Sunday , June   16, 2019
Sunday , June   16, 2019

റിമോട്ട് പാരന്റിംഗ്

ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലുള്ള മക്കളുടെ രക്ഷാകർതൃത്വം നിർവഹിക്കുന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. റിമോട്ട് പാരന്റിംഗ് എന്നത് ഇപ്പോഴത്തെ കാലത്തും ഏറെ പ്രസക്തമാണ്. പ്രവാസികൾക്ക് ഇക്കാര്യത്തിൽ അറിവും പരിശീലനവും നൽകേണ്ടത് അത്യാവശ്യമാണ്. പ്രവാസി മലയാളികളിൽ മഹാഭൂരിപക്ഷവും കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞിരിക്കുന്നവരാണ്. ഭാര്യയും മക്കളും മറ്റ് കുടുംബാംഗങ്ങളും ജോലി ചെയ്യുന്നിടം അവർക്കൊപ്പമില്ല. എന്നാൽ സാമ്പത്തികമായുള്ള മുഖ്യ സ്രോതസ്സ് എന്ന നിലയിൽ ഇവർ ദൂരത്തിരിക്കുന്ന കുടുംബ നാഥന്മാരാണ്. വീട് വെക്കുന്നതും പുതുക്കിപ്പണിയുന്നതും അക്കരെ നിന്നയക്കുന്ന പണം കൊണ്ടാണ്. വിവാഹം കഴിഞ്ഞിട്ടും ഗൾഫിൽ 'ബാച്ചിലേർസ്' ആയി കഴിയുന്ന ഇക്കൂട്ടരുടെ സാമ്പത്തിക സഹായത്തിൽ നിന്നാണ് മക്കളുടെ വിദ്യാഭ്യാസവും സഹോദരിമാരുടെ വിവാഹവും ഉത്സവങ്ങൾ വരെയും നടത്തിപ്പോന്നിരുന്നത്; ഇപ്പോഴും നടത്തുന്നതും. ഇതിലൊക്കെയും പരമപ്രധാനമെന്ന് ഗൾഫിൽ ജോലിയെടുക്കുന്നവർ കരുതുന്ന കാര്യം കുട്ടികളുടെ വിദ്യാഭ്യാസം തന്നെ. അവരുടെ പഠനത്തിനാവശ്യമായ എല്ലാ ഭൗതിക ഘടകങ്ങളും ഒരുക്കാൻ ഉത്തരവാദിത്തപ്പെട്ട രക്ഷിതാവിനാവട്ടെ, അവരുമായുള്ള സാമീപ്യം ഭൗതികമായി നിഷേധിക്കപ്പെടുന്നു. ഇക്കാര്യത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

1. അക്കരെയാണെങ്കിലും രക്ഷാകർത്താവ് തന്റെ സാന്നിധ്യവും ശ്രദ്ധയും കുട്ടിയുടെ പഠനത്തിലുണ്ടാക്കാൻ ശ്രമിക്കുക. കുട്ടിയോട് ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും പഠന കാര്യത്തെക്കുറിച്ച് ചോദിച്ചറിയുക. ഉപരിപ്ലവമായ ചോദ്യങ്ങളല്ല, 'പഠനമെങ്ങനെ നടക്കുന്നു', 'പരീക്ഷയെങ്ങനെയുണ്ടായിരുന്നു' തുടങ്ങിയ അന്വേഷണങ്ങളല്ല നടത്തേണ്ടത്. സൂക്ഷ്മമായ തലങ്ങളിൽ പഠന കാര്യങ്ങളറിയുക. 
2. മക്കളോട് ഫോൺ, ഇ-മെയിൽ, കത്തുകൾ എന്നിവയിലൂടെ ബന്ധപ്പെടുക. സാധ്യമെങ്കിൽ വീഡിയോ ചാറ്റിംഗ് നടത്തുക. മക്കളുടെ ശരീരഭാഷയിൽ നിന്ന് പഠന താൽപര്യവും വളർച്ചയും മനസ്സിലാക്കാൻ ശ്രമിക്കുക.
3. ചെറുപ്പത്തിലേ കുട്ടികൾ പറയുന്നത് ഫോണിലൂടെ ശ്രദ്ധയോടെ കേൾക്കുക. അവർക്ക് പറയാനുള്ളത് മുഴുവനും കേൾക്കുക. തങ്ങളെ ശ്രദ്ധയോടെ കേൾക്കുന്ന രക്ഷിതാക്കളെ മാത്രമേ മക്കളും ശ്രദ്ധിച്ച് കേൾക്കൂ.
4. കുട്ടികൾ പഠിക്കുന്ന സ്‌കൂളുമായും കോളേജുമായും ബന്ധപ്പെട്ടു കൊണ്ടേയിരിക്കുക. മക്കൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകരുമായി നിരന്തരമായി ബന്ധപ്പെടുക. ക്ലാസ് ടീച്ചറോട് ഫോൺ, ഇ-മെയിൽ തുടങ്ങിയവയിലൂടെ ബന്ധപ്പെടാം. അധ്യാപകരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാനോ അവരെ കുറ്റപ്പെടുത്താനോ ശ്രമിക്കുന്നവർക്ക് സ്വന്തം മക്കളിൽ മാറ്റമുണ്ടാക്കാൻ കഴിയില്ല. അധ്യാപകരിലൂടെ കുട്ടികളുടെ പഠനം ഫലപ്രദമാക്കുവാനാണ് ശ്രമിക്കേണ്ടത്.
5. ഗൾഫിലുള്ള രക്ഷിതാക്കളിൽ പലരും മക്കളോട് അമിത സ്‌നേഹം പ്രകടിപ്പിക്കുന്നത് അവരാവശ്യപ്പെടുന്ന എന്തും നൽകിക്കൊണ്ടാണ്. ഭൗതികാവശ്യങ്ങൾ പരിധി വിട്ട് മക്കൾക്കു വേണ്ടി നിറവേറ്റുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.
6. ഗൾഫുകാരനായ രക്ഷിതാവ് നാട്ടിലുള്ള മക്കൾക്ക് ആവശ്യത്തിലേറെ പണം നൽകുന്നുവെങ്കിൽ അത് പലവിധ സ്വഭാവ ദൂഷ്യങ്ങൾക്കും കാരണമാകാനിടയുണ്ട്. കുട്ടികൾക്ക് പണമല്ല, പരിധി വിടാതെ ആവശ്യങ്ങൾ നിറവേറ്റാനുള്ള വസ്തു വകകളാണ് നൽകേണ്ടത്.
7. മക്കളുടെ നാട്ടിലുള്ള സുഹൃത്തുക്കളാരാണെന്ന് ഓരോ ഘട്ടത്തിലും ഗൾഫിലുള്ള രക്ഷിതാവ് മനസ്സിലാക്കിയിരിക്കണം. സുഹൃത്തുക്കളാരെന്നറിഞ്ഞ് അവരുടെ കുടുംബവുമായി ബന്ധം വെച്ചുപുലർത്തുന്നത് നല്ലതാണ്. കൗമാര പ്രായത്തിലുള്ള മക്കളുടെ സൗഹൃദങ്ങളുടെ അതിർത്തി മറ്റ് ബന്ധങ്ങളായി പരിണമിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പല സൗഹൃദങ്ങളും മക്കളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കാവുന്നതാണ്.
8. മക്കളുടെ പഠനത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഭാര്യയുടെ ചുമലിൽ കെട്ടിവെക്കരുത്. പങ്കിടുക.
9. കുട്ടികളുടെ പഠന കാര്യങ്ങളിൽ ശ്രദ്ധിക്കാനും മനസ്സിലാക്കാനുമാവുന്ന ഒരാളെ മേൽനോട്ടത്തിന് ഏർപ്പാടാക്കുക. ആവശ്യമുള്ള സന്ദർഭങ്ങളിൽ മാർഗനിർദേശമോ പ്രശ്‌ന പരിഹാര മാർഗമോ നൽകാനാവുന്ന ഈ വ്യക്തി നിരന്തരമായി കുട്ടിയെ ബന്ധപ്പെടുന്നത് ഉറപ്പു വരുത്തുക.
10. പഠനത്തിൽ മികവ് കാണിക്കുമ്പോൾ സമ്മാനങ്ങൾ നൽകുക. പ്രോത്സാഹനജനകമായ ഒരന്തരീക്ഷം വീട്ടിലുണ്ടാക്കാൻ ശ്രമിക്കുക.
11. വിദൂര രക്ഷാകർതൃത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ ലഭിക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തുക. റിമോട്ട് പാരന്റിങ്ങിൽ ഗൾഫ് നാടുകളിൽ ചെറിയ സംഘങ്ങൾക്കു വേണ്ടി ശിൽപശാലകൾ നടത്തുവാനും അവയിൽ പങ്കെടുക്കാനും ശ്രമിക്കുക.
12. കുട്ടികളുടെ പഠനത്തിൽ പ്രശ്‌നങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുമ്പോൾ അവയ്ക്ക് പരിഹാരം കാണാൻ സാധിക്കുന്നില്ലെങ്കിൽ കൗൺസലർമാരുമായോ മനഃശാസ്ത്രജ്ഞന്മാരുമായോ ബന്ധപ്പെടുക. 
 

Latest News