Sunday , June   16, 2019
Sunday , June   16, 2019

ജർമൻ സ്‌കെച്ചുകൾ

ചലച്ചിത്രകാരനും എഴുത്തുകാരനുമായ വി. കെ. ജോസഫിന്റെ ജർമൻ യാത്രാനുഭവമാണ് 'നാസി ഭീകരതയുടെ നിലവിളികൾക്കിടയിലൂടെ' എന്ന പുസ്തകം. ലോർക്കയുടെ നഗരത്തിലൂടെ എന്ന ഇദ്ദേഹത്തിന്റെ യാത്രാവിവരണഗ്രന്ഥം പരക്കെ ശ്രദ്ധനേടിയിരുന്നു. നമ്മുടെ സഞ്ചാരസാഹിത്യത്തിന് വിലപ്പെട്ട സംഭാവനയായി മാറുകയാണ് വി.കെ.ജോസഫിന്റെ ഓരോ യാത്രയും. ഒരു ചെറുകഥ വായിക്കുന്നതുപോലത്തെ അനുഭവമാണ് ഈ പുസ്തകം നൽകുന്നത്. ഭാഷയുടെ താളം ചിലപ്പോഴെങ്കിലും കാവ്യാത്മകമാകുന്നതും കാണാം. 
ചലച്ചിത്രപ്രേമിയും നിരൂപകനുമെന്ന നിലയിൽ ശ്രദ്ധേയനായ വി.കെയുടെ എഴുത്ത് ഒരു ദൃശ്യാനുഭവമായി മാറുക സ്വാഭാവികമാണ്. ചലച്ചിത്ര ഫ്രെയിമുകളെപ്പോലെയാണ് യാത്രനുഭവങ്ങൾ അദ്ദേഹം രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ വായന ഇവിടെ ദൃശ്യപ്പൊലിമകൂടിയായി മാറുകയാണ്. ജിവിതവും ദർശനവും വികാരവും വിചാരവും ചരിത്രവും ഒക്കെ കൂടിക്കുഴഞ്ഞുള്ള എഴുത്താണ്. ഒരു ചലച്ചിത്രം കാണുന്ന അനുഭവം കൂടിയാണ് വി.ജെ.ജോസഫിന്റെ പുസ്തകങ്ങളെന്ന് പറയാം.
നദിക്കരയിൽ ഒരു രാത്രി എന്ന അധ്യായം തുടങ്ങുന്നതിങ്ങനെ: 
കഴിഞ്ഞ ദിവസങ്ങളിലൊക്കെ സംസാരിച്ച കാര്യങ്ങളുടെ ആഹ്ലാദങ്ങളും സങ്കടങ്ങളും ഉൽക്കണ്ഠകളുമൊക്കെ ഒരു പക്ഷെ, ഓർമകളിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ടാകും. 
'ഇങ്ങനെയൊരു നടത്തം നിർദ്ദേശിച്ച യാസ്മിന് തീർച്ചയായും ആഹ്ലാദിക്കാം. മനോഹരം ഈ രാത്രിയാത്ര. നമ്മൾ പറഞ്ഞതും പറയാനിരിക്കുന്നതുമായ എല്ലാം ചിറകുവിടർത്തി നമ്മെ പൊതിഞ്ഞുനിൽക്കുന്നുണ്ട് അതാണല്ലോ നമ്മളെ പരസ്പരം ബന്ധിപ്പിച്ച കാര്യങ്ങൾ'.
ഞാനിതുപറഞ്ഞപ്പോൾ യാസ്മിൻ എന്റെ മുഖത്തുനോക്കികൊണ്ട് ഇങ്ങനെ പറഞ്ഞു. 
'തുർക്കി, ഇന്ത്യ, ജർമ്മനി.. മഞ്ഞുകാറ്റിൽ ഉലയുന്ന നഗ്നമായ ഒരു മരച്ചില്ലപോലെ നമ്മൾ വിറയ്ക്കുമ്പോഴും അജ്ഞാതമായ ആനന്ദത്തിന്റെ ചൂട് എന്നിൽ നിറയുന്നതുപോലെ എനിക്ക് തോന്നുന്നു. ഉപാധികളില്ലാത്ത സൗഹൃദത്തിന്റെ ഊഷ്മളത കൊണ്ടാവും ഇങ്ങനെ സംഭവിക്കുന്നത്.'
ജാസ്മിൻ ഒരു കവി സംസാരിക്കുന്നതുപോലെയാണിപ്പോൾ സംസാരിക്കുന്നതെന്ന് പറഞ്ഞ് എസ്തൻ അവളെ വരിഞ്ഞുമുറുക്കി ചുംബിച്ചു..
വി.കെ.ജോസഫിന്റെ ചലച്ചിത്രനിരൂപണഗ്രന്ഥങ്ങൾക്ക് സംസ്ഥാനതലത്തിലും ദേശിയതലത്തിലും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2007 ൽ ഏറ്റവും നല്ല ചലച്ചിത്രനിരൂപകനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ സുവർണകമലം ദേശിയ പുരസ്‌കാരം ലഭിക്കുകയുണ്ടായി.


ജർമനി ലോകചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ രാജ്യങ്ങളിലൊന്നാണ്. ഹിറ്റ്‌ലർ എന്ന ഭരണാധികാരിയെ അറിയാത്തവരാരും തന്നെയുണ്ടാകില്ല. ജൂതർക്കെതിരെ അദ്ദേഹം നടത്തിയ നയനാരാട്ട്  സിനിമക്കും നോവലിനും ചിത്രത്തിനുമൊക്കെ വിഷയമായിട്ടുണ്ട്.  മാക്‌സും എംഗൽസും ബ്രഹ്തും ഹെർമ്മൻ ഹെസെയും ഐൻസ്റ്റീനും തുടങ്ങി എത്രയെത്ര പ്രതിഭകളാണ് ഇവിടെനിന്ന് വളർന്ന് വന്നത്. 
സംഘർഷഭൂമിയായും സർഗാത്മക ഭൂമിയായും ഒരുപോലെ നിലകൊണ്ട രാജ്യമാണിതെന്ന് പറയാം. ഇങ്ങനെയുള്ള ഒരു രാജ്യത്തിന്റെ സൗന്ദര്യവും സംഘർഷവും സർഗാത്മകതയുമൊക്കെ ഉൾക്കൊണ്ടുള്ള അനുഭവവിവരണമാണ് വി.കെ.ജോസഫ് നടത്തിയിരിക്കുന്നത്.
2014 നവംബർ ആറു മുതൽ 16 വരെയുള്ള ദിവസങ്ങളിൽ നടന്ന പ്രശസ്തമായ മാൻഹൈം-ഹൈഡൽബെർഗ് ചലച്ചിത്രോൽസവത്തിലെ ജൂറിയായി പങ്കെടുക്കുന്നതിനാണ് വി.കെ.ജോസഫ് ജർമ്മനിയിൽ എത്തുന്നത്. ഈ യാത്രക്കിടയിലുണ്ടായ അനുഭവങ്ങളാണ് ഈ പുസ്തകത്തിനാധാരമെന്ന് പറയാം.
'ദുബായ് വഴി ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെത്തുമ്പോൾ ജർമ്മൻ സമയം വൈകിട്ട് 6.45. അപ്പോൾ ഇന്ത്യൻ സമയം രാത്രി 10.45. ഫ്രാങ്ക്ഫർട്ട് വിമാനത്താവളം വളറെ തിരക്കേറിയതും ആധുനികവുമാണ്. വിമാനത്തിൽ കുറെയധികം കന്യാസ്ത്രികളുണ്ടായിരുന്നു. അവരിൽ ചില മലയാളികളും ഉണ്ടെന്ന് തോന്നി' . ഇങ്ങനെ ഇന്ത്യയുമായും കേരളവുമായും ചേർത്ത് വെച്ച വസ്തുതകൾ അടുക്കിയടുക്കിയാണ് വി.കെ.ജോസഫ് എഴുതുന്നത്. ഇത് വായനക്കൊരു പ്രത്യേക സുഖം തരുന്നു.
മലയാള ഭാഷയ്ക്കും മാധ്യമലോകത്തിനും ജർമ്മനിയെ മറക്കാനാവില്ല. ഹെർമൻ ഗുണ്ടർട്ട് എന്ന പാതിരി ജർമ്മൻകാരനാണ്. മലയാളത്തിന് ഒരു നിഘണ്ടു ഉണ്ടാക്കിയത് ഇദ്ദേഹമാണ്. രാജ്യസമാചാരം പോലെയുള്ള അച്ചടിമാധ്യമം തുടങ്ങിയതും ഇദ്ദേഹമാണ്. ആദ്യമായി പ്രസ്സ് സ്ഥാപിച്ചതും ജർമ്മൻകാരാണ്. ഇങ്ങനെ കേരളത്തിന്റെയും മലയളാഭാഷയുടെയും വികാസത്തിൽ പങ്കുവഹിച്ചവരാണ് ജർമ്മൻകാരെന്ന് കാണാം. യേശുവും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും  പുസ്തകത്തിൽ പറയുന്നുണ്ട്. 
'കുരിശിലേറ്റിയതിന് ശേഷം ശവക്കല്ലറയിൽനിന്ന് ധനികരായ ചില ശിഷ്യന്മാരുടെയും ആരാധകരുടെയും സഹായത്തോടെ ഇന്ത്യയിലേക്ക് തന്നെ മടങ്ങിയെന്നും കശ്മീരിലെ ശ്രീനഗറിൽ താമസിച്ചിരുന്നെന്നും അവിടെ വെച്ചാണ് മരിച്ചതെന്നും പറയപ്പെടുന്നുണ്ട്. ഇത്തരം ഗവേഷണങ്ങളും പഠനങ്ങളും നിരവധിയുണ്ട്. അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് ജർമ്മൻകാരനായ ഹെൾഗർ കെർസ്റ്റെൻ എഴുതിയ ഗവേഷണ ഗ്രന്ഥമാണ്. ജീസസ് ലിവ്ഡ് ഇൻ ഇന്ത്യ'
ഹോളോകോസ്റ്റിന്റെ ഇരയായ ജർമ്മൻ ചിത്രകാരൻ ഫെലിക്‌സ് നസ്ബാംന്റെ പെയിന്റിംഗാണ് മുഖചിത്രമായി പുസ്തകത്തിന് ഉപയോഗിച്ചിരിക്കുന്നത്.

നാസി ഭീകരതയുടെ നിലവിളികൾക്കിടയിലൂടെ ജർമ്മൻ യാത്ര.
വി.കെ.ജോസഫ്.
ചിന്ത പബ്ലിഷേഴ്‌സ്
വില-250 രൂപ
 

 

Latest News