Sunday , June   16, 2019
Sunday , June   16, 2019

അവരുടെ കാര്യത്തിൽ ജാഗ്രത വേണം

തിരക്കൊഴിയുന്ന നേരങ്ങളിൽ  ഷറഫിയയിലെ ചില ഊടുവഴികളിലൂടെ നടക്കാനിറങ്ങുന്നത് കാലമായുള്ള പതിവുശീലമാണ്. നഗരക്കാഴ്ച്ചകൾ കാണാം, പുതിയ കാര്യങ്ങൾ മനസ്സിലാക്കാം എന്നൊതൊക്കെയാണീ നടത്തങ്ങളുടെ ലക്ഷ്യം. ഓരോ നടത്തവും പുതുകാഴ്ച്ചകൾ സമ്മാനിക്കും. കണ്ട കാഴ്ച്ചകളും കേട്ട സംസാരങ്ങളും തന്ന പലതരം പാഠങ്ങളും ഓർത്തുവെക്കും. ചിലത് ഓർത്തോർത്ത് ചിരിക്കാൻ വക നൽകുന്നതാകും. എന്നാൽ ഓർക്കുന്തോറും  കണ്ണീർ പൊടിയുന്ന ഭാവങ്ങളും ശബ്ദങ്ങളുമാണ് ഈയിടെയായി അധികവും.
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, വാഹനം ഒരിടത്ത് പാർക്ക് ചെയ്ത് നടക്കാനിറങ്ങുമ്പോൾ മാന്യമായ വേഷം ധരിച്ച ഒരപരിചിതൻ ദൈന്യതയാർന്ന മുഖവുമായി അടുത്തേക്ക് വന്നു. എന്നെ അറിയില്ലല്ലോ എന്ന ഭാവമൊന്നും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നില്ല. 'താങ്കളുടെ അറിവിൽ എവിടെയെങ്കിലും കുറഞ്ഞ ദിവസത്തേക്ക് വല്ല തൊഴിലും ലഭിക്കാനിടയുള്ള സ്ഥലങ്ങളോ അവിടേക്ക് നയിക്കുന്ന പരിചയങ്ങളോ ഉണ്ടോ?' ഞാനയാളുടെ കണ്ണിലേക്ക് നോക്കി. ഒരു കുടുംബത്തിന്റെ ഉള്ളുരുകിയുള്ള പ്രാർത്ഥന ഒരു നിമിഷം ആ കണ്ണുകളിൽ പ്രതീക്ഷയായി മങ്ങി തിളങ്ങുന്നത് കണ്ടു. അയാൾ മുന്നിൽ എത്തിയിരിക്കുന്നത്  എന്നെ സംബന്ധിച്ചേടത്തോളം ഒരു ആകസ്മികതയല്ല.  തൊഴിൽ നഷ്ടപ്പെട്ട് വലയുന്ന ഒട്ടേറെ സുഹൃത്തുക്കളെ കുറിച്ച് ആലോചിക്കാനും അവർ കടന്നുപോകുന്ന സങ്കീർണ്ണമായ മാനസികാവസ്ഥയുടെ ആഴം എത്രയായിരിക്കുമെന്ന് അനുമാനിക്കാനും എനിക്ക് കിട്ടിയ  ഓർമ്മപ്പെടുത്തലാണെന്നറിയാം.
ജിദ്ദയിലെ പല പരിചിത മുഖങ്ങളും ശബ്ദങ്ങളും പൊടുന്നനെ മനസ്സിലൂടെ കടന്നു പോയി. ഒരു മുഖവും ഇയാൾക്ക്  കാരുണ്യത്തിന്റെ വാതിലുകൾ തുറന്നിട്ട് കാത്തിരിക്കുന്നതായി മനസിൽ തെളിഞ്ഞില്ല.  അയാളെ സഹായിക്കാൻ ഒരു വഴിയും കിട്ടാതെ നിസ്സഹായനായ ഞാൻ നല്ല വാക്കോതി കൈ മലർത്തി ചോദിച്ചു: 'വല്ലതും കഴിച്ചുവോ? പൊടുന്നനെ അദ്ദേഹത്തിന്റെ ഇരു കണ്ണുകളും സജലങ്ങളായി. ഇന്നലെ വൈകീട്ടു മുതൽ ഒന്നും കഴിച്ചിട്ടില്ലെന്ന്  പറഞ്ഞതും അയാൾ നിയന്ത്രണം വിട്ട്  വാവിട്ട് കരഞ്ഞു. പാടുപെട്ട് കണ്ണീരടക്കി മുന്നിൽ നിന്ന അയാൾക്ക് വിശപ്പടക്കാനുള്ള വക നൽകാൻ കഴിഞ്ഞതിലുള്ള ഉൾക്കുളിരിൽ  പുറത്തെ പൊള്ളിക്കുന്ന ഉഷ്ണം തെല്ലിട സ്‌നേഹശീതളമായ   സാന്നിദ്ധ്യമായി മാറി. നേരിയ ആശ്വാസത്തോടെ അയാൾ നടന്നകന്ന് പോവുന്നത് ഞാനേറെ നേരം ഈറനണിഞ്ഞ കണ്ണുകളോടെ നോക്കി നിന്നു.
ഇത് ഒരാളുടെ മാത്രം കഥയല്ല. ഇത്തരം ഉത്തരം മുട്ടിയവർ ധാരാളമുണ്ട്  ചുറ്റിലും.  അല്ലല്ലില്ലാതെ കടന്നുപോകുകയായിരുന്ന തോണിയിൽ പെട്ടെന്ന് കാറ്റുപിടിച്ച പോലെ അവരുടെ ജീവിതങ്ങൾ കുറഞ്ഞ നാളുകൾ കൊണ്ട് ആടിയുലയുകയാണ്. നടുക്കടലിൽ കാറ്റുപിടിച്ച തോണിക്കകത്ത് അവർ പെടാപാടിലാണ്. കണ്ണീരിന്റെ തിരമാലകൾ സ്വകാര്യമായി  അവരെ പൊതിയും. നിസ്സഹായമായ നിശ്വാസത്തിന്റെ കൊടുങ്കാറ്റിൽ അവർക്ക്   ദിശ തെറ്റാം. എങ്ങിനെയെങ്കിലും കരക്കണയാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കും. ഏറെക്കുറെ,ഇതേ പോലെ  തന്നെയാണ് നിനച്ചിരിക്കാതെ പെട്ടെന്നൊരുദിവസം ജോലി നഷ്ടപ്പെടുന്ന ഓരോരുത്തരുടേയും കഥ.  തിരിച്ചുപോയാൽ നാട്ടിൽ ഒരു ദിവസം കഞ്ഞികുടിക്കാൻ പോലും വകയില്ലാത്തവരാണ് അധികവും. വരുമാനത്തിൽ കവിഞ്ഞ ചിലവ് ചെയ്തവർ. സഹായം തേടിയെത്തിയവരുടെ കൈകളിൽ നിറച്ചും കാരുണ്യം സമ്മാനിച്ചവർ. ദുരഭിമാനത്തിനും  ധൂർത്തിനും വശം വദരായി വലിയ വീടുകൾ കെട്ടി പൊക്കിയവർ.  നഷ്ടപ്പെട്ട ഭൂതകാലമാഹാത്മ്യം  തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിൽ ഒന്നിനും നേരമില്ലാതായവർ.സൂക്ഷിച്ചു നോക്കിയാൽ നമുക്കിടയിലെ പലരും ഇതിലേതെങ്കിലും ഗണത്തിൽ പെടുന്നവർ തന്നെയല്ലേ ? അവരെ മാനസികമായും വൈകാരികമായും പുനരധിവസിപ്പിക്കേണ്ട തുണ്ട്. 
നമ്മുടെ ഫഌറ്റുകളിൽ, തൊട്ടയൽപക്കങ്ങളിലെ ഫഌറ്റുകളിൽ നമ്മുടെ ചില ബന്ധുക്കളും സുഹൃത്തുക്കളും അന്യനാട്ടുകാരുമൊക്കെ പുറത്ത് പറയാത്ത, ആരോടും പങ്ക് വെക്കാത്ത ഇത്തരം വേദനകൾ  കടിച്ചമർത്തി വിധിയോട് മല്ലിടുന്നുണ്ടാവണം. മാന്യരാണവർ. ഫെയ്‌സ്ബുക്കിലും വാട് സപ്പിലുമൊക്കെ അവരിൽ ചിലർ  ഗത്യന്തരമില്ലാതെ കടം വാങ്ങിയെങ്കിലും സാന്നിദ്ധ്യമറിയിക്കുന്നുണ്ടാവും. എല്ലാ പ്രയാസങ്ങളും ഒളിപ്പിച്ച് അവർ സ്‌മൈലികളിടുന്നുണ്ടാവണം. ചിരിക്കുന്ന പഴയകാല ചിത്രങ്ങൾ പങ്ക് വെക്കന്നുണ്ടാവണം. ഇടക്കൊക്കെ അവരോട് കാര്യങ്ങൾ തിരക്കാനും ക്ഷേമകാര്യങ്ങൾ  അന്വേഷിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. 
പെരുകുന്ന കടബാധ്യതകളിൽ അകപ്പെടാതിരിക്കാനുള്ള മുൻകരുതൽ എടുക്കാനും നിരാശയുടെ കയത്തിൽ അകപ്പെട്ടു സാമ്പത്തിക ലാഭം പ്രതീക്ഷിച്ചു നിയമ വിരുദ്ധ  ജോലികളിലും  പ്രവർത്തനങ്ങളിലും ഏർപ്പെടാതിരിക്കാനും അവരെ ഉണർത്തേണ്ടതുണ്ട് .  അനാരോഗ്യ കരമായ ഉല്ലാസങ്ങൾക്കും ലഹരി ഉപയോഗത്തിനും  എളുപ്പത്തിൽ  ഇരയാവാനുള്ള  സാധ്യത ഇത്തരക്കാരിൽ  കണ്ടേക്കാം.   തൊഴിൽ മേഖലകളിൽ താരതമ്യേന വെല്ലുവിളികൾ കുറവുള്ള ഓരോരുത്തരും ഇവരുടെ പ്രയാസങ്ങളിൽ താങ്ങാവാനും ആശ്വാസമേകാനും  സമയം കണ്ടെത്തുന്നത് നല്ലതായിരിക്കും.
വിലപിക്കുകയല്ല, അനുദിനം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽസാഹചര്യത്തിൽ ഭീഷണി നേരിട്ടവരും  നേരിടുന്നവരും  ശുഭാപ്തിവിശ്വാസത്തോടെ ആത്മനിയന്ത്രണങ്ങളും ഒരുക്കങ്ങളും വിവേകപൂർവ്വം കൈകൊള്ളുകയാണ് വേണ്ടത്. പ്രവാസികളും പ്രത്യേകിച്ച് അവരുടെ നാട്ടിലുള്ള ബന്ധുക്കളും ഈ അവസരത്തിൽ അതീവ ജാഗ്രതയും കരുതലും കൈകൊള്ളണമെന്നതിൽ യാതൊരു സംശയവും വേണ്ട.

Latest News