ് നായകൻ. മറ്റു കാര്യങ്ങളൊന്നും സിനിമയുടെ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. കളരി ആക്ഷൻ സംവിധായകൻ എന്ന നിലയിൽ തന്റെ കരിയറിൽ തന്നെ നാഴികക്കല്ലായേക്കാവുന്ന ആ ഹോളിവുഡ് സിനിമ കിട്ടിയതിന്റെ ത്രില്ലിലാണിപ്പോൾ, സുനിൽ കുമാർ. 

Latest News