Sunday , June   16, 2019
Sunday , June   16, 2019

കള്ളപ്പണക്കാരികൾ

എന്റെ ബാല്യത്തിൽ അമ്മവീട്ടിൽ പോകുമ്പോൾ അവിടുത്തെ വീടിനടുത്ത് കൊച്ചു കട നടത്തിക്കൊണ്ടിരുന്ന ഒരു അമ്മയും മോളും ഉണ്ടായിരുന്നു. ഒറോമ്മച്ചേടത്തിയെന്നാണ് അമ്മയെ എല്ലാരും വിളിച്ചിരുന്നത്. മറിയച്ചേടത്തിയെന്ന് മകളേയും വിളിച്ചിരുന്നു. വളരെ സ്വാതന്ത്ര്യ ബോധത്തോടെ ജീവിക്കുന്ന സ്ത്രീയായിരുന്നു മറിയച്ചേടത്തി. തലയും എടുത്തുപിടിച്ച് ആരേയും കൂസാതെ ചടപടാന്ന് വർത്താനം പറയുന്ന ആ പെണ്ണുമ്പിള്ളയോട് എതിരു നിൽക്കാൻ അങ്ങനാരും വരില്ല. ആ രണ്ടു സ്ത്രീകൾ തന്നെയാണ് അവരുടെ വീട്ടിൽ താമസിച്ചിരുന്നത്. വീടിന്റെ മുൻപിലാണ് അവരുടെ കൊച്ചു കട. ഉണക്കമീനും പച്ചക്കപ്പയും അൽപസ്വൽപം പച്ചക്കറിയുമൊക്കെയായിരുന്നു ആ കടയിലെ വിഭവങ്ങൾ. മറിയച്ചേടത്തിയുടേതാണ് കടയെങ്കലും ഇടക്ക് കടയിൽ ഒറോമ്മച്ചേടത്തിയും വന്നിരിക്കും. അന്ന് അവർക്ക് ഒരെഴുപതു വയസ്സെങ്കിലും കാണുമായിരിക്കും. സാധാരണയായി ഒരു മുണ്ടും 'ഏത്താപ്പു'മായിരുന്നു വേഷം. ഒരു തോർത്തുമുണ്ട് മാറിടം മറച്ചുകൊണ്ട് കുറുകെ കെട്ടിയിടുന്നതിനെയാണ് ഏത്താപ്പ് എന്നു പറഞ്ഞിരുന്നത്. അവരുടെ കൊച്ചു കടയിൽ ആളുകൾ വരികയും പോവുകയും ചെയ്തിരുന്നപ്പോഴും അവർ സങ്കോചങ്ങളൊന്നുമില്ലാതെ കച്ചവടം നടത്തിക്കൊണ്ടിരുന്നു. എല്ലാ ദിവസത്തെ കച്ചവടത്തിൽ നിന്നും മിച്ചം പിടിച്ച് കാലണയും അരയണയും ചിലപ്പോൾ ഒറ്റരൂപാ നോട്ടുമൊക്കെ കൂട്ടിക്കൂട്ടി വയ്ക്കും. തന്റെ കൊച്ചു സമ്പാദ്യമാണ് തന്റെ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനമെന്നതായിരുന്നു ഒറോമ്മച്ചേടത്തിയുടെ വിചാരം. മരണം വന്നെത്തുമ്പോഴും ചെറിയ കുട്ടുപ്പാളയിൽ അത് ഭദ്രമായിരിപ്പുണ്ടായിരുന്നു. സ്ത്രീകളുടെ സ്വകാര്യ സമ്പാദ്യങ്ങളധികവും നാണയങ്ങളോ രൂപാ നോട്ടുകളോ ആയിട്ടാണ്. ഇത്തരം സമ്പാദ്യങ്ങൾ അവർക്കു നൽകുന്ന ആത്മബോധവും അഭിമാനവും സുരക്ഷിത ബോധവും ചെറുതല്ല. 
ഗവൺമെന്റ് 500 ന്റേയും 1000 ത്തിന്റേയും നോട്ടുകൾ ഒറ്റയടിക്ക് നിരോധിച്ചപ്പോൾ ചങ്കു പിടഞ്ഞതിലും സംഭ്രമിച്ചവരിലും ഒരു വിഭാഗം സാധാരണക്കാരായ വീട്ടമ്മമാരായിരുന്നു. പലരുടേയും കൊച്ചുകൊച്ചു സമ്പാദ്യങ്ങൾ കൂട്ടിക്കൂട്ടി വെച്ച് ഒന്നും രണ്ടും ലക്ഷം രൂപ വരെയുണ്ടായിരുന്നു. ധനവിനിയോഗത്തെക്കുറിച്ചുള്ള പുതിയ പാഠങ്ങളോടും മാതൃകകളോടും താദാത്മ്യപ്പെടാത്തവരായിരുന്നു അവരിലധികം പേരും. മറ്റാരുടെയും കൈകൊണ്ടും വെച്ചുനീട്ടാതെ പെൺമക്കൾ വീട്ടിൽ വന്നു പോകുമ്പോൾ അവർക്കോ കൊച്ചുമക്കൾക്കോ കൊടുക്കാനും പെട്ടെന്ന് കടം ചോദിച്ചു വരുന്ന അയൽക്കാരെ സഹായിക്കാനുമൊക്കെ ഈ സ്വകാര്യ സമ്പാദ്യം ഉതകിയിരുന്നു. വീട്ടിലാർക്കെങ്കിലും അവിചാരിതമായി ഹോസ്പിറ്റൽ കേസോ വല്ലതും വന്നാൽ ഓടിപ്പോയി ആരുടെ മുമ്പിലും കൈനീട്ടണ്ടല്ലോ എന്നാണ് അമ്മമാരുടെ വിചാരം. ഇത്തരക്കാരെല്ലാം കറൻസി നിരോധനം വന്ന ഒറ്റരാത്രി കൊണ്ട് അരക്ഷിതരായിപ്പോയി. ചിലർക്ക് ആധി കേറീട്ട് ഉറക്കമില്ലാതായി. മറ്റുചിലരാകട്ടെ, മക്കളോ ഭർത്താവോ തന്റെ സ്വകാര്യ ധനം അറിയുന്നത് ഇഷ്ടമല്ലാത്തവരാണ്. അവരതിലും കൂടുതൽ അസ്വസ്ഥരായി മാറി. വീട്ടിലെ 'കള്ളപ്പണ'ക്കാരായി ഇവരെ മുദ്രകുത്തി കളിയാക്കിയവരും കുറവല്ല.      
പല ഭർത്താക്കന്മാരും ആങ്ങളമാരും ഒട്ടൊരു പരിഹാസത്തോടെ പറയുന്ന വാക്കുകൾ ആ നോട്ടു വിവാദ കാലത്ത് കേട്ടിരുന്നു. തള്ളേടേം പെണ്ണുമ്പിള്ളേടേം അല്ലെങ്കിൽ അമ്മേടേം ഭാര്യേടേം സ്വകാര്യ സ്വത്ത് വെളിപ്പെടുന്ന സമയമാണിത് എന്നായിരുന്നു ഈ പുരുഷോക്തിയുടെ പൊതുസ്വഭാവം. കള്ളപ്പണക്കാർക്ക് പണി കൊടുത്ത പ്രധാനമന്ത്രിയെക്കാളും വലിയ വിജയഭാവമാണ് പുരുഷ കേസരികൾക്കുണ്ടായിരുന്നത്. വീട്ടിൽ കള്ളപ്പണ സൂക്ഷിപ്പുകാരാണ് ഈ സ്ത്രീജനങ്ങൾ എന്നായിരുന്നു ആണുങ്ങൾ പറഞ്ഞത്. തങ്ങളുടെ പോക്കറ്റിൽ നിന്ന് അടിച്ചുമാറ്റിയതും പലവ്യഞ്ജനക്കാരിലേക്കുള്ള വകയിൽ നിന്ന് തട്ടിയെടുത്തതും ഒക്കെയാണ് ഈ രഹസ്യ നിക്ഷേപം എന്നായിരുന്നു ഇങ്ങനെ പറയുന്നവരുടെ പക്ഷം. തങ്ങളുടെ പണം അടിച്ചുമാറ്റിയ പെരുങ്കള്ളന്മാരെ കയ്യോടെ പിടികൂടിയ സന്തോഷം കാണുമ്പോൾ വീടകങ്ങളിലെ നിക്ഷേപ സമാഹരണത്തിന്റെ പ്രകൃതത്തെയും അന്തസ്സത്തയെയും കുറിച്ച് ചിന്തിച്ചു പോകുന്നു.
വീട്ടമ്മമാർ സ്വകാര്യമായി സൂക്ഷിക്കുന്ന പണത്തിന്റെ പ്രയോഗം എങ്ങനെയെന്നതിനെ ആസ്പദമാക്കിയാണ് ഈ വിഭവ സമാഹരണത്തെ വിലയിരുത്തേണ്ടത്. വീട്ടിനകത്തെ പണിക്കൊപ്പം സമാന്തരമായി ചെയ്യുന്ന കുറെയേറെ ജോലികൾ നാട്ടുമ്പുറത്തെ അമ്മമാർക്കുണ്ട്. മുട്ടക്കോഴികളെ അടവെച്ച് വിരിയിച്ച് വളർത്തി വിൽക്കുകയോ, മുട്ട വിൽക്കുകയോ, കന്നുകാലികളെ വളർത്തി പാലും ഉരുവും വിൽക്കുകയോ, പൂന്തോട്ട കൃഷി ചെയ്യുന്നവരോ അടുക്കളത്തോട്ടം വെച്ചു പിടിപ്പിക്കുകയോ ആയി പലവിധമായി ചിതറിക്കിടക്കുന്ന അധ്വാനങ്ങൾ ഉണ്ട്. ഇതിൽ നിന്നൊക്കെ കിട്ടുന്ന ചെറുവരുമാനങ്ങൾ സൂക്ഷിച്ചു വെക്കുന്നവരും നാട്ടു ചിട്ടികളിലും കുറികളിലും ചേരുന്നവരുമുണ്ട്. ഇതൊക്കെ ദേശസാൽകൃത ബാങ്കുകളിൽ സൂക്ഷിച്ച് എ.ടി.എം ഹാൻഡ്ബാഗിൽ വെച്ചുനടക്കുന്നവരല്ല ഇവരിലൊരുപാടു പേരും. പണം കറൻസിയായി സൂക്ഷിച്ച് മകളുടെ കല്യാണത്തിനു വേണ്ടി മുന്നേക്കൂട്ടി സ്വർണം വാങ്ങിവെക്കുകയോ അത്യാവശ്യം ആശുപത്രിക്കാര്യമോ ഒക്കെ വന്നാൽ ഓടിച്ചെന്ന് ആരോടും കടം വാങ്ങിക്കാതിരിക്കാൻ വേണ്ടി സൂക്ഷിച്ചു വയ്ക്കുകയോ ഒക്കെ ചെയ്യുന്നവരാണിവർ. പക്ഷേ, വീട്ടിലെ പെണ്ണുങ്ങളുടെ സ്വകാര്യ സമ്പാദ്യം തെളിഞ്ഞു വന്നതിൽ ഗൂഢമായ ആനന്ദം പ്രകടിപ്പിക്കുന്ന പുരുഷോത്തമന്മാരെ കാണുമ്പോൾ നാലുചീത്ത പറയാൻ തോന്നും. 
ആരാണ് പുരുഷൻ? വീട്ടിലെ റവന്യൂ ഇന്റലിജൻസ് ഓഫീസറോ? അതോ റവന്യൂ റിക്കവറി ടീം തലവനോ? പണത്തെയും/ സമ്പാദ്യത്തെയും അതിന്റെ വിനിമയത്തെയും സ്വരൂപത്തെയും കുറിച്ചുള്ള സമീപനങ്ങൾ കാണുമ്പോൾ ഇവർ ഏതോ റവന്യൂ ഇന്റലിജൻസ് ഓഫീസർമാർ ആണെന്നു തോന്നുക തന്നെ ചെയ്യും. വീടിന്റെ പൊതു ബഡ്ജറ്റിനെക്കുറിച്ച് സാധാരണക്കാരുടെ വീടുകളിൽ പറയുന്ന ഒരഭിപ്രായമുണ്ട്. എന്തു കിട്ടിയാലും കടലിൽ കായം കലക്കുന്നതു പോലെയാണെന്ന്. ഈ കലക്കലിൽ പെട്ട് അലിഞ്ഞു പോകാതെ വല്ലതുമൊക്കെ സ്വകാര്യമായി സൂക്ഷിച്ചുവയ്ക്കുന്ന കരുതൽ ധനത്തെക്കുറിച്ചാണ് പെണ്ണുങ്ങളുടെ രഹസ്യ സമ്പാദ്യമെന്ന് പറഞ്ഞ് കളിയാക്കുന്നത്. ഇത് പൊന്നായും പൊടിയായും ഗൃഹോപകരണമായുമൊക്കെ വീടകങ്ങളിൽ വന്നു വിളങ്ങാനുള്ളതാണെന്ന് മറന്നു പോകുന്നവരാണ് ഇത്തരം പരിഹാസ വിനോദത്തിൽ ഏർപ്പെടുന്നത്.
ഇത്തരമൊരു സമ്പാദ്യത്തെ രഹസ്യമായി സൂക്ഷിക്കുവാൻ അമ്മമാർ/ സ്ത്രീകൾ ശ്രമിക്കുന്നതെന്തു കൊണ്ടായിരിക്കും. പണത്തിന്റെ കൈകാര്യ കർതൃത്വത്തിൻമേൽ സ്ത്രീക്കില്ലാത്ത സ്വയംപര്യാപ്തതയെക്കുറിച്ചുള്ള മുൻപാഠങ്ങളുടെ തിക്കിക്കയറ്റമായിരിക്കാം ഇതിനു കാരണം. പണത്തിന്റെ അധികാരം ആർക്കാണ്? ഉടമസ്ഥൻ ആരാണ്? എന്നീ ചോദ്യങ്ങളുടെ ഉത്തരം മിക്കവാറും ചെന്നെത്തി നിൽക്കുന്നത് പുരുഷന്മാരിലാണ്. സ്വയം അധ്വാനിച്ച് പണം കൊണ്ടുവരുന്ന സ്ത്രീയുടെ അധ്വാന ഫലത്തിന്റെ പോലും ഉടമസ്ഥതയെക്കുറിച്ച് സങ്കുചിത ധാരണകൾ പുലർത്തുന്നവർ ധാരാളമാണ്. 
ഉത്തരവാദിത്വത്തോടെ പണം കൈകാര്യം ചെയ്ത് മിച്ചം പിടിക്കുന്നവരാണ് സ്ത്രീകളെങ്കിലും അവർ ധൂർത്തരാണെന്നും തുണീം പണ്ടോം വാങ്ങി പണം നശിപ്പിച്ചു കളയുമെന്ന് ഗീർവാണം അടിക്കുന്നവരും കുറവല്ല. ബീഡിക്കും സിഗരറ്റിനും സ്‌മോളിനും ചായക്കട പലഹാരത്തിനും ശമ്പളത്തിൽ നിന്ന് / വേലക്കൂലിയിൽ നിന്ന് ചെലവിടുന്നതിനെ ധൂർത്തായി കാണാതിരിക്കുകയും ചെയ്യുന്നവരാണ് ഇന്നും പലരും. അപ്പോൾ സ്ത്രീകളുടെ അധ്വാനത്തിന്റെ മൂല്യവും തന്റേതാണെന്ന ചിന്തയും കൂടിക്കലരുമ്പോൾ അവരുടെ സ്വകാര്യ സമ്പാദ്യമെല്ലാം വീടകത്ത് 'കള്ളപ്പണമായി' മാറും.
 

Latest News